Monday, February 26, 2018

വേദങ്ങള്‍, ബ്രാഹ്മണങ്ങള്‍, ഉപനിഷത്തുകള്‍, ബൗദ്ധം, ജൈനം, സാംഖ്യം, യോഗം, ന്യായം, വൈശേഷികം, മീമാംസ, ശാങ്കരവേദാന്തം, യോഗവാസിഷ്ഠം, ആയുര്‍വേദം, ഭഗവദ്ഗീതാ, ഭാസ്‌കരമതം, പാഞ്ചരാത്രം, ആള്‍വാര്‍മതം, വിശിഷ്ടാദ്വൈതം, യമുനാചാര്യമതം, രാമാനുജാചാര്യമതം, നിംബാര്‍ക്കമതം, വിജ്ഞാനഭിക്ഷുവിന്റെ മതം, വിഷ്ണുപുരാണം, വായുപുരാണം, മാര്‍ക്കണ്‌ഡേയപുരാണം, പദ്മപുരാണം, നാരദീയപുരാണം, കൂര്‍മ്മപുരാണം എന്നീ പുരാണങ്ങളിലെ മതങ്ങള്‍, ലോകായതം അഥവാ നാസ്തികം അതായത് ചാര്‍വാകം, ഭാഗവതപുരാണമതം, മാധ്വമതം, വല്ലഭമതം, ചൈതന്യമതം, ജീവഗോസ്വാമിമതം, ബലദേവവിദ്യാഭൂഷണമതം, ശൈവാഗമസിദ്ധാന്തങ്ങള്‍, വീരശൈവമതം (ശ്രീപതിപണ്ഡിതമതം- ശ്രീകരഭാഷ്യം), ശ്രീകണ്ഠാചാര്യമതം, പുരാണങ്ങളിലെ ശൈവമതം, പാശുപത സൂത്രം, മാണിക്യവാചകരുടെ തിരുവാചകം, ഭോജരാജശൈവമതം (തത്ത്വപ്രകാശം) എന്നിവയുടെ വിവരണം ദാസ്ഗുപ്തയും മറ്റും നല്‍കുന്നുണ്ട്. 
കാശ്മീരശൈവം (ക്രമ, കുല, സ്പന്ദ, പ്രത്യഭിജ്ഞാ പഥങ്ങള്‍), തന്ത്രദര്‍ശനം (പഞ്ചാനന തര്‍ക്കരത്‌നം എഴുതിയ ബ്രഹ്മസൂത്രശക്തിഭാഷ്യം, നൃസിംഹാനന്ദനാഥന്റെ ശാംഭവാനന്ദകല്‍പലതാ), നാഥ-ഹഠ-കുണ്ഡലിനീയോഗ സമ്പ്രദായങ്ങള്‍ എന്നിങ്ങനെ വേറെയും ചില ദര്‍ശനങ്ങളുടെ വലിയ ഗ്രന്ഥശേഖരവും നമുക്കിന്നു ലഭ്യമാണ്. ഈ വിവിധ ഹിന്ദുദര്‍ശനങ്ങളെ ഒന്നൊന്നായി പരിചയപ്പെടുന്നതിനു മുമ്പായി അവയുടെ ഒരു പൊതുപരിചയം ഉചിതമാണല്ലോ.
മേല്‍ക്കൊടുത്ത ക്രമം കാലികമോ, ഉള്ളടക്കപരമോ ആയ ഏതെങ്കിലും പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിലൊന്നും അല്ല. ചില ദര്‍ശനങ്ങള്‍ക്ക് അവയുടെ ഉപജ്ഞാതാക്കളുടെ ജനനകാലപരമായ പൗര്‍വാപര്യം സ്വാഭാവികം മാത്രം - ശങ്കരാചാര്യര്‍ക്കു ശേഷമാണല്ലോ രാമാനുജ മാധ്വാദിആചാര്യന്മാരുടെ കാലം വരുന്നത്. എല്ലാ ദര്‍ശനങ്ങളുടെയും ലക്ഷ്യം മനുഷ്യന്റെ, സമൂഹത്തിന്റെ, സൗഖ്യം ആയതുകൊണ്ട് ആ നിലയ്ക്ക് എല്ലാത്തിനും തുല്യപ്രാധാന്യം തന്നെ.
