Tuesday, March 20, 2018

മനസ്സെപ്പോഴും പ്രസന്നമായിരിക്കണമെങ്കില്‍ അശാന്തികളില്ലാതിരിക്കണം. അഥവാ എന്ത് അശാന്തിക്കിടയായാലും അതിനു മുകളില്‍
നില്‍ക്കാന്‍ കഴിയണം:
മനഃപ്രസാദഃ സൗമ്യത്വം
മൗനമാത്മവിനിഗ്രഹഃ
ഭാവസംശുദ്ധിരിത്യേതത്
തപോ മാനസമുച്യതേ
(അദ്ധ്യായം 17 ശ്ളോകം 16)
മനഃപ്രസാദം, സൗമ്യത്വം, മൗനം, ഇന്ദ്രിയചോദനകളെ നിയന്ത്രണത്തില് ‍നിര്‍ത്തല്‍, ഭാവശുദ്ധി ഇവയെല്ലാം മനസ്സുകൊണ്ടു ചെയ്യാവുന്ന തപസ്സത്രെ.
മനസ്സെപ്പോഴും പ്രസന്നമായിരിക്കണമെങ്കില്‍ അശാന്തികളില്ലാതിരിക്കണം. അഥവാ എന്ത് അശാന്തിക്കിടയായാലും അതിനു മുകളില്‍ നില്‍ക്കാന്‍ കഴിയണം. ക്ഷോഭത്തിനതീതമായ അവസ്ഥയാണ് സൗമ്യത. ശരിയായ അറിവാണ് മനഃപ്രസാദത്തിനും സൗമ്യതയ്ക്കും നിദാനം.
മനഃശാന്തി ഉണ്ടായാല്‍ മിണ്ടാതിരിക്കാന്‍ കഴിയും. മിണ്ടാതിരുന്നാല്‍ കൂടുതല്‍ മനഃശാന്തി ഉണ്ടാവുകയും ചെയ്യും. ചാഞ്ചല്യമില്ലാത്ത മനസ്സിന്റെ മുഖമുദ്രയാണ് മൗനം. മുനി സംസാരിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സ് മൗനത്തിലായിരിക്കും.
വാസനകളുടെ ചോദനകള്‍ മനസ്സില്‍നിന്ന് ഇന്ദ്രിയങ്ങളിലേക്കും ലോകാനുഭവങ്ങള്‍ ഇന്ദ്രിയങ്ങളിലൂടെ മനസ്സിലേക്കും പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രവാഹങ്ങളുടെ വഴിയെ മനസ്സുപോകുന്നതിനു പകരം അവ മനസ്സിന്റെ വരുതിയില്‍ നില്‍ക്കണം. രൂപമെന്നപോലെ ഭാവവും ഓരോരുത്തര്‍ക്കും വ്യത്യസ്തമായി ഉണ്ട്. ഭാവം പ്രകൃതിയോടു ചേര്‍ന്ന് ദേഹബുദ്ധിയില്‍നിന്നോ ആത്മസ്വരൂപത്തോടു ചേര്‍ന്ന സത്യബുദ്ധിയില്‍നിന്നോ വരാം. മനസ്സിന്റെ ആഭിമുഖ്യം ആത്മസ്വരൂപത്തോടാവണം.
മൂന്നു തപസ്സും ഒരേസമയം ശ്രദ്ധയോടെ അനുഷ്ഠിക്കുന്നതാണ് അഭികാമ്യം.
(തുടരും....)
കടപ്പാട് : ശ്രീ. സി. രാധാകൃഷ്ണന്‍ - ഗീതാദര്ശനം.

No comments:

Post a Comment