Friday, April 20, 2018

ഭാരതത്തിന്റെ തെക്കേയറ്റത്ത് കിടക്കുന്ന കേരളത്തില്‍ അറബിക്കടലെന്ന മഹാസമുദ്രത്തിലേക്കൊഴുകിയെത്തുന്ന പെരിയാറിന്റെ തീരത്തുള്ള കൊച്ചുഗ്രാമമാണ് കാലടി. അവിടെ ജീവിച്ചിരുന്ന വിദ്യാധിരാജനായ ശിവഗുരുവിന്റേയും  ആര്യാംബയുടേയും  ദീര്‍ഘകാലത്തെ പ്രാര്‍ത്ഥനയുടേയും ഭജനയുടേയും ഫലമായാണ് ഒരു വൈശാഖ ശുക്ലപഞ്ചമിയില്‍ കൈപ്പിള്ളിത്തറവാട്ടിലെ ഉണ്ണിയായി കുഞ്ഞുശങ്കരന്‍ പിറക്കുന്നത്. നന്നേ ചെറുപ്പത്തില്‍ തന്നെ പിതാവ് നഷ്ടപ്പെട്ട ശങ്കരന്‍ വളര്‍ന്നത് ആര്യാംബയുടെ സംരക്ഷണത്തിലായിരുന്നുവെന്നാണ് ജീവചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നത്.
വിദ്യാഭ്യാസത്തിനുള്ള കാലമായപ്പോഴേക്കും അമ്മയുടെ അനുഗ്രഹത്തോടെ കാലടിയില്‍ നിന്നും കാല്‍നടയായി  പരിവ്രാജകഭാവത്തില്‍ ഗുരുവിനെത്തേടിയുള്ള യാത്രയാരംഭിച്ചു.   ഇന്നത്തെ ഗുജറാത്തിലെ നര്‍മദാനദീ തീരത്തുള്ള ഗുഹയില്‍ വസിച്ചിരുന്ന ഗൗഡപാദശിഷ്യനായ ഗോവിന്ദഭഗവദ്പാദാചാര്യ കാലടിയില്‍ എത്തുന്നതോടെയാണ് ഈ യാത്ര അവസാനിച്ചത്.  അനുപമമായ ജ്ഞാനദീപ്തിയും യോഗസിദ്ധിയുമുള്ള ഗോവിന്ദഭഗവദ്പാദര്‍  വ്യാകരണമഹാഭാഷ്യത്തിന്റെയും യോഗസൂത്രത്തിന്റേയും കര്‍ത്താവായ മഹര്‍ഷി പതഞ്ജലി തന്നെയാണെന്നൊരു വിശ്വാസമുണ്ട്. പതഞ്ജലിയെയാവട്ടെ സാക്ഷാല്‍ ആദിശേഷന്റെ അവതാരമായാണ് കണക്കാക്കുന്നത്. ശങ്കരനെ ശ്രീശങ്കരാചാര്യരായി മാറ്റിയെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഗോവിന്ദഭഗവദ്പാദരെ അങ്ങേയറ്റം ആദരവോടെയാണ് വിവേകചൂഡാമണിയിലും സര്‍വ്വവേദാന്തസിദ്ധാന്തസാരസംഗ്രഹത്തിലും ആചാര്യസ്വാമികള്‍ വാഴ്ത്തുന്നത്.
സര്‍വ്വവേദാന്തസിദ്ധാന്തഗോചരം തമഗോചരം
ഗോവിന്ദം പരമാനന്ദം സദ്ഗുരും പ്രണതോസ്മ്യഹം
 (വിവേകചൂഡാമണി)
ഗുരുവിനെ  സാഷ്ടാംഗം നമസ്‌കരിച്ച ശിഷ്യനോട് 'ആര് നീ' എന്നന്വേഷിച്ചപ്പോള്‍, 'ഞാന്‍ വായുവല്ല, ആകാശമല്ല, പൃഥ്വിയല്ല, ജലമല്ല ഇവയുടെ സമ്മിശ്രവുമല്ല. സുഷുപ്തിയില്‍ മാത്രം അനുഭവിക്കാന്‍ കഴിയുന്ന അദ്വിതീയവും സകലചരാചരങ്ങളിലും ഒന്നുപോലെ പ്രകാശിക്കുന്നതുമായ സ്വരൂപമാണെ'ന്ന മറുപടിയില്‍   സന്തുഷ്ടനായി ഗുരു. പിന്നീട് വേദവേദാന്തങ്ങള്‍ ഓരോന്നും ആചാര്യനില്‍ നിന്നും പഠിച്ചു. ഗുരുവിന്റെ നിര്‍ദേശാനുസാരം തുടര്‍ന്ന് കാശിയില്‍ എത്തി. ഉപനിഷത്തുക്കള്‍, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവയടങ്ങുന്ന പ്രസ്ഥാനത്രയത്തിന്  സരളാദ്വയഭാഷ്യം രചിച്ചു. വൈവിധ്യവും വൈചിത്ര്യവുമാര്‍ന്ന് പരിലസിക്കുന്ന പുറമേയുള്ള  വിഷയപ്രപഞ്ചത്തിനേയും അകമേ ചിന്തയുടെ തലത്തില്‍ പ്രതീതമാകുന്ന ആശയലോകത്തിനേയും നാമനുഭവിച്ചുപോരുന്നതാണ്. ഇങ്ങനെ ഇരു പിരിവായി വിടര്‍ന്ന് നില്‍ക്കുന്ന പ്രപഞ്ചത്തിന് ആദികാരണമായ സച്ചിദാനന്ദം തന്നെയാണ് ഊഴിയില്‍ ചെറിയവരായ ഓരോരുത്തരുമെന്ന് അനുഭവിപ്പിക്കാനായിരുന്നു ഭാഷ്യങ്ങളും സ്‌തോത്രങ്ങളും, ഉപദേശകൃതികളും പ്രകരണഗ്രന്ഥങ്ങളും ആചാര്യസ്വാമികള്‍ രചിച്ചത്. ഭക്തിയും അറിവും ധര്‍മ്മബോധവും, കാരുണ്യവും, പരോപകാരവുമുള്ള സമൂഹം വളര്‍ന്നുവരുന്നതിനായിരുന്നു ഇവയോരോന്നും എഴുതിയത്.
