Tuesday, February 20, 2018

ജാതകത്തില്‍ ചൊവ്വ, യുഗ്മരാശികളായ ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം,മകരം, മീനം എന്നീ രാശികളിലേതിലെങ്കിലും നിന്നാല്‍ ചൊവ്വയുടെ ദശാകാലത്തും ചൊവ്വാപ്രീതിക്കായും ഭദ്രകാളിയെ ഭജിക്കേണ്ടതാണ്‌. ഈ ജാതകര്‍ ചൊവ്വാഴ്ച തോറും ഭദ്രകാളീക്ഷേത്രദര്‍ശനം നടത്തുന്നത്‌ നന്നായിരിക്കും. മകരമാസത്തിലെ ചൊവ്വാഴ്ചകളിലും ചൊവ്വ മകരംരാശിയില്‍ സഞ്ചരിക്കുന്ന കാലത്തെ ചൊവ്വാഴ്ചകളിലും ഭദ്രകാളീ ക്ഷേത്രദര്‍ശനം നടത്തുന്നത്‌ കുജദോഷശാന്തിക്ക്‌ പ്രത്യേകം ഫലപ്രദമാണ്‌. ഭദ്രകാളിക്കുതന്നെ അനവധി ധ്യാനസങ്കല്‍പങ്ങളുണ്ട്‌. ജാതകത്തില്‍ ചൊവ്വ സാത്ത്വികഭാവങ്ങളായ ഒന്ന്‌, നാല്‌, അഞ്ച്‌, ഒന്‍പത്‌ എന്നിവയിലേതെങ്കിലുമൊന്നില്‍ നിന്നാല്‍ ജാതകന്‍ ശാന്തഭാവത്തിലുള്ള ഭദ്രകാളിയെ ഭജിക്കുന്നത്‌ ഉത്തമമാണ്‌. രാജസ്വഭാവങ്ങളായ രണ്ട്‌, ഏഴ്‌, പത്ത്‌ ,പതിനൊന്ന്‌ ഭാവങ്ങളില്‍ ചൊവ്വ നിന്നാല്‍ സുമുഖികാളിയെയോ ,ഭദ്രകാളിയെയോ ഭജിക്കുക. തമോഭാവങ്ങളായ മുന്ന്‌, ആറ്‌, എട്ട്‌, പന്ത്രണ്ട്‌ തുടങ്ങിയ ഭാവങ്ങളില്‍ കുജസ്ഥിതി വന്നാല്‍ കൊടുങ്കാളി, കരിങ്കാളി തുടങ്ങി പൂര്‍ണ തമോഭാവത്തിലുള്ള കാളിയെ ഭജിക്കാം. ഭാവവിഭജനമനുസരിച്ചുള്ള ഭദ്രകാളീപ്രതിഷ്ഠകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ട്‌ വരാവുന്ന സാധാരണ ഭക്തന്‍ ഉത്ക്കണ്ഠപ്പെടേണ്ടതില്ല. ഭക്തിവിശ്വാസങ്ങളോടുകൂടിയ ദേവതാഭജനത്തിനാണ്‌ പ്രാധാന്യം. തമോഗുണപ്രധാനികളായ ഗ്രഹങ്ങളുടെ ദേവതാനിര്‍ണയത്തില്‍ ഭാവാധിപത്യം ഭാവസ്ഥിതി എന്നിവകൂടി കണക്കിലെടുക്കുന്നതാണ്‌ ഉത്തമം. മനസ്സിലും പ്രവൃത്തിയിലും തമോഗുണം അധികരിക്കാനിടയുള്ള ഗ്രഹങ്ങളുടെ ദശാകാലത്ത്‌ മനസ്സും പ്രവൃത്തിയും കൂടുതല്‍ സാത്ത്വവികോന്മുഖമാക്കേണ്ടതുണ്ട്‌. തമോഗുണാധിക്യമുള്ള മനോഘടനയ്ക്ക്‌ അനുയോജ്യമായ തമോഗുണമൂര്‍ത്തികളെ സാത്ത്വികമാര്‍ഗങ്ങളിലൂടെ ഭജിക്കുകയും അങ്ങനെ ഉള്ളില്‍ തമോഗുണം അധികരിക്കുന്നതു തടയുകയുമാണ്‌ വേണ്ടത്‌. മദ്യം, മത്സ്യം, മാംസം, മുദ്ര എന്നിവയോടുകൂടിയതും അവൈദികവും തമോഗുണപ്രധാനവുമായ വാമ മാര്‍ഗത്തേക്കാള്‍ സാത്ത്വികകര്‍മങ്ങള്‍ക്ക്‌ ഇവിടെ പ്രചാരം സിദ്ധിച്ചതും അതുകൊണ്ടാണ്‌. മനസ്സ്‌ സാത്ത്വികമാക്കാന്‍ സാത്ത്വിക കര്‍മങ്ങളെത്തന്നെ ആശ്രയിക്കുകയാണ്‌ വേണ്ടത്‌. സൂക്ഷ്മവിചിന്തനത്തില്‍ ജാതകത്തിലെ ഭാവിവിഭജനം