Friday, March 02, 2018

ഹൈന്ദവസമൂഹം പ്രതിസന്ധിയുടെ നീര്‍ച്ചുഴിയില്‍പ്പെട്ടുഴലുന്ന കാലഘട്ടവത്തില്‍ സൂര്യതേജസ്സായി ജന്മമെടുത്ത ശ്രീശങ്കരാചാര്യര്‍ കാല്‍നടയായി യാത്ര ചെയ്ത് ഭാരതത്തിന്റെ ഹൃദയത്തെ തട്ടിയുണര്‍ത്തി. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലായി മഠങ്ങള്‍ സ്ഥാപിച്ച് വൈവിധ്യത്തില്‍ ഏകത്വംപുനഃസൃഷ്ടിക്കുകയായിരുന്നു. ഹൈന്ദവ ദാര്‍ശനികത ഉണര്‍ന്നെണീറ്റ കാലഘട്ടമായിരുന്നു അത്. സമൂഹം വര്‍ധിത വീര്യത്തോടെ നഷ്ടപ്പെട്ട ആത്മചൈതന്യത്തെ വീണ്ടെടുക്കുകയായിരുന്നു. 
ശ്രീശങ്കരന്‍ തന്റെ ജീവിതപന്ഥാവിലൂടെ തെളിച്ചെടുത്ത മാനവികമൂല്യങ്ങളെ സ്വജീവിതത്തില്‍ ആവിഷ്‌കരിച്ച സംന്യാസി ശ്രേഷ്ഠനാണ് കാഞ്ചികാമകോടി പീഠം മഠാധിപതി ജയേന്ദ്ര സരസ്വതി സ്വാമികള്‍. സാധാരണ നിലയില്‍ ശങ്കരാചാര്യ മഠങ്ങളിലെ ശങ്കരാചാര്യന്മാര്‍ പൊതുസമൂഹവുമായി അധികം ബന്ധമില്ലാതെ ആധ്യാത്മിക ചിന്തയിലും ആചാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാറാണുള്ളത്. അതുകൊണ്ട് പൊതുസമൂഹത്തിന് അത്ര സുപരിചിതരല്ല. ഇവരില്‍നിന്ന് വ്യതിരിക്തമായ വീക്ഷണവും വ്യക്തിത്വവുമാണ് ജയേന്ദ്ര സരസ്വതി സ്വാമികള്‍ക്കുണ്ടായിരുന്നത്. 
1954-ല്‍ മഠത്തില്‍ ചേര്‍ന്ന സ്വാമികള്‍ തിരുപ്പതിയില്‍ ധ്യാനനിമഗ്നനായിരിക്കെ ഈശ്വരന്റെ ആദേശമുണ്ടായി. 1987 ആഗസ്റ്റില്‍ മഠത്തില്‍ നിന്ന് സ്വാമികള്‍ അപ്രത്യക്ഷനായി. തലക്കാവേരിയില്‍ മൂന്നുദിവസം ചെലവഴിച്ചു. ജനങ്ങളുടെ ആധ്യാത്മികവും സാമൂഹ്യവുമായ മുന്നേറ്റത്തിനുള്ള വഴി തെളിയുകയായിരുന്നു. 
ആശ്രമത്തില്‍ തിരിച്ചെത്തിയ സ്വാമികള്‍ തന്റെ ജീവിത സ്വപ്‌നങ്ങള്‍ നെയ്‌തെടുത്തു. 1994-ല്‍ കാഞ്ചി മഠാധിപതിയായി അവരോധിക്കപ്പെട്ടശേഷം കര്‍മ്മമണ്ഡലത്തെ വികസിപ്പിച്ചു. വിദ്യാഭ്യാസരംഗത്തും സാമൂഹികരംഗത്തും ആതുരശുശ്രൂഷാരംഗത്തും മാത്രമല്ല, ഹൈന്ദവസമൂഹത്തെ സ്പര്‍ശിക്കുന്ന സമസ്ത മേഖലകളിലും നിറസാന്നിദ്ധ്യമായി മാറി. ജനകല്യാണ്‍, ജനജാഗരണ്‍ തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങള്‍ ആ മഹാത്മാവിന്റെ മസ്തിഷ്‌കത്തില്‍ മുളച്ചു. ശങ്കരാചാര്യരുടെ ദിഗ്‌വിജയ യാത്രയെ അനുസ്മരിക്കത്തക്കവിധത്തില്‍ 1970-ല്‍ കാഞ്ചിപുരത്തു നിന്നും കാല്‍നടയായി സഞ്ചരിച്ച് മാനസരസ്സും കൈലാസവും ദര്‍ശിച്ചു. ഗ്രാമഗ്രാമാന്തരങ്ങളിലൂടെ നടത്തിയ തീര്‍ത്ഥയാത്ര ജനങ്ങളുടെ അന്തരംഗത്തെ സ്പര്‍ശിക്കാന്‍ പര്യാപ്തമായി. 
1982-ല്‍ കാലടി അദ്വൈതാശ്രമത്തില്‍ എല്ലാ വിഭാഗത്തിലും പെട്ടവര്‍ക്കായി സംഘപ്രസ്ഥാനങ്ങള്‍ നടത്തിയ പൂജാപഠന ക്ലാസില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത് ജയേന്ദ്ര സരസ്വതി സ്വാമികളായിരുന്നു. ഇതിലൂടെ ഒരു പുതിയസന്ദേശം ഹൈന്ദവ സമൂഹത്തിന് നല്‍കുകയായിരുന്നു. സാമൂഹ്യമായ അനീതിയെ തുടച്ചുനീക്കാനുള്ള മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുകയായിരുന്നു. 
