ശുഷ്‌കാപരൂപത്തില്‍ ഭൂമിയുടെ സ്ഥിതി മുമ്പു വിവരിച്ചുവല്ലോ. അപ്പോള്‍ പാര്‍ത്ഥിവഭാഗം ജലത്തില്‍ വായുവിന്റെ വേഗം മൂലം പുഷ്‌കരപര്‍ണ്ണം (താമരയില) പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടിക്കൊണ്ടിരുന്നു. സാ ഇയം പൃഥിവ്യലോലായത യഥാ പുഷ്‌കരപര്‍ണ്ണം എന്ന് ശതപഥബ്രാഹ്മണം. പുഷ്‌കരപര്‍ണ്ണവത് നില കാണിപ്പാനായി ചയനയാഗത്തില്‍ പുഷ്‌കരപര്‍ണ്ണം വെച്ചുകൊണ്ട് ക്രിയ ചെയ്യുന്നു.
നിരുക്തത്തില്‍ യാസ്‌കമുനിയും ശ്രൗതയജ്ഞങ്ങള്‍ സൃഷ്ടിയജ്ഞത്തിന്റെ അനുകരണം ആണ് എന്നു പറയുന്നുണ്ട്. അദ്ദേഹം എഴുതുന്നു- പ്രാചീനരായ യാജ്ഞികര്‍ ആദിത്യനെ വൈശ്വാനരനായി ഗ്രഹിക്കുന്നു. ഈ ലോകങ്ങളെ (പൃഥ്വീ, അന്തരീക്ഷം, ദ്യു:) ആരോഹം (മേലോട്ടു കേറുക) വഴിക്ക് പ്രാത: സവനം, മാധ്യന്ദിനസവനം, തൃതീയസവനം എന്നിവയുടെ ആരോഹം എന്നു പറഞ്ഞിട്ടുണ്ട്. അതായത്, പ്രാത:സവനത്തില്‍ യജമാനന്‍ പൃഥ്വിക്കു പകരവും, മാധ്യന്ദിനസവനത്തില്‍ അന്തരീക്ഷത്തിനു പകരവും, തൃതീയസവനത്തില്‍ ദ്യുവിനു പകരവും ആയിത്തീരുന്നു. ദ്യുലോകത്തിലെത്തിയ യജമാനനെ യജ്ഞം അവസാനിക്കും മുമ്പ് പൃഥ്വിയില്‍ കൊണ്ടുവരിക ആവശ്യമാണ്. മടങ്ങി അവരോഹത്തിന്റെ അനുകൃതിയെ (അനുകരണത്തെ) ഹോതാവ് വൈശ്വാനരീയാദിത്യദേവകസൂക്തം കൊണ്ട് തുടങ്ങുന്നു.
വേദിനിര്‍മ്മാണം, അഗ്ന്യാധാനം, പുഷ്‌കരപര്‍ണ്ണവിധാനം, സവനങ്ങളുടെ ആരോഹം മുതലായവയുടെ അനുകരണം ഇവയിലൂടെ ചെയ്ത സൃഷ്ടിയജ്ഞവുമായുള്ള തുലനം ബ്രാഹ്മണാദിയായ ഗ്രന്ഥങ്ങളില്‍ സ്പഷ്ടമായി പ്രതിപാദിക്കുന്നതിനാല്‍ ശ്രൗതയജ്ഞം സൃഷ്ടിയജ്ഞത്തിന്റെ രൂപകം ആണെന്ന് തീര്‍ച്ചയാക്കാം. വേദപ്രതിപാദിതമായ യജ്ഞസംസ്ഥയുടെ ബാഹ്യേന്ദ്രിയവിഷയമായ ദൃഷ്ടാന്തമാണ് ശ്രൗതസ്മാര്‍ത്തയജ്ഞങ്ങള്‍.
തികച്ചും വൈജ്ഞാനികമായ ഈ പ്രതിപാദനം ഇന്നു കിട്ടുന്ന കര്‍മ്മകാണ്ഡഗ്രന്ഥങ്ങളില്‍ അവികലരൂപേണ ലഭ്യം ആകുന്നില്ല. എങ്കിലും ബ്രാഹ്മണഗ്രന്ഥങ്ങളിലെ യാജ്ഞിക ക്രിയകളുടേയും തദ്ഗതമായ പദാര്‍ത്ഥങ്ങളൊന്നിച്ച് അവിടവിടെ ഇത്യധിദൈവതം, ഇത്യധ്യാത്മം എന്നിവയുടേയും ശാസനം, ബ്രാഹ്മണങ്ങളുടെ അന്തിമമായ അഭിമതം എന്തെന്നു തീരുമാനിക്കുവാന്‍ പര്യാപ്തമായ പ്രമാണം ആകുന്നു.
