പ്രശ്നോപനിഷത്ത്
ശിഷ്യന്മാർ ഗുരുവിനോടു ചോദിച്ച ചോദ്യങ്ങൾ ഇവയായിരുന്നു.[3]
കബന്ധി: ഈ സൃഷ്ടികളൊക്കെ എവിടെനിന്ന് വന്നു?
- സൃഷ്ടിയുടെ തുടക്കത്തിൽ പ്രജാപതിയുടെ തപസ്സിൽ നിന്ന് ജനിച്ച ധൃവപ്രകൃതികളായ പ്രാണനിൽ നിന്നും രയി (വെള്ളം (ൽ നിന്നും പ്രജകളൊക്കെ ഉത്ഭവിച്ചു എന്നും മറ്റുമാണ് പിപ്പലാദൻ ഇതിനു കൊടുത്ത മറുപടി.
ഭാർഗവൻ: ഏതൊക്കെ ദേവന്മാരാണ് ശരീരത്തെ താങ്ങി നിർത്തുന്നതും അതിൽ പ്രകടമാകുന്നതും? അവയിൽ ഏറ്റവും ശക്തമായത് ഏതാണ്?
- ആകാശം, വായു, അഗ്നി, ജലം, പൃഥ്വി, വാക്ക്, മനസ്സ്, കാഴ്ച, ശ്രവണം എന്നിവയാണ് ശരീരത്തെ താങ്ങി നിർത്തുന്ന ശക്തികളെന്നും എന്നാൽ ഏറ്റവും പ്രധാനമായ ശക്തി പ്രാണനാണെന്നുമായിരുന്നു മറുപടി. തേനീച്ചകളുടെ രാജാവ് കൂടു വിട്ടുപോകുമ്പോൾ തേനീച്ചകളെല്ലാം പറന്നുപോകുന്നതുപോലെ, പ്രാണൻ ശരീരം വിടുമ്പോൾ മറ്റു ശക്തികളെല്ലാം വിട്ടുപോകുന്നു.
കൗസല്യൻ: പ്രാണന്റെ ഉറവിടം ഏതാണ്? എങ്ങനെ അത് ശരീരത്തിൽ പ്രവേശിക്കുകയും, മരണസമയത്ത് വിട്ടുപോവുകയും ചെയ്യുന്നു? അകത്തും പുറത്തും ഉള്ളതിനെ അത് താങ്ങി നിർത്തുന്നതെങ്ങനെ?
- പ്രാണൻ ആത്മാവിൽ നിന്നുണ്ടാകുന്നെന്നും സാമ്രാട്ടുകൾ സാമന്തന്മാരുടെ സഹായത്തോടെ ഭരിക്കുന്നതുപോലെ പ്രാണൻ ശരീരത്തെ വിവിധശക്തികളെ ഉപകരണങ്ങളാക്കി ഭരിക്കുന്നെന്നും മറ്റുമായിരുന്നു ഇതിനുള്ള മറുപടി.
ഗാർഗ്യൻ: (ഒരാൾ)ഉറങ്ങുമ്പോൾ ഉറങ്ങുന്നതും ഉണർച്ചയിൽ ഉണർന്നിരിക്കുന്നതും ആരാണ്? സ്വപ്നങ്ങൾ കാണുന്നതാരാണ്? സന്തുഷ്ടിയിൽ ആരാണ് സന്തോഷിക്കുന്നത്? ആരിലാണ് ഈ കഴിവുകളൊക്കെ കുടികൊള്ളുന്നത്?
