Sunday, April 22, 2018

വേദാന്തം ഭാവിയിലെ മതമോ? (458)

(1900 ഏപ്രില്‍ 8-ാം തീയതി സാന്‍ഫ്രാന്‍സിസ്കോവില്‍ പ്രസംഗിച്ചത്)
നിങ്ങളുടെ കൂട്ടത്തില്‍, കഴിഞ്ഞ ഒരു മാസത്തോളമായി എന്റെ പ്രഭാഷണങ്ങള്‍ ശ്രവിച്ചുകൊണ്ടിരുന്നവര്‍, വേദാന്തതത്ത്വശാസ്ത്രമുള്‍ക്കൊള്ളുന്ന ആശയങ്ങളുമായി ഇതിനകം പരിചയപ്പെട്ടിരിക്കുമെന്നു വിചാരിക്കുന്നു. വേദാന്തം ലോകത്തിലെ ഏറ്റവും പുരാതനമായ സനാതനധര്‍മ്മമാണ്. എന്നാല്‍, അതൊരിക്കലും സാമാന്യജനത്തിന്റെ ഇടയില്‍ പ്രചരിച്ചതായി പറയാന്‍ വയ്യ. അതിനാല്‍ ‘അതു ഭാവിയിലെ മതമാകുമോ?’ എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ വളരെ വിഷമമുണ്ട്.
വേദാന്തം എന്നെങ്കിലും മനുഷ്യസമുദായത്തിലെ ബഹുഭൂരിപക്ഷത്തിന്റെ മതമാകുമോ എന്ന് എനിക്കു നിശ്ചയമില്ലെന്ന് ആദ്യമേ പറയട്ടെ. അമേരിക്കയിലെ ഐക്യസംസ്ഥാനങ്ങളെപ്പോലുള്ള ഒരു ജനതയെ മുഴുവനും അതു സ്വാധീനിക്കുവാന്‍ സാധ്യതയുണ്ടോ? ഒരുപക്ഷേ, അങ്ങനെ സംഭവിച്ചേയ്ക്കാം. ഏതായാലും ഈ പ്രശ്നമാണ് ഈ സായാഹ്നത്തില്‍ നമുക്കു ചര്‍ച്ചചെയ്യേണ്ടത്. ആദ്യമായി വേദാന്തമല്ലാത്തതെന്താണെന്ന് പ്രസ്താവിച്ചതിനുശേഷം, അതെന്താണെന്നു പറയാം. വേദാന്തം അപൌരുഷേയതത്ത്വങ്ങളെ സര്‍വ്വാത്മനാ മുറുകെ പിടിക്കുന്നുണ്ടെങ്കിലും, അതിന്റെ മൌലികസത്യങ്ങളെ ഉപേക്ഷിക്കുവാനോ, അവയില്‍ വിട്ടുവീഴ്ച ചെയ്യാനോ ഒരിക്കലും ഒരുക്കമല്ലെങ്കിലും അത് ഒന്നിനെയും വിരോധിക്കുന്നില്ലെന്നോര്‍ക്കണം.
ഒരു മതമുണ്ടാകണമെങ്കില്‍ ചിലതെല്ലാം അത്യാവശ്യമാണെന്നു നിങ്ങള്‍ക്കെല്ലാം അറിയാം. ഒന്നാമതു ഗ്രന്ഥം വേണം. ഗ്രന്ഥത്തിന്റെ ശക്തി തുലോം അത്ഭുതാവഹമാണ്. ഏതു പ്രസ്ഥാനമായാലും ശരി, മനുഷ്യന്റെ ഭക്തിയും കൂറും ആകര്‍ഷിച്ചുനിര്‍ത്തുന്ന കേന്ദ്രസ്ഥാനം ഗ്രന്ഥമാണ്. ഇന്നു ജീവിച്ചിരിക്കുന്ന ഒരു മതത്തിനും ഒരു ഗ്രന്ഥവുമില്ലാതില്ല. യുക്തിവാദപ്രസ്ഥാനവും വീരഭാഷണങ്ങളുമെല്ലാമുണ്ടെങ്കിലും, മനുഷ്യസമുദായം ഇന്നും ഗ്രന്ഥങ്ങളെ പറ്റിപ്പിടിക്കുന്നു. നിങ്ങളുടെ രാജ്യത്തു പുസ്തകമില്ലാത്ത ഒരു മതം തുടങ്ങുവാന്‍ ചെയ്ത എല്ലാ പരിശ്രമങ്ങളും പരാജയപ്പെടുകയുണ്ടായി. ഭാരതത്തില്‍ അനേകം മതവിഭാഗങ്ങള്‍ വിജയലക്ഷണങ്ങളോടെ ഉത്ഭവിക്കാറുണ്ട്. പക്ഷേ അവയ്ക്കാസ്പദമായി ഗ്രന്ഥമില്ലെന്ന് കാരണത്താല്‍ ഏതാനുമാണ്ടുകള്‍ക്കുള്ളില്‍ അവ മൃതിയടയുന്നതായി കാണുന്നു. ഇതുപോലെതന്നെ മറ്റെല്ലാ രാജ്യങ്ങളിലും.
യൂണിറ്റേറിയന്‍ പ്രസ്ഥാനത്തിന്റെ ഉത്ഭവവും അധഃപതനവും നോക്കുക. അതു നിങ്ങളുടെ ജനതയുടെ ഉത്തമചിന്തകള്‍ക്കു പ്രതിനിധീഭവിക്കുന്നു. എന്നാല്‍ മെത്തോഡിസ്റ്റ് (methodist), ബാപ്റ്റിസ്റ്റ് (baptist) മുതലായ സമ്പ്രദായങ്ങളെപ്പോലെയും താദൃശങ്ങളായ മറ്റു ചില ക്രൈസ്തവമതവിഭാഗങ്ങളെപ്പോലേയും അത് എന്തുകൊണ്ടു പ്രചരിച്ചില്ല? കാരണം ഗ്രന്ഥമില്ലാഞ്ഞതുതന്നെ. നേരെമറിച്ച്, യഹൂദരുടെ കഥ നോക്കുക. ഒരു ചെറുസംഘം ആളുകള്‍, അതും നാടുതോറും ഓടിക്കപ്പെട്ടവര്‍, ഇന്നും ഒരുമിച്ചു നിലകൊള്ളുന്നു. കാരണം അവര്‍ക്കു പൊതുവില്‍ ഒരു ഗ്രന്ഥമുണ്ട്. ഇനി പാഴ്സികളെ നോക്കുക. അവര്‍ ആകെക്കൂടി ഈ ലോകത്ത് ഒരു നൂറായിരം പേര്‍മാത്രമാണ്. ഭാരതത്തില്‍ ആകപ്പാടെ ശേഷിക്കുന്ന ജൈനന്മാര്‍ പത്തു ലക്ഷംമാത്രം. ഗ്രന്ഥങ്ങളുണ്ടെന്ന ഏകകാരണത്താലാണ് ഇന്നും ഈ ജൈനന്മാരും പാഴ്സികളും നിലനില്‍ക്കുന്നതെന്നു നിങ്ങള്‍ക്കറിയാമോ? ഇന്നു ജീവിക്കുന്ന ഓരോ മതത്തിനുമുണ്ട് ഓരോ പ്രമാണഗ്രന്ഥം.
ഒരു മതം രൂപപ്പെടുവാന്‍ വേണ്ടുന്ന രണ്ടാമത്തെ കാര്യം ഒരു വ്യക്തിയോടുള്ള ആദരവാണ്. അദ്ദേഹം ലോകേശ്വരനായോ ലോകഗുരുവായോ ആരാധിക്കപ്പെടുന്നു. മനുഷ്യര്‍ക്ക് സശരീരനായ ഒരു മനുഷ്യനെ ആരാധിക്കേണ്ടിയിരിക്കുന്നു. അവതാരപുരുഷനോ മതപ്രവാചകനോ ഒരു മഹാനേതാവെങ്കിലുമോ അവര്‍ക്കു കൂടിയേ തീരൂ. അതാണ് എല്ലാ മതങ്ങളിലും നാമിന്നു കാണുന്നത്. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും അവതാരപുരുഷന്മാരുണ്ട്. ബുദ്ധമതക്കാര്‍ക്കും മുഹമ്മദീയര്‍ക്കും യഹൂദന്മാര്‍ക്കും മതപ്രവാചകന്മാരുണ്ട്. പക്ഷേ, ഇതിന്റെയെല്ലാം തത്ത്വം ഏതാണ്ടൊന്നുതന്നെ-ഒരു വ്യക്തിയിന്മേലോ ചില വ്യക്തികളിന്മേലോ ആണ് ഭക്ത്യാദരങ്ങള്‍ ചുറ്റിപ്പടരുന്നത്.
മൂന്നാമത്തെ കാര്യം, മതം ശക്തിയും തന്‍നിലയിലുറപ്പുമുള്ളതുമാകണമെങ്കില്‍ അതുമാത്രമാണ് സത്യമതം, അതു വിശ്വസിക്കണം എന്നുള്ള ആശയമാണെന്നു തോന്നുന്നു. അല്ലാഞ്ഞാല്‍ ജനങ്ങളുടെ മേല്‍ പ്രഭാവം ചെലുത്താന്‍ അതിനു കഴിവുണ്ടാകില്ലത്രേ.
വിശാലമനസ്കത (ലിബറലിസം) തകരുന്നു-കാരണം അതു ശുഷ്കമാണ്. അതിനു മനുഷ്യഹൃദയത്തില്‍ മതഭ്രാന്തുദ്ദീപിപ്പിക്കാന്‍ കഴിവില്ല. അതിനു അതിനോടൊഴിച്ചു മറ്റുള്ളതിനോടെല്ലാം വിദ്വേഷമുണ്ടാകാന്‍ വയ്യ. അതുകൊണ്ടാണ് വിശാലമനസ്കത നാള്‍ക്കുനാള്‍ അധഃപതിക്കുന്നത്. വളരെക്കുറിച്ച് ആളുകളെമാത്രമേ അതിനു വിധേയമാക്കാന്‍ കഴിയൂ. ഇതിനു കാരണം നിഷ്പ്രയാസം കാണാം. വിശാലമനസ്കത നമ്മെ നിസ്സ്വാര്‍ത്ഥരാക്കാനൊരുമ്പെടുന്നു. നാം നിസ്സ്വാര്‍ത്ഥരാകാന്‍ ഇഷ്ടപ്പെടുന്നില്ലതാനും-നിസ്സ്വാര്‍ത്ഥതയില്‍ അരികത്തൊരു ലാഭവും നാം കാണുന്നില്ല. സ്വാര്‍ത്ഥരാകുന്നതാണ് കൂടുതല്‍ ലാഭകരം. നാം നിര്‍ദ്ധനരും നിര്‍ഗ്ഗതികളുമായിരിക്കുന്നിടത്തോളം വിശാലമനസ്കതാതത്ത്വം സ്വീകരിക്കുന്നു. ധനവും അധികാരവും കൈവരുന്ന നിമിഷം നാം യാഥാസ്ഥിതികരാകുന്നു. നിര്‍ദ്ധനന്‍ ജനാധിപത്യവാദിയാണ്. അവന്‍ ധനികനാകുമ്പോള്‍ സ്വേച്ഛാധിപത്യവാദിയാകുന്നു. മതത്തിന്റെ കാര്യത്തിലും മനുഷ്യസ്വഭാവം ഈ രീതിയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്നു.
ഒരു മതപ്രവാചകന്‍ വരുന്നു; അയാള്‍ തന്നെ അനുഗമിക്കുന്നവര്‍ക്കെല്ലാം പലതരം പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അല്ലാത്തവര്‍ക്കു നിത്യനരകവും. ഇങ്ങനെ അയാള്‍ തന്റെ ആശയങ്ങളെ പ്രചരിപ്പിക്കുന്നു. ഇന്നു നിലവിലുള്ള മതങ്ങളില്‍ വ്യാപിച്ചുവരുന്നവയെല്ലാം മുഴുത്ത മതഭ്രാന്തുള്ളവയാണ്. ഒരു മതസമ്പ്രദായം എത്രമാത്രം മറ്റു സമ്പ്രദായങ്ങളെ വെറുക്കുന്നവോ, അത്രമാത്രം അതിനു വിജയമുണ്ടാകുന്നു. അത്രമാത്രം ആളുകള്‍ അതില്‍ ചേരുകയും ചെയ്യുന്നു. ഭൂഗോളത്തിന്റെ മിക്ക ഭാഗങ്ങളിലും സഞ്ചരിച്ച്, പലതരം ജനവര്‍ഗ്ഗങ്ങളുമായിടപെട്ട് നിലവിലിരിക്കുന്ന സ്ഥിതിഗതികളെ നിരീക്ഷിച്ചതിന്റെ ഫലമായി ഞാന്‍ എത്തിച്ചേര്‍ന്നിട്ടുളള നിഗമനം, ഇപ്പോഴത്തെ ഈ അവസ്ഥ തുടരാന്‍ പോകുന്നുവെന്നാണ്-വിശ്വജനീനമായ സാഹോദര്യത്തെപ്പറ്റിയുള്ള സംസാരങ്ങള്‍ എത്രയെല്ലാം നന്നാലും ശരി.
ഇപ്പറഞ്ഞ കാര്യങ്ങളിലൊന്നും വേദാന്തം വിശ്വസിക്കുന്നില്ല. ആദ്യംതന്നെ, അതൊരു ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നില്ല. അവിടെയാണ് ഒന്നാമത്തെ വൈഷമ്യം. ഏതെങ്കിലും ഗ്രന്ഥത്തിനു മറ്റേതെങ്കിലുമൊന്നിനെക്കാള്‍ പ്രാമാണികത്വമുണ്ടെന്നുള്ള നിലപാടിനെ അതു നിരാകരിക്കുന്നു. ഈശ്വരന്‍, ജീവാത്മാവ്, ആത്യന്തികമായ സത്ത ഇത്യാദികളെക്കുറിച്ചുള്ള പരമാര്‍ത്ഥങ്ങളെല്ലാം ഒറ്റപുസ്തകത്തിലടങ്ങാനൊക്കുമെന്നു പറയുന്നതിനെ അതു ബലമായി നഷേധിക്കുന്നു. നിങ്ങളില്‍ ഉപനിഷത്തുകള്‍ വായിച്ചിട്ടുള്ളവര്‍ ഓര്‍ക്കുന്നുണ്ടാവും, ‘ഗ്രന്ഥപഠനംകൊണ്ട് സാധിക്കാവുന്നതല്ല ആത്മസാക്ഷാല്‍ക്കാരം’ എന്ന് അവ വീണ്ടും വീണ്ടും പറഞ്ഞിട്ടുള്ളത്.
