Sunday, April 01, 2018

ഭവദാസനും പ്രഭാകരനും

ആദികാലത്തു മീമാംസാദര്‍ശനം ഒന്നേയുണ്ടായിരുന്നുള്ളു. അതു പിന്നീടു കര്‍മ്മകാണ്ഡ പ്രതിപാദകമായ പൂര്‍വ്വമീമാംസയെന്നും ജ്ഞാനകാണ്ഡ പ്രതിപാദകമായ ഉത്തരമീമാംസയെന്നും രണ്ടായി പിരിഞ്ഞു. പൂര്‍വ്വമീമാംസയ്ക്കു മീമാംസയെന്നും ഉത്തരമീമാംസയ്ക്കു വേദാന്തമെന്നും പശ്ചാല്‍കാലികന്മാര്‍ പേര്‍ നല്‍കി. പൂര്‍വമീമാംസാസൂത്രങ്ങള്‍ നിര്‍മ്മിച്ചതു ജൈമിനി മഹര്‍ഷിയാണ്. ആ ഗ്രന്ഥത്തില്‍ പതിനാറു് അധികരണങ്ങളുണ്ട്. ‘ദ്വാദശലക്ഷണി’ എന്നു പറയുന്ന ആദ്യത്തെ പന്ത്രണ്ടു് അദ്ധ്യായങ്ങള്‍ മാത്രമേ സാധാരണമായി പഠിക്കാറുള്ളു. സങ്കര്‍ഷകാണ്ഡമെന്നും ദേവതാധ്യായമെന്നും പറയുന്ന ഒടുവിലത്തെ നാലധ്യായങ്ങള്‍ താമതമ്യേന അപ്രസിദ്ധങ്ങളാണ്. ജൈമിനീയസൂത്രങ്ങളുടെ ആദ്യത്തെ വൃത്തികാരന്‍ ഉപവര്‍ഷനും രണ്ടാമന്‍ ഭവദാസനുമാണ്. ഭവദാസന്‍ ക്രി.പി. രണ്ടാംശതകത്തില്‍ ജീവിച്ചിരുന്നു. ഈ പേര്‍ നമ്പൂരിമാര്‍ക്കല്ലാതെ മറ്റാര്‍ക്കുമില്ലാത്തതുകൊണ്ടു പ്രസ്തുത വൃത്തികാരനെ ഞാന്‍ ഒരു കേരളീയനായി പരിഗണിക്കുന്നു. അദ്ദേഹത്തെ ഭട്ടന്‍ ശ്ലോകവാര്‍ത്തികത്തില്‍
“പ്രദര്‍ശനാര്‍ത്ഥിമിത്യേകേ കേചിന്നാനാര്‍ത്ഥവാചിനഃ
സമുദായാദവച്ഛിദ്യ ഭവദാസേന കല്പിതാല്‍.”
എന്ന പദ്യത്തില്‍ അസന്ദിഗ്ദ്ധമായി സ്മരിക്കുന്നു. ദേവസ്വാമി (ക്രി.പി. 1000) ഈ വൃത്തിയെ ‘ഭാവദാസഭാഷ്യം’ എന്നു പ്രശംസിച്ചിട്ടുണ്ട്. ഭവദാസന്റെ വൃത്തി ഇനിയും കണ്ടുകിട്ടീട്ടില്ല. ശബരസ്വാമിയാണ് (ക്രി.പി.200) ജൈമിനീയസൂത്രങ്ങളുടെ ഒന്നാമത്തെ ഭാഷ്യകാരന്‍. ശബരഭാഷ്യത്തിനു ടീകകളാണ് ഭട്ടനും പ്രഭാകരനും നിര്‍മ്മിച്ചിട്ടുള്ളത്. ഭട്ടന്റെ ശ്ലോകവാര്‍ത്തികം ശബരഭാഷ്യം പ്രഥമാധ്യായത്തിലെ പ്രഥമപാദത്തിന്റേയും തന്ത്രവാര്‍ത്തികം ഒന്നാമധ്യായം രണ്ടാം പാദംമുതല്‍ മൂന്നാമധ്യായത്തിന്റെ അവസാനം വരെയുള്ള ഭാഗത്തിന്റേയും ടുപ്ടീക. നാലാമധ്യായം മുതല്‍ പന്ത്രണ്ടാമധ്യായംവരെ ഒന്‍പതു അധ്യായങ്ങളുടേയും വ്യാഖ്യാനമാകുന്നു. ഇവ കൂടാതെ ബൃഹട്ടീകയെന്നും മധ്യമടീകയെന്നുംകൂടി രണ്ടു വ്യാഖ്യകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. വാര്‍ത്തികനിര്‍മ്മാണം നിമിത്തം കുമാരിലനെ വാര്‍ത്തികകാരനെന്നും പറയുന്നു. ഭവദാസമതത്തിന്റെ ഖണ്ഡനത്തിനു ഭട്ടനും മണ്ഡനത്തിനു പ്രഭാകരനും ഉദ്യമിച്ചു. ഒരു കേരളീയന്റെ മതത്തെ പുനഃസ്ഥാപനം ചെയ്യുവാന്‍ മറ്റൊരു കേരളീയന്‍ ശ്രമിക്കുന്നതു സ്വാഭാവികമാണല്ലോ.

No comments:

Post a Comment