മോക്ഷകാരണസാമഗ്രികളില്‍ അത്യുത്തമമാണ് ഭക്തി. ആത്മബോധം നിരന്തരം ദൃഢമാകുന്നതിന്  സഹായിക്കുന്ന ഭക്തിയുടെ ഭാഗമായാണ് ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത്. അവിടെ കൂടിയിരിക്കുന്ന ദേവീദേവന്മാര്‍ ഓരോരുത്തരും ബ്രഹ്മപ്രതീകങ്ങളാണ്. ശിവാനന്ദലഹരി, സൗന്ദര്യലഹരി,  ശ്രീനാരായണസ്‌തോത്രം, ലിംഗാഷ്ടകം, യമുനാഷ്ടകം, മണികര്‍ണികാഷ്ടകം തുടങ്ങിയ സ്‌തോത്രങ്ങളിലെല്ലാം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വിഷ്ണുസഹസ്രനാമസ്‌തോത്രവ്യാഖ്യാനം ഇക്കാര്യം വിസ്തരിച്ച് പ്രതിപാദിക്കുന്നുണ്ട്.
നാരായണോ ളഹം നരകാന്തകോ ളഹം
പുരാന്തകോളഹം പുരുഷോ ളഹമീശഃ
അഖണ്ഡബോധോളഹമശേഷ സാക്ഷീ
നിരീശ്വരോ ളഹം നിരഹം ച നിര്‍മ്മമഃ
നാരായണനും, നരകാന്തകനും, പുരാന്തകനും, പുരുഷോത്തമനും, ഈശ്വരനും, അഖണ്ഡബോധവും എല്ലാറ്റിനും സാക്ഷിയും നിരീശ്വരനുമാണ് ഞാന്‍. അഹങ്കാരവും മമത്വവും എനിക്കില്ല. ഇപ്രകാരമുള്ള പ്രപഞ്ചബോധത്തിലേക്ക് വ്യക്തിയെ ഉയര്‍ത്തുകയാണ് ഭക്തിയുടെ ലക്ഷ്യം.
എന്നാല്‍ ഭക്തിയുടേയും ആചാരാനുഷ്ഠാനങ്ങളുടേയും പേരില്‍ നടമാടിയിരുന്ന ദുരാചാരങ്ങള്‍ നരബലിയിലേക്കും മറ്റു ദുരിതങ്ങളിലേക്കും നീങ്ങിയപ്പോഴാണ് ഇവയുടെ അര്‍ത്ഥശൂന്യതയ്‌ക്കെതിരെ ആചാര്യന്‍ പ്രവര്‍ത്തിച്ചത്. ഷണ്മതസ്ഥാപനം, ദശനാമി സമ്പ്രദായം, മഠങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചത് ഇതിന്റെ ഭാഗമാണ്. ആകാശത്തുനിന്നും മഴയായി വര്‍ഷിക്കുന്ന തുള്ളികളോരോന്നും ചേര്‍ന്ന് സമുദ്രത്തിലേക്ക് എത്തിച്ചേരുന്നതുപോലെ ഏത് ദേവീദേവന്മാരെ ആരാധിച്ചാലും എത്തിച്ചേരുന്ന ആത്മീയാനുഭവം ഒന്നാണെന്ന് ബോധിപ്പിക്കാനായിരുന്നു 'ഷണ്മതസ്ഥാപന'ത്തിലൂടെ നിര്‍വ്വഹിച്ചത്. ആരാധനാമൂര്‍ത്തികളുടെ ഭേദചിന്തകളും ഭക്തിയുടെ പേരില്‍ കാട്ടിക്കൂട്ടുന്ന ആര്‍ഭാടവും അനാചാരങ്ങളും ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്നതിന് കാരണം ആചാര്യോപദേശം പാലിക്കാന്‍ തയ്യാറാകാത്ത 'മൂഢമതികള്‍' പെരുകിയതാണ്. ഭക്തിയെന്ന ശബ്ദത്തിന്റെ അര്‍ത്ഥം പങ്കുവെയ്ക്കലും സേവിക്കലുമാണ് (ഭജ് സേവായാം). മനുഷ്യനായി പിറവിയെടുത്തവര്‍ ആരെയൊക്കെ സേവിക്കണം? എന്ത്? ആരോടൊക്കെ? എങ്ങനെയൊക്കെ? പങ്കുവെയ്ക്കണമെന്ന് വിസ്തരിച്ചു പറയാനാണ് ശങ്കരാചാര്യസ്വാമികള്‍ കൃതികളിലൂടെ ശ്രമിച്ചത്. 
