അദ്വൈതസത്യത്തെ ഗുരുവില്‍നിന്ന് നേരിട്ടറിയുവാന്‍ സാധകന്‍ അര്‍ഹനാകണമെങ്കില്‍ ധാര്‍മികവും ബുദ്ധിപരവുമായ ശിക്ഷണം കൊണ്ട്, താഴെ പറയുന്ന സവിശേഷതകള്‍ അയാള്‍ നേടണം: (1) ശാശ്വതവും അല്ലാത്തവയുമായ വസ്തുക്കളെ വേര്‍തിരിച്ചറിയുവാനുള്ള കഴിവ് (നിത്യാനിത്യവസ്തുവിവേകഃ). (2) ഈ ലോകത്തിലും പരലോകത്തിലും കര്‍മഫലം അനുഭവിക്കുന്നതിനോടു വിമുഖത (ഇഹാമുത്രാര്‍ഥഫലഭോഗവിരാഗഃ). (3) ശമം, ദമം മുതലായ സാമഗ്രികളുടെ സമ്പാദനം (ശമദമാദിസാധന സമ്പത്തിഃ). (4) മോക്ഷേച്ഛ (മുമുക്ഷാ). ഇങ്ങനെയുള്ള സാധനചതുഷ്ടയം നേടിയ സാധകന്‍ ബ്രഹ്മജ്ഞാനിയായ ഗുരുവിനെ സമീപിച്ച് അദ്ദേഹത്തില്‍നിന്ന് വേദാന്തസാരം ശ്രവിക്കുന്നു. ആത്മജ്ഞാനലബ്ധിക്കുവേണ്ട പരിശീലനത്തിലെ ഈ ഘട്ടത്തെയാണ് ശ്രവണം എന്നു വിളിക്കുന്നത്. രണ്ടാമത്തെ ഘട്ടം മനനം ആണ്. ഈ ഘട്ടത്തില്‍ ഗുരുവില്‍ നിന്ന് ശ്രവിച്ച അദ്വൈതസത്യത്തെക്കുറിച്ച് ശിഷ്യന്‍ അനവരതം ചിന്തിക്കുന്നു. ഗുരുവിന്റെ ഉപദേശത്തെക്കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ മനനപ്രക്രിയ അതിനെ ദൂരീകരിക്കുന്നു. നിദിധ്യാസനം ആണ് മൂന്നാമത്തെ ഘട്ടം. മനനത്തിനുശേഷവും ആത്മസാക്ഷാത്കാരത്തിനുള്ള തടസ്സങ്ങള്‍ നീങ്ങിയെന്നുവരില്ല. പഴയശീലം ദ്വൈതപരങ്ങളായ വിചാരങ്ങള്‍ക്ക് സാധകനെ വീണ്ടും അടിമപ്പെടുത്തിയെന്നുവരാം. ഇവയില്‍ നിന്നെല്ലാം മോചനം നേടലാണ് നിദിധ്യാസനത്തിന്റെ ഉദ്ദേശ്യം. നിദിധ്യാസനം ജീവബ്രഹ്മൈക്യത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ധ്യാനമാണ്. ഈ ധ്യാനം അഭേദജ്ഞാനം പ്രത്യക്ഷമായിത്തീരുന്നതുവരെ തുടരണം. അഭേദജ്ഞാനം അപരോക്ഷമായിത്തീരുന്ന മാത്രയില്‍ സാധകന്‍ സിദ്ധനായിത്തീരുന്നു. അദ്വൈതിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ജീവന്‍മുക്തനായിത്തീരുന്നു.
No comments:
Post a Comment