Saturday, February 03, 2018

വംശസിദ്ധാന്തം ഒരു കപടശാസ്ത്രം (സ്യൂഡോ സയന്‍സ്) ആണെന്നു നാം കണ്ടു. ബയോളജിക്കല്‍ ആന്ത്രോപ്പോളജി ശാസ്ത്രജ്ഞര്‍ അതിനെ ഇന്ന് പൂര്‍ണ്ണമായും തള്ളിക്കളയുന്നു. ഒരു കുടുംബത്തിലെ ഒരമ്മയുടെ മക്കള്‍ തമ്മില്‍പോലും നിറം, ശരീരാകൃതി തുടങ്ങിയവയിലെ വ്യത്യാസങ്ങള്‍ സാധാരണമാണല്ലോ. മാത്രമല്ല ഇന്ത്യക്കാരെ ഈ സിദ്ധാന്തപ്രകാരം പരസ്പര ബന്ധമില്ലാത്ത, പുറമേ നിന്നും പലപ്പോഴായി വന്ന, പലകൂട്ടങ്ങളായി,  തരംതിരിക്കുന്നത് അശാസ്ത്രീയവും യാഥാര്‍ത്ഥ്യത്തിനു നിരക്കാത്തതും ആണെന്നും, ഇന്ത്യക്കാരുടെ പൂര്‍വികര്‍ ഇന്‍ഡിജിനസ് (സ്വദേശി) ആണ് എന്നും കണ്ടു. എല്ലാ ഇന്ത്യക്കാരും ശരിക്കും ഒന്നുപോലെ എന്നാണ് ക്രിസ് ടെയ്‌ലര്‍ സ്മിത്ത് എന്ന ജെനോം ഗവേഷകന്‍ (യു.കെ) അഭിപ്രായപ്പെടുന്നത്. ബാഹ്യമായ ഭൗതിക വൈവിദ്ധ്യങ്ങള്‍ വെച്ചുപുലര്‍ത്തുമ്പോഴും ആന്തരമായ ഒരു ഏകാത്മഭാവവും ഇന്നാട്ടുകാര്‍ ഇന്നും ഉള്‍ക്കൊള്ളുന്നു എന്ന് ആന്ത്രോപോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ സര്‍വേ ഫലങ്ങളും ചൂണ്ടിക്കാണിക്കുന്നു.        
ബ്രിട്ടീഷുകാര്‍ ഇവിടെ വരുന്നതിനു മുമ്പ് ബൗദ്ധരും മുസ്‌ളീമുകളും ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സമൂഹം ആദ്ധ്യാത്മികതയുടെ അടിത്തറയില്‍ ഒരു പൊതു പ്രപഞ്ചവീക്ഷണം പുലര്‍ത്തിയിരുന്നു എന്നും അതിനനുസൃതമായ സദാചാരപരവും സാമൂഹ്യവും കലാപരവുമായ മൂല്യങ്ങളും സ്ഥാപനങ്ങളും രൂപപ്പെടുത്തിയിരുന്നു എന്നും സത്യം, ജ്ഞാനം, ആത്മാവ്, ആത്യന്തിക യാഥാര്‍ത്ഥ്യം എന്നിവയെപ്പറ്റി പൊതുധാരണ അവരില്‍ ഉണ്ടായിരുന്നു എന്നും പ്രസിദ്ധ മാര്‍ക്‌സിയന്‍ ചിന്തകനായ ധൂര്‍ജടി പ്രസാദ് മുക്കര്‍ജി അഭിപ്രായപ്പെടുന്നു. മുക്കര്‍ജിയുടെ മോഡേണ്‍ ഇന്ത്യന്‍ കള്‍ച്ചര്‍ എ സോഷ്യോളജിക്കല്‍ സ്റ്റഡി (1948) എന്ന പുസ്തകത്തിലെ ദി മിസ്റ്റിക്കല്‍ ഔട്‌ലുക്ക് എന്ന ഒന്നാം അദ്ധായത്തിലാണ് ഈ പരാമര്‍ശം. ഇന്ത്യന്‍ സംസ്‌കാരത്തിന് ഒരു 'റിലിജിയോ-ഐഡിയോളജിക്കല്‍ യൂണിറ്റി' ഉണ്ടെന്ന് മറ്റൊരു മാര്‍ക്‌സിയന്‍ പണ്ഡിതനായ എ.ആര്‍. ദേശായിയും (സോഷ്യല്‍ ബാഗ്രൗണ്ട് ഓഫ് ഇന്‍ഡ്യന്‍ നാഷണലിസം, 2016) ചൂണ്ടിക്കാണിക്കുന്നു. പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞനായ എം.എന്‍. ശ്രീനിവാസന്‍ പറയുന്നു- വൈവിദ്ധ്യം ഒരു വശം മാത്രമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡം, വിശാലാര്‍ത്ഥത്തില്‍,  സാംസ്‌കാരികമായി ഒറ്റ പ്രദേശമാണ്. (സോഷ്യല്‍ ചെയ്ഞ്ചസ് ഇന്‍ മോഡേണ്‍ ഇന്‍ഡ്യ, 2016). 
