Monday, February 26, 2018

കൂടൽമാണിക്യക്ഷേത്രം, ഇരിങ്ങാലക്കുട, തൃശ്ശൂർ
കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം.
തൃശൂരില്‍നിന്ന് ഇരുപത്തൊന്നു കി.മീ തെക്ക് കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുട നഗരം കേന്ദ്രമായി കൂടല്‍മാണിക്യം ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഗ്രാമ ക്ഷേത്രമായാണ് ഇവിടം കരുതപ്പെടുന്നത്.
ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് ക്ഷേത്രം അഗ്നിക്കിരയായി. അതിനുശേഷം വീണ്ടും നിര്‍മിച്ചതാണ് ഇന്നു കാണുന്ന ക്ഷേത്രം. വിഗ്രഹത്തിനും ശ്രീകോവിലിനും കാര്യമായ കേടൊന്നും അന്ന് പറ്റിയിട്ടില്ലെന്ന് പഴമക്കാര്‍ പറയുന്നു.
മഹാവിഷ്ണുവിന്‍റെ അംശാവതാരവും ശ്രീരാമന്‍റെ സഹോദരനുമായ ഭരതനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഭരതന്‍റെ പ്രതിഷ്ഠ മറ്റ് എവിടേയും ഉള്ളതായിട്ടറിവില്ല.
അംശാവതാരമായതുകൊണ്ടാവാം മഹാവിഷ്ണുവിന്‍റേതാണ് പൂജ. ക്ഷേത്രത്തില്‍ ഉപക്ഷേത്രങ്ങള്‍ ഇല്ല.
കിഴക്കോട്ടു ദര്‍ശനം. മൂന്നു പൂജ. ഉഷപ്പൂജയും, പന്തീരടിപ്പൂജയുമില്ല. എതിര്‍ത്ത പൂജ, ഉച്ചപ്പൂജ, അത്താഴപൂജ.
തുലാമാസത്തിലെ തിരുവോണനാളില്‍ തൃപ്പുത്തരിദിവസം മാത്രം പുത്തിരിപ്പൂജകൂടിയുണ്ടാകും
ദ്വാരക സമുദ്രത്തിൽ മുങ്ങിതാണുപോയപ്പോൾ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങൾ (ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ) സമുദ്രത്തിൽ ഒഴുകിനടക്കുവാൻ തുടങ്ങി.
പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയിൽ കൈമൾക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദർശനമുണ്ടായി. പിറ്റേ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവൻമാർ വഴി ഈ വിഗ്രഹങ്ങൾ കൈമളുടെ അധീനതയിൽ ലഭിച്ചുവത്രെ.
അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയിൽ ശ്രീരാമക്ഷേത്രവും (ശ്രീരാമക്ഷേത്രം,തൃപ്രയാർ), കുലീപിനിതീർത്ഥകരയിൽ ഭരതക്ഷേത്രവും (ശ്രീ കൂടൽമാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), പൂർണ്ണാനദിക്കരയിൽ ലക്ഷ്മണക്ഷേത്രവും(ലക്ഷ്മണപെരുമാൾ ക്ഷേത്രം,മൂഴിക്കുളം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം (ശത്രുഘ്നസ്വാമി ക്ഷേത്രം, പായമ്മൽ)എന്നീക്രമത്തിൽ ക്ഷേത്രനിർമ്മാണത്തിനായി സ്ഥലങ്ങൾ തെരഞ്ഞെടുത്തു, പ്രതിഷ്ഠ നടത്തി.
സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഇരിങ്ങാലക്കുട ഗ്രാമം പ്രകൃതിക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു എന്നും ആ കാലഘട്ടത്തിൽ കുലിപനി മഹർഷി കുറേക്കാലം ഇവിടെ വസിച്ച് യാഗാദികർമ്മങ്ങൾ നിർവഹിച്ചു എന്നും പറയപ്പെടുന്നു.
മഹർഷിയുടെ യാഗം ഈ പ്രദേശത്തെ ധന്യമാക്കി എന്നാണ് വിശ്വാസം. അന്നുപയോഗിച്ച ഹോമകുണ്ഠങ്ങളിൽ ഒന്നാണ്‌ കുലിപനിതീർത്ഥങ്ങളിൽ ഇന്നും കാണുന്നത് എന്നും വിശ്വസിക്കുന്നു. ദിവ്യനദികളുടെ സാന്നിദ്ധ്യം ഈ തീർത്ഥക്കുളത്തിൽ ഉണ്ട് എന്നാണ് വിശ്വാസം.