രണ്ടാമത്, ഒരു വ്യക്തിവിശേഷത്തോടു ഭക്തിബഹുമാനങ്ങള്‍ കാണിക്കുകയെന്ന നിലപാടു സ്വീകരിക്കാന്‍ വേദാന്തത്തിനു കുറേക്കൂടി വിഷമമാണ്. വേദാന്തം മാത്രമാണ്-വേദാന്തപദംകൊണ്ട് എപ്പോഴും വിവക്ഷിക്കുന്നത് ഉപനിഷത്തുകളാണ്-ഒരു വ്യക്തിയെ പറ്റിപ്പിടിച്ചുനില്‍ക്കാത്ത ഒരു മതമെന്ന്, നിങ്ങളില്‍ വേദാന്തവിദ്യാര്‍ത്ഥികളായവര്‍ക്ക് അറിവുള്ളതാണല്ലോ. വേദാന്തികളുടെ ഇടയില്‍ ഏതെങ്കിലും വ്യക്തി-സ്ത്രീയോ പുരുഷനോ-ഒരിക്കലും ആരാധ്യമായിട്ടില്ല. അതു സാദ്ധ്യമല്ല.
ഒരു മനുഷ്യന്‍ ഏതെങ്കിലും പക്ഷിയെക്കാളോ പുഴുവിനെക്കാളോ മേലേ ആരാധ്യനല്ല. നമ്മളെല്ലാവരും സഹോദരന്മാര്‍. വ്യത്യാസം താരതമ്യത്തില്‍മാത്രമാണ്. ഞാനും ഏറ്റവും താഴ്ന്ന നിലയിലുള്ള പുഴുവും ശരിക്കും തുല്യരാണ്. ഒരുവനു നമ്മെക്കാള്‍ മേലേക്കിടയില്‍ നില്‍ക്കാനോ നാം അയാളെ ആരാധിക്കാനോ അയാളാല്‍ വലിച്ചിഴച്ചു രക്ഷിക്കപ്പെടാനോ ഉള്ള സാധ്യത വേദാന്തത്തില്‍ എത്ര വളരെ വിരളമാണെന്നു നിങ്ങള്‍ക്കു കാണാം. വേദാന്തം നിങ്ങള്‍ക്ക് അതൊന്നും അനുവദിക്കുന്നില്ല. അവിടെ ഗ്രന്ഥമില്ല, ആരാധ്യപുരുഷനില്ല, യാതൊന്നുമില്ല.
ഈശ്വരനെസ്സംബന്ധിച്ചാണ് ഇതിലും വിഷമം. നിങ്ങള്‍ ഈ രാജ്യത്തു ജനായത്തമാണല്ലോ ആഗ്രഹിക്കുന്നത്. വേദാന്തം ഉപദേശിക്കുന്ന ഈശ്വരനും ജനായത്തനാണ്.
നിങ്ങള്‍ക്ക് ഒരു ഭരണകൂടമുണ്ട്. എന്നാല്‍ അതു വ്യക്തിനിഷ്ഠമല്ല. അതൊരു സ്വേച്ഛാധികാരഭരണകൂടമല്ല. എങ്കിലും ലോകത്തിലെ ഏതു രാജകീയഭരണകൂടത്തേക്കാളും പ്രബലമത്രേ. യഥാര്‍ത്ഥാധികാരം, യഥാര്‍ത്ഥശക്തി, യഥാര്‍ത്ഥജീവന്‍, അദൃശ്യമായതില്‍, സാമാന്യതത്ത്വത്തില്‍ അധിഷ്ഠിതമാണെന്നും വ്യക്തിനിഷ്ഠമല്ലെന്നും ആരും മനസ്സിലാക്കുന്നതായി തോന്നുന്നില്ല. മറ്റുള്ളവരില്‍ നിന്നു വേര്‍പെട്ടു കേവലവ്യക്തി എന്ന നിലയില്‍ നിങ്ങള്‍ വെറും നിസ്സാരന്‍. എന്നാല്‍ സ്വയം ഭരിക്കുന്ന ഒരു വലിയ രാഷ്ട്രത്തിന്റെ സാമാന്യഘടകമെന്ന നിലയില്‍ നിങ്ങള്‍ ഒരു അത്ഭുതശക്തിയാകുന്നു. ഒരു ഗവര്‍മ്മെണ്ടിന്റെ രൂപത്തില്‍ നിങ്ങളെല്ലാവരും ഒന്നാകുന്നു. മഹത്തായൊരു ശക്തി. ഈ ശക്തി എവിടെയിരിക്കുന്നു? ഓരോ മനുഷ്യനും ആ ശക്തിയുടെ ആസ്ഥാനമാണ്. ഇവിടെ രാജാവില്ല. എല്ലാവരും ഒരുപോലെ തുല്യന്മാരാണെന്ന് ഞാന്‍ കാണുന്നു. എനിക്ക് ആരെയും തൊപ്പി ഊരി വണങ്ങേണ്ടതില്ല. എന്നിരുന്നാലും ഓരോ മനുഷ്യനിലും നിസ്സീമമായ ശക്തി കുടികൊള്ളുന്നു.
ഇതു വേദാന്തത്തിന്റെ ശരിയായൊരു നിദര്‍ശകമാണ്. അവിടെ ഈശ്വരന്‍ നമ്മില്‍നിന്നു വളരെ അകന്നു സിംഹാസനത്തിലിരിക്കുന്ന ചക്രവര്‍ത്തിയല്ല. അത്തരം ഒരീശ്വരനെ, നാം പേടിക്കേണ്ടതും പ്രീണിപ്പിക്കേണ്ടതുമായ ഒരീശ്വരനെ, വേണ്ടവരുണ്ട്. അവര്‍ അവിടുത്തെ മുമ്പില്‍ മെഴുകുതിരി കത്തിച്ചുവെച്ച് പൊടിയില്‍ കിടന്ന് ഇഴയുകയും മറ്റും ചെയ്യുന്നു. അവര്‍ക്ക് അവരെ ഭരിക്കാന്‍ ഒരു രാജാവ് വേണം. എല്ലാവരേയും ഭരിക്കുന്ന സ്വര്‍ഗ്ഗസ്ഥനായ ഒരു രാജാവുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. ഈ രാജ്യത്തുനിന്നെങ്കിലും രാജാവു പൊയ്പോയിരിക്കുന്നു. സ്വര്‍ഗ്ഗത്തിലെ രാജാവ് ഇപ്പോഴെവിടെയാണ്? ഭൂലോകത്തിലെ രാജാവ് എവിടെയോ അവിടെത്തന്നെ. ഈ രാജ്യത്ത് രാജാവ് നിങ്ങളോരോരുത്തനിലും കുടികൊള്ളുന്നു. ഇവിടെ നിങ്ങളെല്ലാവരും രാജാക്കന്മാരാണ്. വേദാന്തമതത്തിലും അങ്ങനെതന്നെ. നിങ്ങളെല്ലാവരും ഈശ്വരന്മാരാണ്. ഒരീശ്വരന്‍ പോരാ, നിങ്ങളെല്ലാവരും ഈശ്വരന്മാരാണെന്ന് വേദാന്തം പറയുന്നു.
ഈ വസ്തുത വേദാന്തസ്വീകരണത്തിന്റെ പ്രയാസം വര്‍ദ്ധിപ്പിക്കുന്നു. അതു ഈശ്വരനെപ്പറ്റി പഴയമട്ടിലുള്ള ആശയം പഠിപ്പിക്കുന്നില്ല. മേഘങ്ങള്‍ക്കു മുകളിലിരുന്നു നമ്മുടെ ആരുടേയും സമ്മതം നോക്കാതെ ലോകഭരണം നടത്തുകയും തന്റെ ഇഷ്ടമാണെന്ന ഏകകാരണത്താല്‍ നമ്മെ ശൂന്യതയില്‍നിന്നു സൃഷ്ടിച്ചു പലതരം ദുരിതങ്ങള്‍ക്കു വിധേയരാക്കുകയും ചെയ്യുന്ന ഈശ്വരന്റെ സ്ഥാനത്ത്, ഓരോ ജീവിയിലും കുടികൊള്ളുന്ന, ഓരോ ജീവിയും ഓരോ വസ്തുവുമായി പരിണമിച്ചിട്ടുള്ള, ഒരീശ്വരനെയാണ് വേദാന്തം പഠിപ്പിക്കുന്നത്. മഹാരാജാവുതിരുമനസ്സുകൊണ്ട് ഈ രാജ്യത്തുനിന്നു പൊയ്പ്പോയി. അതുപോലെ, സ്വര്‍ഗ്ഗത്തിലെ രാജസ്ഥാനം വേദാന്തത്തില്‍ അനേകശതവര്‍ഷങ്ങള്‍ക്കുമുമ്പേ പൊയ്ക്കഴിഞ്ഞു.
ഭൂമിയിലെ ചക്രവര്‍ത്തിതിരുമനസ്സിനെ ഉപേക്ഷിക്കാന്‍ ഭാരതത്തിനു സാധിക്കുന്നില്ല. അതുകൊണ്ട്, വേദാന്തത്തിനു ഭാരതത്തിലെ സാമാന്യമതമാകാനും സാധിക്കുന്നില്ല. നിങ്ങളുടെ ജനായത്തഭരണം കാരണം, വേദാന്തം നിങ്ങളുടെ രാജ്യത്തെ മതമാകാന്‍ ഒരു സാദ്ധ്യത കാണുന്നുണ്ട്. പക്ഷേ, അങ്ങനെയാവണമെങ്കില്‍, നിങ്ങളതു ശരിക്കു മനസ്സിലാക്കണം, അതിനു നിങ്ങള്‍ക്കു കഴിവുണ്ടാകണം. നിങ്ങള്‍ യഥാര്‍ത്ഥസ്ത്രീപുരുഷന്മാരാകണം. അന്ധവിശ്വാസങ്ങളും അവ്യക്തധാരണകളും തലയിലേറ്റിവെച്ചിരിക്കാതെ യഥാര്‍ത്ഥമായ ആദ്ധ്യാത്മികജീവിതം കാംക്ഷിക്കണം-എന്തെന്നാല്‍ ആദ്ധ്യാത്മികതയെമാത്രമാണ് വേദാന്തം പ്രതിപാദിക്കുന്നത്.
സ്വര്‍ഗ്ഗത്തിലെ ഈശ്വരനെക്കുറിച്ചുള്ള സങ്കല്‍പ്പമെന്താണ്? വെറും ഭൌതികത്വം നമ്മളിലെല്ലാം അന്തര്യാമിയായി വര്‍ത്തിക്കുന്ന അനന്തതത്ത്വം എന്നതാണ് ഈശ്വരനെപ്പറ്റിയ വേദാന്താശയം. ഈശ്വരന്‍ മേഘത്തിന്റെ മുകളില്‍ ഇരുന്നരുളുന്നുവത്രേ. എത്ര മോശമായ സങ്കല്‍പ്പം. അതു കേവലം ഭൌതികത്വമാണ്. കറയറ്റ ഭൌതകത്വം. കുട്ടികളാണ് അങ്ങനെ ചിന്തിക്കുന്നതെങ്കില്‍, പൊറുക്കാമായിരുന്നു. മുതിര്‍ന്നവര്‍ ഇത്തരം ആശയങ്ങളെ പ്രചരിപ്പിക്കുന്നത് വെറും കുത്സിതവൃത്തിയെന്നേ പറയാനാവൂ. ഇതെല്ലാം -ഈ ശരീരബോധവും സ്ഥൂലവിഷയബോധവും ഇന്ദ്രിയബോധവുമെല്ലാം-കേവലം ഭൌതികം, ഈ ആശയത്തിന്റെ ഓരോ ചെറിയ അംശവും വെറും മണ്ണ്, ശുദ്ധമേ കളിമണ്ണ്, അതു മതമാകുമോ? അത് ആഫ്രിക്കയിലെ കാട്ടുജാതിക്കാരുടെ മഠബോജംബോമതത്തെക്കാള്‍ മെച്ചമല്ല. ഈശ്വരന്‍ ചൈതന്യമാണ്. അവിടുത്തെ ചൈതന്യസ്വരൂപനായും സത്യസ്വരൂപനായും വേണം ആരാധിക്കുക. ചൈതന്യം സ്വര്‍ഗ്ഗത്തില്‍ മാത്രം ഇരിക്കുന്നതോ? എന്താണാ ചൈതന്യം? നമ്മളെല്ലാം ചൈതന്യമാണ്. അതുകൊണ്ട് നാം അതിനെപ്പറ്റി ബോധവാന്മാരാകുന്നില്ല. നിങ്ങളെ എന്നില്‍നിന്നുവേര്‍തിരിച്ചു നിര്‍ത്തുന്ന ഉപാധിയെന്ത്? ശരീരംമാത്രം. ശരീരത്തെ വിസ്മരിക്കുക. ഉടനെ എല്ലാം ചൈതന്യമാകും.
ഇതൊക്കെയാണ് വേദാന്തത്തിനു നല്‍കാനില്ലാത്തത്-ഒരു ഗ്രന്ഥവിശേഷം, അതുപോലെ ‘നിങ്ങളെല്ലാം പുഴുക്കള്‍, നാം സര്‍വ്വേശ്വരന്‍’ എന്ന അവകാശവാദവും. ഇതൊന്നും വേദാന്തം സമ്മതിക്കുന്നില്ല. നിങ്ങള്‍ സര്‍വ്വേശ്വരനാണെങ്കില്‍, ഞാനും സാര്‍വ്വേശ്വരനാണ് എന്നാണ് വേദാന്തിയുടെ നില. അതുപോലെ പാപം എന്ന ആശയം വേദാന്തത്തിലില്ല. പ്രമാദങ്ങള്‍, തെറ്റുകള്‍ ഉണ്ടാകാം. പാപം എന്നൊന്നില്ല. എല്ലാ തെറ്റുകളും കാലക്രമത്തില്‍ ശരിപ്പെട്ടുവരികയും ചെയ്യും. സാത്താന്‍ എന്ന സങ്കല്‍പ്പവുമില്ല വേദാന്തത്തില്‍. വേദാന്തം ഒറ്റപ്പാപത്തിലേ വിശ്വസിക്കുന്നുള്ളു. ലോകത്തിലാകെക്കൂടി ഒറ്റപ്പാപം മാത്രം. അതിതാണ്: നിങ്ങള്‍ എപ്പോഴെങ്കിലും സ്വയം പാപികളാണെന്നോ മറ്റുള്ളവര്‍ പാപികളാണെന്നോ വിചാരിക്കുന്നുവെങ്കില്‍, ആ വിചാരം മറ്റെല്ലാ തെറ്റുകളും, പാപങ്ങളെന്നു സാധാരണ പറയപ്പെടുന്നവയെല്ലാം, ഈ ഒരു വിചാരത്തെ തുടര്‍ന്നുണ്ടാകുന്നു. ജീവിതത്തില്‍ നാം അനേകം തെറ്റുകള്‍ ചെയ്തു പോയിട്ടുണ്ട്. എന്നിട്ടും നാം മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കുന്നു. നാം തെറ്റുകള്‍ ചെയ്തതും നമ്മുടെ മാഹാത്മ്യംതന്നെ. നിങ്ങളുടെ കഴിഞ്ഞ ജീവിതത്തിലേക്കു ഒന്നു നീട്ടി കണ്ണോടിച്ചുനോക്കുക. നിങ്ങളുടെ ഇപ്പോഴത്തെ നില മെച്ചപ്പെട്ടതാണെന്നു വിചാരിക്കുന്നുവെങ്കില്‍, അതു കഴിഞ്ഞ കാലത്തെ അബദ്ധങ്ങളുടെയും വിജയങ്ങളുടെയും സംയുക്തഫലമാണെന്നു കാണാം. വിജയങ്ങള്‍ വിജയിക്കട്ടെ.. അബദ്ധങ്ങളും വിജയിക്കട്ടെ. ചെയ്തുപോയ കര്‍മ്മങ്ങളെ തിരിഞ്ഞുനോക്കാതിരിക്കുക. മുമ്പോട്ടു പോകുക.
