Thursday, March 29, 2018

വ്യക്തിഗത ആത്മാവ് ജീവചൈതന്യം ജീവജാലങ്ങളില്‍ ആത്മാവായും പ്രപഞ്ചത്തിലും അതിനപ്പുറവും ബ്രഹ്മനായും നില്‍ക്കുന്നുവെന്ന് നാം കണ്ടു. പ്രപഞ്ചബ്രഹ്മന്റെ ചെറുതരി മാത്രമാണ് വ്യക്തിഗത ആത്മാവ്. ആത്മാവിന്റെ പൊതുസ്വഭാവങ്ങള്‍ നാം രണ്ടാം അധ്യായത്തില്‍ അറിഞ്ഞിരുന്നു. ഇനി, അതിന്റെ മറ്റൊരു വശത്തേക്ക് പോകാം. ബ്രഹ്മകണം, ആത്മാവിനെ വലയംചെയ്യുന്ന ശരീരത്തെ ആകര്‍ഷിക്കുമ്പോള്‍, വ്യക്തിഗത ആത്മാവായിത്തീരുന്നുവെന്ന് ഭഗവദ്ഗീത (15:7) പറയുന്നു: എന്നംശമീജ്ജീവലോകം ജീവഭൂതം സനാതനം മനസ്സൊത്താറിന്ദ്രിയവും കര്‍ഷിപ്പൂ പ്രകൃതിസ്ഥമായ് ബ്രഹ്മന്റെ ഒരനന്ത കണം ഒരു വ്യക്തിഗത ആത്മാവാകുമ്പോള്‍ (അതായത്, ആകുന്നതിന് മുന്‍പ്) അതിനുചുറ്റുമുള്ള സൂക്ഷ്‌മേന്ദ്രിയങ്ങളെ ആകര്‍ഷിക്കുന്നുവെന്ന് ഈ ശ്ലോകം വ്യക്തമാക്കുന്നു. ആത്മാവ് അക്ഷയമായതിനാല്‍, അതിനെ അനന്തമെന്ന് വിവക്ഷിക്കുന്നു. ജീവ (ആത്മാവ്) ആയി മാറുന്ന ബ്രഹ്മകണം, 'മനസ്സ് ആറാമതായ ഇന്ദ്രിയങ്ങളെ' ആകര്‍ഷിക്കുന്നുവെന്ന് ശ്ലോകം വിവരിക്കുന്നു. മനസ്സിനെ 'ആറാമിന്ദ്രിയം' എന്ന് മഹോപനിഷത് (2:3) വിളിക്കുന്നു. മനുസ്മൃതിയും (2:92) സാംഖ്യകാരിക (7.7)യും പറയുന്നത്, മനസ്സ് ഒരു സുഖേന്ദ്രിയവും കര്‍മേന്ദ്രിയവും ആണെന്നാണ്. മനുഷ്യനില്‍ സുഖേന്ദ്രിയങ്ങള്‍ ആറാണ്: കാത്, കണ്ണ്, ത്വക്ക്, നാക്ക്, മൂക്ക്, മനസ്സ്. അതിനാല്‍ കര്‍മേന്ദ്രിയങ്ങളും ആറാണ്: കൈ, കാല്‍, കണ്ഠം, ഗുദം, ജനനേന്ദ്രിയം, മനസ്സ്. ബ്രഹ്മകണം, സുഖേന്ദ്രിയങ്ങളെയും കര്‍മേന്ദ്രിയങ്ങളെയും 'പ്രകൃതിയെ അനുസരിക്കുന്ന ഇന്ദ്രിയങ്ങളില്‍' നിന്ന് ആകര്‍ഷിക്കുന്നു. ബ്രഹ്മകണം ആകര്‍ഷിക്കുന്നതെന്തും, അതില്‍ സ്ഥിരമായി തൂങ്ങി നില്‍ക്കും. ബ്രഹ്മകണം പ്രകൃതിയെ അനുസരിക്കുന്ന ഇന്ദ്രിയങ്ങളെ ആകര്‍ഷിക്കുന്നു എന്നാണ് ശ്ലോകത്തില്‍; ശരീരേന്ദ്രിയങ്ങള്‍ പ്രകൃതിയെ അനുസരിക്കുന്നതല്ല, അവ ശരീരത്തിന് മാത്രമുള്ളതാണ്. പ്രകൃതിസ്ഥമായ ഇന്ദ്രിയങ്ങള്‍, പ്രകൃതിയിലെ പരിണാമങ്ങള്‍ കൊണ്ടുണ്ടായ പ്രാപഞ്ചിക, പദാര്‍ത്ഥരഹിത, സൂക്ഷ്‌മേന്ദ്രിയങ്ങളാണ്. (പത്താം അധ്യായം). അവയുടെ കണങ്ങള്‍, പ്രകൃതിയിലാകെ അലയുന്നു. ആത്മാവ് ഇന്ദ്രിയങ്ങളെ ആകര്‍ഷിക്കുന്നു എന്നുപറയുന്നതിലെ ധ്വനി, അടുത്ത ശ്ലോകംകൂടി (ഭഗവദ്ഗീത(15:8)വായിക്കുമ്പോള്‍ പിടികിട്ടും: ദേഹം പൂകുമ്പോഴും വിട്ടുപോകുമ്പൊഴതുമീശ്വരന്‍ ഇവയും കൊണ്ടുപോം ഗന്ധങ്ങളെക്കാറ്റു കണക്കിനെ ഈ ശ്ലോകത്തില്‍, 'ഇവയും' (ഏതാനി) സൂചിപ്പിക്കുന്നത്, മുന്‍ ശ്ലോകത്തിലെ ഇന്ദ്രിയങ്ങളെയാണ്. ആത്മാവ് ഒരു ജീവിതത്തിനായി ശരീരത്തില്‍ കിടക്കുമ്പോഴോ, മറ്റൊന്നിനായി ശരീരം വിടുമ്പോഴോ അവ ഒരുകൂട്ടം വ്യത്യസ്ത ഇന്ദ്രിയങ്ങളെയും കൊണ്ടുപോകുമെന്ന് നിനയ്ക്കുന്നത്, യുക്തിക്ക് നിരക്കുന്നതല്ല; ഈ ഇന്ദ്രിയങ്ങളുള്ള (മറ്റുള്ളവയും) ഒരു ദേഹത്തെ അതെടുക്കുന്നു എന്നാകാനേ തരമുള്ളൂ. ഇന്ദ്രിയങ്ങള്‍ ശരീരഭാഗങ്ങളാണ്; അവകൊണ്ട് ശരീരത്തിനേ ഗുണമുള്ളൂ. ഒരിന്ദ്രിയത്തെപ്പറ്റി നാം സംസാരിക്കുമ്പോഴോ കേള്‍ക്കുമ്പോഴോ, അതിനെ ശരീരഭാഗമായി മാത്രമേ നാം കരുതുന്നുള്ളൂ. ശരീരത്തില്‍നിന്ന് വേറിട്ട ഇന്ദ്രിയങ്ങള്‍കൊണ്ട്, ആത്മാവിന് ഗുണമില്ല. അതിനാല്‍, 'ഇവ', ഗീതാ ശ്ലോകം 15:7 ല്‍ വിവരിച്ച ഇന്ദ്രിയങ്ങള്‍, ആത്മാവ് ശരീരത്തില്‍ കടക്കുമ്പോഴോ വിടുമ്പോഴോ ആത്മാവ് വഹിക്കുന്ന, ശരീരത്തിന് ഉപയുക്തമായ ഇന്ദ്രിയങ്ങളാകണം. അപ്പോള്‍, ഈ ശ്ലോകങ്ങളില്‍ ഗീത ഇന്ദ്രിയങ്ങളെന്നു പറയുമ്പോള്‍ പരാമര്‍ശിക്കുന്നത്, ഒരു ദേഹമാകണം. പൊതുവായതിനെ ഏകമായും ഏകത്തെ പൊതുവായും വിശേഷിപ്പിക്കുന്ന ഭാഷാവിരുത് (synecdoche)) ആകാം ഇത്. സമഷ്ടിക്ക്, ഭാഗം എന്നുപറയുക. 'അത് പുറത്തെടുക്കാന്‍ കരുത്തുള്ള ഒരു കൈ വേണം' എന്നുപറഞ്ഞാല്‍, കരുത്തുള്ള ഒരാളെ വിളിക്കൂ എന്നാണര്‍ത്ഥം; 'തുറമുഖം നിറയെ പാമരം' എന്നുവച്ചാല്‍, തുറമുഖത്ത് നിറയെ കപ്പലുകളുണ്ടെന്നാണ്. ഇവിടെ, കൈ മനുഷ്യനും പാമരം കപ്പലുമാണ്-മൊത്തത്തെ കുറിക്കാന്‍ ഒരുഭാഗം മാത്രമെടുക്കല്‍. ഇതുപോലെ, ഭഗവദ്ഗീത, ആത്മാവ് അതിനൊപ്പം ചില ഇന്ദ്രിയങ്ങള്‍ കൊണ്ടുപോകുന്നു എന്നുപറയുമ്പോള്‍ അര്‍ത്ഥം, അത് ഇവയുള്ള ഒരു ശരീരത്തെ വഹിക്കുന്നു എന്നാണ്. സൂക്ഷ്മദര്‍ശിനി വച്ചാലും, ശരീരംവിടുന്ന ആത്മാവിനെ കാണാനാവില്ല, അറിയാനാവില്ല. അതില്‍ ദൃശ്യമായ എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍, അതിന്റെ വിട പറച്ചിലും, നീക്കങ്ങളും അന്വേഷിച്ചുകണ്ടെത്താനാകുമായിരുന്നു. അപ്പോള്‍, ദേഹം വിടുമ്പോള്‍ ദേഹി കൊണ്ടുപോകുന്നു എന്നുപറയുന്ന ഇന്ദ്രിയങ്ങളും അദൃശ്യ ഇന്ദ്രിയങ്ങളാകണം; അദൃശ്യമായ ആ സൂക്ഷ്‌മേന്ദ്രിയങ്ങള്‍. എങ്കിലേ വിടപറയുന്ന ആത്മാവ് വഹിക്കുന്ന ശരീരം അദൃശ്യമായിരിക്കൂ. ഈ സൂക്ഷ്മശരീരംതന്നെയാണ് ഒരു ജീവിതം ജീവിക്കാനുള്ള ജനനത്തിനായി, ആത്മാവ് ഒരു ദേഹത്തില്‍ കടക്കുമ്പോഴും, വഹിക്കുന്നത്. ജനനത്തിലും മരണത്തിലും ആത്മാവിന് അതേ അദൃശ്യശരീരമാണെന്നത് ശ്ലോകത്തില്‍ വ്യക്തമാണ്. ശരീരത്തില്‍ കടക്കുമ്പോള്‍ ആത്മാവിലുള്ളതെല്ലാം, കടക്കുന്നതിനുമുന്‍പും അതിലുണ്ടായിരിക്കണം; ആത്മാവ് ശരീരം വിടുമ്പോള്‍ ഉള്ളതെല്ലാം അതിനുശേഷവും അതിലുണ്ടായിരിക്കണം-മരണത്തിനുശേഷവും. പ്രവേശ നേരത്തും വിടയുടെ നേരത്തും ആത്മാവിലുള്ളതെല്ലാം ഇടവേളയിലും അതിലുണ്ടായിരിക്കണം. ഇടവേളയാണ്, ഭൗതികജീവിതം. ചുരുക്കത്തില്‍, വരുമ്പോഴും, പോകുമ്പോഴും, എപ്പോഴും, ആത്മാവിന് അദൃശ്യശരീരമുണ്ട്. അത് ആത്മാവിന്റെ അഭേദ്യ സഖാവാണ്. ഉപനിഷത്തുക്കള്‍ അതിനെ സൂക്ഷ്മശരീരം എന്നുവിളിക്കുന്നു. പുനര്‍ജന്മം നേടിയ ചില രോഗികള്‍, അന്തരീക്ഷത്തില്‍ ജഡാവസ്ഥയിലായിരുന്നപ്പോള്‍, സകലേന്ദ്രിയങ്ങളുമുള്ള ഒരു സൂക്ഷ്മ ശരീരം അനുഭവിച്ചതായി ഡോ. മൂഡി ലൈഫ് ആഫ്റ്റര്‍ ലൈഫ് ല്‍ രേഖപ്പെടുത്തുന്നു(35, 49-50). ഗീതയിലെ ഈ ശ്ലോകം, തുടര്‍ന്നുപറയുന്നത്, ആത്മാവ് അതിന്റെ അദൃശ്യശരീരത്തെ വഹിക്കുന്നത്, കാറ്റ് ഗന്ധങ്ങളെ അവയുടെ ഉറവിടങ്ങളില്‍നിന്ന് (പൂക്കള്‍, സുഗന്ധദ്രവ്യങ്ങള്‍)വഹിക്കുന്ന പോലെയാണ് എന്നാണ്. കാറ്റ് ഗന്ധങ്ങളുമായി പറ്റിച്ചേര്‍ന്നാണ് അവയെ വഹിക്കുന്നത് എന്ന് നമുക്കറിയാം. അതിനാല്‍ ഈ ഉപമയ്ക്കര്‍ത്ഥം, ആത്മാവ് ആ അദൃശ്യശരീരം അഥവാ സൂക്ഷ്മശരീരവുമായി അഭേദ്യമായി ഐക്യപ്പെട്ടിരിക്കുന്നു എന്നാണ്. ആത്മാവും അദൃശ്യശരീരവും ചേര്‍ന്നതാണ് ആ ഏകകം. അതിനാല്‍, ആത്മാവ് എന്നുവച്ചാല്‍, സൂക്ഷ്മശരീരത്തിന്റെ ആവരണമുള്ള ആത്മാവ് എന്നുതന്നെ അറിയണം; സാഹചര്യം മറിച്ച് പറയാത്തിടത്തോളം.

No comments:

Post a Comment