Friday, February 02, 2018

എന്റെ അസ്തിത്വം എന്നാല്‍ എന്താണ്?*


എന്റെ അസ്തിത്വം എന്നാല്‍ എന്താണ്? അത് മുഴുവന്‍ വെറും ഓര്‍മ്മയാണ് എന്നതാണ് വാസ്തവം. "ഞാന്‍" എന്ന ബോധം ഒരോര്‍മ്മയുടേതാണ്. വ്യക്തിത്വവും അതിന്റെ ഘടനകളും ഓര്‍മ്മയില്‍നിന്നുണ്ടാകുന്നതാണ്. അതുപോലെ തന്നെയാണ് "നീ" എന്നതും. ഇവയൊക്കെ നമ്മില്‍ വന്നുവീണുമുളച്ചിട്ടുള്ള വിശ്വാസങ്ങളുടെ വിത്തുകളാണ്. അവയില്‍ സത്യമുണ്ടെന്ന് നാം വെറുതേ ധരിച്ചുപോകുന്നതാണ്. എന്റെ പേര്, എന്റെ രൂപം, എന്റെ കഴിവുകള്‍, എന്റെ വീട്, എന്റെ ബന്ധങ്ങള്‍, സമ്പാദ്യങ്ങള്‍ ഒക്കെ ചേര്‍ന്നതാണ് "ഞാന്‍". എന്നാല്‍ ഇവയൊക്കെ എന്നെ എകാകിതനാക്കുന്നു. അതുകൊണ്ട് ഞാന്‍ ബന്ധങ്ങളെ അന്വേഷിക്കുന്നു; ഓര്‍മ്മകളിലൂടെ അവയെ പരിപോഷിപ്പിക്കുന്നു. അങ്ങനെ, എന്റെ ജീവിതകാലത്ത് കൈവന്ന എല്ലാ ഓര്‍മ്മകളുമായുള്ള എന്റെ ബന്ധമാണ് എന്റെ അസ്തിത്വം. ഈ ബന്ധങ്ങളില്‍ നിന്ന് വിശ്വാസങ്ങള്‍ ജനിക്കുന്നു. അവയെ നഷ്ടപ്പെടുമെന്ന ഭയത്താല്‍, അവയെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കാന്‍ ഞാന്‍ തയ്യാറാകുന്നില്ല. അറിഞ്ഞതിനെ വിട്ടുപോകുക എനിക്ക് മരണതുല്യമാകുന്നു. സംഭരിച്ചതൊന്നും കൈയൊഴിയാന്‍ എനിക്കാവില്ല എന്നെനിക്കറിയാം. എന്റെയോര്‍മ്മയുടെ ഭാണ്ഡക്കെട്ടുമായി ഞാന്‍ പുനര്‍ജനിക്കുമെന്നുവരെ ഞാന്‍ വിശ്വസിക്കുന്നു. കാരണം, എനിക്കായി നീക്കിവച്ചിരിക്കുന്ന ഒരുതുണ്ട് ജീവന്റെ മിഥ്യയിലാണ് ഞാന്‍ കഴിഞ്ഞുകൂടുന്നത്. ബന്ധങ്ങള്‍ അവയുടെ നഷ്ടത്തെപ്പറ്റി ഭയമുണ്ടാക്കുന്നതിനാല്‍, ഇന്നലത്തെ അനുഭവങ്ങള്‍, സുഖാനുഭൂതികള്‍, ഭയാശങ്കകള്‍ എന്നിവയുമായി "ഞാന്‍" നെട്ടോട്ടമോടുകയാണ്, എവിടേയ്ക്കെന്നറിയാതെ!

*ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-*
*ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍,*
*നിന്നിടും ദൃക്കുപോലുള്ളം* 
*നിന്നിലസ്പന്ദമാകണം.*

വ്യാഖ്യാനം: ചുറ്റും സംഭവിക്കുന്നവയെ വെറും കാഴ്ചകളായി കണക്കാക്കി, ഒന്നൊന്നായി അവയെ മനസ്സില്‍ നിന്ന് മാറ്റാനാവണം. അങ്ങനെ ദൃശ്യങ്ങളുടെ കാഴ്ചക്കാരന്‍ (സാക്ഷി) മാത്രമായി സ്വയമറിഞ്ഞ്, എല്ലാറ്റിന്റെയും സത്തയെന്തോ, അതുമായി ഏകീഭാവം വന്നുചേരണം.

No comments:

Post a Comment