വേദാന്തം പാപത്തേയോ പാപിയേയോ കുറിച്ചു പറയുന്നില്ല. അതില്‍ നമുക്കു പേടിക്കേണ്ടുന്ന ഒരീശ്വരനില്ല. നമുക്കൊരിക്കലും പേടിക്കേണ്ടാത്ത ഒരു ജീവിയുണ്ടെങ്കില്‍, അതു ഈശ്വരന്‍മാത്രം. എന്തെന്നാല്‍ അവിടുന്നു നമ്മുടെ അന്തരാത്മാവുതന്നെയാണ്. നിങ്ങള്‍ക്ക് തീര്‍ച്ചയായും ഭയപ്പെടാനാവാത്ത തത്ത്വം ഒന്നുമാത്രം- ഈശ്വരന്‍. എങ്കില്‍, ഈശ്വരനെ ഭയപ്പെടുന്നവന്‍ അങ്ങേ അറ്റത്തെ അന്ധവിശ്വാസിയല്ലേ? സ്വന്തം നിഴലിനെ ഭയപ്പെടുന്ന വല്ലവനേയും കണ്ടേയ്ക്കാം. അവന്‍ പോലും തന്നെത്തന്നെ ഭയപ്പെടുന്നില്ല. ഈശ്വരന്‍ മനുഷ്യന്റെ അന്തരാത്മാവുതന്നെ. നിങ്ങള്‍ക്കു ഭയപ്പെടാനാവാത്ത ഒറ്റയാള്‍ ഈശ്വരന്‍മാത്രം. മനുഷ്യനില്‍ ആ ഈശ്വരനെക്കുറിച്ചുള്ള ഭയം കടന്നുകൂടി അവനെ കിടുകിടാ വിറപ്പിക്കുന്നു. എന്തസംബന്ധമാണിതെല്ലാം. നമ്മളെല്ലാവരും ഭ്രാന്താലയത്തില്‍ അടയ്ക്കപ്പെടാഞ്ഞത് ഈശ്വരാനുഗ്രഹംതന്നെ. പക്ഷേ നമ്മളില്‍ മിക്കവരും ഭ്രാന്തന്മാരല്ലെങ്കില്‍, എന്തിനാണ് ഈ ഈശ്വരഭയം മുതലായ ആശയങ്ങള്‍ രൂപപ്പെടുത്തുന്നത്? മനുഷ്യവര്‍ഗ്ഗം മുഴുവനും ഏറെക്കുറെ ഭ്രാന്തന്മാരാണെന്നു ബുദ്ധദേവന്‍ പറഞ്ഞിട്ടുണ്ട്. അതു ശരിയാണെന്നു തോന്നുന്നു.
ഗ്രന്ഥം വേണ്ട, ആരാധ്യപുരുഷന്‍ വേണ്ട, സഗുണേശ്വരനും വേണ്ട. ഇതെല്ലാം പോകണം. കൂടാതെ ഇന്ദ്രിയങ്ങളും പോകണം. നാം ഇന്ദ്രിയബദ്ധരായിരിക്കാന്‍ വയ്യ. ഇപ്പോള്‍ നാം അതുകളോടു ബന്ധിക്കപ്പെട്ടിരിക്കുന്നു-മഞ്ഞുകട്ടകള്‍ക്കിടയില്‍ കിടന്നു തണുത്തു ചാകാന്‍ പോകുന്നവരെപ്പോലെയാണ് നാം. അവര്‍ക്കു വല്ലാതെ ഉറക്കം വരുന്നു. അവിടെ കിടന്നു ചത്തുപോകുമെന്നു പറഞ്ഞ്: അവരുടെ സ്നേഹിതന്‍ അവരെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, ‘ചത്തോട്ടെ, എന്നാലും എനിക്കൊന്നുറങ്ങണം’ എന്നവര്‍ പറയുന്നു. നാം ഈ ഇന്ദ്രിയമേഖലയില്‍പ്പെട്ട ക്ഷുദ്രവസ്തുക്കളെ കെട്ടിപ്പുണര്‍ന്നു കിടക്കുന്നു. അതിന്റെ ഫലം വിനാശമാണെങ്കിലും, അത്യധികം ഉത്കൃഷ്ടങ്ങളായ മറ്റു വസ്തുക്കളുണ്ടെന്നുള്ളതു നാം വിസ്മരിക്കുന്നു.
ഈശ്വരന്‍ ഒരിക്കല്‍ ഭൂമിയില്‍ പന്നിയായവതരിച്ചതായി ഒരു ഹിന്ദുപുരാണകഥയുണ്ട്. അവിടേക്ക് ഒരു പെണ്‍പന്നിയുമുണ്ടായിരുന്നു. കാലക്രമത്തില്‍ ധാരാളം പന്നിക്കിടാങ്ങുമായി. തന്റെ ഉന്നതമഹിമകളും ഈശ്വരത്വവും മറന്നു പന്നിയായി കഴിഞ്ഞുകൂടിയ അവിടേയ്ക്ക് ആ കുടുംബജീവിതം തുലോം ആനന്ദകരമായി. ആനന്ദാതിരേകത്താല്‍ മുക്രയിട്ടും ചളിയില്‍ കിടന്നുപുളച്ചും കഴിഞ്ഞു. ഇതു ദേവന്മാരെ സംഭ്രാന്തരാക്കി. അവര്‍ ഭൂമിയില്‍ വന്ന് ഈശ്വരനോടപേക്ഷിച്ചു. പന്നിമെയ് വെടിഞ്ഞ് സ്വധാമമായ സ്വര്‍ഗ്ഗത്തിലേക്ക് ചെല്ലണമെന്ന്. എന്നാല്‍ ഈശ്വരന്‍ ആ അഭ്യര്‍ത്ഥനകളൊന്നും ചെവിക്കൊള്ളാതെ അവരോടു കയര്‍ത്തു. തനിക്കു തന്റെ സൂകരജീവിതം വളരെ സുഖമാണെന്നും അതുകൊണ്ട് തന്നെ തല്‍ക്കാലം ശല്യപ്പെടുത്തരുതെന്നുമാണ് അവിടുന്നരുളിചെയ്തത്. മറ്റു പോംവഴിയില്ലെന്നു കണ്ടപ്പോള്‍, ദേവന്മാര്‍ ഈശ്വരന്റെ സൂകരശരീരം നശിപ്പിച്ചു. പെട്ടെന്ന് ഈശ്വരനു തന്റെ ഐശ്വരമഹിമ വീണ്ടുംകിട്ടി. പന്നിമെയ്യിലിരിക്കുന്നതില്‍ തനിക്കൊരു സുഖം തോന്നിയതിനെപ്പറ്റി അവിടുന്നുതന്നെ അത്ഭുതപ്പെട്ടു.
ഇങ്ങനെതന്നെയാണ് മനുഷ്യരും. നിര്‍ഗുണേശ്വരനെപ്പറ്റി കേള്‍ക്കുമ്പോഴൊക്കെ, ‘അയ്യോ, എന്റെ വ്യക്തിത്വത്തിന് എന്തു സംഭവിക്കുമോ? അതു പൊയ്പ്പോവില്ലേ!’ എന്നു വിചാരിക്കുന്നു. ഇനിയൊരിക്കല്‍ ആ വിചാരം വരുമ്പോള്‍, പന്നിയുടെ കഥ ഓര്‍ക്കുക. എന്നിട്ടു നിങ്ങളുടെ ഓരോരുത്തരുടേയും ജന്മാവകാശമായ ആ അനന്തസുഖഖനിയെപ്പറ്റിയും ചിന്തിക്കുക. ഇപ്പോഴത്തെ നിങ്ങളുടെ അവസ്ഥയില്‍ നിങ്ങള്‍ എത്ര സന്തുഷ്ടര്‍! എന്നാല്‍ നിങ്ങളുടെ യഥാര്‍ത്ഥസ്വരൂപം അനുഭവപ്പെടുമ്പോള്‍, ഇന്ദ്രിയസുഖാസക്തമായ, ഈ ജീവിതം ത്യജിക്കുന്നതിലുണ്ടായ വൈമനസ്യത്തെക്കുറിച്ചു നിങ്ങള്‍ അത്ഭുതപ്പെടും. നിങ്ങളുടെ വ്യക്തിത്വത്തില്‍ എന്തിരിക്കുന്നു? ആ സൂകരജീവിതത്തെക്കാള്‍ തെല്ലെങ്കിലും മെച്ചമാണോ അത്? എന്നിട്ടും അതാണല്ലോ നിങ്ങള്‍ക്കു കൈവെടിയാനിഷ്ടമില്ലാത്തത്! ഈശ്വരോ രക്ഷതു!
വേദാന്തം നമ്മെ എന്തു പഠിപ്പിക്കുന്നു? ഒന്നാമതു സത്യമറിവാന്‍ നിങ്ങള്‍ നിങ്ങള്‍ക്കു വെളിയില്‍ പോകേണ്ടതില്ല. സമസ്തഭൂതവും സമസ്തഭാവിയും ഈ വര്‍ത്തമാനത്തില്‍ത്തന്നെ അടങ്ങിയിരിക്കുന്നു. ഒരു മനുഷ്യനും തന്റെ ഭൂതകാലത്തെ കണ്ടിട്ടില്ല. നിങ്ങളിലാരാനും കണ്ടിട്ടുണ്ടോ, നിങ്ങളുടെ ഭൂതകാലത്തെ? ഭൂതകാലം അറിയുന്നുവെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ വിചാരിക്കുന്നെങ്കില്‍, അപ്പോഴൊക്കെ ഭൂതകാലത്തെ വര്‍ത്തമാനമുഹൂര്‍ത്തത്തില്‍ വിഭാവനം ചെയ്യുന്നേ ഉള്ളൂ. ഭാവികാലം കാണണമെങ്കിലും, അതിനെ വര്‍ത്തമാനകാലത്തിലേക്കു കൊണ്ടുവരണം. വര്‍ത്തമാനകാലംമാത്രമാണ് സത്യം. ബാക്കിയെല്ലാം വിഭാവനയാണ്. ഉള്ളതെല്ലാം വര്‍ത്തമാനത്തിലാണ്. സത്ത ഒന്നുമാത്രമേയുള്ളു. ഉള്ളതെല്ലാം ഇവിടെ ഈ നിമിഷത്തിലുണ്ട്. അനന്തമായ കാലത്തിലെ ഒരു നിമിഷം മറ്റേതൊരു നിമിഷത്തേയുംപോലെ, പരിപൂര്‍ണ്ണവും സര്‍വ്വാശ്ളേഷിയുമാണ്. ഉള്ളതും ഉണ്ടായിരുന്നതും ഉണ്ടാകാനിരിക്കുന്നതുമെല്ലാം ഈ കാലത്തില്‍ത്തന്നെയുണ്ട്. ഇതിനു വെളിയില്‍ വല്ലതും സങ്കല്‍പ്പിക്കുവാന്‍ ആരെങ്കിലും ശ്രമിക്കട്ടെ-അയാള്‍ പരാജയമടയുന്നതാണ്.
ഈ ലോകത്തോടു സാദൃശ്യമില്ലാത്ത ഒരു സ്വര്‍ഗ്ഗം ചിത്രീകരിക്കുവാന്‍ ഏതു മതത്തിനു കഴിയും? അതെല്ലാം കേവലം കല, സങ്കല്‍പ്പവിദ്യമാത്രം-ഈ കലാവിദ്യ കാലക്രമത്തിലേ നമുക്കുവെളിവാകൂ. പഞ്ചേന്ദ്രിയങ്ങളിലൂടെ ഈ ലോകത്തെ നോക്കുമ്പോള്‍, അതു സ്ഥൂലവും വര്‍ണ്ണരൂപാന്വിതവും ശബ്ദായമാനവും മറ്റുമായി ഗോചരമാകുന്നു. ഇനി വിദ്യുന്മയമായ ഒരിന്ദ്രിയം എന്നില്‍ വികസിക്കുന്നുവെന്നിരിക്കട്ടെ-എന്നെസ്സംബന്ധിച്ച് എല്ലാം വ്യത്യാസപ്പെടും. അല്ലെങ്കില്‍, എന്റെ ഇന്ദ്രിയങ്ങളെല്ലാം സൂക്ഷ്മതരമാകുന്നു എന്നു വിചാരിക്കുക-നിങ്ങളെല്ലാം വ്യത്യാസപ്പെടും. എന്നില്‍ മാറ്റം വന്നാല്‍ നിങ്ങളിലും മാറ്റം വരും, ഈ ഇന്ദ്രിയമേഖലകളെ കടന്നു നിന്നാല്‍ നിങ്ങളെയെല്ലാം ചൈതന്യമായി-ഈശ്വരനായി, കാണും. കാഴ്ചയില്‍ തോന്നിക്കുന്നതല്ല വസ്തുക്കളുടെ തനിസ്വരൂപം.
ഈ പരമാര്‍ത്ഥം കാലക്രമത്തില്‍ നമുക്കു മനസ്സിലാകും. അനന്തരം നാം അതു സാക്ഷാല്‍ക്കരിക്കും-സകലസ്വര്‍ഗ്ഗങ്ങളും അതുപോലെ മറ്റെന്തും ഇവിടെ ഈ നിമിഷത്തില്‍ത്തന്നെ. അവ യഥാര്‍ത്ഥത്തില്‍ ഈശ്വരസാന്നിദ്ധ്യത്തിന്മേല്‍ പ്രത്യക്ഷമാകുന്ന പ്രതിഭാസങ്ങള്‍മാത്രം. ഈ സാന്നിദ്ധ്യം സകലഭൂമണ്ഡലങ്ങളെക്കാളും സകലസ്വര്‍ഗ്ഗങ്ങളെക്കാളും വളരെ മഹത്തത്രേ. ഈ ലോകം ചീത്തയാണെന്നും സ്വര്‍ഗ്ഗം മറ്റെവിടെയോ നിലകൊള്ളുന്നുവെന്നും ആളുകള്‍ കരുതുന്നു. ഈ ലോകം ചീത്തയല്ല. അതു ഈശ്വരന്‍തന്നെയാണ്. നിങ്ങള്‍ക്കതറിയുമെങ്കില്‍,ആ വസ്തുത ബുദ്ധികൊണ്ടു ഗ്രഹിക്കുവാന്‍ പോലും തുലോം പ്രയാസം. വിശ്വസിക്കുന്നതിനെക്കാളും പ്രയാസം. നാളെ കഴുമരത്തിലേറ്റപ്പെടേണ്ട കൊലപാതകിയും ഈശ്വരനാണ്, പൂര്‍ണ്ണേശ്വരന്‍. അതു ഗ്രഹിക്കാന്‍ വളരെ വിഷമമാണെന്നതില്‍ സംശയമില്ല. എന്നാലും ഗ്രഹിക്കാന്‍ സാധിക്കായ്കയില്ല.
