പുരാതന കാലങ്ങളില്‍ ജീവിതം സുശിക്ഷിതമായ ഒന്നായിരുന്നു. അന്ന് വിദ്യാഭ്യാസത്തിനു ഗുരുകുല സമ്പ്രദായം ഉണ്ടായിരുന്നു. അതൊരു മഹത്തായ പദ്ധതിയായിരുന്നു. അവിടെ വിദ്യാര്‍ത്ഥികള്‍ക്കു കലയിലും, മതഗ്രന്ഥങ്ങളിലും, ശാസ്ത്രങ്ങളിലും ഉള്ള വിജ്ഞാനത്തിനു പുറമെ മാനസിക സംസ്‌കൃതിയിലും പരിശീലനം ലഭിച്ചിരുന്നു. സ്വഭാവരൂപീകരണം, മനോനിയന്ത്രണം, ബ്രഹ്മചര്യം, ധര്‍മ്മാചരണം ഇവ അവരെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ കാര്യങ്ങളായിരുന്നു. അങ്ങിനെ സാന്മാര്‍ഗ്ഗിക നന്മകളില്‍ സുശിക്ഷിതമായ, ശക്തമായ മനസ്സോടും ശരിയായ ലക്ഷ്യബോധത്തോടുംകൂടി അവര്‍ ഗാര്‍ഹസ്ഥ്യത്തിലേക്കു കടക്കുകയോ സന്ന്യാസം വരിക്കുകയോ ചെയ്തിരിക്കുന്നു.
ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതമായ കോളേജ് വിദ്യാഭ്യാസം ലഭിക്കുന്നു. എന്നാല്‍ അവര്‍ നേടിയ പാണ്ഡിത്യമോ ബുദ്ധിവൈഭവമോ അവര്‍ക്ക് ധാര്‍മ്മിക ജീവിതം നയിക്കാനോ ജീവിതത്തിലെ പരമോല്‍ക്കൃഷ്ട ലക്ഷ്യം പ്രാപിക്കാനോ പ്രയോജനപ്പെടുന്നില്ല. അടിത്തറ വേണ്ടവിധം പടുത്തുയര്‍ത്തിയിട്ടില്ലെന്നതു തന്നെ അതിനു കാരണം. സദ്ഗുണങ്ങള്‍ തികച്ചും വിസ്മരിക്കപ്പെട്ടു. ശൈശവം മുതല്‍ക്കേ സദ്ഗുണങ്ങള്‍ പരിശീലിക്കണം. സ്വഭാവം രൂപീകരിക്കണം,നല്ല ശീലങ്ങളും ആരോഗ്യകരമായ ജീവിത വീക്ഷണവും വികസിപ്പിക്കണം. എങ്കില്‍ മാത്രമേ അവര്‍ വളര്‍ന്നു വരുമ്പോള്‍ അവരുടെ മനസ്സ് ഉയര്‍ന്നതോതിലുള്ള ആദ്ധ്യാത്മിക അന്വേഷണത്തിനു കഴിവുറ്റതാകുകയുള്ളു. ധര്‍മ്മത്തിന്റെ ശക്തിയില്ലാതെ ഒരുവനു ഈശ്വരദര്‍ശനത്തിലേക്കു നയിക്കുന്ന യോഗപഥത്തില്‍ പ്രവേശിക്കാന്‍ സാദ്ധ്യമല്ല. janmabhumi
No comments:
Post a Comment