യജ്ഞത്തിന്റെ അവസാനം ഭഗവാന്റെ ശാശ്വത സാന്നിദ്ധ്യമാണ് മഹർഷി വരമായി ആവശ്യപ്പെട്ടത്. മഹർഷിയുടെ അപേക്ഷപ്രകാരം യാഗം നടന്ന സ്ഥലത്ത് നിത്യസാന്നിദ്ധ്യം ചെയ്തു കൊള്ളാമെന്ന് വിഷ്ണുഭഗവാൻ അരുളിചെയ്ത് അനുഗ്രഹിച്ചു.
ഗംഗ,യമുന,സരസ്വതി എന്ന പുണ്യനദികളെ അവിടേക്ക് വരുത്തി “കുലീപിനി“ എന്ന പേരിൽ ഒരു തീർത്ഥം സൃഷ്ടിച്ചു. പിന്നീട് കുറേക്കാലം കഴിഞ്ഞതിനു ശേഷമാണ് ഇവിടെ ക്ഷേത്രനിർമ്മാണവും പ്രതിഷ്ഠയുമുണ്ടായത് എന്നാണ് വിശ്വാസം
ക്ഷേത്രത്തിന്റെ ആദ്യകാല ചരിത്രം അജ്ഞാതമാണ്‌. ക്ഷേത്രം ദേവസ്വം വക രേഖ രണ്ടു പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കാണപ്പെടുന്ന ഗ്രന്ഥവരി ശക്തൻ തമ്പുരാന്റെ കാലത്ത് എഴുതി സൂക്ഷിച്ചവയാണ്‌. അതിനു അധികം പഴക്കമില്ല.
അതിനുശേഷമുള്ള ഗ്രന്ഥവരികൾ മനോധർമ്മം പോലെ എഴുതിച്ചേർത്തതും വസ്തുതകൾക്ക് നിരക്കാത്തതുമാണ്‌ എന്നാണ്‌ ചരിത്രകാരന്മാർ കരുതുന്നത്.
ജൈനസങ്കേതം: കുറെകാലം ഈ ക്ഷേത്രം ജൈനമതാരാധനാലയമായി തീർന്നു. ജൈനമത തീർത്ഥങ്കരനായ ഭരതേശ്വരന്റെ പേരിലുള്ള ആരാധാനാലയമായി ഈ ക്ഷേത്രത്തെ ചരിത്രകാരന്മാർ കണക്കാക്കുന്നുണ്ട്. കാലക്രമേണ ജൈനമത കേന്ദ്രങ്ങൾ പലതും ഹൈന്ദവ ആരാധനാലയങ്ങളായി മാറിയതായി ചരിത്രം രേഖപ്പെടുത്തുന്നു.
ജൈനമതത്തിൻറെയും വൈഷ്ണവവിശ്വാസത്തിന്റെയും ചിന്താധാരകൾ ഇവിടെ സമന്വയിപ്പിച്ച് കൊണ്ട് ഭരതേശ്വരന്റെ സ്ഥാനത്ത് രാമായണത്തിലെ ഭരതനെ അവരോധിച്ച് രണ്ട് വിഭാഗത്തിൻറെയും താല്പര്യങ്ങൾ സംരക്ഷിച്ചതാണ് എന്ന വാദം ഇവിടെ നിലനിൽക്കുന്നു.
ഒൻപതും പത്തും ശതകങ്ങളിൽ അനേക ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഏഴാം ശതകത്തിൽ അന്നത്തെ ചക്രവർത്തി സ്ഥാപിച്ചതാണ് കൂടൽമാണിക്യക്ഷേത്രം.
ആയിരത്തിഒരുനൂറ് കൊല്ലത്തിനു മുമ്പ് കൊല്ലവർഷം 30 ൽ ചേരമാൻപെരുമാൾ ഭൂദാനം ചെയ്ത ശിലാരേഖ ഇന്നു ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അപ്പോൾ എ.ഡി.500-ൽ ഇരിങ്ങാലക്കുടയിൽ ജനവാസവും എ.ഡി.650-ൽ ക്ഷേത്രസ്ഥാപനവും ഉണ്ടായിട്ടുണ്ടെന്ന് അനുമാനിക്കാം.