അതിനാല്‍, വേദാന്തം രൂപപ്പെടുത്തുന്നത് സാര്‍വ്വലൌകികമായ സാഹോദര്യമല്ല. സാര്‍വ്വലൌകികമായ ഏകത്വമാണ്. ഞാന്‍ മറ്റേതു മനുഷ്യനോടും മൃഗത്തിനോടും-നല്ലതോ ചീത്തയോ എന്തുമാകട്ടെ-ഒന്നുതന്നെ. എല്ലാം ഒരു ശരീരം, ഒരു മനസ്സ്, ഒരാത്മാവ്. ചൈതന്യം (ആത്മാവ്) ഒരിക്കലും നശിക്കുന്നില്ല. മരണം ഒരിടത്തുമില്ല, ശരീരത്തിനുപോലുമില്ല, മനസ്സും നശിക്കുന്നില്ല. ശരീരംതന്നെ എങ്ങനെ നശിക്കാനാണ്? മരത്തിന്മേല്‍നിന്ന് ഒരില കൊഴിയുന്നു-അതുകൊണ്ട് മരം നശിക്കുന്നുണ്ടോ? ഈ ജഗത്താണ് എന്റെ ശരീരം. അത് അഭംഗുരം തുടരുന്നതു നോക്കുക. എല്ലാ മനസ്സുകളും എന്റെ മനസ്സാണ്. എല്ലാ കാലുകളെക്കൊണ്ടും ഞാന്‍ നടക്കുന്നു. എല്ലാ വായില്‍ക്കൂടിയും ഞാന്‍ മൊഴിയുന്നു. സകല ശരീരത്തിലും ഞാന്‍ വസിക്കുന്നു.
എന്തുകൊണ്ടാണ് ഞാനതറിയാത്തത്? വ്യക്തിത്വബോധംകൊണ്ട്, ആ സൂകരഭാവംകൊണ്ട്. നിങ്ങള്‍ ഈ മനസ്സുമായി ബദ്ധരാണ്. അതിനാല്‍ ഇവിടെയിരിക്കാനേ കഴിയുന്നുള്ളൂ. അവിടെ പ്രവേശിക്കാന്‍ കഴിയുന്നില്ല. അമൃതത്വമെന്നാലെന്താണ്? ‘അതു നമ്മുടെ ഈ സത്തതന്നെ’ എന്ന് എത്ര കുറച്ചാളുകളെ ഉത്തരം നല്‍കുന്നുള്ളൂ. ഇക്കാണായതെല്ലാം മരണധര്‍മ്മമുള്ളത്, മൃതപ്രായം, ഈശ്വരന്‍ ഈ സ്ഥലത്തെങ്ങുമല്ല, തങ്ങള്‍ അമൃതന്മാരാകുന്നതു സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍- ഇങ്ങനെയൊക്കെയാണ് മിക്കവരും വിചാരിക്കുന്നത്. മരണശേഷം തങ്ങള്‍ ഈശ്വരനെ കണ്ടെത്തുമെന്ന് അവര്‍ വിചാരിക്കുന്നു. എന്നാല്‍ അവര്‍ ഇവിടെ, ഇപ്പോള്‍, ഈശ്വരനെ കാണുന്നില്ലെങ്കില്‍ മരണശേഷവും കാണില്ല. അവരൊക്കെ ആത്മാവിന്റെ നിത്യജീവിതത്തില്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍, മരണാനന്തരം സ്വര്‍ഗ്ഗത്തിലെത്തിയിട്ടല്ല അതു ലഭ്യമാകുന്നതെന്നും, സൂകരപ്രായമായ ഈ വ്യക്തിത്വത്തെ ഉപേക്ഷിച്ചിട്ടാണ്, ഈ ചെറുശരീരത്തോടു ബദ്ധരാകാതിരുന്നിട്ടാണ്, അതു നേടേണ്ടതെന്നും അവര്‍ അറിയുന്നില്ല. നാം സമസ്തവുമായി ഒന്ന്, നാം സമസ്തശരീരങ്ങളിലും ജീവിക്കുന്നു, നാം സമസ്തമനസ്സുകളിലൂടെയും വീക്ഷിക്കുന്നു എന്നീ അനുഭവമാണ് അമൃതത്വം. ഈ ശരീരത്തില്‍നിന്ന് അനന്യമായ ശരീരങ്ങളിലൂടെ നമുക്ക് അനുഭവങ്ങളുണ്ടാകണം. സഹാനുഭൂതിയെന്നാലെന്താണ്? സഹാനുഭൂതിക്ക് അന്യശരീരങ്ങളിലെ ആത്മഭാവനയ്ക്കു വല്ല പരിധിയുമുണ്ടോ? എനിക്ക് ഈ പ്രപഞ്ചത്തിലാകെ ആത്മഭാവനചെയ്യാന്‍ കഴിവുണ്ടാകുന്ന-പ്രപഞ്ചം മുഴുവന്‍ എന്റെ ശരീരമാണെന്ന ബോധം കൈവരുന്ന-ഒരു കാലം വരാം.
എന്നാല്‍ അതുകൊണ്ടു ലാഭമെന്ത്? സൂകരശരീരം വെടിയാന്‍ മഹാപ്രയാസം. ഒരു ചെറിയ സൂകരശരീരത്തിലൂടെയുള്ള സുഖാനുഭവം പൊയ്പ്പോകുന്നതില്‍ നമുക്കു മഹാവിമ്മിട്ടം. അതുപേക്ഷിക്കണമെന്നു വേദാന്തം പറയുന്നില്ല. അതിനെ അതിക്രമിക്കുക എന്നേ പറയുന്നുള്ളൂ. കഠിനതപശ്ചര്യകളൊന്നും വേണ്ട. രണ്ടോ മൂന്നോ ശരീരങ്ങളിലിരുന്നു സുഖമനുഭവിക്കാമെങ്കില്‍, അത് ഒറ്റ ശരീരത്തിലെ സുഖാനുഭവത്തെക്കാള്‍ മെച്ചമാകുമല്ലൊ. നോക്കുക, അനേകശരീരങ്ങളില്‍ ജീവിക്കാനുള്ള കഴിവ്! പ്രപഞ്ചം മുഴുവനിലൂടെയും എനിക്കു സുഖമനുഭവിക്കാമെന്നാകുമ്പോള്‍, സമസ്തപ്രപഞ്ചവും എന്റെ ശരീരമായിരിക്കും.
ഈ ഉപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ പലരും ഭയപ്പെടുന്നു, അവര്‍ ദുശ്ശാസകനും സ്വേച്ഛാപ്രഭുവുമായ ഒരീശ്വരനാല്‍ സൃഷ്ടിക്കപ്പെട്ട സൂകരങ്ങളല്ലെന്നു പറയുന്നതു കേള്‍ക്കാന്‍ അവര്‍ക്കിഷ്ടമില്ല. ‘കേറിവരുവിന്‍’ എന്നു ഞാന്‍ അവരോടു പറയുന്നു. എന്നാല്‍ തങ്ങള്‍ പാപത്തില്‍ ജനിച്ചവരാണെന്നും, മറ്റു വല്ലവരുടെയും കാരുണ്യംകൊണ്ടല്ലാതെ കേറിവരാന്‍ വയ്യെന്നും അവര്‍ പറയുന്നു. ‘നിങ്ങള്‍ ഈശ്വരന്മാരാണ്’ എന്ന് ഞാന്‍ അവരോടു പറയുമ്പോള്‍, ‘ഹേ, ഈശ്വരനിന്ദകാ! അങ്ങനെ കൂസലില്ലാതെ ഈശ്വരനെ അവഹേളിക്കയോ! ഞങ്ങള്‍ പാപികള്‍. കഷ്ടപ്പെട്ടു കഴിയുന്ന ക്ഷുദ്രജീവി എങ്ങനെ ഈശ്വരനാകും?’ എന്ന് അവര്‍ മറുപടി പറയുന്നു. അതിനാല്‍ ഞാന്‍ ചിലപ്പോള്‍ വല്ലാതെ ഭഗ്നോത്സാഹനാകുന്നു. ‘നരകമില്ലെങ്കില്‍ പിന്നെ മതമെങ്ങിനെ?’ എന്ന് അനേകശതം സ്ത്രീപുരുഷന്മാര്‍ എന്നോട് ചോദിക്കുന്നു. ഈ ആളുകള്‍ സ്വേച്ഛയാ നരകത്തിലേക്ക് പോകുന്നെങ്കില്‍ അവരെ ആര്‍ക്കു തടയാം?
എന്തെന്തു നിങ്ങള്‍ ചിന്തിക്കുകയോ സ്വപ്നം കാണുകയോ ചെയ്യുന്നുവോ അവയെ നിങ്ങള്‍ സൃഷ്ടിക്കുന്നു. നരകത്തെയാണെങ്കില്‍ മരണാനന്തരം നിങ്ങള്‍ നരകം കാണും. തിന്മയെയും ചെകുത്താനെയും കുറിച്ചാണെങ്കില്‍, നിങ്ങള്‍ക്കു ചെകുത്താനെ കിട്ടും. പ്രേതങ്ങളെക്കുറിച്ചാണെങ്കില്‍, പ്രേതങ്ങളെ കണ്ടെത്തും. നിങ്ങള്‍ എന്തു ചിന്തിക്കുന്നുവോ, അതാകും. ചിന്തിച്ചേ തീരുവെങ്കില്‍, വിശിഷ്ടങ്ങളായ ആശയങ്ങളെ, മഹത്തായ ആശയങ്ങളെ, ചിന്തിക്കുക. നാം ദുര്‍ബ്ബലരും നികൃഷ്ടരുമാണെന്ന്, അനുക്തസിദ്ധമെന്നവണ്ണം, അങ്ങു സ്വീകരിക്കുകയോ! നാം ദുര്‍ബ്ബലരാണെന്നു സ്വയം പ്രഖ്യാപനം ചെയ്താല്‍ ദുര്‍ബ്ബലരാകും. ഉല്‍കൃഷ്ടരാവില്ല. നാം നമ്മുടെ മുറിയിലെ വിളക്കണച്ചു ജനലുകളും അടച്ച് മുറി ഇരുളടഞ്ഞതാണെന്നു മുറവിളിക്കൂട്ടിയാലത്തെ അസംബന്ധം ആലോചിക്കുക! ഞാനൊരു പാപിയാണെന്നു പറയുന്നതുകൊണ്ട് എനിക്കെന്തു പ്രയോജനം? ഞാന്‍ ഇരുട്ടത്താണെങ്കില്‍ ഒരു വിളക്കു കത്തിക്കണം. അപ്പോള്‍ എല്ലാം ശരിയായി. പക്ഷേ, മനുഷ്യസ്വഭാവം എത്ര വിചിത്രം. സമഷ്ടിമനസ്സ് തങ്ങളുടെ ജീവിതത്തിനുപിന്നില്‍ സദാ നിലകൊള്ളുന്നുണ്ടെന്നറിഞ്ഞിട്ടും അവര്‍ ചെകുത്താനെയും നരകങ്ങളെയും മറ്റും പറ്റിയാണ് ചിന്തിക്കുന്നത്. സത്യമെന്തെന്നു പറഞ്ഞുകൊടുത്താലും അവരുടെ മനസ്സിലേറുന്നില്ല. അവര്‍ക്കു വെളിച്ചത്തെക്കാളേറെ ഇരുട്ടാണിഷ്ടം.
‘എന്തുകൊണ്ടാണ് മനുഷ്യര്‍ക്കിത്ര ഭയം?’ വേദാന്തത്തിലെ ഒരു മുഖ്യപ്രശ്നമാണിത്. ഇതിനുത്തരം, ജനങ്ങള്‍ തങ്ങളെത്തന്നെ നിസ്സഹായരും അന്യാവലംബികളുമാക്കിയിരിക്കുന്നു എന്നാണ്. നാം ബഹുമടിയന്മാര്‍, നമുക്കുവേണ്ടി ഒന്നും പ്രവര്‍ത്തിക്കാന്‍ നാം ഒരുക്കമല്ല. അതിനാല്‍, നമുക്കുവേണ്ടി എല്ലാം ചെയ്യാന്‍ ഒരു സഗുണേശ്വരനെ ഒരു രക്ഷിതാവോ ഒരു പ്രവാചകനോ വേണ്ടിവരുന്നു. വലിയ ധനവാന്‍ ഒരിക്കലും നടന്നുപോവില്ല. എപ്പോഴും വണ്ടിയിലേ സഞ്ചരിക്കൂ. കാലക്രമത്തില്‍ അയാള്‍ക്കു ദേഹമാകെ പക്ഷവാതം പിടിപെടുന്നു. താന്‍ തുടര്‍ന്ന ജീവിതചര്യ അത്ര നന്നല്ലെന്ന് അയാള്‍ അപ്പോള്‍ മനസ്സിലാക്കുന്നു. എനിക്കുവേണ്ടി മറ്റൊരാള്‍ക്കു നടക്കാന്‍ പറ്റില്ല. എനിക്കുവേണ്ടി വല്ലവരും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് എനിക്കു ദ്രോഹകരമായിരുന്നു. മനുഷ്യനുവേണ്ടതെല്ലാം മറ്റാളുകള്‍ ചെയ്യുന്നപക്ഷം, അയാളുടെ അവയവങ്ങള്‍ നിരുപയോഗങ്ങളാകും. നാം സ്വയം ചെയ്യുന്നതേ നമ്മള്‍ ചെയ്തതാകൂ. മറ്റൊരുവന്‍ നമുക്കുവേണ്ടി വല്ലതും ചെയ്താല്‍ അതു നമ്മുടേതാവില്ല. നിങ്ങള്‍ക്കു എന്റെ പ്രസംഗങ്ങള്‍വഴി അദ്ധ്യാത്മസത്യങ്ങളെ പ്രാപിക്കാനാവില്ല. നിങ്ങള്‍ വല്ലതും ഗ്രഹിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ജ്ഞാനത്തെ പുറത്തിറക്കിയ, അതിനെ ജ്വലിപ്പിച്ച, ഒരു സ്ഫുലിംഗംമാത്രമാണ് ഞാന്‍. ഇത്രയേ എല്ലാ പ്രവാചകന്മാര്‍ക്കും ആചാര്യന്മാര്‍ക്കും സാധിക്കൂ. അതുകൊണ്ട് പരസഹായത്തിനുവേണ്ടി ഓടുന്ന ഈ ഓട്ടമെല്ലാം വിഡ്ഢിത്തം.
ഭാരതത്തില്‍ കാളവണ്ടികളുണ്ടെന്ന് നിങ്ങള്‍ക്കറിയാമല്ലോ. സാധാരണ ഒരു വണ്ടിയില്‍ രണ്ടു കാളകളെ കെട്ടിയിരിക്കും. ചിലപ്പോള്‍ നടുക്കുള്ള ദണ്ഡത്തിന്റെ അറ്റത്ത് ഒരു ചെറിയ പുല്‍ക്കെട്ട്, കാളകളുടെ മുമ്പിലായി അവയ്ക്കു എത്തിത്തിന്നാന്‍ സാധിക്കാത്തവിധം, തൂക്കിയിട്ടിരിക്കും. കാളകള്‍ ആ പുല്ലു വലിച്ചുതിന്നാന്‍ എത്ര നടന്നാലും അവയക്കതു സാധിക്കില്ല. നമുക്കു കിട്ടുന്ന ബാഹ്യസഹായവും ഇതുപോലെയാണ്. രക്ഷ, ബലം, ജ്ഞാനം, സുഖം ഇതെല്ലാം പുറത്തുനിന്നു കിട്ടുമെന്നു നാം വിചാരിക്കുന്നു, സദാ ആശിക്കുന്നു. പക്ഷേ ഒരിക്കലും ആശ ഫലിക്കുന്നില്ല. പുറത്തുനിന്ന് ഒരു സഹായവും വരുന്നില്ല.
