ബ്രഹ്മം-സഗുണം, നിര്‍ഗുണം
ബ്രഹ്മമാണ് പരമയാഥാര്‍ഥ്യം എന്നാണ് അദ്വൈതമതം. ബ്രഹ്മത്തെ അതിന്റെ നൈസര്‍ഗികസ്വഭാവം വെളിപ്പെടുത്തിക്കൊണ്ടും അതിന്റെ യാദൃച്ഛിക ഗുണാനുഭവങ്ങള്‍ക്കനുസൃതമായും അങ്ങനെ രണ്ടുവിധത്തില്‍ നിര്‍വചിക്കാം. ആദ്യത്തെവിധത്തിലുള്ള നിര്‍വചനത്തെ സ്വരൂപലക്ഷണം എന്നും രണ്ടാമത്തേതിനെ തടസ്ഥലക്ഷണം എന്നും പറയുന്നു. ഈ രണ്ടുവിധം നിര്‍വചനങ്ങള്‍ക്കും പ്രസക്തിയുണ്ട്. ബ്രഹ്മത്തിന്റെ സ്വരൂപലക്ഷണം സച്ചിദാനന്ദത്വമാകുന്നു. തടസ്ഥലക്ഷണം അതിന്റെ ജഗത്കാരണതയും. ലോകത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്ക് കാരണം ബ്രഹ്മമാണ്.
സഗുണബ്രഹ്മത്തില്‍ സത്തിന്റെയും അസത്തിന്റെയും അംശം കലര്‍ന്നിട്ടുണ്ട്. സദംശം പരബ്രഹ്മവും അസദംശം മായയുമാണ്. സഗുണബ്രഹ്മം ജ്ഞേയബ്രഹ്മമാണ്, അതായത് അറിയപ്പെടാവുന്ന ബ്രഹ്മമാണ്. അതുകൊണ്ടുതന്നെ അത് അപരബ്രഹ്മവുമാണ്. എന്നാല്‍ പരബ്രഹ്മം നിര്‍ഗുണമാണ്, അതുകൊണ്ടാണ് അതിനെ 'നേതി നേതി' എന്ന് നിഷേധപരമായി വിവരിക്കുന്നത്. അത് പ്രപഞ്ചനാനാത്വത്തില്‍ ഏകത്വമല്ല. ഏകത്വവും നാനാത്വവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ട് ഒന്ന് സത്യവും മറ്റെത് മിഥ്യയുമാണെന്ന് പറയുക വയ്യ. രണ്ടും ഒരുപോലെ മിഥ്യയാണന്നേ പറയുവാന്‍ സാധിക്കൂ. പരബ്രഹ്മം അവയ്ക്കുപരിയായി വര്‍ത്തിക്കുന്നതും അതേസമയം അവയുടെ അധിഷ്ഠാനവുമായ തത്ത്വമാണ്. ഈ കാരണംകൊണ്ടാണ് ശങ്കരാചാര്യര്‍ താന്‍ ആവിഷ്കരിച്ച സിദ്ധാന്തത്തെ 'ഐക്യം' എന്നതിനു പകരം 'അദ്വൈതം' എന്നു വിളിക്കുന്നത്. പരബ്രഹ്മം നിര്‍ഗുണമാണെങ്കിലും അത് മാധ്യമികന്റെ പരമതത്ത്വംപോലെ ശൂന്യമല്ല എന്ന് ശങ്കരാചാര്യര്‍ എടുത്തുപറയുന്നുണ്ട്. ഇന്ദ്രിയാനുഭവികവസ്തുക്കളെ സംബന്ധിച്ചിടത്തോളം അവയുടെ നാമങ്ങളെയും രൂപങ്ങളെയും മാത്രമേ അദ്വൈതം നിഷേധിക്കുന്നുള്ളു. അവയ്ക്കു പിന്നിലുള്ള സത്തയെ അത് ഒരിക്കലും നിഷേധിക്കുന്നില്ല. നിഷേധിച്ചാല്‍ അത് അവനവനെ തന്നെ നിഷേധിക്കലായിരിക്കും. കാരണം അതും താനും (തന്റെ ആത്മാവും) ഒന്നുതന്നെയാണ്. 'തത്ത്വം അസി', 'അഹം ബ്രഹ്മാസ്മി' എന്നീ മഹാവാക്യങ്ങളും അതിന് ഉപോദ്ബലകമാണ്. ബ്രഹ്മം നിര്‍ഗുണമാണ്. എന്നുവച്ചാല്‍ അത് ശൂന്യമാണ് എന്നല്ല, പ്രത്യുത മനസ്സുകൊണ്ട് സങ്കല്പിക്കാവുന്ന യാതൊന്നും അത് ഉള്‍ക്കൊള്ളുന്നില്ല എന്നാണ് അര്‍ഥം. മനസ്സുകൊണ്ട് സങ്കല്പിക്കാവുന്നവയെല്ലാം ദൃശ്യങ്ങളാണ്. അതുകൊണ്ട് അവ 'ദൃക്കി'(ബ്രഹ്മം)ന്റെ അംശം ആവില്ല. ഇക്കാരണത്താലാണ് സഗുണ ബ്രഹ്മത്തെ (ഈശ്വരനെ) പരമതത്ത്വമായി അദ്വൈതം അംഗീകരിക്കാത്തത്. അനുഭവപ്പെടുന്ന ബ്രഹ്മമത്രേ സഗുണബ്രഹ്മം. പരബ്രഹ്മം വിഷയരൂപേണ ജ്ഞേയമല്ലെങ്കിലും സ്വയംപ്രകാശത്വം ഉള്ളതുകൊണ്ട് സാക്ഷാത്കരിക്കപ്പെടാവുന്നതാണ്....sarvavinjanakosam
No comments:
Post a Comment