പുരാതനകാലം മുതല്‍ സഞ്ചാരികളായും വിദ്യാര്‍ത്ഥികളായും മതംമാറ്റുന്നവരായും അധികാര മോഹികളായും ഇവിടേക്ക് വന്ന വിദേശികളെ ഒന്നടങ്കം അതിശയിപ്പിച്ച, ഇന്നും ആശ്ചര്യപ്പെടുത്തുന്ന, അകത്തും പുറത്തുമുള്ള വിഘടനവാദികള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും ആവുന്നത്ര പ്രയത്‌നിച്ചിട്ടും തകര്‍ക്കാനിനിയും കഴിയാത്ത, ഇന്ത്യന്‍സമൂഹത്തിന്റെ ഈ വൈവിധ്യാന്തര്‍ഗത ഏകാത്മതയ്ക്ക് നിദാനം എന്ത്? അതിന്റെ ഭൗതികകാരണം എന്ത്? ഈ ചോദ്യത്തിന്  ആര്‍ക്കിയോ-ആന്ത്രോപ്പോളജി നല്‍കുന്ന ഉത്തരം നമുക്കു പരിശോധിക്കാം.
നരവംശശാസ്ത്രം മനുഷ്യന്റെ, മനുഷ്യസമൂഹത്തിന്റെ ഉല്‍ഭവ പരിണാമങ്ങളെ പഠിച്ചു വിലയിരുത്തുന്ന ശാസ്ത്രമാണ്. പുരാവസ്തുശാസ്ത്രം വഴി ഇതിന് വേണ്ട തെളിവുകള്‍ ശേഖരിക്കുന്നു. ഈ ശാസ്ത്രശാഖയുടെ കണ്ടെത്തലനുസരിച്ച് ചരിത്രം എഴുതുന്നതിനും വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മനുഷ്യരുണ്ടായിരുന്നു. ഏതാണ്ട് രണ്ടര മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പാണ് മനുഷ്യാകൃതിയുള്ള ജീവികള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടത്. അവ ഇന്നത്തെപ്പോലെ പ്രത്യേകിച്ചു സ്വാധീനമൊന്നും ചെലുത്താതെ നിരവധി തലമുറകളിലൂടെ നൂറുകണക്കിനു മറ്റു ജീവജാലങ്ങളിലൊന്നായി മാത്രം അവരുമൊത്ത് വാസസ്ഥലം പങ്കിട്ട് കഴിഞ്ഞു.