മനുഷ്യനു സഹായം എന്നൊന്നില്ല-അങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. ഇപ്പോഴില്ല. അതെന്തിനുണ്ടാകണം? നിങ്ങള്‍ പുരുഷന്മാരും സ്ത്രീകളുമല്ലേ? ഭൂലോകനാഥന്മാരായ നിങ്ങള്‍ മറ്റു വല്ലവരാലും സഹായിക്കപ്പെടണമോ? നിങ്ങള്‍ക്കു ലജ്ജയില്ലേ? നിങ്ങള്‍ പൊടിയായിരുന്നാലേ നിങ്ങള്‍ക്കു സഹായം ലഭിക്കൂ എന്നു നിങ്ങള്‍ വിശ്വസിക്കുന്നു. പക്ഷേ നിങ്ങള്‍ ചൈതന്യമാണ്. ദുരിതങ്ങളില്‍നിന്നു നിങ്ങള്‍തന്നെ നിങ്ങളെ ഉദ്ധരിക്കുക. നിങ്ങള്‍തന്നെ നിങ്ങളെ രക്ഷിക്കുക. മറ്റാരും നിങ്ങളെ രക്ഷിക്കാനില്ല. ഒരിക്കലും ഉണ്ടായിരുന്നുമില്ല. ഉണ്ടാകുമെന്നു കരുതുന്നത് ഒരു മധുര വ്യാമോഹംമാത്രം, അതില്‍നിന്നൊരു ഗുണവും വരാനില്ല.
ഒരിക്കല്‍ ഒരു ക്രിസ്ത്യന്‍ സ്നേഹിതന്‍ എന്റെ അടുത്തു വന്ന്, ‘നിങ്ങള്‍ വല്ലാത്ത പാപിയാണ്’ എന്നു പറഞ്ഞു, ‘അതേ, ഞാന്‍ പാപിയാണ്, ഇനി അടുത്തതെന്താണെന്നു കേള്‍ക്കട്ടെ’ എന്നു ഞാന്‍ മറുപടി പറഞ്ഞു. അയാള്‍ ഒരു ക്രിസ്ത്യന്‍മിഷണറിയായിരുന്നു. അയാള്‍ എന്നെ സ്വൈരം കൊടുത്തിക്കൊണ്ടിരുന്നു. അയാളെ കാണുമ്പോള്‍ ഞാന്‍ ഒഴിഞ്ഞുമാറും. ഒരിക്കലയാള്‍ പറഞ്ഞു: ‘നിങ്ങള്‍ക്കു വേണ്ടുന്ന വളരെ നല്ല കാര്യങ്ങള്‍ എന്റെ പക്കലുണ്ട്. നിങ്ങള്‍ പാപിയാണ്. നിങ്ങള്‍ നരകത്തിലേക്കാണ് പോകുന്നത്’ എന്ന്. ‘വളരെ നല്ലത്, പിന്നെ എന്തു വിശേഷം’ ഞാന്‍ ചോദിച്ചു. ‘നിങ്ങളോ, എവിടേയ്ക്കാണ് പോകുന്നത്?’ ‘ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു പോകും’ എന്നായി അയാള്‍. ‘എങ്കില്‍ ഞാന്‍ നരകത്തിലേയ്ക്കുതന്നെ’ എന്ന് ഞാനും പറഞ്ഞു. അന്നത്തോടുകൂടി അയാള്‍ എന്നെ നിരാശയോടെ കൈവെടിഞ്ഞു.
ഒരു ക്രിസ്ത്യാനി വന്നു പറയുന്നു: ‘നിങ്ങള്‍ നരകത്തിനു വിധിക്കപ്പെട്ടവരാണ്. എന്നാല്‍ (ഞങ്ങളുടെ) ഈ സിദ്ധാന്തത്തില്‍ വിശ്വസിച്ചാല്‍, ക്രിസ്തു നിങ്ങളെ രക്ഷിക്കും.’ ഇത് ശുദ്ധമേ മൂഢവിശ്വാസമാണ്. ഇതു സത്യമായിരുന്നെങ്കില്‍, ക്രിസ്ത്യന്‍രാജ്യങ്ങളില്‍ ദുഷ്ടതയെന്നതു കാണാഞ്ഞേനേ. നമുക്കതങ്ങു വിശ്വസിക്കാം-വിശ്വസിക്കാന്‍ നമുക്കൊരു ചെലവുമില്ലല്ലോ-എന്നാലും എന്തുകൊണ്ടാണ് ഫലം കാണാത്തത്? ദുഷ്ടന്മാരുടെ എണ്ണം ഇത്ര വളരെ കൂടിയിരിക്കുന്നതു എന്തുകൊണ്ടാണെന്ന് അവരോടു ചോദിച്ചാല്‍ ‘നാം ഇനിയും യത്നിക്കേണ്ടിയിരിക്കുന്നു’ എന്നാണ് മറുപടി, ഈശ്വരനില്‍ വിശ്വസിക്കുകയും, അതോടൊപ്പം വെടിമരുന്ന് നനയാതെ സൂക്ഷിക്കുകയും ചെയ്യുക. ഈശ്വരനോടു പ്രാര്‍ത്ഥിക്കുക. ഈശ്വരന്‍ വന്നു നിങ്ങളെ ദുരിതങ്ങളില്‍നിന്നു കരകയറ്റട്ടെ. പണിപ്പെടുകയും ഭജിക്കുകയും പൂജിക്കുകയും ചെയ്യുന്നത് ഞാന്‍. എന്റെ പ്രശ്നങ്ങള്‍ ഞാന്‍ തന്നെ പരിഹരിക്കുന്നു. എന്നിട്ട് ഈശ്വരന്‍ അതിനുള്ള ഖ്യാതി തട്ടിയെടുക്കുകയും ഇതു ശരിയല്ല. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല.
ഒരിക്കല്‍ ഞാന്‍ ഒരു വിരുന്നിനു ക്ഷണിക്കപ്പെട്ടു. ആതിഥേയി ‘ഈശ്വരനു ധന്യവാദം ചെയ്യാന്‍’ എന്നോടാവശ്യപ്പെട്ടു. ‘ഞാന്‍ താങ്കള്‍ക്കു ധന്യവാദം അര്‍പ്പിക്കുന്നു. എന്റെ ധന്യവാദവും നന്ദിയുമെല്ലാം താങ്കള്‍ക്കാണ്’ എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ വേല ചെയ്യുമ്പോള്‍ എനിക്കുതന്നെ ധന്യവാദമര്‍പ്പിക്കുന്നു. എനിക്കുള്ളതെല്ലാം ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയതാണ്. അതിന്റെ പ്രശംസയും എനിക്കിരിക്കട്ടെ.
ഉള്ള കാലമത്രയും നിങ്ങള്‍ കഷ്ടപ്പെട്ടു പണിചെയ്തിട്ടു മറ്റാര്‍ക്കെങ്കിലും ധന്യവാദമര്‍പ്പിക്കുക! നിങ്ങളുടെ അന്ധവിശ്വാസം ഹേതുവായി നിങ്ങള്‍ ഭയപ്പെടുന്നു. അനേകായിരത്താണ്ടുകളായി വളര്‍ത്തിക്കൊണ്ടുവന്ന ഈ അന്ധവിശ്വാസങ്ങള്‍ ഇനിമേല്‍ വെച്ചിരിക്കരുത്. ആദ്ധ്യാത്മനിഷ്ഠനാകാന്‍ കുറച്ചു കഠിനയത്നം വേണം. അന്ധവിശ്വാസങ്ങളെല്ലാം കേവലം ഭൌതികത്വമാണ്. അവയെല്ലാം ശരീരബോധത്തെ ആശ്രയിച്ചു നില്‍ക്കുന്നവയാണ്. ശരീരം! ശരീരം! അവിടെ ആത്മാവിനു സ്ഥാനമില്ല. ആത്മാവിനു അന്ധവിശ്വാസമില്ല. അതു തുച്ഛങ്ങളായ ശാരീരികാഭിലാഷങ്ങള്‍ക്കു അതീതമത്രേ.
എന്നാല്‍ ചിലേടങ്ങളില്‍ ഈ വ്യര്‍ത്ഥാഭിലാഷങ്ങളെ ആദ്ധ്യാത്മിക മണ്ഡലത്തിലേക്കു വീശുന്നുണ്ട്. ഞാന്‍ പല പ്രേതവിദ്യാസംഘങ്ങളുടെ സദസ്സുകളില്‍ സന്നിഹിതനായിട്ടുണ്ട്. ഒരു സദസ്സില്‍ മാധ്യമം ഒരു സ്ത്രീയായിരുന്നു. ‘നിങ്ങളുടെ അമ്മയും മുത്തച്ഛനും എന്റെ അടുത്തു വന്നു’ എന്ന് അവര്‍ എന്നോടു പറഞ്ഞു. അവര്‍ അവളെ അഭിവാദനം ചെയ്തുവെന്നും അവളോടു സംസാരിച്ചുവെന്നും അവള്‍ പ്രസ്താവിച്ചു. പക്ഷേ എന്റെ അമ്മ ഇന്നും ജീവിച്ചിരിക്കുന്നു. തങ്ങളുടെ ബന്ധുജനങ്ങള്‍ മരിച്ചിട്ടും അവരവരുടെ ശരീരങ്ങളില്‍ തുടര്‍ന്നു ജീവിക്കുന്നു എന്ന സങ്കല്‍പ്പം ആളുകള്‍ക്കിഷ്ടമാണ്. ജനങ്ങളുടെ അന്ധവിശ്വാസങ്ങളില്‍നിന്നു പ്രേതവിദ്യക്കാര്‍ മുതലെടുക്കുന്നു. പരേതനായ എന്റെ അച്ഛന്‍ ഇപ്പോഴും തന്റെ മലിനശരീരവും പേറി കഴിയുകയാണെങ്കില്‍, എനിക്കതു വളരെ വ്യസനകരമാണ്. എന്നാല്‍ തങ്ങളുടെ പിതൃക്കള്‍ ജഡത്തില്‍ കുടുങ്ങി കഴിയുന്നുവെന്നതില്‍ ആളുകള്‍ ആശ്വാസവും സന്തോഷവും അനുഭവിക്കുന്നു. മറ്റൊരു ദിക്കില്‍വെച്ച് അവര്‍ യേശുദേവനെ വരുത്തി. ‘ഭഗവന്‍! അങ്ങേയക്കു കുശലമല്ലേ?’ എന്നു ഞാന്‍ ചോദിച്ചു. ഇതുകൂടിയായപ്പോള്‍ അതു നിരാശാജനകമാംവണ്ണം വഷളാണെന്നു എനിക്കു തോന്നി. ആ മഹാനായ സിദ്ധപുരുഷന്‍ ഇനിയും ദേഹബദ്ധനായി കഴിയുന്നെങ്കില്‍ നമ്മളെപ്പോലുള്ള നിസ്സാരജീവികളുടെ കഥയെന്ത്? പ്രേതവിദ്യക്കാര്‍, അവര്‍ കാട്ടിത്തന്ന മാന്യന്മാരാരെയും സ്പര്‍ശിക്കാന്‍ എന്നെ അനുവദിച്ചില്ല. ഇതിലെല്ലാം വല്ല പരമാര്‍ത്ഥവുമുണ്ടെങ്കില്‍ത്തന്നെ എനിക്ക് അവയുടെ ആവശ്യം തോന്നുന്നില്ല. ‘അംബ ജഗദീശ്വരി, ആളുകളൊക്കെ പരമാര്‍ത്ഥത്തില്‍ നിരീശ്വരനാണ്! ഈ പഞ്ചേന്ദ്രിയങ്ങളില്‍മാത്രമാണ് അവര്‍ക്കാഗ്രഹം! ഇവിടെയുള്ളവകൊണ്ടു തൃപ്തിവരാതെ മരണശേഷവും അവര്‍ അവ തന്നെ ആഗ്രഹിക്കുന്നു!‘ എന്നത്രേ ഞാന്‍ വിചാരിക്കുന്നത്.
വേദാന്തത്തിലെ ഈശ്വരന്‍ എന്ത്? അവനൊരു തത്ത്വമാണ്, വ്യക്തിയല്ല. നിങ്ങളും ഞാനുമൊക്കെ സഗുണേശ്വരന്മാരാണ്. പ്രപഞ്ചത്തിന്റെ പരമേശ്വരന്‍, ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരകര്‍ത്താവ്, ഒരു കേവലതത്ത്വമത്രേ. നിങ്ങള്‍, ഞാന്‍, പൂച്ച, എലി, ചെകുത്താന്‍, പ്രേതം എന്നിവയെല്ലാം ആ തത്ത്വത്തിന്റെ സാകാരഭാവങ്ങള്‍. അവയെല്ലാം സഗുണേശ്വരന്മാര്‍. നിങ്ങള്‍ക്കു സഗുണേശ്വരന്മാരെ ആരാധിക്കണമെന്നുണ്ട്. എന്നാല്‍ അതു നിങ്ങളുടെ ആത്മപൂജതന്നെ. നിങ്ങള്‍ എന്റെ ഉപദേശം കൈക്കൊള്ളുമെങ്കില്‍ ഇനി ഒരു പള്ളിയിലും കയറുകയില്ല. പുറത്തു വരിക. പോയി കഴുകിക്കളയുക. യുഗങ്ങളായി നിങ്ങളില്‍ ഇഴുകിപ്പിടിച്ച അന്ധവിശ്വാസങ്ങളില്‍നിന്നു നിര്‍മ്മുക്തരാകുംവരെ വീണ്ടും വീണ്ടും തന്നെത്താന്‍ കഴുകുക. ഇതു നിങ്ങള്‍ ഒരുപക്ഷേ ഇഷ്ടപ്പെടില്ലായിരിക്കാം. എന്തെന്നാല്‍ ഈ രാജ്യത്ത് നിങ്ങള്‍ കൂടെക്കൂടെ കഴുകാറില്ല- കൂടെക്കൂടെ കഴുകല്‍ ഭാരതീയസമ്പ്രദായമാണ്, നിങ്ങളുടെ സമുദായത്തിന്റെ സമ്പ്രദായമല്ല.