 വൈദികമുള്‍പ്പടെ പല ദര്‍ശനങ്ങളുടെയും ബീജാവാപം ഹാരപ്പന്‍-കീഴടി നാഗരികതയ്ക്കു മുമ്പു തന്നെ കഴിഞ്ഞു എന്നു നാം കണ്ടു. ഇന്നു നാം കാണുന്ന തരത്തിലുള്ള വേദത്തിന്റെയും മറ്റു ദര്‍ശനങ്ങളുടെയും ഘടനയും മറ്റും ആ നാഗരികതയുടെ കാലത്തിനു ശേഷം രൂപപ്പെടുത്തിയതാകാനേ സാധ്യതയുള്ളൂ. മറിച്ചു ചിന്തിക്കാന്‍ വേണ്ടത്ര തെളിവുകള്‍ ഇന്നു നമ്മുടെ പക്കലില്ല.
ദാസ്ഗുപ്തയുടെ അഭിപ്രായപ്രകാരം ഏതാണ്ട് 500 ബി. സി തൊട്ട് (ആദ്യ ഉപനിഷത്തുകള്‍ ഉണ്ടായിട്ട് അധികം വൈകാതെ) ആണ് ദര്‍ശനസാഹിത്യം വിപുലമായ തോതില്‍ രൂപപ്പെട്ടു തുടങ്ങിയത്. ഈ വളര്‍ച്ച പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗം വരെ  (ബംഗാളിലെ നവദ്വീപത്തില്‍ നവ്യന്യായത്തിന്റെ ഉദയവും വളര്‍ച്ചയും വരെ) തുടര്‍ന്നു. വൈദിക മതസമൂഹം ഉപനിഷത്തുകളില്‍ പല തത്വചിന്തകളേയും ക്രോഡീകരിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ, അതേ കാലഘട്ടത്തില്‍, ബൗദ്ധം, ജൈനം തുടങ്ങിയ വിവിധ ദാര്‍ശനിക സമൂഹങ്ങളും ഉടലെടുത്തു എന്ന് ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. ഗൗതമബുദ്ധന്‍ (500 ബി. സിയ്ക്കടുത്ത്) അറുപത്തിരണ്ടുതരം ഭിന്നാഭിപ്രായങ്ങളെപ്പറ്റി പറയുന്നുണ്ട്. ഉപനിഷത്തുകളില്‍ ഇവ കാണാനില്ല. അവയില്‍ ഒരുപക്ഷേ മറ്റുചില വാദഗതികളാവാം സഞ്ചിതമായത്. ഇത്തരം വിവിധദാര്‍ശനിക കൂട്ടായ്മകള്‍ വ്യത്യസ്തഅഭിപ്രായങ്ങളെ ക്രോഡീകരിച്ച് ചര്‍ച്ച ചെയ്യുന്നത് അന്നത്തെ  പതിവായിരുന്നിരിക്കാം. നൈമിഷാരണ്യം, ദണ്ഡകാരണ്യം മുതലായ വനസ്ഥലികളിലെ ഋഷിവാടങ്ങളിലെ ആചാര്യ-ശിഷ്യസംവാദങ്ങളെ പില്‍ക്കാല പുരാണങ്ങളും മറ്റും വിവരിക്കുന്നുണ്ടല്ലോ. 
