Monday, April 23, 2018

അദ്ധ്യായം15 ''നാലാം അദ്ധ്യായത്തിന്റെ പേരെന്താണെന്നു അറിയുമോ നിങ്ങള്‍ക്ക്?'' മുത്തച്ഛന്‍ ചോദിച്ചു. ''അറിയാം. ജ്ഞാനകര്‍മസന്ന്യാസയോഗം'' ഉമ പറഞ്ഞു. ''ജ്ഞാനയോഗമെന്നുകൂടി പറയാവുന്ന സാംഖ്യയോഗമാണ് രണ്ടാമത്തേത്. മൂന്നാം അദ്ധ്യായമാകട്ടെ കര്‍മയോഗവും. ഇവ രണ്ടിനേയും കൂട്ടിപ്പിടിച്ചു ജ്ഞാനകര്‍മ സന്ന്യാസയോഗമാക്കിയിരിക്കുന്നു ഇപ്പോള്‍. അഞ്ചാമത്തെ അദ്ധ്യായം കര്‍മസന്ന്യാസയോഗമാണ്. പിന്നെ ധ്യാനയോഗമായി! ശ്രദ്ധാപൂര്‍വം പടിപടിയായി അദ്ധ്യായങ്ങളെ ക്രമീകരിച്ചിരിക്കയാണെന്നു തോന്നുന്നില്ലേ?'' ''മുന്‍ അദ്ധ്യായങ്ങളില്‍നിന്നു ഭിന്നമായി ശ്രീകൃഷ്ണനാണ് ഇതില്‍ തുടക്കം കുറിക്കുന്നത് മുത്തച്ഛാ. അതും മൂന്നു ശ്ലോകങ്ങളില്‍'' ഉണ്ണി പറഞ്ഞു. ''ഓഹോ! നീ അത്രയും ശ്രദ്ധിച്ചു അല്ലേ? നന്നായി. ''ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം'' എന്നു ഭഗവാന്‍ പറഞ്ഞിട്ടുള്ളതും ഇതേ അദ്ധ്യായത്തിലാണ്-ശ്രദ്ധയുള്ളവനു ജ്ഞാനം ലഭിക്കുന്നുവെന്ന്. നീ ജ്ഞാനിയാകുന്ന ലക്ഷണമുണ്ടല്ലോ കുട്ടാ.'' ''അപ്പറഞ്ഞതു കൊള്ളാം, മുത്തച്ഛാ! പക്ഷെ, സന്ന്യാസിയാകാതെ നോക്കണേ!'' ചിരിച്ചുകൊണ്ടു ഉമ പറഞ്ഞു. ''എന്താ ഉമേ ഇത്? നീ എന്തിനാ സന്ന്യാസത്തെ പേടിക്കുന്നത്? സന്ന്യാസമെന്നാല്‍ കാവി പുതച്ച് ഒരിടത്തു യാതൊന്നും ചെയ്യാതെ ഇരിക്കലല്ല കേട്ടോ. അതിന്റെ വിപുലമായ അര്‍ത്ഥം നിങ്ങള്‍ പിന്നീട് മനസ്സിലാക്കിക്കോളൂ. ഇവിടെ കൃഷ്ണന്‍ പറയുന്നത് ഇതാണ്: ''അനശ്വരമായ ഈ യോഗത്തെ ഞാന്‍ ആദ്യം സൂര്യന് ഉപദേശിച്ചു. സൂര്യന്‍ അത് മനുവിനും, മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു. രാജര്‍ഷികള്‍ പരമ്പരയായി അറിഞ്ഞ ഈ യോഗം കാലക്രമത്തില്‍ നശിച്ചുപോയി. അത് എന്റെ ഭക്തനും സുഹൃത്തുമായ അര്‍ജ്ജുനാ നിനക്കു ഞാന്‍ ഇപ്പോള്‍ ഉപദേശിച്ചുതരികയാണ്.'' (ശ്ലോകം 1, 2, 3) ഇത് കേള്‍ക്കേ അര്‍ജ്ജുനന്റെ കണ്ണുതള്ളിപ്പോയി! കൃഷ്ണന്‍ എന്താണീ പറയുന്നത്? ഒരേ നാട്ടില്‍, ഒരേ കാലത്തു ജനിച്ചവരാണല്ലോ ഞാനും കൃഷ്ണനും. എന്നിട്ട്, യുഗങ്ങള്‍ക്കു മുമ്പുണ്ടായ സൂര്യന് താന്‍ യോഗം ഉപദേശിച്ചതായി കൃഷ്ണന്‍ പറയുകയാണിപ്പോള്‍! എനിക്കു മനസ്സിലാകുന്നില്ല കൃഷ്ണാ; ഇതെങ്ങനെ ശരിയാകും? എങ്ങനെ വിശ്വസിക്കും? എന്നു ചോദിക്കാന്‍ അര്‍ജ്ജുനന്‍ മടിച്ചില്ല.'' ''കഴിഞ്ഞ അദ്ധ്യായത്തിലും ഏതാണ്ട് ഇമ്മട്ടില്‍ അര്‍ജ്ജുനന്‍ ചോദിക്കുകയുണ്ടായല്ലോ മുത്തച്ഛാ. എന്തായാലും കളിയാക്കപ്പെടുമെന്നു കരുതി സ്വന്തം അറിവില്ലായ്മയെ അര്‍ജ്ജുനന്‍ മൂടിവെക്കുന്നില്ല'' ഉണ്ണി പറഞ്ഞു. ''അതു വളരെ നല്ല കാര്യമാണ്. അറിവുള്ളവരുടെ മുന്നില്‍ നിഷ്‌ക്കളങ്ക വിനയത്തോടെ ചോദിക്കണം. അപ്പൊഴേ അറിവു പകര്‍ന്നുകിട്ടുകയുള്ളൂ'' മുത്തച്ഛന്‍ വ്യക്തമാക്കി. കൃഷ്ണന്റെ മറുപടി എന്താണെന്നു നോക്കൂ: ''നീയും ഞാനും എത്രയോ തവണ ജനിച്ചു കഴിഞ്ഞു അര്‍ജ്ജുനാ. അതെപ്പറ്റി എനിക്ക് നന്നായി അറിയാം; നീ അറിയുന്നില്ല എന്നുമാത്രം!'' യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത അദ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം. പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‌കൃതാം ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ. (4-7,8) എപ്പോഴൊക്കെ ധര്‍മം നശിക്കുകയും അധര്‍മം വര്‍ദ്ധിക്കുകയും ചെയ്യുന്നുവോ അപ്പൊഴൊക്കെ ഞാന്‍ ജന്മമെടുക്കുന്നു. സജ്ജനങ്ങളെ രക്ഷിക്കുകയും ദുര്‍ജ്ജനങ്ങളെ ഇല്ലാതാക്കുകയുമാണ് ലക്ഷ്യം. അതിനായി യുഗംതോറും ഞാന്‍ അവതരിക്കുന്നു എന്നാണ് അതിപ്രസിദ്ധങ്ങളായ ഈ ശ്ലോകങ്ങളുടെ അര്‍ത്ഥം...janmabhumi

No comments:

Post a Comment