‘നിങ്ങളെന്താണ് വളരെയേറെ ചിരിക്കുന്നതും നേരംപോക്കു പറയുന്നതും?’ എന്ന് എന്നോടു പലരും ചോദിക്കാറുണ്ട്. ഞാന്‍ ചിലപ്പോള്‍ ഗൌരവം കൊള്ളാറുണ്ട്, വയറുവേദനയുണ്ടാകുമ്പോള്‍! ഈശ്വരന്‍ ആനന്ദസ്വരൂപനാണ്- സകലത്തിനും പിന്നിലുള്ള പരമമായ സത്യവസ്തവും എല്ലാത്തിലും അടങ്ങിയിരിക്കുന്ന നന്മയും, നിങ്ങളെല്ലാം അവിടുത്തെ അവതാരങ്ങള്‍. അതാണതിലെ മാഹാത്മ്യം. നിങ്ങള്‍ അവിടുന്നുമായി എത്രമാത്രം അടുത്തിരിക്കുന്നുവോ അത്ര കുറച്ചേ നിങ്ങള്‍ക്കു കരഞ്ഞു കണ്ണീരൊലിപ്പിക്കേണ്ടിവരൂ. നിങ്ങള്‍ എത്രമാത്രം അവിടുന്നില്‍നിന്ന് അകലുന്നുവോ അത്രമാത്രം വിലപിക്കേണ്ടിയും വരും. നാം എത്രമാത്രം അവിടുത്തെ അറിയുന്നുവോ അതിനനുസരിച്ച് നമ്മുടെ കഷ്ടതകളും കുറയുന്നു. ഈശ്വരനില്‍ ജീവിക്കുന്നവനും ദുഃഖിതനെങ്കില്‍, അവിടുന്നില്‍ ജീവിക്കുന്നതുകൊണ്ടു ഗുണമെന്ത്? അത്തരം ഒരീശ്വരനെക്കൊണ്ട് ഉപയോഗമെന്ത്? ആ ഈശ്വരനെ ശാന്തസമുദ്രത്തിലേക്കു വലിച്ചെറിയുക. നമുക്കവിടുന്നു വേണ്ട.
എന്നാല്‍, ഈശ്വരന്‍ അപരിമിതനും നിര്‍ഗുണനും നിത്യനും നിര്‍ഭയനും അവികാരിയും അവിനാശിയുമത്രേ. നിങ്ങളെല്ലാവരും അവിടുത്തെ അവതാരങ്ങള്‍. അവിടുത്തെ മൂര്‍ത്തീഭാവങ്ങള്‍. ഇതാണ് വേദാന്തത്തിലെ ഈശ്വരന്‍. ഏതൊരിടവും അവിടുത്തെ സ്വര്‍ഗ്ഗമാണ്. ഈ സ്വര്‍ഗ്ഗത്തിലത്രേ സമസ്തസഗുണേശ്വരന്മാരും വസിക്കുന്നത്-നിങ്ങളെല്ലാവരുംതന്നെ. ദേവാലയങ്ങളിലെ പ്രാര്‍ത്ഥനകളും പുഷ്പാര്‍ച്ചനകളുമെല്ലാം അന്തര്‍ദ്ധാനം ചെയ്യുന്നു.
നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതെന്തിന്? സ്വര്‍ഗ്ഗത്തില്‍ പോകാന്‍, നിങ്ങള്‍ക്കു വല്ലതും കിട്ടാനും മറ്റാര്‍ക്കാനും അതു കിട്ടാതിരിക്കാനും വേണ്ടി, ‘ഭഗവാനേ! എനിക്കു ഭക്ഷിക്കാന്‍ വക തരണേ! മറ്റാരെങ്കിലും പട്ടിണിയായിക്കൊള്ളട്ടെ!’ പരമാര്‍ത്ഥവസ്തുവായി, അപരിമിതനായി, സത്താമത്രനായി, നിരവയവനായി, നിത്യശുദ്ധബുദ്ധമുക്തസ്വരൂപനായ ഈശ്വരനെക്കുറിച്ചു എന്തൊരു വിചിത്രമായ ഭാവന! മനുഷ്യസാധാരണങ്ങളായ സ്വഭാവങ്ങളും പ്രവര്‍ത്തനങ്ങളും പരിമിതികളും നാം അവിടുത്തെമേല്‍ ആരോപിക്കുന്നു. അവിടുന്നു നമുക്കു ആഹാരം കൊണ്ടുവരണം, വസ്ത്രങ്ങള്‍ കൊണ്ടുവരണം. പരമാര്‍ത്ഥത്തില്‍ നമുക്കു വേണ്ടുന്ന ഈ കാര്യമെല്ലാം നാംതന്നെ ചെയ്യേണ്ടിയിരിക്കുന്നു. നമുക്കുവേണ്ടി മറ്റാരും അതൊന്നും ഇതുവരെ ചെയ്തിട്ടില്ല. ഇതാണ് പരമാര്‍ത്ഥം.
എന്നാല്‍ നിങ്ങള്‍ ഇതേപ്പറ്റി പ്രായേണ ചിന്തിക്കാറില്ല. ഈശ്വരനുണ്ട്, നിങ്ങള്‍ അവിടുത്തെ വാത്സല്യഭാജനങ്ങളാണ്. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതൊക്കെ അവിടുന്നുതരും എന്നെല്ലാം വിചാരിക്കുന്നു. ഇനി എല്ലാ മനുഷ്യര്‍ക്കും എല്ലാ ജീവികള്‍ക്കും വേണ്ടിയുള്ള ആനുകൂല്യങ്ങളല്ല നിങ്ങള്‍ അര്‍ത്ഥിക്കുന്നത്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും നിങ്ങളുടെ സ്വജനങ്ങള്‍ക്കും വേണ്ടിയേ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുള്ളൂ. ഹിന്ദുക്കള്‍ പട്ടിണിയാണെങ്കില്‍, നിങ്ങള്‍ അതു കൂട്ടാക്കുന്നില്ല. ക്രിസ്ത്യാനികളുടെ ഈശ്വരന്‍തന്നെയാണ് ഹിന്ദുക്കളുടെ ഈശ്വരനും എന്ന് ആ സമയത്തു നിങ്ങള്‍ വിചാരിക്കുന്നില്ല. ഈശ്വരനെപ്പറ്റിയ നമ്മുടെ ഭാവന മുഴുവനും നമ്മുടെ പ്രാര്‍ത്ഥനകളും ആരാധനകളുമെല്ലാം, നമ്മുടെ അജ്ഞാതകൊണ്ട്, നാം ശരീരമാണെന്നുള്ള മൂഢതകൊണ്ട്, ദുഷ്ടമായിരിക്കുന്നു. ഞാന്‍ പറയുന്നതു നിങ്ങള്‍ക്കു രസിക്കുന്നില്ലായിരിക്കാം. ഇന്നു നിങ്ങള്‍ എന്നെ ശപിച്ചേയ്ക്കാം. എന്നാല്‍ നാളെ അനുഗ്രഹിക്കും.
നാം ചിന്താശീലരാകണം. ഓരോ ജന്മവും ദുഃഖസമ്പൂര്‍ണ്ണമാണ്. നമുക്കു ഭൌതികവാദത്തിന്റെ പുറത്തു കടക്കണം. എന്റെ അമ്മ തന്റെ പിടിയില്‍നിന്നു നമ്മെ വിട്ടയയ്ക്കില്ല. എങ്കിലും നാം അതിനു ശ്രമിക്കണം. ഈ ശ്രമം, ഈ സമരം, മാത്രമാണ് ആരാധന മുഴുവന്‍. മറ്റെല്ലാം വെറും നിഴല്‍. നിങ്ങളെല്ലാം സഗുണേശ്വരന്മാരാണ്. ഇപ്പോള്‍ ഞാന്‍ നിങ്ങളെ ആരാധിക്കുകയാണ്. ഇതാണ് ഏറ്റവും മഹത്തായ പ്രാര്‍ത്ഥന. ലോകത്തെ മുഴുവന്‍ ആരാധനാബുദ്ധ്യാ സേവിക്കുകതന്നെ. ഈ ഉന്നതവേദിയിലെ നില്‍പ്പ് ആരാധനപോലെ തോന്നുന്നില്ല, എനിക്കറിയാം. എന്നാല്‍ ഇതു സേവനമാണെങ്കില്‍ ആരാധനയുമാണ്.
അനന്തമായ സത്യം പുതുതായി സമ്പാദിക്കപ്പെടേണ്ടതല്ല. അത് ഇവിടെത്തന്നെ എല്ലായ്പ്പോഴും അനശ്വരവും അജാതവുമായിരിപ്പുണ്ട്. ജഗദീശ്വരനായ അവിടുന്ന് എല്ലാവരിലും അന്തര്‍ഭവിച്ചിരിക്കുന്നു. ക്ഷേത്രം ഒന്നേ ഉള്ളൂ-അതാണ് നമ്മുടെ ശരീരം. ഏതു കാലത്തും ഉണ്ടായിരുന്നത് ഈ ഒരു ക്ഷേത്രംമാത്രമാണ്. സര്‍വ്വനിയന്താവും രാജാധിരാജനുമായ ഈശ്വരന്‍ ഈ ശരീരത്തില്‍ വര്‍ത്തിക്കുന്നു. എന്നാല്‍ നാം അതു മനസ്സിലാക്കുന്നില്ല. എന്നിട്ടു വിഗ്രഹങ്ങളുണ്ടാക്കി അവയ്ക്കുമേല്‍ ക്ഷേത്രങ്ങളും പണിയുന്നു. ഭാരതത്തില്‍ വേദാന്തം ഏതു കാലത്തുമുണ്ടായിരുന്നു. പക്ഷേ, ആ രാജ്യം നിറയെ ക്ഷേത്രങ്ങളാണ്. മാത്രമല്ല, കൊത്തിയെടുത്ത പ്രതിമകള്‍ നിറഞ്ഞ ഗുഹകളുമുണ്ട്. ‘ഗംഗാതീരത്തു പാര്‍ക്കുന്ന മഠയന്‍ വെള്ളത്തിനുവേണ്ടി അതിന്റെ തീരത്തു കിണര്‍ കുഴിക്കുന്നു!’ എന്നൊരു പഴമൊഴിയുണ്ട്. അതുപോലെയാണ് നമ്മളും. ഈശ്വരന്റെ ഉളളിലിരുന്നുകൊണ്ട് നമുക്കു പ്രതിമകളുണ്ടാക്കണം. അവിടുന്നു സദാ നമ്മുടെ ശരീരാന്തര്‍ഭാഗത്തുതന്നെ വര്‍ത്തിക്കെ, നാം അവിടുത്തെ ശിലാവിഗ്രഹത്തിലേക്ക് പ്രസര്‍ജ്ജനം ചെയ്യുന്നു. നാമെല്ലാം ഭ്രാന്തന്മാരാണ്. ഇതാണ് മഹാമായ.
സകലതിനേയും ഈശ്വരഭാവനയോടെ ആരാധിക്കുക. എല്ലാ രൂപങ്ങളും അവിടുത്തെ ക്ഷേത്രം. മറ്റു തോന്നലുകളൊക്കെ അവിദ്യ. എല്ലായ്പ്പോഴും അന്തര്‍മുഖനാകുക, ബഹിര്‍ഭാഗത്തേയ്ക്കു നോക്കരുത്. ഇത്തരമത്രേ വേദാന്തം പഠിപ്പിക്കുന്ന ഈശ്വരന്‍. ഇത്തരമത്രേ അവിടുത്തെ ആരാധനയും. തല്‍ഫലമായി, വേദാന്തത്തില്‍ സമ്പ്രദായഭേദങ്ങളില്ല. വിശ്വാസസംഹിതകളില്ല. ജാതിയില്ല, വര്‍ഗ്ഗമില്ല, ഈ മതം എങ്ങനെ ഭാരതത്തില്‍ ദേശീയമതമാകും?
നൂറുകണക്കിനു ജാതികള്‍! ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന്റെ ആഹാരം തൊട്ടുപോയാല്‍, ‘ഈശ്വരോ രക്ഷതു, ഞാന്‍ അശുദ്ധനായിപ്പോയി!’ എന്നയാള്‍ വിളിച്ചുകരയുന്നു. ഞാന്‍ പാശ്ചാത്യരാജ്യങ്ങളിലെ സഞ്ചാരത്തിനുശേഷം ഭാരതത്തില്‍ മടങ്ങിച്ചെന്നപ്പോള്‍, പാശ്ചാത്യജനങ്ങളുമായി കൂടിക്കഴിഞ്ഞതിനേയും മാമൂല്‍ നിയമങ്ങള്‍ തെറ്റിച്ചിതനേയും എതിര്‍ത്തുകൊണ്ട് അനേകം യാഥാസ്ഥിതികഹിന്ദുക്കള്‍ മുറവിളി കൂട്ടി. പാശ്ചാത്യജനങ്ങളെ വേദസത്യങ്ങള്‍ പഠിപ്പിച്ചതിനും അവര്‍ക്കെന്നോടിഷ്ടമല്ല.
ഈ ഭിന്നതകളും വ്യത്യാസങ്ങളുമെല്ലാം എങ്ങനെ സാധുവാകും? നാമെല്ലാം ചൈതന്യമയരും തന്മൂലം സമന്മാരുമാണെങ്കില്‍, ധനികന്‍ നിര്‍ദ്ധനന്റെയും പണ്ഡിതന്‍ പാമരന്റെയും നേരെ നിന്ദയോടെ പെരുമാറുന്നതു എങ്ങനെ സാധുവാകും? ജനസമുദായത്തിനു മാറ്റം വരാത്ത കാലത്തോളം, വേദാന്തത്തെപ്പോലുള്ള ഒരു മതം എങ്ങനെ പ്രചരിപ്പിക്കാനാണ്? ശരിക്കുള്ള യുക്തിവാദികളുടെ എണ്ണം നല്ല തോതില്‍ വര്‍ദ്ധിച്ചുവരുവാന്‍ ഇനിയും സഹസ്രാബ്ദങ്ങള്‍ കഴിയേണ്ടിവരാം. മനുഷ്യര്‍ക്ക് പുതിയ കാര്യങ്ങള്‍ കാണിച്ചുകൊടുക്കാനും വലിയ ആശയങ്ങള്‍ അവരെ മനസ്സിലാക്കാനും വളരെ പ്രയാസം. അതിലും പ്രയാസം, പഴയ അന്ധവിശ്വാസങ്ങളെ തട്ടിയുടയ്ക്കുവാന്‍. അവ എളുപ്പമൊന്നും നശിക്കില്ല. വളരെ പഠിച്ചവന്‍പോലും, അത്രയൊക്കെ പഠിപ്പുണ്ടായിട്ടും, ഇരുട്ടത്തു ഭയപ്പെടുന്നു-ശൈശവകാലത്തെ പ്രേതകഥകള്‍ ഓര്‍മ്മയിലെത്തുകയും അയാള്‍ പ്രേതങ്ങളെ കാണുകയും ചെയ്യുന്നു.