ഈ സുദീര്‍ഘ കാലത്തിനിടയില്‍ ആയിരക്കണക്കിനു ഗ്രന്ഥങ്ങളാണ് എഴുതപ്പെട്ടത്. അവയുടെ മുഴുവന്‍ വിവരണപ്പട്ടികയോ, അവയുടെ കൃത്യമായ എണ്ണം പോലുമോ ഇന്നു നമ്മുടെ പക്കലില്ല. അവയുടെ ഈ വലുപ്പത്തെപ്പറ്റി ഊഹിക്കാന്‍ ഒരു ഉദാഹരണം ദേബീപ്രസാദ് (വാട്ട് ഈസ് ലിവിങ്ങ് ആന്‍ഡ് വാട്ട് ഈസ് ഡഡ് ഇന്‍ ഇന്ത്യന്‍ ഫിലോസഫി) ചൂണ്ടിക്കാണിക്കുന്നു- ഏതാണ്ട് പതിനൊന്നാം ശതകത്തിനു ശേഷം ബുദ്ധമതത്തിന് ഇന്ത്യയില്‍ തളര്‍ച്ച ഉണ്ടായി. ഇന്ത്യന്‍ ബൗദ്ധപണ്ഡിതരുടേതായ മൂലകൃതികള്‍ ഇവിടെ ദുര്‍ലഭമായി. പക്ഷേ ഇവ നശിച്ചുപോയില്ല. ഇവയുടെ ചൈനീസ്, മംഗോളിയന്‍, ടിബറ്റന്‍ പരിഭാഷകള്‍ ഉണ്ടാക്കപ്പെട്ടിരുന്നു. അവയില്‍ കന്‍ജൂര്‍, തന്‍ജൂര്‍ എന്നറിയപ്പെടുന്ന ടിബറ്റന്‍ ഗ്രന്ഥങ്ങള്‍ മാത്രം, ചെറുതും വലുതുമായി, നാലായിരത്തിയഞ്ഞൂറിലധികം വരും. ഇത് ബൗദ്ധ ദര്‍ശന സാഹിത്യം മാത്രമാണ്!
പ്രധാനപ്പെട്ട പല ദര്‍ശനങ്ങളും അര്‍ദ്ധവാചകരൂപത്തിലുള്ള സൂത്രങ്ങളായിട്ടാണ് കാണപ്പെടുന്നത്. മേല്‍പ്പറഞ്ഞ വിവിധ ദാര്‍ശനിക കൂട്ടായ്മകളിലെ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം, അതില്‍ പങ്കെടുത്തവരുടെ സ്മരണയില്‍ അനുക്രമമായി ഓര്‍ത്തുവെക്കാനുള്ള സൗകര്യം ഉദ്ദേശിച്ചാകാം, ഇത്തരത്തിലുള്ള ഹ്രസ്വരചനകള്‍ ഉണ്ടായത്. പില്‍ക്കാലത്ത് അര്‍ത്ഥഗര്‍ഭങ്ങളായ ഈ സൂത്രങ്ങളുടെ അര്‍ത്ഥവ്യാപ്തി നിര്‍ണ്ണയിക്കുക ദുഷ്‌കരമായി. ഉദാഹരണത്തിന് ബാദരായണന്റെ ശാരീരകസൂത്രം അഥവാ ബ്രഹ്മസൂത്രം എടുക്കുക. ഏതാണ്ട് അര ഡസന്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ അതിനുണ്ടായി. പണ്ഡിതന്മാരുടെ നിലപാടുകള്‍ക്ക് അംഗീകാരം ലഭിക്കണമെങ്കില്‍ ഇത്തരം സൂത്രങ്ങളെ വ്യാഖ്യാനിച്ച് അവയുമായുള്ള അഭിപ്രായൈക്യം സ്ഥാപിക്കണമായിരുന്നു. അത്രമേല്‍ പ്രാധാന്യം ഈ സൂത്രരചനകള്‍ക്കു നല്‍കപ്പെട്ടിരുന്നു എന്നും ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. 