ദര്‍ശ പൗര്‍ണ്ണമാസത്തിന്റെ മുഖ്യമായ ക്രിയകളുടേയും പദാര്‍ത്ഥങ്ങളുടെയും ആധിദൈവികവും ആധ്യാത്മികവുമായ ലോകവും ആയുള്ള സംബന്ധം ശതപഥബ്രാഹ്മണത്തില്‍ (11. 2. 4. 1) മുതല്‍ക്ക് (11. 2. 7. 33) വരെ സുരക്ഷിതമായി കിടപ്പുണ്ട്. അതിന്റെ നിഷ്‌കൃഷ്ടമായ അദ്ധ്യയനം യാജ്ഞികപ്രക്രിയയുടെ മര്‍മ്മം പിടിച്ചുപറ്റാന്‍ സഹായകം ആയിരിക്കും. ആ പ്രക്രിയ അനുസരിച്ച് ഋഗ്വേദത്തിലേയും മറ്റു സംഹിതകളിലേയും യജ്ഞവിഷയകമായ മന്ത്രങ്ങള്‍ വ്യാഖ്യാനിക്കാന്‍ കഴിഞ്ഞാല്‍ വേദത്തിന്റെ ദാര്‍ശനികചിന്തയും ഉപാസനാ തത്ത്വവും സുഗ്രഹം ആകാതിരിക്കില്ല.
വൈദികയാഗക്രിയയുടെ പിന്നിലുള്ള ആശയതലത്തെക്കുറിച്ച് വേദബന്ധു നല്‍കുന്ന വിശദീകരണമാണ് നാം കണ്ടത്. വേദമന്ത്രങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ സാധാരണ ലൗകിക സംസ്‌കൃതത്തിലെ വ്യാകരണ നിയമങ്ങള്‍ മാത്രം അനുസരിച്ചാല്‍ പോരാ എന്നു വേദബന്ധു ചൂണ്ടിക്കാട്ടുന്നു- പാണിനിയുടെ അഷ്ടാധ്യായിയില്‍ പലേടത്തും ഈ വിശേഷത സോദാഹരണം കാണിച്ചിട്ടുണ്ട്. പദപാഠം, ക്രമപാഠം, ബ്രാഹ്മണങ്ങളിലെ വിവരണങ്ങള്‍, നിരുക്തം, മീമാംസാദര്‍ശനം അനുസരിച്ചുള്ള ശ്രുതി, ലിംഗം, വാക്യം, പ്രകരണം, സ്ഥാനം, സമാഖ്യാ എന്നീ ആറും അതുപോലെ സംസര്‍ഗം, വിപ്രയോഗം, സാഹചര്യം, വിരോധം, അര്‍ത്ഥം, പ്രകരണം, ലിംഗം, മറ്റു ശബ്ദങ്ങളുടെ സാമീപ്യം എന്നീ ഏട്ടും കൊണ്ടു വേണം വൈദികപദങ്ങളുടെ വാച്യാര്‍ത്ഥം നിര്‍ണ്ണയിക്കേണ്ടത്. നാമങ്ങളുടെ ഗുണാര്‍ത്ഥത്വം, വിവിധാര്‍ത്ഥത്വം, വാക്യം, പ്രകരണം, ദേശം, കാലം എന്നിവയും കണക്കിലെടുക്കണം.