- സൂര്യാസ്തമയത്തിൽ സൂര്യരശ്മികളെല്ലാം സൂര്യബിംബത്തിൽ കേന്ദ്രീകരിക്കപ്പെടുന്നതുപോലെ, മനസ്സിന്റെ അസ്തമയമായ ഉറക്കത്തിൽ ശക്തികളെല്ലാം മനസ്സിൽ ലയിച്ചുകഴിയുന്നു. ആ സമയത്തും എല്ലാത്തിനേയും നിയന്ത്രിക്കുന്ന പ്രാണൻ ഉണർന്നു കഴിയുന്നു. പക്ഷികൾ ചെക്കേറാൻ വാസവൃക്ഷത്തിലേയ്ക്ക് പോകുന്നതുപോലെ എല്ലാ ശക്തികളും ആത്മാവിനെ ആശ്രയിച്ചു കഴിയുന്നു എന്നൊക്കയാണ് ഇതിനു കൊടുത്ത മറുപടി.[2]
സത്യകാമൻ: "ഓം" എന്ന അക്ഷരത്തിൽ ഉറച്ചവൻ, മരിക്കുമ്പോൾ ഏതു ലോകത്തിൽ എത്തിച്ചേരുന്നു?
- ബ്രഹ്മത്തിന്റെ പ്രതീകമായ ഓംകാരത്തിലെ മാത്രകളെ വ്യത്യസ്തമായി കാണാതെ ഒന്നായി കണ്ട് ധ്യാനിക്കുന്നവൻ ബ്രഹ്മപദം പ്രാപിക്കുമെന്നാണ് മറുപടി.
സുകേശൻ: "പതിനാറു ശക്തികളുള്ള ആത്മാവിനെ അറിയാമോ" എന്ന് കോസലരാജകുമാരൻ ഹിരണ്യനാഭൻ എന്നോടു ചോദിച്ചു. നുണപറയുന്നവർ വേരോടെ ഉണങ്ങിപ്പോകുമെന്നതിനാൽ, എനിക്കറിയില്ലെന്നും, അറിയുമായിരുന്നെങ്കിൽ അവന് പറഞ്ഞു കൊടുക്കുമായിരുന്നെന്നും ഞാൻ മറുപടി പറഞ്ഞു. അതു കേട്ട് അവൻ, ഒന്നും മിണ്ടാതെ രഥത്തിൽ കയറിപ്പോയി. അതുകൊണ്ട്, ആത്മാവിനെക്കുറിച്ച് എനിക്കു പറഞ്ഞുതരുക
- ആത്മാവിന്റെ ശക്തികളുടെയെല്ലാം ഉത്ഭവമായ ചൈതന്യം ശരീരത്തിൽ തന്നെയാണെന്നും നദികൾ സമുദ്രത്തിൽ ചെന്നു ലയിച്ച് അതിന്റെ ഭാഗമായി മാറുന്നതുപോലെ എല്ലാശക്തികളും ആത്മചൈതന്യത്തിലേക്കൊഴുകി അതിൽ ലയിക്കുന്നുവെന്നുമായിരുന്നു ഇതിന് ഗുരു കൊടുത്ത മറുപടി.
അവസാനം
ഉപനിഷത്തിന്റെ അന്ത്യം മനോഹരവും പുരാതന ഭാരതത്തിലെ ഗുരുശിഷ്യപരമ്പരയുടെ ആർജ്ജവവും ശക്തിയും വെളിപ്പെടുത്തുന്നതുമാണ്. ആറുചോദ്യങ്ങൾക്കും മറുപടി പറഞ്ഞ പിപ്പലാദൻ, പരമാത്മതത്ത്വത്തെക്കുറിച്ച് തനിക്കറിയാവുന്നത് ഇത്രമാത്രമാണെന്ന് പറഞ്ഞ് നിർത്തുന്നു. ശിഷ്യന്മാരാകട്ടെ ഗുരുവിനെ ആരാധിച്ച് അദ്ദേഹത്തേയും ഗുരുപരമ്പരയേയും ഇങ്ങനെ വാഴ്ത്തി:-
“ | ഞങ്ങളെ അജ്ഞതയുടെ അക്കരെ കടത്തി വിട്ട ഞങ്ങളുടെ പിതാവാണ് അങ്ങ്. പരമഋഷികൾക്ക് നമസ്കാരം! പരമഋഷികൾക്ക് നമസ്കാരം![4] (wiki) |
No comments:
Post a Comment