 ജീവശാസ്ത്രജ്ഞര്‍ (ബയോളജിസ്റ്റ്) ജീവജാലങ്ങളെ സ്പീഷീസ് ആയി തരം തിരിക്കുന്നു. അന്യോന്യം ഇണ ചേര്‍ന്ന് പ്രജനന ശേഷിയുള്ള സന്തതികളെ ഉല്‍പാദിപ്പിക്കുന്ന മൃഗങ്ങള്‍ ഒരേ സ്പീഷീസില്‍ പെടുന്നു. പൊതുവായി നിരവധി സമാനതകളുള്ള കുതിരകള്‍ക്കും കഴുതകള്‍ക്കും ഈ അടുത്ത കാലത്ത് ഒരു പൊതുപൂര്‍വികന്‍ ഉണ്ടായിരുന്നു. പക്ഷേ അവ തമ്മില്‍ തമ്മില്‍ ഇണചേരാന്‍ താല്‍പര്യം കാണിക്കുന്നില്ല. അവയെ അതിനു പ്രേരിപ്പിക്കാമെങ്കിലും അങ്ങനെ ജനിക്കുന്ന മ്യൂളുകള്‍ നപുംസകങ്ങളായിരിക്കും. അതായത് കഴുതയുടെ ഡി.എന്‍.എയിലുണ്ടാകുന്ന മ്യൂട്ടേഷന് കുതിരയിലേക്കോ തിരിച്ചോ മറികടക്കാന്‍ കഴിയുന്നില്ല. തന്മൂലം അവയെ രണ്ടു പ്രത്യേക സ്പീഷീസുകളായി ഗണിച്ചിരിക്കുന്നു. അവയുടെ പരിണാമവും രണ്ടു ദിശകളിലായിരിക്കും. പക്ഷേ ബുള്‍ഡോഗും സ്പാനിയലും കാഴ്ചയ്ക്കു വ്യത്യസ്തങ്ങളാണെങ്കിലും അവ ഒരേ സ്പീഷീസില്‍ പെടും. അവ ഒരേ ഡി.എന്‍.എ ശേഖരം പങ്കിടുന്നു. അവ പരസ്പരം സന്തോഷത്തോടെ ഇണ ചേരും. ഉണ്ടാകുന്ന കുട്ടികളും വളര്‍ന്ന് വലുതാകുമ്പോള്‍ മറ്റു ശുനക ഇണകളോടു ചേര്‍ന്ന് കൂടുതല്‍ സന്തതികളെ സൃഷ്ടിക്കുകയും ചെയ്യും.
ഒരു പൊതുപൂര്‍വ്വികനില്‍ നിന്നും പരിണമിച്ചുണ്ടായ സ്പീഷീസുകളെ ജെനുസ് (ജനെറാ എന്നു ബഹുവചനം) എന്ന പട്ടികയില്‍ പെടുത്തിയിരിക്കുന്നു. സിംഹം, കടുവ, പുലി, ജാഗുവാര്‍ എന്നിവ പാന്തെറാ എന്ന ജനുസ്സില്‍ പെടുന്നു. ജീവശാസ്ത്രജ്ഞര്‍ ജീവജാലങ്ങളെ രണ്ടു ഭാഗങ്ങളുള്ള ലാറ്റിന്‍ ഭാഷയിലെ പേര് -ജനുസ്സ് കഴിഞ്ഞ് സ്പീഷീസ്- നല്‍കുന്നു. ഉദാഹരണത്തിന് പാന്തെറാ ലിയോ. ഇതില്‍ ആദ്യത്തേത് ജനുസ്സും രണ്ടാമത്തേത് സ്പീഷീസും ആണ്. ഇതുപോലെ ഹോമോ സാപ്പിയന്‍ എന്നത് ആധുനിക മനുഷ്യന്റെ പേരാണ്- ഹോമോ (മനുഷ്യന്‍) എന്ന ജനുസ്സിലെ സാപ്പിയന്‍ (വൈസ്, വകതിരിവുള്ളത്).
  ജനെറായെ ഫാമിലി (കുടുംബം) കളെന്ന ഗ്രൂപ്പു (കൂട്ടം) കളാക്കി തിരിച്ചിരിക്കുന്നു- പൂച്ചകള്‍ (സിംഹം, ചീറ്റാ- ചെമ്പുലി, വളര്‍ത്തുപൂച്ച), ശുനകന്‍മാര്‍ (വുള്‍വ്‌സ്-ചെന്നായ, ഫോക്‌സസ്-കുറുക്കന്‍,  ജക്കാള്‍സ്-ഊളന്‍), ആനകള്‍ (ആന, മാമ്മത്ത്-ഒരിനം വലിയ ആന, മാസ്റ്റഡോണ്‍-മറ്റൊരിനം വലിയ ആന). ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും പിന്നോട്ട് ആ പരമ്പരയ്ക്കു കാരണക്കാരായ ഒരു പിതാമഹനിലോ, മാതാമഹിയിലോ ചെന്നെത്തുന്നു. ഉദാഹരണത്തിന്, സൗമ്യയായ വളര്‍ത്തു പൂച്ചക്കുട്ടി തൊട്ട് ക്രൗര്യം നിറഞ്ഞ സിംഹം വരെ 25 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ഒരേ ഒരു ഫെലൈന്‍ പൂര്‍വികനില്‍ നിന്നും പരിണമിച്ചവയാണ്...vamanan

No comments:

Post a Comment