Saturday, April 21, 2018

ആദൗ ച മധ്യേ ച തഥൈവ ചാന്തതോ 
ഭവം വിദിത്വാ ഭയശോകകാരണം 
ഹിത്വാ സമസ്തം വിധിവാദചോദിതം
ഭജേല്‍ സ്വമാത്മാനമഥാഖിലാത്മനാം. (53)
സംസാരം ആദിയിലും മധ്യത്തിലും അന്ത്യത്തിലും ഭയദുഃഖങ്ങള്‍ക്കും കാരണമാണ് എന്നറിഞ്ഞിട്ട് കര്‍മ്മകാണ്ഡത്തില്‍ പറയുന്ന എല്ലാവിധികളെയും ഉപേക്ഷിക്കണം. എന്നിട്ട് സമസ്തദേഹികളുടേയും ആത്മാവായിരിക്കുന്ന എന്നെത്തന്നെ ഭജിക്കുക.
കുറിപ്പ്- ജനനം മുതല്‍ സംസാരം ദുഃഖപ്രദമാണ്. വളരെയധികം പീഡകള്‍ അനുഭവിക്കണം. ആദ്യത്തില്‍ മാത്രമല്ല മധ്യത്തിലും അന്ത്യത്തിലും സംസാരം ദുഃഖമയംതന്നെ. കര്‍മ്മകാണ്ഡത്തെ ഉപേക്ഷിച്ചാല്‍ പിന്നെ സംസാരമില്ല. എങ്ങും നിറഞ്ഞിരിക്കുന്നവനും തന്നിലും സമസ്ത ദേഹികളുടെയും ഉള്ളിലിരിക്കുന്നവനുമായ ആത്മാവിനെ സദാ ഭജിച്ചുകൊണ്ടിരിക്കുക. അപ്പോള്‍ താന്‍ ആത്മാവാണ് എന്ന ആത്മാനുഭവം ഉണ്ടാകും. 
ആത്മന്യഭേദേന വിഭാവയന്നിദം
ഭവത്യഭേദേന മയാത്മനാ തദാ
യഥാ ജലം വാരിനിധൗ തഥാ പയഃ 
ക്ഷീരേ വിയദ്വോമ്‌ന്യനിലേ യഥാനിലഃ.        54
സമുദ്രത്തില്‍ ജലവും, പാലില്‍ പാലും, ആകാശത്തില്‍ ആകാശവും, വായുവില്‍ വായുവും ചേര്‍ന്നിരിക്കുന്നതിനെ വേര്‍തിരിച്ചു കാണാന്‍ കഴിയില്ല. അതുപോലെ ആത്മാവ് എന്നില്‍ നിന്ന് വേറിട്ടിരിക്കുന്നതല്ല എന്നറിഞ്ഞാല്‍ എല്ലാം ഞാന്‍ തന്നെയായിത്തീരുന്നു. 
കുറിപ്പ്- സമുദ്രത്തില്‍ നിന്നും ജലത്തെ വേര്‍തിരിച്ചു കാണാന്‍ കഴിയുന്നില്ല. കാരണം ജലംതന്നെ സമുദ്രം. പാലില്‍ നിന്നും പാലിനെ എങ്ങനെ വേര്‍തിരിക്കാന്‍ പറ്റും? പാല്‍ എന്ന വസ്തു ഒന്നേയുള്ളു. ആകാശത്തോടു ചേര്‍ന്നിരിക്കുന്ന വായുവിനെ വേര്‍പിരിക്കാന്‍ സാധിക്കുകയില്ല. അതുപോലെ ആത്മാവ് തന്നില്‍ നിന്നും വേറിട്ടതല്ല എന്നറിയണം. അപ്പോള്‍ താന്‍ ആത്മാവുതന്നെയാകുന്നു. ആനന്ദാശ്രമത്തിന്റെ തിരുവനന്തപുരം തിരുമല ശാഖാ മഠാധിപതിയാണ് ലേഖകന്‍  8111938329.

No comments:

Post a Comment