തഞ്ചാവൂർ ശിലാശാസനത്തിൽ: കുലോത്തുംഗചോളന്റെ എ.ഡി.1194 ലെ തഞ്ചാവൂർ ശിലാശാസനത്തിൽ ജൈനക്ഷേത്രത്തെ “ചേദികുല മാണിക്യ പെരുമ്പള്ളി” എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ ‘മാണിക്യം’ എന്ന വിശേഷണം ജൈനരിൽ നിന്നോ ശിവനിൽ നിന്നോ വന്നതായിരിക്കാം.
ബ്രാഹ്മണ മേധാവിത്വം: ഇരിങ്ങാലക്കുട ഗ്രാമത്തിലെ 42 ഇല്ലക്കാരുടെ സഭായോഗത്തിന്റെ ക്ഷേത്രമായിരുന്നു കൂടൽമാണിക്യം. ഇവരിൽ ഒൻപത് പേരാണ് ഊരാളന്മാർ. ഇതിൽ ഒരു സ്ഥാനം കൊച്ചിരാജാവിനുമുണ്ടായിരുന്നു.
യോഗക്കാരും ഊരാളന്മാരും തമ്മിൽ തർക്കമുണ്ടായപ്പോൾ ഊരാളന്മാരുടെ മണ്ഡപത്തിൽ കയറാനുള്ള അവകാശം നിക്ഷേധിക്കപ്പെട്ടപ്പോഴാണ് മണ്ഡപത്തിൽ കല്ലിട്ടതെന്നും പുരാവൃത്തമുണ്ട്. ഇതിനെ തുടർന്ന് അന്തർജനങ്ങൾക്ക് ക്ഷേത്രത്തിൽ പോകാൻ വിലക്കുണ്ടായിരുന്നെന്നു പറയുന്നു.
ഉത്സവം
മേടമാസത്തിൽ ഉത്രം നാളിൽ കൊടികയറി,തിരുവോണം നാളിൽ ആറാട്ടായി ആകെ പതിനൊന്ന് ദിവസമാണ് ഇവിടത്തെ ഉത്സവം. കൊടി കയറുന്നതിനു മൂന്ന് ദിവസം മുമ്പെ “ശുദ്ധി” തുടങ്ങും. കൊടിപുറത്തു വിളക്ക് മുതൽക്കാണ്‌ കാഴ്ച്ച തുടങ്ങുക. നെറ്റിപ്പട്ടം അണിഞ്ഞ പതിനേഴ്ആനകൾ ക്ഷേത്രോത്സവത്തിന് ഉണ്ടാവാറുണ്ട്.
തൃശ്ശൂർ പൂരത്തിന്റെ പിറ്റേ ദിവസമാണ്‌ ഇവിടെ ഉത്സവം തുടങ്ങുക. ഉത്രം നാളിൽ കൊടികയറി കഴിഞ്ഞാൽ കൂത്തമ്പലത്തിൽ കൂടിയാട്ടത്തിലെ ഒരു ചെറിയ ഭാഗം അരങ്ങേറികൊണ്ട് കലോത്സവത്തിന്റെ നാന്ദി കുറിക്കുന്നു.
കൊടിയേറ്റത്തിൻറെ പിറ്റേന്ന് കൊടിപുറത്ത് വിളക്ക്. ഈ ചടങ്ങിലൂടെയാണ്‌ ഭഗവാൻ ആദ്യമായി നാലമ്പലത്തിൽ നിന്നും ക്ഷേത്രങ്കണത്തിലേക്ക് എഴുന്നുള്ളുന്നത്. പിറ്റേന്ന് മുതൽ പള്ളിവേട്ടയുടെ തലെന്നാൾ വരെ ,‘വിളക്കിനെഴുന്നള്ളത്ത് ‘എന്ന ചടങ്ങുണ്ട്. ‘വലിയ വിളക്ക് ‘എന്നാണ് ഏറ്റവും ഒടുവിലത്തെ വിളക്കിനു പറയുന്ന പേർ.
കൊടിപുറത്തു വിളക്കിന്റെ പിറ്റേന്ന് രാവിലെ മുതൽ പള്ളിവേട്ട നാൾ പകൽ വരെ ദിവസവും ശ്രീബലിയെഴുന്നെള്ളിപ്പുണ്ട്. ശ്രീബലിക്കും വിളക്കിനും 17 ആനയും പഞ്ചാരിമേളവും അകമ്പടി സേവിക്കും.

No comments:

Post a Comment