ഭജഗോവിന്ദമെന്ന വാക്യത്തിന്റെ അര്‍ത്ഥം 'വിഷ്ണുസഹസ്രനാമഭാഷ്യത്തില്‍' വിസ്തരിച്ചുകൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്,
1.ഗാം വിന്ദതി ഇതി ഗോവിന്ദഃ: ഭൂമിയെ കണ്ടവന്‍, അറിയുന്നവന്‍ അതായത് യാതൊരധിഷ്ഠാനത്തിലാണോ പ്രപഞ്ചലീല നടന്നുകൊണ്ടിരിക്കുന്നത്, ആ പരമസത്യത്തെ, ബ്രഹ്മത്തെ സാക്ഷാത്കരിച്ചവന്‍ ബ്രഹ്മത്തെ അറിഞ്ഞവന്‍ ബ്രഹ്മംതന്നെ. 'ബ്രഹ്മവിത് ബ്രഹ്മൈവ' എന്ന് പ്രമാണം.
2.ഗവാം ഇന്ദ്രഃ ഗോവിന്ദഃ- ഗോക്കളുടെ നേതാവ് ഗോകുലത്തിലെ ശ്യാമസുന്ദരനായ ഗോപബാലന്‍ എന്ന സ്ഥൂലാര്‍ത്ഥം മാത്രം എടുത്താല്‍ പോര. സര്‍വ്വരുടേയും ഉള്ളില്‍ വര്‍ത്തിച്ചുകൊണ്ട് ബഹുവിധങ്ങളായ മൃഗീയവാസനകളെ നിയന്ത്രിക്കുന്ന ജീവ ചൈതന്യം സര്‍വ്വഭൂതാന്തരാത്മാവ് എന്നര്‍ത്ഥം.
3.ഗൗര്‍ വാണി താം വിന്ദയതേ :- ഗൗ ശബ്ദത്തിന് വാക്ക് എന്നര്‍ത്ഥം, അതിനെ പ്രദാനം ചെയ്യുന്നവന്‍. വാക്കുച്ചരിക്കാന്‍, ആശയവിനിമയം ചെയ്യാന്‍, ശബ്ദിക്കാന്‍ ജീവികള്‍ക്ക് ശക്തി നല്‍കുന്നവന്‍. യാതൊന്നിന്റെ അനുഗ്രഹത്താലാണോ ജീവികള്‍ക്ക് ശബ്ദിക്കാന്‍ നായയ്ക്ക് കുരയ്ക്കാനും, സിംഹത്തിന് ഗര്‍ജ്ജിക്കാനും, മനുഷ്യന് സംസാരിക്കാനും കഴിയുന്നത് ആ പരമചൈതന്യം എന്നര്‍ത്ഥം. 
4.ഗോഭിര്‍വാണിഭിര്‍വിന്ദതേ വേത്തി വേദാന്തവാകൈ്യരിതി ഗോവിന്ദഃ- ഉപനിഷത്തുക്കളിലൂടെ  മഹാവാക്യങ്ങളുടെ സഹായത്താല്‍ അറിയപ്പെടേണ്ടവന്‍, ശ്രുതിവാക്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പരംപൊരുള്‍ ബ്രഹ്മം എന്നര്‍ത്ഥം.
നമ്മുടെ സമസ്തജീവജാലങ്ങളുടേയും നിലനില്‍പ്പിനും നിരന്തരാനുഭവങ്ങള്‍ക്കും ആധാരമായി, നശ്വരജഗത്തിന്നാശ്രയമായി വര്‍ത്തിക്കുന്ന ശാശ്വതസത്യത്തെയാണ് ഗോവിന്ദശബ്ദം സൂചിപ്പിക്കുന്നതെന്ന് ചുരുക്കം. ഇങ്ങനെ നിത്യജീവിതത്തിലുപയോഗിക്കുന്ന ഒട്ടനവധി ശബ്ദങ്ങളുടെ അര്‍ത്ഥാന്തരങ്ങള്‍ കണ്ടെത്താന്‍ ഉതകുന്നതാണ് ശങ്കരവാണി. ഇക്കാര്യങ്ങള്‍ തെറ്റിദ്ധരിച്ചും നശിപ്പിച്ചും സമൂഹത്തെ അസ്വസ്ഥതയുള്ളതാക്കി മാറ്റുന്നതാണ് ഇന്ന് നാം കാണുന്നത്..janmabumi

No comments:

Post a Comment