ധാതു ആണ് ശബ്ദത്തിന്റെ മൂലം. ഏതൊന്ന് അര്‍ത്ഥത്തെ ധാരണം ചെയ്യുന്നുവോ അതാണ് ധാതു (ധാതുര്‍ദധാതേ: എന്നു നിരുക്തം). ഒരു ധാതുവിന് അനേകം അര്‍ത്ഥം ധാരണം ചെയ്യാന്‍ കഴിവുണ്ട് (ബഹ്വര്‍ത്ഥാ അപി ധാതവോ ഭവന്തി എന്നു പതഞ്ജലി). വേദമന്ത്രശബ്ദങ്ങള്‍ യൗഗികങ്ങള്‍ (ധാത്വര്‍ത്ഥം മാത്രം) ആണ്. രൂഢ്യര്‍ത്ഥം അവയില്‍ ആരോപിക്കാന്‍ പാടില്ല. കാലം നീങ്ങവേ, വൃക്ഷം, അശ്വം, പുരുഷന്‍, പാചകന്‍, യാജകന്‍ മുതലായ വിശേഷാര്‍ത്ഥക ശബ്ദങ്ങളും രൂഢമായി മാറി. തന്മൂലം അവയില്‍ ധാതുകല്പന നിഷ്പ്രയോജനമായി ഭവിച്ചു. പാചകന്‍ ഇന്ന് എല്ലാ പാചക ക്രിയയും ചെയ്യുന്നവനല്ല. പാചകക്രിയക്കായി ആരെ നിയമിച്ചാലും അവന്‍ പാചകന്‍ ആണ്. യാജകന്‍ എന്നാല്‍ ഋത്വിക്. എല്ലാ യാജക•ന്മാരും ഇന്ന് ഋത്വിക്ക് അല്ല- വേദബന്ധു വിശദീകരിക്കുന്നു. ഇത്തരത്തില്‍ വൈദികപദങ്ങള്‍ക്ക് അര്‍ത്ഥം കാണരുത് എന്നു സാരം. ലൗകികഭാഷയിലെ നിയമങ്ങള്‍ വേദത്തില്‍ മാറിയും മറിഞ്ഞും വരും. ഇതിന് വ്യത്യയം എന്നു പറയും. പ്രാമാണികരായ എല്ലാ വേദഭാഷ്യകാരന്മാരും വ്യത്യയനിയമം സ്വീകരിക്കുന്നുമുണ്ട്.
വൈദികവുമായി ബന്ധപ്പെട്ട ഇത്തരം വ്യാകരണപരമായ സവിശേഷതകള്‍ ഗ്രഹിക്കാതെ വേദവ്യാഖ്യാനം നടത്തുമ്പോള്‍ വരാവുന്ന വലിയ പിശകുകള്‍ (ശരിയായ അര്‍ത്ഥവും പാശ്ചാത്യര്‍ കണ്ടെത്തി പ്രചരിപ്പിച്ച അര്‍ത്ഥവും) വേദബന്ധു ആര്യന്‍ എന്ന പദത്തിന്റെ ഉദാഹരണം കൊണ്ട് വ്യക്തമാക്കുന്നു.
സംസ്‌കൃതഭാഷ സാധാരണ ജനഭാഷ ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് വേദത്തിലെ ശബ്ദങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ സംസാരിച്ചിരുന്നു. അങ്ങനെ മനുഷ്യനെ ഈശ്വരപുത്രന്‍ എന്ന പൊതുപേരു ചൊല്ലി വിവിധാര്‍ത്ഥത്തില്‍ വിളിച്ചിരുന്നു. ഈ വ്യവഹാരം പാണിനി ശ്രദ്ധിച്ചു ശ്രവിച്ചു. ആര്യശബ്ദം രണ്ട് അര്‍ത്ഥത്തില്‍ ഉച്ചരിച്ചുവരുന്നതു കേട്ട പാണിനി ആര്യ സ്വാമിവൈശ്യയോ: (അഷ്ടാധ്യായി 3. 1. 103) എന്ന ഒരു സൂത്രം എഴുതി. വൈശ്യാര്‍ത്ഥത്തിലും സ്വാമ്യര്‍ത്ഥത്തിലും ആര്യശബ്ദം പ്രയുക്തം ആകുന്നു. മാനുഷീനാം വിശാമ് (ഋ 11. 34. 2) എന്നു സമൂഹാര്‍ത്ഥത്തില്‍ വിശ് ശബ്ദം വേദത്തില്‍ ദൃഷ്ടം ആണ്. പാണിനി കേട്ടതായ ദ്വിഅര്‍ത്ഥകം ആയ ആര്യശബ്ദം ആണ് ഇവിടെ പ്രസക്തം. അപ്പോള്‍ മന്ത്രത്തില്‍ പ്രയുക്തമായ ആര്യശബ്ദത്തിന്റെ അര്‍ത്ഥം എന്ത്? അര്യന്റെ അതായത് ഈശ്വരന്റെ അഥവാ വൈശ്യന്റെ പുത്രന്‍ ആര്യന്‍ എന്നാണ് വ്യുത്പത്തി. ആര്യ ഈശ്വരപുത്ര: (നിരുക്തം 6. 26). അരി: ഈശ്വര: തസ്യ അപത്യം ആര്യ: (ഋ- അര്- അര് യ:- ആര്യ:).....vamanan.
No comments:
Post a Comment