Saturday, February 03, 2018

ലോകത്തിലെ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതു ശാന്തിയും സന്തോഷവുമാണ്. എന്നാല്‍ പലപ്പോഴും നമുക്ക് ജീവിതത്തില്‍ ദുഃഖവും നിരാശയുമാണ് അനുഭവിക്കേണ്ടി വരാറുള്ളത്. എന്തുകൊണ്ടാണു നമുക്കു ശാന്തിയും സന്തോഷവും ലഭിക്കാത്തത്? 
ജീവിതത്തില്‍ ശാന്തിയും സന്തോഷവും ഉണ്ടാകുവാന്‍ ആദ്യമായി വേണ്ടത് ശരിയായ ജീവിതദര്‍ശനമാണ്, ജീവിതത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാടാണ്. ശരിയായ ജീവിതദര്‍ശനം എന്നതുകൊണ്ട് എന്താണ്  ഉദ്ദേശിക്കുന്നത്? ശാന്തിയുടേയും സന്തോഷത്തിന്റേയും യഥാര്‍ത്ഥ ഉറവിടം എന്താണ്, നമ്മുടെ ഉണ്മ എന്താണ്, മനുഷ്യജീവിതത്തിന്റെ ലക്ഷ്യം എന്താണ്, ലോകത്തിന്റേയും ലോകവസ്തുക്കളുടേയും സ്വഭാവം എന്താണ് എന്നെല്ലാം മനസ്സിലാക്കി ജീവിക്കുന്നതിനെയാണ് ശരിയായ ജീവിതദര്‍ശനം എന്ന് പറയുന്നത്. 
താന്‍ രാജാവാണ് എന്നറിയാത്ത ഒരു രാജാവിന് തന്റെ അധികാരം ശരിയായി എങ്ങിനെ വിനിയോഗിക്കാന്‍ കഴിയും? ഒരു ധനികന് എത്ര സമ്പത്തുണ്ടെങ്കിലും അതിനെക്കുറിച്ച് അറിവില്ലാത്തിടത്തോളം ആ സമ്പത്ത് അയാള്‍ക്ക് പ്രയോജനപ്പെടുകയില്ല. അതുപോലെ നമ്മുടെ ഉണ്മയെ അറിയാതിരിക്കുന്നിടത്തോളം ശരിയായി  ജീവിക്കാനോ സ്വന്തം ധര്‍മ്മം നിര്‍വഹിക്കാനോ നമുക്കു കഴിയില്ല.
ഒരിക്കല്‍ ഒരു കൂട്ടം വഴിയാത്രക്കാര്‍  ഗ്രാമത്തില്‍ നിന്ന് അല്‍പം ദൂരെയുള്ള ഒരു ഗ്രമത്തിലേക്ക് പോകുകയായിരുന്നു. വഴി നടന്ന് അവര്‍ ഒരു കാടിനുസമീപമെത്തി. അടുത്തുതന്നെ ഒരു കുളവും ഉണ്ടായിരുന്നു. ഭാണ്ഡങ്ങള്‍ കരയ്ക്കുവച്ച് അവര്‍ കുളിക്കാന്‍ ഇറങ്ങി. പക്ഷേ കുളികഴിഞ്ഞു കരയ്ക്കുകയറി നോക്കിയപ്പോള്‍ ഭാണ്ഡങ്ങള്‍ ഒന്നും കാണാനില്ല. അവ കള്ളന്മാര്‍ മോഷ്ടിച്ച് കൊണ്ടുപോയിരുന്നു. അവര്‍ ഉടന്‍തന്നെ കള്ളന്മാരെ തേടി പുറപ്പെട്ടു. അന്വേഷണത്തിനിടയില്‍ മരച്ചുവട്ടില്‍ വിശ്രമിക്കുന്ന ഒരു മഹാത്മാവിനെ കണ്ടു. കള്ളന്മാര്‍ അതുവഴി പോയതു കണ്ടോ എന്ന് അവര്‍ മഹാത്മാവിനോട് ആരാഞ്ഞു. മഹാത്മാവു പറഞ്ഞു, ''ഭാണ്ഡങ്ങള്‍ നഷ്ടപ്പെട്ടതില്‍ നിങ്ങള്‍ ദുഃഖിതരാണല്ലേ? ഒന്നാലോചിക്കൂ, നിങ്ങളുടെ സന്തോഷം നഷ്ടപ്പെടാന്‍ കാരണക്കാരായ കള്ളന്മാര്‍ നിങ്ങളുടെ ഉള്ളിലാണോ അതോ പുറത്താണോ? നഷ്ടപ്പെട്ട ധനമാണോ നിങ്ങള്‍ക്ക് വേണ്ടത്, അതോ ഒരിക്കലും നഷ്ടമാകാത്ത ധനമാണോ? കള്ളനെ തിരയുക എന്നതാണോ അതോ നിങ്ങളെത്തന്നെ തിരയുകയാണോ ആവശ്യം?'' മഹാത്മാവ് പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കി അവര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി തീര്‍ന്നു. 