സാമൂഹികപരിഷ്‌കരണരംഗത്തെ നിറസാന്നിദ്ധ്യംകൊണ്ടാകാം നിരവധി വെല്ലുവിളികളും പ്രതിസന്ധികളും ആ ധന്യജീവിതത്തില്‍ കടന്നുവന്നത്. 2002-ല്‍ ശങ്കര രാമന്‍ വധക്കേസില്‍ രണ്ട് മാസക്കാലം ജയില്‍ ജീവിതം അനുഭവിക്കേണ്ടിവന്ന സ്വാമിജിയെ 2013-ല്‍ കോടതി കുറ്റവിമുക്തനാക്കിയപ്പോള്‍ ആ നീതിസാരന്‍ കൂടുതല്‍ തേജസ്സോടെ ഉദിച്ചുയര്‍ന്നു. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ജന്മശതാബ്ദി സ്മാരക മന്ദിരോദ്ഘാടന വേളയില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ നീതികരിക്കത്തക്കതല്ലെന്നും, ഹൈന്ദവ ഏകീകരണത്തിലൂടെ മാത്രമേ നാം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ എന്നും സ്വാമികള്‍ പറഞ്ഞു. ഹൈന്ദവ ഏകീകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മഹാപ്രസ്ഥാനമാണ് വിശ്വഹിന്ദുപരിഷത്ത് എന്നുപറയാനും ആ സത്യകാമന് രണ്ടുപ്രാവശ്യം ആലോചിക്കേണ്ടിവന്നില്ല. 
സ്വാമികള്‍ കേരളത്തില്‍ വരുമ്പോഴൊക്കെ വിവിധ സമുദായ നേതാക്കന്മാരുമായും ഉന്നത വ്യക്തിത്വങ്ങളുമായും ആശയവിനിമയം നടത്തി. ബുദ്ധിമുട്ടനുഭവിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും മനസ്സറിഞ്ഞ് സഹായിച്ചു. ഹിന്ദുസമൂഹത്തിലെ സാമൂഹ്യതിന്മകള്‍ക്കെതിരെ പുരോഗമനപരമായ സമീപനം സ്വീകരിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവു കൂടിയായിരുന്നു അദ്ദേഹം. തന്റെ ജീവിതകാലയളവില്‍ കാഞ്ചി ശങ്കരാചാര്യ മഠത്തെ ജനങ്ങളുടെ സ്വീകാര്യതയിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞതിന്റെ നേര്‍രൂപങ്ങളാണ് കാലടിയിലെ കീര്‍ത്തിസ്തംഭം, അലഹബാദിലെ ആദിശങ്കര വിമാന മണ്ഡപം, ഏനത്തൂരിലെ 60 അടി ഉയരത്തിലുള്ള ശങ്കരപ്രതിമ, തന്റെ ഗുരുവായ ചന്ദ്രശേഖര സരസ്വതിയുടെ നാമധേയത്തില്‍ തലയെടുത്തുനില്‍ക്കുന്ന വിശ്വമഹാവിദ്യാലയമെന്ന കല്‍പ്പിത സര്‍വകലാശാല, ഗോഹട്ടിയിലെയും കോയമ്പത്തൂരിലെയും നേത്ര ചികിത്സാകേന്ദ്രങ്ങള്‍, കാഞ്ചികാമാക്ഷിയമ്മന്‍ ക്ഷേത്രഗോപുരം, ജയേന്ദ്ര സരസ്വതി ആയുര്‍വേദ കോളജ് തുടങ്ങിയ എണ്ണമറ്റ സ്ഥാപനങ്ങള്‍. 
സന്നദ്ധ സേവനരംഗത്ത് നിറഞ്ഞുനിന്ന സ്വാമികള്‍ കോളനികളും പിന്നാക്ക പ്രദേശങ്ങളും സന്ദര്‍ശിച്ചു പോന്നു. അവര്‍ക്കാവശ്യമുള്ള സഹായംനല്‍കാന്‍ സദാ സന്നദ്ധനായിരുന്ന കരുണാ ഹൃദയനായിരുന്നു. ആ മഹാത്മാവ് നെയ്‌തെടുത്ത മഹിത സ്വപ്നങ്ങള്‍ നമ്മുടെ ഹൃദയ കമലങ്ങളില്‍ പ്രതിഷ്ഠിക്കാം. ..janmabhumi

No comments:

Post a Comment