യാതൊന്നില്‍നിന്നാണോ ‘വേദാന്ത’ശബ്ദമുണ്ടായത്, ആ ‘വേദ’ശബ്ദത്തിന്റെ അര്‍ത്ഥം ‘ജ്ഞാനം’ (അറിവ്) എന്നാണ്. എല്ലാ ജ്ഞാനങ്ങളും വേദമാണ്. അത് ഈശ്വരനെപ്പോലെ അനന്തവുമാണ്. ജ്ഞാനത്തെ ആരും സൃഷ്ടിക്കുന്നില്ല. എപ്പോഴെങ്കിലും ജ്ഞാനം സൃഷ്ടിക്കപ്പെട്ട് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അതിനെ കണ്ടെത്തുന്നുവെന്നുമാത്രം- മറഞ്ഞുകിടക്കുന്നത്, മറ നീക്കുമ്പോള്‍ വെളിപ്പെടുന്നു എന്നുമാത്രം. ജ്ഞാനം ഏതു കാലത്തും അവിടെയുണ്ട്. എന്തെന്നാല്‍ അത് ഈശ്വരനാണ്. കഴിഞ്ഞതും നിലവിലുള്ളതും വരാന്‍ പോകുന്നതുമായ ജ്ഞാനമെല്ലാം നമ്മിലെല്ലാവരിലുമുണ്ട്. നാം അവയുടെ മറ നീക്കി കണ്ടെത്തുന്നു, അത്രമാത്രം. ഈ ജ്ഞാനങ്ങളെല്ലാം ഈശ്വരന്‍തന്നെ, വേദങ്ങള്‍ സംസ്കൃതഭാഷയിലെ ബൃഹത്തായ ഒരു ഗ്രന്ഥസമുച്ചയമാണ്.
ഞങ്ങളുടെ നാട്ടില്‍ വേദം പാരായണം ചെയ്യുന്നവന്റെ മുമ്പില്‍ ഞങ്ങള്‍ മുട്ടുകുത്തി നമസ്കരിക്കുന്നു. എന്നാല്‍ ഊര്‍ജ്ജതന്ത്രം പഠിക്കുന്നവനെപ്പറ്റി ഞങ്ങള്‍ ഉദാസീനരാണ് . അതും അന്ധവിശ്വാസമാണ്. തികച്ചും ഭൌതികത്വമാണ്. ലേശവും വേദാന്തമല്ല. ഈശ്വരദൃഷ്ടിയില്‍ എല്ലാ ജ്ഞാനവും പവിത്രമത്രേ. ജ്ഞാനം ഈശ്വരനാണ്. അനന്തമായ ജ്ഞാനം അതിന്റെ മുഴുവനളവില്‍ എല്ലാവരിലും കുടിക്കൊള്ളുന്നു. നിങ്ങള്‍ക്കു മറിച്ചു തോന്നുന്നുണ്ടെങ്കിലും നിങ്ങള്‍ പരമാര്‍ത്ഥത്തില്‍ അജ്ഞാനികളല്ല. നിങ്ങളെല്ലാവരും ഈശ്വരന്റെ അവതാരങ്ങളാണ്. സര്‍വ്വശക്തവും സര്‍വ്വവ്യാപിയുമായിരിക്കുന്ന ദിവ്യതത്ത്വത്തിന്റെ മൂര്‍ത്തീഭാവങ്ങള്‍. ഇതു കേട്ട് നിങ്ങളിപ്പോള്‍ ചിരിച്ചേയ്ക്കാം. എന്നാല്‍ നിങ്ങള്‍ക്കതു ബോധ്യപ്പെടുന്ന ഒരു കാലംവരും. വന്നേ മതിയാവൂ. അതു ബോധ്യപ്പെടാതെ ആരും അവശേഷിക്കില്ല.
എന്താണ് നമ്മുടെ ജീവിതലക്ഷ്യം? ഞാന്‍ വിവരിച്ച ഈ മതം,വേദാന്തം. പുതിയൊരു മതമല്ല. അതു വളരെ പുരാതനമാണ്. ഈശ്വരനോളം പഴക്കമുള്ളത്. അത് ഏതെങ്കിലും കാലത്തിലോ സ്ഥലത്തിലോ പരിമിതമല്ല. എല്ലായിടത്തുമുണ്ട്. ഈ സത്യം എല്ലാവര്‍ക്കും അറിയാം. നാം നമ്മുടെ കര്‍മ്മങ്ങളിലൂടെ അതിനെ സഫലമാക്കിവരികയാണ്-സര്‍വ്വജഗത്തിന്റെയും ലക്ഷ്യം അതാണ്. ബാഹ്യപ്രകൃതിയെസ്സംബന്ധിച്ചും ഇതു പരമാര്‍ത്ഥമാണ്-ഓരോ അണുവും ഈ ലക്ഷ്യത്തിലേയ്ക്കാണ് പായുന്നത്. അങ്ങനെയിരിക്കെ, അനന്തശുദ്ധചൈതന്യരൂപരായ ജീവന്മാരാരെങ്കിലും പരമസത്യത്തെ അറിയാതിരിക്കുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? എല്ലാവര്‍ക്കും അതുണ്ട്. എല്ലാവരും ഒരേ ലക്ഷ്യത്തിലേക്കു പോകുന്നു-തങ്ങളില്‍ അന്തര്‍ലീനമായ ദിവ്യത്വത്തിന്റെ സാക്ഷാല്‍കാരത്തിലേക്ക്, ഭ്രാന്തന്‍, കൊലപാതകി, അന്ധവിശ്വാസി, ഈ രാജ്യത്തു ‘ലിഞ്ചിങ്’ എന്ന പേരില്‍ ജനക്കൂട്ടത്താല്‍ കൊല്ലപ്പെടുന്ന മനുഷ്യന്‍-എന്നു വേണ്ട സകലരും ഒരേ ലക്ഷ്യത്തിലേക്കുതന്നെ പോകുന്നു. നാമിപ്പോള്‍ അറിയാതെ ചെയ്തുവരുന്നത്, ബോധപൂര്‍വ്വവും കുറേക്കൂടി നന്നായും ചെയ്യേണ്ടതാണെന്നുമാത്രം.
സമസ്തസത്തയുടേയും ഏകത്വം-അത് ഇപ്പോള്‍ത്തന്നെ നിങ്ങളുടെ ഉള്ളിലുണ്ട്. അതില്ലാതെ ആരും ഒരിക്കലും ജനിച്ചിട്ടില്ല. നിങ്ങള്‍ ആ ഏകത്വത്തെ എത്ര നിഷേധിച്ചാലും അതു തുടര്‍ച്ചയായി സ്വസാന്നിദ്ധ്യം പ്രഖ്യാപനം ചെയ്യുന്നു. മനുഷ്യസ്നേഹമെന്നുള്ളതെന്താണ്? അത്, ഏറെക്കുറെ ആ ഏകത്വത്തിന്റെ പ്രകടനമാണ്-‘എന്റെ ഓമനേ, എന്റെ മകനേ, എന്റെ ചങ്ങാതി’, എന്നിങ്ങനെ തത്ത്വമറിയാതെ ആ ഏകത്വത്തെ നിങ്ങള്‍ പ്രകടമാക്കുന്നു. ‘ഭര്‍ത്താവിനെ ഭര്‍ത്താവിനുവേണ്ടി ആരും സ്നേഹിച്ചിട്ടില്ല. ഭര്‍ത്താവിലുള്ള ആത്മാവിനുവേണ്ടിയാണ് സ്നേഹിച്ചിട്ടുള്ളത്.’ ഭാര്യ ഭര്‍ത്താവില്‍ ഏകത്വം കാണുന്നു. ഭര്‍ത്താവിന്നു ഭാര്യയുമായും ഏകത്വം തോന്നുന്നു-അയാള്‍ സഹജവാസനകൊണ്ട് അങ്ങനെ പറയുന്നെങ്കിലും ബോധപൂര്‍വ്വം വിവേകഫലമായി അതിന്റെ തത്ത്വം കാണുന്നില്ല.
പ്രപഞ്ചമാകെക്കൂടി ഏകസത്തയാണ്. മറ്റൊന്നും ഉണ്ടായിരിക്കാന്‍ വയ്യ. നാനാത്വത്തില്‍നിന്നു നാമെല്ലാം ആ സമഷ്ടിസത്തയിലേക്കു പൊയ്ക്കൊണ്ടിരിക്കയാണ്. കുടുംബങ്ങള്‍ ഗോത്രങ്ങളിലേക്കും ഗോത്രങ്ങള്‍ വര്‍ഗ്ഗങ്ങളിലേക്കും വര്‍ഗ്ഗങ്ങള്‍ രാഷ്ട്രങ്ങളിലേക്കും രാഷ്ട്രങ്ങള്‍ മനുഷ്യസമുദായത്തിലേക്കും ലയിക്കുവാനുള്ള പ്രയാണത്തില്‍ എത്ര മനസ്സുകളാണ് ഏകത്വത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നത്! ഇതെല്ലാം ജ്ഞാനമത്രേ. ഈ ഏകത്വസാക്ഷാല്‍കരണം.
ഏകത്വം ജ്ഞാനവും നാനാത്വം അജ്ഞാനവുമാണ്. ജ്ഞാനം നിങ്ങളുടെ ജന്മാവകാശം. അതു നിങ്ങള്‍ നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. ലോകത്തില്‍ പല മതങ്ങളുണ്ടായിട്ടില്ല. നാമെല്ലാവരും രക്ഷിക്കപ്പെടുമെന്നു തീര്‍ച്ച- നാം ഇച്ഛിച്ചാലും ഇല്ലെങ്കിലും ഒരു ദീര്‍ഘകാലത്തിന്റെ അന്ത്യത്തിലെങ്കിലും നാം മുക്താവസ്ഥയെ പ്രാപിക്കാതെ വയ്യ.എന്തെന്നാല്‍ സ്വാതന്ത്യ്രമാണ് നമ്മുടെ നൈസര്‍ഗ്ഗികഭാവം. ഇപ്പോള്‍ത്തന്നെ മുക്തരാണ്. നാം അതറിയുന്നില്ലെന്നുമാത്രം. നാം എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്നും നാം അറിയുന്നില്ല. എല്ലാ മതസമ്പ്രദായങ്ങളിലും ആദര്‍ശങ്ങളിലും ഉടനീളം കാണുന്നത് ഒരേ സദാചാരതത്ത്വമാണ്. ‘നിസ്സ്വാത്ഥരായിരിക്കുക, അന്യരെ സ്നേഹിക്കുക.’ എന്തെന്നാല്‍ അതു യഹോവയുടെ കല്‍പ്പനയാണെന്നൊരു കൂട്ടര്‍. അള്ളായുടേതാണെന്നു മുഹമ്മദ്, യേശുവിന്റേതാണെന്നു ക്രിസ്ത്യാനികള്‍. അതു യഹോവയുടെ കല്‍പ്പനമാത്രമായിരുന്നെങ്കില്‍, യഹോവയെപ്പറ്റി കേട്ടിട്ടേയില്ലാത്തവരുടെ ഇടയില്‍ അതെങ്ങനെ വന്നു? ക്രിസ്തുവിന്റെതുമാത്രമാണെങ്കില്‍, യേശുവിനെ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തവര്‍ക്ക് അതെങ്ങനെ കിട്ടി? അതു വിഷ്ണുവിന്റേതുമാത്രമാണെങ്കില്‍, ആ മാന്യപുരുഷോത്തമനെ പരിചയമില്ലാത്ത യഹൂദന്മാര്‍ക്ക് അതെങ്ങനെ കിട്ടി? അപ്പോള്‍ ഇവരെക്കാളെല്ലാം മഹിമയേറിയ ഒരുല്‍പ്പത്തിസ്ഥാനമുണ്ട്. അതെവിടെ? ഈശ്വരന്റെ നിത്യധാമത്തില്‍-അതിനീചതമം മുതല്‍ അത്യുച്ചതമം വരെയുള്ള സമസ്തജീവജാലങ്ങളുടെയും അന്തരംഗത്തില്‍ അപാരമായ നിസ്സ്വാര്‍ത്ഥത, അളവറ്റ ത്യാഗം, ഏകത്വത്തിലേക്ക് മടങ്ങാനുള്ള നിസ്സീമമായ ആവേശം ഇതെല്ലാം അവിടെതന്നെയുണ്ട്.
നമ്മുടെ അജ്ഞാനം നിമിത്തം നാം വിഭക്തരും പരിച്ഛിന്നരുമെന്നതുപോലെ കാണപ്പെടുന്നു. നാം നിസ്സാരരായ ശ്രീമതിമാരും ശ്രീമാന്മാരുമായതുപോലിരിക്കുന്നു. എന്നാല്‍ ഇതൊരു വ്യാമോഹമാണെന്നു പ്രകൃതി മുഴുവന്‍ നിമിഷംപ്രതി തെളിയിച്ചുതരുന്നുണ്ട്. ഞാന്‍ മറ്റെല്ലാവരിലും നിന്നു വിച്ഛേദിക്കപ്പെട്ട ഒരു പുരുഷനോ സ്ത്രീയോ അല്ല. ആ ഏകസമഷ്ടിസത്തതന്നെയാണ്. ആത്മാവ് ഓരോ നിമിഷവും സ്വമഹിമയോടെ ഉയര്‍ന്നുവന്ന് അതിന്റെ നൈസര്‍ഗ്ഗികമായ ദിവ്യത്വത്തെ പ്രഖ്യാപനം ചെയ്യുന്നു.
ഈ വേദാന്തം എല്ലായിടത്തുമുണ്ട്. നിങ്ങള്‍ അതിനെക്കുറിച്ചു ബോധവാന്മാരാകണമെന്നുമാത്രം. മൂഢവും അന്ധവുമായ ഈ വിശ്വാസക്കൂമ്പാരം നമ്മുടെ മുന്നോട്ടുള്ള ഗതിയെ തടയുന്നു. സാധിക്കുമെങ്കില്‍ അതെല്ലാം വലിച്ചെറിഞ്ഞിട്ട്, ഈശ്വരന്‍ ചൈതന്യസ്വരൂപനാണെന്നും അവിടുത്തെ സത്യസ്വരൂപനായും ചൈതന്യസ്വരൂപനായും ആരാധിക്കേണ്ടതാണെന്നും മനസ്സിലാക്കുക. മേലിലെങ്കിലും ഭൌതികാരാധകരാകാതിരിക്കാന്‍ ശ്രമിക്കുക! ജഡത്തെ സമ്പൂര്‍ണ്ണം പരിത്യജിക്കുക. ഈശ്വരനെപ്പറ്റിയുള്ള സങ്കല്‍പ്പം ശരിക്കും ആദ്ധ്യാത്മികമാകണം. ഏറെക്കുറെ ഭൌതികതാംശം കലര്‍ന്നിട്ടുള്ള എല്ലാ ഈശ്വരസങ്കല്‍പ്പങ്ങളും പോകണം. മനുഷ്യന്‍ കൂടുതല്‍ ആത്മനിഷ്ഠനാകുന്നതോടൊപ്പം ഈമാതിരി ആശയങ്ങളെയെല്ലാം തളളിക്കളയണം. ഓരോ രാജ്യത്തും ഭൌതികത്വത്തെ നിശ്ശേഷം വെടിഞ്ഞ്, പ്രകാശമാനമായ ചൈതന്യത്തില്‍ ഉറച്ചുനിന്ന്, ചൈതന്യത്തെ ചൈതന്യംകൊണ്ടാരാധിക്കത്തക്ക ആത്മവീര്യമുള്ള കുറെപ്പേര്‍ എല്ലായ്പോഴും ഉണ്ടായിട്ടുണ്ട്.