ഓരോ ദര്‍ശനത്തിനും വ്യക്തത കൈവന്നതോടെ അവയുടെ പഠന-പാഠനങ്ങള്‍ക്കും നിയതമായ പദ്ധതികള്‍ രൂപപ്പെട്ടു. വളരെ നിഷ്ഠയോടെ ആചാര്യനില്‍ നിന്നും ശിഷ്യഗണങ്ങള്‍ അതാതു ദര്‍ശനങ്ങളുടെ മര്‍മ്മങ്ങള്‍ ഗ്രഹിക്കുകയും വാദകലയില്‍ വല്ലഭരാകുകയും ചെയ്തുപോന്നു. പാശ്ചാത്യനാടുകളിലെ സ്വതന്ത്രചിന്തകര്‍ക്കു പകരം ഇവിടെ അതാതു ദര്‍ശനങ്ങളില്‍ വിദഗ്ധ പരിശീലനം കിട്ടിയ പരമ്പരകളാണ് ഉണ്ടായത്. അവര്‍ താന്താങ്ങളുടെ ദര്‍ശന പാരമ്പര്യത്തില്‍ നിന്നും അണുവിട പോലും വ്യതിചലിക്കാതെ കൂട്ടായ ചര്‍ച്ചകളിലൂടെയും ഇതര ദാര്‍ശനികരുമായുള്ള സംവാദങ്ങളിലൂടെയും അതാതു ദര്‍ശനങ്ങളെ കൂടുതല്‍ കൂടുതല്‍ സംപുഷ്ടമാക്കിക്കൊണ്ടിരുന്നു. 
 ദാസ്ഗുപ്ത ഈ പ്രക്രിയയെ ന്യായദര്‍ശനത്തിന്റെ വളര്‍ച്ചയുടെ ഉദാഹരണത്തിലൂടെ ഇപ്രകാരം വ്യക്തമാക്കുന്നു- ആ ദര്‍ശനത്തിന്റെ അടിസ്ഥാനം ഗൗതമന്റെ (അക്ഷപാദന്‍) ന്യായസൂത്രങ്ങളാണ്. അതിന് വാത്സ്യായനന്‍ ആദ്യം ഭാഷ്യമെഴുതി. ഇതിനെ ബൗദ്ധപണ്ഡിതനായ ദിങ്‌നാഗന്‍ വിമര്‍ശിച്ചു. അപ്പോള്‍ ഉദ്യോതകരന്‍ എന്ന നൈയ്യായികന്‍ ഭാഷ്യവാര്‍ത്തികം എഴുതി. കാലം കുറച്ചു കഴിഞ്ഞപ്പോള്‍ അതിനു മൂര്‍ച്ച കുറഞ്ഞതായിക്കണ്ടിട്ട് വാചസ്പതിമിശ്രന്‍ വാര്‍ത്തികതാല്‍പ്പര്യടീകാ എന്ന ഗ്രന്ഥം രചിച്ചു. ഈ ന്യായതാല്‍പ്പര്യടീകയ്ക്ക് പിന്നീട് ഉദയനാചാര്യന്‍ ന്യായതാല്‍പ്പര്യടീകാ പരിശുദ്ധി എന്ന വ്യാഖ്യാനം എഴുതി. പ്രസിദ്ധനായ ഗംഗേശാചാര്യന്റെ മകന്‍ വര്‍ദ്ധമാനന്‍ ഇതിന് ന്യായനിബന്ധപ്രകാശം എന്ന വ്യാഖ്യാനം നിര്‍മ്മിച്ചു. പദ്മനാഭമിശ്രന്‍ ഇതിന് വര്‍ദ്ധമാനേന്ദു എന്ന വ്യാഖ്യാനവും അതിന് ശങ്കരമിശ്രന്‍ ന്യായതാല്‍പ്പര്യമണ്ഡനം എന്ന വ്യാഖ്യാനവും എഴുതുകയുണ്ടായി. വാത്സ്യായനന്‍, വാചസ്പതിമിശ്രന്‍, ഉദയനാചാര്യന്‍ എന്നിവര്‍ മഹാപണ്ഡിതരായിരുന്നിട്ടും സ്വതന്ത്രകൃതികള്‍ എഴുതാതെ വ്യാഖ്യാനങ്ങള്‍ തയ്യാറാക്കുകയാണ് ചെയ്തത്. മഹാപ്രതിഭയായിരുന്ന ശ്രീശങ്കരഭഗവല്‍പാദരും ബ്രഹ്മസൂത്രം, ഉപനിഷത്ത്, ഭഗവദ്ഗീത എന്നിവയ്ക്ക് ഭാഷ്യം രചിക്കുകയാണു ചെയ്തതെന്നും ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു.
vamanan

No comments:

Post a Comment