Monday, April 23, 2018

 ''ഞാന്‍ എന്തൊക്കെയാ നിങ്ങളോട് പറഞ്ഞത്?'' മുത്തച്ഛന്‍ ചോദിച്ചു. ''മുത്തച്ഛന്‍ ഒന്നും പറഞ്ഞില്ലല്ലോ!'' ഒരു കുസൃതിച്ചിരിയോടെ ഉണ്ണി തുടര്‍ന്നു: ''ശ്രീകൃഷ്ണന്‍ പറഞ്ഞു; അര്‍ജ്ജുനന്‍ പറഞ്ഞു എന്നൊക്കെ പറഞ്ഞ് വിശദീകരിക്കുന്നതിനിടയില്‍ വേറെ ചിലതു കൂടി പറഞ്ഞു. അത്രതന്നെ!'' ''അമ്പട കുസൃതിക്കാരാ! എല്ലാംകൂടി അങ്ങനെയായോ?'' മുത്തച്ഛനും ചിരിവന്നു: ''ഉണ്ണി പറഞ്ഞതുതന്നെയാണ് ശരി. എല്ലാം ഭഗവാന്‍ പറഞ്ഞതും പറയിച്ചതുമാണ് എന്ന ബോധ്യത്തിലേക്ക് അത് നമ്മെ ഉയര്‍ത്തുന്നുവല്ലോ. ഏതായാലും ഏറ്റവും കൂടുതല്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്നതെന്താണെന്ന് കേള്‍ക്കണ്ടേ?'' ''പറയൂ മുത്തച്ഛാ!'' ഇതി തേ ജ്ഞാനമാഖ്യാതം ഗുഹ്യാദ് ഗുഹ്യതരം മയാ വിമൃശൈ്യതദശേഷേണ യഥേച്ഛസി തഥാ കുരു. 18-63 അത്യന്തം രഹസ്യമായ ബ്രഹ്മവിദ്യ ഞാന്‍ നിനക്ക് ഉപദേശിച്ചു കഴിഞ്ഞു. സ്വബുദ്ധികൊണ്ടുനിനക്ക് അതു മുഴുവന്‍ വിശകലനം ചെയ്യാം, വിമര്‍ശിക്കാം. എന്നിട്ട് നിന്റെ ഇഷ്ടം എന്താണോ, അതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യാം. നോക്കൂ. എത്ര ഉദാരതയോടെയാണ് ഭഗവാന്‍ പറയുന്നത്! അര്‍ജ്ജുനാ, ഞാന്‍ പറഞ്ഞതിനെ അന്ധമായി നീ വിശ്വസിക്കുകയോ അനുസരിക്കുകയോ വേണമെന്ന് എനിക്ക് നിര്‍ബന്ധമില്ല. നിന്റെ ബുദ്ധിക്കും യുക്തിക്കും ഇഷ്ടത്തിനും യോജിച്ചവിധം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം തന്നിരിക്കുന്നു എന്നല്ലേ? ലോകത്തില്‍ ഏതെങ്കിലും ഒരു മതാധിപന്‍ ഇങ്ങനെ പറയുന്നുണ്ടോ? ഭരണകൂടമോ രാഷ്ട്രീയ കക്ഷികളോ പറയുമോ? അതുപോട്ടെ. ഭഗവദ്ഗീതയുടെ പരമമായ സന്ദേശം നല്‍കുന്ന മറ്റൊരു ശ്ലോകത്തിലേക്ക് നമുക്ക് കടക്കാം: സര്‍വധര്‍മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ അഹം ത്വാ സര്‍വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ 18-66 മറ്റെല്ലാം മറന്നേക്കൂ. എന്നെ ശരണം പ്രാപിക്കൂ. എല്ലാ പാപങ്ങളില്‍നിന്നും നിന്നെ ഞാന്‍ മോചിപ്പിച്ചുകൊള്ളാം. ദുഃഖിക്കുകയേ വേണ്ട എന്നാണ് അര്‍ത്ഥം. ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍, മാ ശുചഃ എന്ന മൂന്നേമൂന്നക്ഷരങ്ങളില്‍ ഗീതാസന്ദേശം ഒതുക്കാം. ഭഗവാന്‍ അതിലാണ് തന്റെ ഉപദേശം അവസാനിപ്പിക്കുന്നത്. തുടര്‍ന്നുള്ള അഞ്ചു ശ്ലോകങ്ങളില്‍ ഗീതാമഹത്വവും ഫലസിദ്ധിയും പറയുന്നുണ്ടെന്നത് ശരിയാണ്. അതു കവിയുടെ-വ്യാസന്റെ-വാക്കുകളായി കരുതിയാല്‍ മതി.ഇനി നമുക്ക് ഭഗവാന്‍ ഉപദേശം തുടങ്ങുന്നിടത്തേയ്ക്ക് കൂടി ഒന്നു പോകാം. നിങ്ങള്‍ ഓര്‍ക്കുന്നില്ലേ?'' ''ഉവ്വ് മുത്തച്ഛാ. രണ്ടാം അദ്ധ്യായം, സാംഖ്യയോഗത്തിലെ അശോച്യാനന്വശോചസ്ത്വം എന്നുതുടങ്ങുന്ന പതിനൊന്നാം ശ്ലോകമല്ലേ?'' ഉമ ചോദിച്ചു. ''അതെ. അതിലെ ആദ്യത്തെ മൂന്നക്ഷരം മാത്രം എടുത്താല്‍ കിട്ടുക 'അശോച്യം' എന്നാണ്. അതായത് അശോച്യം എന്ന മൂന്നക്ഷരത്തില്‍ തുടങ്ങി മാ ശുച എന്ന മൂന്നക്ഷരത്തില്‍ അവസാനിക്കുകയാണ് അര്‍ജ്ജുനനുള്ള ഭഗവാന്റെ ഗീതോപദേശം. അത് സാധ്യമാക്കുന്ന തരത്തിലുള്ള അനുഗുണങ്ങളായ കാര്യങ്ങളും ഇടയില്‍ വിവരിച്ചുകൊടുക്കുന്നുണ്ട്. അതിനെ മറ്റൊരു മൂന്നക്ഷരംകൊണ്ടു വിശേഷിപ്പിക്കാം-ഗുരുത്വം. ഭയപ്പെടേണ്ട, സംശയിക്കേണ്ട, അഹങ്കരിക്കേണ്ട, ആസക്തി വേണ്ട, കോപിക്കേണ്ട...... എന്നിങ്ങനെയും; പ്രസന്നനായിരിക്കൂ, പ്രശാന്തനായിരിക്കൂ, മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കൂ, സമത്വബുദ്ധിയോടെയിരിക്കൂ, ആഹാരത്തിലുള്‍പ്പെടെ എല്ലാറ്റിലും മിതത്വവും ശുചിത്വവും പാലിക്കൂ, ജ്ഞാനിയായിരിക്കൂ, ദാനിയായിരിക്കൂ, വിനയവാനായിരിക്കൂ, എല്ലാറ്റിലും ഈശ്വരനെ ദര്‍ശിച്ചു സേവനനിരതനായിരിക്കൂ.... എന്നിങ്ങനെ നീളുന്നു ആ ഗുരൂപദേശങ്ങള്‍.
janmabhumi

No comments:

Post a Comment