വേദാന്തം-എല്ലാം ഏകവും ചൈതന്യാത്മകവുമാണെന്നുള്ള ബോധപൂര്‍വ്വമായ ജ്ഞാനം-വ്യാപിക്കുന്നപക്ഷം, മനുഷ്യസമുദായം ആദ്ധ്യാത്മികമാകും. പക്ഷേ അതിനു സാധ്യതയുണ്ടോ? എനിക്കറിഞ്ഞുകൂടാ. ഏതായാലും ആയിരത്താണ്ടുകള്‍ക്കകം അതുണ്ടാകാനിടയില്ല. പഴയ അന്ധവിശ്വാസങ്ങള്‍ രംഗം വിടണം. നിങ്ങളെല്ലാം അവരവരുടെ അന്ധവിശ്വാസങ്ങളെ എങ്ങനെ നിലനിര്‍ത്തിക്കൊണ്ടു പോകാം എന്നതില്‍ തല്‍പരരാണ്. പിന്നെ, കുടുംബസോദരന്‍, സ്വജാതിസോദരന്‍, സ്വദേശീയസോദരന്‍ എന്നീ ഭാവനകളാണ്. ഇതെല്ലാം വേദാന്താനുഭൂതിക്കു തടസ്സങ്ങളാണ്. മതം യഥാര്‍ത്ഥമതമായിരുന്നിട്ടുള്ളതു വളരെക്കുറച്ചുപേര്‍ക്കുമാത്രം.
ലോകത്തെവിടെയും മതമഹാക്ഷേത്രത്തില്‍ കൈങ്കര്യമനുഷ്ഠിച്ചിരുന്നവരില്‍ ഭൂരിഭാഗവും ‘യഥാര്‍ത്ഥ’ത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകരായിരുന്നു. അതാണ് മനുഷ്യസമുദായചരിത്രം. അവര്‍ വിട്ടുവീഴ്ചകൂടാതെ സത്യത്തിനൊത്തു ജീവിക്കുവാന്‍ ചുരുക്കമായിട്ടേ യത്നിച്ചിട്ടുള്ളൂ. സമുദായമെന്നു പറയുന്ന ഈശ്വരനെയാണ് അവര്‍ സദാ ആരാധിച്ചുപോന്നത്. സാമാന്യജനത്തിന്റെ വിശ്വാസങ്ങളെ-അവരുടെ അന്ധവിശ്വാസങ്ങളേയും ദൌര്‍ബ്ബല്യങ്ങളേയും-താങ്ങിനിര്‍ത്തുന്നതിലാണ് അവര്‍ ഏറിയകൂറും തല്‍പ്പരരായിരുന്നത്. അവര്‍ പ്രകൃതിയെ ജയിക്കാന്‍ ശ്രമിക്കുന്നില്ല. മറിച്ചു പ്രകൃതിയോട് പൊരുത്തപ്പെട്ടുപോകാന്‍ ശ്രമിക്കുന്നു. മറ്റൊന്നുമല്ല ചെയ്യുന്നത്. നിങ്ങള്‍ ഭാരതത്തില്‍ ചെന്ന് പുതിയൊരു മതവിശ്വാസം പ്രചരിപ്പിക്കാന്‍ നോക്കുക-അവരതു ശ്രദ്ധിക്കില്ല. എന്നാല്‍, അതുവേദത്തിലുള്ളതാണെന്നു പറഞ്ഞാല്‍, അവര്‍ പറയും: ‘കൊള്ളാം.’ ഇവിടെ ഈ സിദ്ധാന്തം, ഈ വേദാന്തമതം,. പ്രസംഗിക്കാന്‍ എനിക്കു സ്വാതന്ത്യ്രമുണ്ടെന്നതു ശരി. പക്ഷേ, നിങ്ങളില്‍ എത്രപേര്‍ ഇതിനെ സഗൌരവം കൈക്കൊള്ളുന്നു? എന്നാല്‍ സത്യമെല്ലാം ഇവിടെയാണ്; എനിക്കു നിങ്ങളോടു പറയേണ്ടിയുമിരിക്കുന്നു.
പ്രശ്നത്തിന്റെ മറ്റൊരുവശമുണ്ട്. പരമോച്ചമായ ശുദ്ധസത്യത്തെ എല്ലാവര്‍ക്കും പെട്ടെന്നങ്ങ് അനുഭവപ്പെടുത്താന്‍വയ്യെന്നും, പൂജാപ്രാര്‍ത്ഥനാദി അനേകം മതാനുഷ്ഠാനങ്ങളിലൂടെ വേണം മനുഷ്യരെ പടിപടിയായി അതിലേക്കു നയിക്കാനെന്നും എല്ലാവരും പറയുന്നു. അതാണ് ശരിയായ മാര്‍ഗ്ഗമെന്നോ അല്ലെന്നോ എനിക്കു നിശ്ചയമില്ല. ഭാരതത്തില്‍ ഞാന്‍ ഈ രണ്ടു മാര്‍ഗ്ഗത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്.
കല്‍ക്കത്തയില്‍ എനിക്ക് എല്ലാത്തരം വിഗ്രഹങ്ങളും ക്ഷേത്രങ്ങളുമുണ്ട്-ഈശ്വരന്റെയും വേദങ്ങളുടെയും ക്രിസ്തുവിന്റെയും ബൈബിളിന്റെയും ബുദ്ധന്റെയും മറ്റും പേരിലുള്ളതെല്ലാം. അതും പരീക്ഷിക്കട്ടെ. എന്നാല്‍ ഹിമാലയസാനുവില്‍ എനിക്കൊരു സ്ഥലമുണ്ട്. അവിടെ ശുദ്ധസത്യമല്ലാതെ മറ്റൊന്നും പ്രവേശിപ്പിക്കില്ലെന്നു ഞാനുറച്ചിരിക്കയാണ്. നിങ്ങളുടെ മുമ്പില്‍ ഇന്നു പ്രതിപാദിച്ച ആശയങ്ങളെ അവിടെ പരീക്ഷിച്ചുനോക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഇപ്പോള്‍ അതിന്റെ ചുമതല വഹിക്കുന്നത് ഒരിംഗ്ളീഷുകാരനും ഒരിഗ്ളീഷുകാരിയുമാണ്. ജിജ്ഞാസുക്കള്‍ക്കു സത്യാന്വേഷണത്തില്‍ പരിശീലനം നല്‍കുകയും കുട്ടികളെ അന്ധവിശ്വാസവും ഭയവും ബാധിക്കാതെ വളര്‍ത്തിക്കൊണ്ടുവരികയുമാണുദ്ദേശം. അവര്‍ ക്രിസ്തുമാരെയോ ബുദ്ധന്മാരെയോ, ശിവന്മാരെയോ വിഷ്ണുമാരെയോ കുറിച്ച്-ഇത്തരം യാതൊന്നിനെയും കുറിച്ച്-കേള്‍ക്കാനോ ഇടയാക്കില്ല. തുടക്കം മുതല്‍ക്കേ അവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കുന്നു. ഈശ്വരന്‍ചൈതന്യസ്വരൂപനാണെന്നും ചൈതന്യമായിട്ടുതന്നെ യഥാര്‍ത്ഥരൂപത്തില്‍ ആരാധിക്കപ്പെടേണ്ടതാണെന്നും ശൈശവം മുതല്‍ക്കേ അവര്‍ പഠിക്കും. എല്ലാവരേയും ചൈതന്യമായിട്ടുതന്നെ കാണണം-അതാണാദര്‍ശം. ഈ പരീക്ഷണം എത്രത്തോളം വിജയിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. ഞാന്‍ ഇന്നു പ്രസംഗിക്കുന്നത് എനിക്കു പ്രിയമുള്ള ആശയങ്ങളാണ്. തികച്ചും ഈദൃശമായ ആശയങ്ങള്‍ ഊട്ടി ദ്വൈതപരമായ അന്ധവിശ്വാസജാലങ്ങളില്ലാതെ എന്നെ വളര്‍ത്തിയിരുന്നെങ്കില്‍!
ദ്വൈതമാര്‍ഗ്ഗത്തില്‍ കുറെ നന്മയുണ്ടെന്നു ഞാന്‍ ചിലപ്പോള്‍ സമ്മതിക്കുന്നു. അതു ദുര്‍ബ്ബലരായ അനേകരെ സഹായിക്കുന്നു. ഒരാളെ ധ്രുവനക്ഷത്രം കാണിക്കണമെങ്കില്‍, ആദ്യം അതിന്നടുത്തു പ്രകാശിക്കുന്ന ഒരു നക്ഷത്രത്തെ കാണിക്കുന്നു. പിന്നീട് അതിലും പ്രകാശക്കുറവുള്ള ഒന്ന്, അനന്തരം മങ്ങിയ മറ്റൊന്ന്, ഒടുവില്‍ ധ്രുവനക്ഷത്രം. ഈ രീതി ധ്രുവനക്ഷത്രദര്‍ശനത്തില്‍ പ്രയാസം കുറയ്ക്കുന്നു. അനേകതരം അനുഷ്ഠാനങ്ങള്‍, പരിശീലനങ്ങള്‍,മതഗ്രന്ഥങ്ങള്‍, ഈശ്വരന്മാര്‍ ഇതെല്ലാം മതത്തിന്റെ പ്രാരംഭാഭ്യാസങ്ങള്‍, ബാലപാഠങ്ങള്‍മാത്രം.
വീണ്ടും പ്രശ്നത്തിന്റെ മറുവശത്തെക്കുറിച്ച് ആലോചിക്കുകയാണ്. ഈ മന്ദഗതി തുടര്‍ന്നാല്‍, സത്യത്തിലെത്താന്‍ ലോകര്‍ എത്രകാലം കാത്തിരിക്കേണ്ടിവരും? എത്രകാലം? അതില്‍നിന്നു പറയത്തക്ക വിജയമുണ്ടാകുമെന്നതിന് എന്താണുറപ്പ്? ഇതേവരെ അതുണ്ടായിട്ടില്ല. മന്ദതരമോ ദ്രുതമോ ബലഹീര്‍ക്ക് എളുപ്പമുള്ളതോ എളുപ്പമില്ലാത്തതോ-അതൊക്കെ എങ്ങനെയായാലും ശരി, ഈ ദ്വൈതമാര്‍ഗ്ഗം അസത്യത്തില്‍ അധിഷ്ഠിതമല്ലേ? ഇപ്പോള്‍ പ്രചാരത്തിലുള്ള മതാചരണങ്ങളെല്ലാം പ്രായേണ മനുഷ്യഹൃദയത്തെ ദുര്‍ബ്ബലമാക്കുന്നതും അക്കാരണത്താല്‍ തെറ്റുമല്ലേ? അവ തെറ്റായ ആശയത്തെ, മനുഷ്യനെക്കുറിച്ചുള്ള തെറ്റായ ഒരു വീക്ഷണത്തെ, ആസ്പദമാക്കിയുള്ളതാണ്. രണ്ടു തെറ്റുകള്‍ കൂടിയാല്‍ ഒരു ശരിയുണ്ടാകുമോ? അസത്യം സത്യമാകുമോ? ഇരുട്ടു വെളിച്ചമാകുമോ?
ഞാന്‍ അന്തരിച്ചുപോയ ഒരു മനുഷ്യന്റെ ദാസനാണ്. അവിടുത്തെ സന്ദേശവാഹകന്‍മാത്രം. എനിക്ക് ഈ വേദാന്താശയങ്ങള്‍ പരീക്ഷിക്കണമെന്നുണ്ട്. ഞാന്‍ നിങ്ങളോടു പറഞ്ഞ ഈ ആശയങ്ങള്‍, ഇതിനുമുമ്പു കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. വേദാന്തം ലോകത്തിലെ അതിപുരാതനമായ തത്ത്വദര്‍ശനമാണെങ്കിലും അത് എക്കാലത്തും അന്ധവിശ്വാസങ്ങളോടും മറ്റു പലതിനോടും കൂടിക്കലര്‍ന്നാണിരുന്നിട്ടുള്ളത്.
‘ഞാനും എന്റെ പിതാവും ഒന്നാണ്’ എന്ന് ക്രിസ്തു പറഞ്ഞു. നിങ്ങള്‍ അതുരുവിടുകയും ചെയ്യുന്നു. എന്നിട്ടും അതു മനുഷ്യസമുദായത്തെ നന്നാക്കിയിട്ടില്ല. പത്തൊമ്പതു നൂറ്റാണ്ടായിട്ടും മനുഷ്യന്‍ ആ വചനത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയിട്ടില്ല. അവര്‍ ക്രിസ്തുവിനെ മനുഷ്യരുടെ രക്ഷിതാവാക്കി നിര്‍ത്തിയിരിക്കുന്നു. അവിടുന്ന് ഈശ്വരനും നമ്മളെല്ലാം പുഴുക്കളും. ഇതുപോലെ ഭാരതത്തിലും മറ്റെല്ലാ രാജ്യത്തും മതത്തിന്റെ നട്ടെല്ല് ഈവക വിശ്വാസങ്ങളാണ്. ആയിരത്താണ്ടുകളായി ലോകത്താകെയുള്ള കോടിക്കണക്കിനാളുകളെ ഈശ്വരന്‍, ഈശ്വരാവതാരങ്ങള്‍, സന്ത്രാതാക്കള്‍, പ്രവാചകന്മാര്‍ എന്നിങ്ങനെയുള്ളവരെ ആരാധിക്കാന്‍ പഠിപ്പിച്ചിരിക്കയാണ്. അവര്‍ നിസ്സഹായരും നികൃഷ്ടരുമാണെന്നും, മോക്ഷത്തിനും രക്ഷയ്ക്കും വേണ്ടി മറ്റു ചിലരുടെ കാരുണ്യത്തെ ആശ്രയിക്കേണ്ടതാണെന്നും അവരെ പഠിപ്പിച്ചുപോന്നു. അത്ഭുതഗുണങ്ങളുള്ള ചിലതെല്ലാം ഇത്തരം വിശ്വാസങ്ങളില്‍ ഉണ്ടെന്നുള്ളതില്‍ സംശയമില്ല. എന്നാല്‍, അവയുടെ ഉത്തമരൂപങ്ങളില്‍പ്പോലും അവ മതത്തിന്റെ ബാലപാഠങ്ങള്‍മാത്രം. അവയില്‍നിന്നുണ്ടായിട്ടുള്ള സഹായവും വളരെ തുച്ഛം. മനുഷ്യരില്‍ ഇപ്പോഴും ദയനീയമായ അധഃസ്ഥിതിബോധം മയക്കുവിദ്യയാലെന്നവണ്ണം ആവേശിച്ചുവരികയാണ്. ഏതായാലും ഈ വ്യാമോഹങ്ങളെ അതിക്രമിക്കാറുള്ള ചില ധീരാത്മാക്കളുണ്ട്. മതത്തിന്റെ ഈ ബാലപാഠങ്ങളെല്ലാം തള്ളി, ചൈതന്യം ചൈതന്യത്തെ ആരാധിക്കുന്ന രൂപത്തിലുള്ള യഥാര്‍ത്ഥമതത്തെ സ്വജീവിതംകൊണ്ടു വിശദമായും ശക്തിമത്തായും പ്രകാശിപ്പിക്കുവാന്‍ കെല്‍പ്പുള്ള മഹാത്മാക്കള്‍ ഉണ്ടാകുന്ന കാലം അടുത്തുതന്നെവരും...sreyas

No comments:

Post a Comment