നമ്മുടെ ആനന്ദത്തെ മോഷ്ടിക്കുന്ന കള്ളന്മാര്‍ നമ്മുടെ ആഗ്രഹങ്ങള്‍ തന്നെയാണ്. ഒരിക്കലും നഷ്ടമാകാത്ത ധനം നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്. നമ്മുടെ ആത്മസ്വരൂപത്തെക്കുറിച്ചുള്ള വിസ്മൃതി മാറ്റുക തന്നെയാണ് ആനന്ദം വീണ്ടെടുക്കാനുള്ള മാര്‍ഗ്ഗം.
നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ മഹത്തായ ഒരു സമ്പത്തുണ്ട്. എന്നാല്‍ അതു തിരിച്ചറിയാതെ നമ്മള്‍ പുറംലോകത്തിലെ വസ്തുക്കള്‍ തേടി അലയുകയാണ്. കലവറയുടെ താക്കോല്‍ പോക്കറ്റിലിട്ട് അതു മറന്ന് വീട്ടിനുപുറത്ത് താക്കോല്‍ തിരയുകയാണ് നമ്മള്‍. ചിലര്‍ സമ്പത്തും അധികാരവും നേടിയെടുക്കാനായി പ്രയത്‌നിക്കുമ്പോള്‍ മറ്റു ചിലര്‍ പേരിനും പെരുമയ്ക്കും വേണ്ടി പരിശ്രമിക്കുന്നു. അവയൊക്കെ നേടിക്കഴിഞ്ഞാല്‍, ശാന്തിയും സന്തോഷവും കൈവരിക്കാമെന്നും അവര്‍ വ്യാമോഹിക്കുന്നു. സത്യത്തില്‍, എന്തെങ്കിലും നേടിയെടുക്കാനുള്ള  ആഗ്രഹങ്ങള്‍ തന്നെയാണ്  ആനന്ദത്തിന് തടസ്സമായി നില്‍ക്കുന്നത്. നമ്മള്‍ ആഗ്രഹിക്കുന്ന വസ്തുവിനെ ചൊല്ലിയുള്ള മനസ്സിന്റെ അസ്വസ്ഥത അവസാനിക്കുമ്പോള്‍ സ്വയം പ്രകടമാകുന്നതാണ് ആനന്ദം.  അല്ലാതെ ആനന്ദമെന്നത് എന്തെങ്കിലും നേടുമ്പോള്‍ കിട്ടുന്നതല്ല.  ആത്മസ്വരൂപം തന്നെയാണ് നിത്യമായ ആനന്ദത്തിന്റെയും ശാന്തിയുടെയും ഉറവിടം. ഈ ബോധം നമ്മളില്‍ ദൃഢമാകണം. അതാണ് ശാന്തിയും സമാധാനവും നേടുവാന്‍ ഒന്നാമതായി വേണ്ടത്.  
തെളിഞ്ഞു കത്തുന്ന ഒരുദീപം, അഞ്ചു ദ്വാരങ്ങളുള്ള ഒരു പാത്രം കൊണ്ട് മൂടിയിരിക്കുന്നു എന്നു കരുതുക. ആ അഞ്ചു ദ്വാരങ്ങളിലൂടെയും പ്രകാശം പുറത്തേയ്ക്കുവരും. അറിവില്ലാത്തവര്‍ കരുതും ആ ദ്വാരങ്ങളാണ് പ്രകാശത്തിന്റെ ഉറവിടമെന്ന്. സത്യത്തില്‍ ഉള്ളിലുള്ള ദീപത്തിന്റെ വെളിച്ചം ദ്വാരങ്ങളിലൂടെ പുറത്തേയ്ക്കു വരിക മാത്രമാണ് സംഭവിക്കുന്നത്. അതുപോലെ ഉള്ളിലെ ആത്മാനന്ദം തന്നെ പഞ്ചേന്ദ്രിയങ്ങളിലൂടെ നമ്മള്‍ അനുഭവിക്കുന്നു എന്നു മാത്രം. അതിനെ കണ്ടെത്താന്‍ അന്തര്‍മുഖമായ അന്വേഷണം ആവശ്യമാണ്.
ആത്മസ്വരൂപത്തെ തന്നെയാണ് ബ്രഹ്മം അഥവാ ഈശ്വരന്‍ എന്നു വിളിക്കുന്നത്. ഈശ്വരന്‍ ഉള്ളില്‍ തന്നെയുണ്ട്. എന്നാല്‍ നമ്മള്‍ അതറിയുന്നില്ല. കൈയിലിരിക്കുന്ന വൈരം കൊടുത്ത് കപ്പലണ്ടി വാങ്ങിക്കഴിക്കുന്ന ഒരു കൊച്ചു കുട്ടിയെപ്പോലെയാണ് ഇന്നു നമ്മള്‍. ചിലര്‍ കള്ളിലും കഞ്ചാവിലും സുഖം തേടുന്നു. അവര്‍ സ്വയം നശിക്കുക മാത്രമല്ല സ്വന്തം കുടുംബത്തെയും സമൂഹത്തെയും ദ്രോഹിക്കുന്നു. ആദ്ധ്യാത്മികത മനസ്സിലാക്കിയാല്‍ നമ്മള്‍ ആരെന്നും എന്തെന്നും മനസ്സിലാക്കുന്നു. സ്വന്തം കടമയെ തിരിച്ചറിയുന്നു. തനിക്കും ലോകത്തിനും പ്രയോജനകരമായ വിധത്തില്‍ ജീവിക്കാന്‍ കഴിയുന്നു. താന്‍ അപൂര്‍ണ്ണനാണെന്ന ഭ്രമം നീങ്ങിയവന് എപ്പോഴും ആനന്ദം തന്നെ.

No comments:

Post a Comment