Thursday, March 29, 2018

ദേഹസംബന്ധം ദേഹിക്കുണ്ടെന്നു നിനപ്പതു ദേഹിയാമാത്മാവിനു സംബന്ധമാകുന്നതും ദുഃഖവുമതുമൂലമാത്മാവിനുണ്ടാകുന്നി- തൊക്കെയുമവിവേകകാരണമൊന്നു തന്നെ ആത്മാവിനൊരിക്കലും ദുഃഖമില്ലെന്നുനൂനം; ആത്മാവു സുഖസ്വരൂപന്‍ സദാകാലത്തിലും കര്‍മ്മജന്യമായുള്ള ദേഹം ഞാനെന്നു ചിന്തി- ച്ചന്യോന്യാദ്ധ്യാസമാത്മാവിങ്കലുമുണ്ടാകുന്നു ചിന്തിച്ചു പരമാര്‍ത്ഥമറിവാന്‍ വശമല്ലാ- ഞ്ഞന്ധന്മാരാത്മാവിന്നു ബന്ധവുമുണ്ടാക്കുന്നു. മാനസംകൊണ്ടു നന്നായ് മനനംചെയ്യുന്നേരം ജ്ഞാനമാകുന്ന ദൃഷ്ടി നന്നായിത്തെളിഞ്ഞീടും ആനന്ദസ്വരൂപനാമാത്മാവിനെയും സദാ ദീനമെന്നിയേ കാണായ് വന്നീടുമതുനേരം ആശയം- ദേഹിക്ക് ദേഹവുമായി സംബന്ധമുണ്ടെന്നു വിചാരിക്കുന്നതും, ദേഹിയായ ആത്മാവ് ദേഹമാണെന്നു ധരിക്കുന്നതും, അതിനാല്‍ ദുഃഖം ഉണ്ടാകുന്നതും ഒക്കെ അവിവേകം കൊണ്ടാണ്. അവിവേകം എന്നാല്‍ ജ്ഞാനമില്ലയ്മ. ആത്മാവിന് ഒന്നിനോടും ബന്ധമില്ലെന്ന് അറിയുന്നത്. വിവേകം, അതില്ലാത്തത് അജ്ഞാനം അഥവാ അവിവേകം. ആത്മാവിന് ഒരിക്കലും ദുഃഖമില്ലെന്ന കാര്യം തീര്‍ച്ചയാണ്. കാരണം ആത്മാവ് സുഖസ്വരൂപനാണ്. അതിന് ഒരു കാലത്തും ദുഃഖമില്ല.കര്‍മ്മംകൊണ്ടു ജനിക്കുന്ന ശരീരം ഞാനാണെന്ന് ചിന്തിച്ച് ശരീരം ആത്മാവെന്നും ആത്മാവ് ശരീരമെന്നും അന്യോന്യം ആരോപിച്ച്  ശരീരമാണ് ആത്മാവെന്ന് ധരിക്കുന്നു. ഇതിനെക്കുറിച്ച് ചിന്തിച്ച് പരമാര്‍ത്ഥം മനസ്സിലാക്കാതെ അജ്ഞാനികള്‍ ആത്മാവിനു ബന്ധം ഉണ്ടാക്കുന്നു. മനസ്സുകൊണ്ട് നന്നായി ചിന്തിച്ചുനോക്കുമ്പോള്‍ (മനനം ചെയ്യുമ്പോള്‍)ജ്ഞാനമാകുന്ന ദൃഷ്ടി നന്നായി തെളിയും. അതായത് ഞാന്‍ ആത്മാവാണെന്നും സുഖദുഃഖങ്ങള്‍  അനുഭവിക്കുന്ന ശരീരമല്ലെന്നും സദാ ചിന്തിക്കണം. സുഖദുഃഖങ്ങള്‍ കര്‍മ്മബന്ധം കൊണ്ടാണെന്നും ആത്മാവിനു കര്‍മ്മബന്ധമില്ലാത്തതിനാല്‍ സുഖദുഃഖങ്ങളില്ലെന്നും ഉറയ്ക്കണം. അങ്ങനെവരുമ്പോള്‍ ആനന്ദസ്വരൂപനായ ആത്മാവിനെ യാതൊരു പ്രയാസവും കൂടാതെ എപ്പോഴും കാണാന്‍ സാധിക്കും. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍

No comments:

Post a Comment