Sunday, February 25, 2018

"വൈരാഗ്യവും ഉപരതിയും കൂടാതെ ആത്മസാക്ഷാത്കാരം എങ്ങിനെ സാധ്യമാകും?" സൂരിനാഗമ്മ എന്ന ഭക്തയുടെ ചോദ്യത്തിന് ഭഗവാൻ ശ്രീ രമണമഹർഷി പറഞ്ഞ മറുപടി.
"വൈരാഗ്യവും,ബോധവും, ഉപരതിയും ഇവ മൂന്നും ഒരുമിച്ച് വർത്തിക്കുന്നവയാണ്. ആത്മസാക്ഷാത്കാരത്തിനു ശേഷവും ഒരുവൻ പുറമേക്ക് സംഗമുള്ളവനേപ്പോലെ പെരുമാറുമെങ്കിലും ആന്തരികമായി അയാൾ നിസ്സംഗനായിരിക്കും. അതിനാലാണ് ജീവൻമുക്തന് പരിപൂർണ്ണമായ ആനന്ദത്തിന്റെ അവസ്ഥ സാധ്യമല്ല എന്ന് പറയുന്നത്. പ്രാരാബ്ധത്തിന്റെ ഫലമായി അയാൾ വാസനയുള്ളവനെപ്പോലെ പ്രവർത്തിക്കുന്നു. പക്ഷേ സത്യത്തിൽ അയാൾ ഒന്നിനോടും സംഗം ചെയ്യുന്നില്ല. വൈരാഗ്യത്തിലും ബോധത്തിലും ഉപരതിയിലുമെല്ലാം ഉറച്ചു നിൽക്കുന്നവർ ജീവൻമുക്തന്മാരാണ്.' എന്നാൽ ചിലർ സാക്ഷാത്കാരസ്ഥിതിയിലാണെങ്കിലും പ്രാരാബ്ധമുള്ളതുകൊണ്ട് സംഗമുള്ളവരെപ്പോലെ പെരുമാറുമെങ്കിലും, ബന്ധനങ്ങളൊന്നും അവരെ സ്പർശിക്കുകയില്ല.യോഗവാസിഷ്ഠത്തിൽ സപ്തഭൂമികകളെ കുറിച്ച് പറയുന്ന വേളയിൽ മൂന്നാമത്തെ ഘട്ടത്തിൽ വാസനകളെല്ലാം അവസാനിക്കുകയും മനസ്സ് നശിക്കുകയും ചെയ്യും എന്ന് പറയുന്നുണ്ട്. എന്നാൽ നാലാമത്തെ ഘട്ടം എപ്പോഴാണ് എത്തിച്ചേരുകയെന്നും, അഞ്ചാമത്തെയും, ആറാമത്തെയും ഘട്ടത്തിന്റെ ആവശ്യമെന്താണെന്നുമെല്ലാം അന്വേഷണം ചെയ്താൽ, ചില അവ്യക്തമായ മറുപടികളാണ് നമുക്ക് ലഭിക്കുക. സംശയമുള്ളിടത്തോളം അവക്കെല്ലാം എന്തെങ്കിലും മറുപടികളുമുണ്ടാകും.എന്നാൽ സംശയങ്ങളെല്ലാം അസ്തമിക്കുന്നിടത്താണ് ജ്ഞാന സൂര്യൻ ഉദയം ചെയ്യുന്നത്. ഒരു ആത്മജ്ഞാനിക്ക് എത്രയധികം നിസ്സംഗനായിരിക്കാൻ സാധിക്കുന്നുവോ അത്രയും ഉപരതിയും, സമാധാനവും സാധ്യമാകും. ഭഗവാൻ പറഞ്ഞു നിർത്തി."
"ഓം നമോ ഭഗവതേ ശ്രീ രമണായ"
ഗുരുകൃപയാൽ .........

No comments:

Post a Comment