അതിന്‌ നമ്മെ സഹായിക്കുന്നുമുണ്ട്‌. എങ്കിലും അത്തരം സങ്കീര്‍ണതകളിലേക്ക്‌ പോകാന്‍ കഴിയാത്ത ഒരു സാധാരണ ഭക്തന്‌ തമോഗുണഗ്രഹങ്ങളെയും മൂര്‍ത്തികളെയും സാത്ത്വികമായി ഭക്തിവിശ്വാസങ്ങളോടെ ആരാധിക്കാവുന്നതാണ്‌. യുഗ്മരാശിസ്ഥിതനായ കുജനെപ്പോലെ പക്ഷബലമില്ലാത്ത ചന്ദ്രന്‍ മൂലമുള്ള ദോഷങ്ങളെ പരിഹരിക്കുന്നതിനും ഭദ്രകാളീഭജനം ഉത്തമമാണ്‌. പക്ഷബലമില്ലാത്ത ചന്ദ്രന്റെ ദശാകാലങ്ങളിലും ചന്ദ്രദോഷപരിഹാരത്തിനായും ഭദ്രകാളീക്ഷേത്രദര്‍ശനം നടത്തുന്നത്‌ ജാതകന്റെ ജന്മനക്ഷത്രദിവസം, തിങ്കളാഴ്ചകള്‍ , ജനിച്ച തിഥി എന്നീ ദിനങ്ങളിലാവുന്നത്‌ ഫലപ്രദം, അമാവാസി ദിനത്തിലും ഭദ്രകാളീഭജമാവാം. ഇവയില്‍ ഒന്നിലധികം ദിനങ്ങള്‍ ചേര്‍ന്നുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ ഭദ്രകാളീക്ഷേത്രദര്‍ശനം നടത്തുക. പക്ഷബലരഹിതനായ ചന്ദ്രന്റ ദശാകാലം മനോദുരിതങ്ങള്‍ക്ക്‌ കാരണമാവാം. ആയത്‌ പരിഹരിക്കുന്നതിന്‌ ഭദ്രകാളീക്ഷേത്രദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുന്നതോടൊപ്പം തന്നെ തിങ്കളാഴ്ചകള്‍,ജന്മനക്ഷത്രം എന്നിവയില്‍ ഉപവാസം, വ്രതം എന്നിവയനുഷ്ഠിക്കുന്നതും ചന്ദ്രദശാകാലത്ത്‌ സാത്ത്വികാഹാരം ശീലിക്കുന്നതും ഉത്തമമാണ്‌. ഇക്കാലത്ത്‌ നിത്യേന ഭദ്രകാളീസ്തോത്രങ്ങള്‍ ജപിക്കുന്നതും മനോബലമുണ്ടാകുന്നതിന്‌ അത്യധികം ഫലപ്രദമാണ്‌. ഇവര്‍ ഭദ്രകാളീയന്ത്രം ധരിക്കുന്നതും നന്നായിരിക്കും. മീനം രാശി ലഗ്നമായി ജനിച്ചവര്‍ ,ചൊവ്വ ഒന്‍പതില്‍ നില്‍ക്കുന്നവര്‍ , ചന്ദ്രന്‌ പക്ഷബലമില്ലാത്തപ്പോള്‍ വൃശ്ചികലഗ്നത്തില്‍ ജനിച്ചവര്‍ എന്നിവരൊക്കെ പതിവായി ഭദ്രകാളിയെ ഭജിക്കുന്നതുമൂലം അവര്‍ക്ക്‌ ഭാഗ്യാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കാര്‍ത്തിക, ഉത്രം, ഉത്രാടം, അശ്വതി, മകം, മൂലം, പൂയം, അനിഴം, ഉത്തൃട്ടാതി എന്നീ നക്ഷത്രജാതര്‍ക്ക്‌ കുജദശാകാലം അശുഭമായിരിക്കും. ജാതകത്തില്‍ കുജന്‍ യുഗ്മരാശിസ്ഥിതനാണെങ്കില്‍ ഇവര്‍ അക്കാലത്ത്‌ ഭദ്രകാളീഭജനം നടത്തുന്നത്‌ ദോഷശാന്തിക്ക്‌ ഉത്തമമാണ്‌. ഭരണി, പുരാടം, പൂരം, ആയില്യം, കേട്ട, രേവതി, പുണര്‍തം, വിശാഖം, പുരുട്ടാതി നക്ഷത്രക്കാര്‍ ചന്ദ്രന്‌ പക്ഷബലമില്ലാത്തപ്പോള്‍ ജനിച്ചവരാണെങ്കില്‍ അവര്‍ ചന്ദ്രദശാകാലത്ത്‌ പതിവായി ഭദ്രകാളീ ഭജനം നടത്തേണ്ടതാണ്‌.ഡോ.കെ.ബാലകൃഷ്ണവാര്യര്‍

No comments:

Post a Comment