ദ്വൈതാദ്വൈത ദര്‍ശനം
ഒരു സമയത്തുതന്നെ ദ്വൈതത്തെയും അദ്വൈതത്തെയും അംഗീകരിക്കുന്ന ദര്‍ശനം. ഈ ദര്‍ശനത്തെ നിംബാര്‍ക്ക വേദാന്തം, ഭേദാഭേദാദര്‍ശനം എന്നിങ്ങനെയും വ്യവഹരിക്കാറുണ്ട്.
കാര്യകാരണങ്ങള്‍ക്ക് ഭേദാഭേദങ്ങളാണുള്ളതെന്ന് സയുക്തികമായും സപ്രമാണമായും സ്ഥാപിക്കുകയും അവ രണ്ടിനെയും (ഭേദത്തെയും അഭേദത്തെയും) അംഗീകരിക്കുകയും ചെയ്യുന്ന മീമാംസകന്മാര്‍, സാംഖ്യന്മാര്‍, യോഗികള്‍ എന്നിവര്‍ ദ്വൈതാദ്വൈതദര്‍ശനം അംഗീകരിക്കുന്നവരാണ്. ഇവര്‍ ആസ്തികരുമാണ്. എന്നാല്‍ പരിണാമിനിത്യനും സര്‍വജ്ഞനുമായ ഈശ്വരന്‍ ഭിന്നാഭിന്നനാണെന്നു വാദിക്കുന്ന ജൈനന്മാര്‍ നാസ്തികരിലെ ഭേദാഭേദവാദികളാണ്.
ജീവാത്മാവ്, പരമാത്മാവ് (ഈശ്വരന്‍), പ്രകൃതി എന്നീ മൂന്ന് തത്ത്വങ്ങള്‍ക്കും ദ്വൈതാദ്വൈതദര്‍ശനത്തില്‍ സ്ഥാനം കല്പിച്ചിട്ടുണ്ട് എന്നു കാണാം. ഈ തത്ത്വങ്ങളെ പരസ്പര ഭിന്നമായി കണക്കാക്കിയാല്‍ ദ്വൈതവും, എന്നാല്‍ ജീവനും ആത്മാവും പരമാത്മാവിലെ അഭിന്നമായ ഘടകങ്ങളായി പറയുന്നതിനാല്‍ അദ്വൈതവുമാണ്. ഇതിന് ഉദാഹരണമായി ഉദ്ധരിക്കാറുള്ള കാരികയാണ്:
'കാര്യാത്മനാ തു നാനാത്വമഭേദഃകാരണാത്മനാ
ഹേമാത്മനാ യഥാഭേദഃ കുണ്ഡലാദ്യാത്മനാ ഭിദാ'
(കാര്യങ്ങളിലുള്ള കടകത്വം, കുണ്ഡലത്വം മുതലായ ധര്‍മങ്ങള്‍ കാരണം കടകകുണ്ഡലാദികള്‍ക്ക് തമ്മില്‍ ഭേദമുണ്ടാകുന്നു. എന്നാല്‍ കാരണത്തിലും കാര്യത്തിലുമുള്ള സുവര്‍ണത്വം എന്ന ധര്‍മം കാരണം ഭേദവും അഭേദവും ഉണ്ടാകുന്നു.)
കാര്യകാരണാദികളായവയ്ക്കു മാത്രമല്ല ദ്രവ്യഗുണാദികള്‍ക്കും ഇവര്‍ ഭേദാഭേദം കല്പിക്കുന്നുണ്ട്. ഗുണം മുതലായവയ്ക്ക് ഗുണി മുതലായവയുമായി ഭേദാഭേദങ്ങള്‍ രണ്ടും സംഭവിക്കുന്നു. അവ സമാനാധികരണങ്ങളായി വരുമെന്നതിനാലാണിത്. ഇങ്ങനെ സാമാനാധികരണ പ്രത്യയത്തിന്റെ പിന്‍ബലത്താല്‍ ഭേദാഭേദവാദികളായ മീമാംസകന്മാര്‍, സാംഖ്യന്മാര്‍, യോഗികള്‍ എന്നിവര്‍ കാര്യകാരണങ്ങളുടെയും ഗുണഗുണികളുടെയും ക്രിയാക്രിയാവത്തുക്കളുടെയും ജാതിവ്യക്തികളുടെയും അവയവാവയവികളുടെയും അംശാശികളുടെയുമൊക്കെ വിഷയത്തില്‍ ഭേദാഭേദോഭയവത്വം ഉപപാദിക്കുന്നു. ഇവര്‍ തുടങ്ങിയ ഭേദാഭേദവാദത്തെ അവലംബമാക്കിയാണ് നിംബാര്‍ക്കന്‍, രാമാനുജന്‍ തുടങ്ങിയ ആചാര്യന്മാര്‍ തങ്ങളുടെ വ്യാഖ്യാനങ്ങളില്‍ ജീവേശ്വരസ്വരൂപം, ബന്ധമോക്ഷാദിവ്യവസ്ഥ എന്നിവയെപ്പറ്റി പ്രതിപാദിച്ചിട്ടുള്ളത്. ഉദാഹൃത കാരിക ഈ വസ്തുത വെളിപ്പെടുത്തുന്നു:
'ആമുക്തേര്‍ഭേദ ഏവ സ്യാജ്ജീവസ്യചപരസ്യച
മുക്തസ്യ തു ന ഭേദോസ്തി ഭേദഹേതോരഭാവതഃ'
(മോക്ഷം ലഭിക്കുന്നതുവരെ ജീവനും ഈശ്വരനും തമ്മില്‍ ഭേദമുണ്ട്. മോക്ഷം സിദ്ധിച്ചാല്‍ അനന്തരം ഭേദകാരണമായ ശരീരേന്ദ്രിയാദികള്‍ ഇല്ലാത്തതിനാല്‍ അവയ്ക്കു തമ്മില്‍ അഭേദമാണ്. സംസാരത്തില്‍ ഭേദവും, നിര്‍വാണത്തില്‍ അഭേദവും എന്നു ചുരുക്കം). ബ്യഹദാരണകോപനിഷത്തില്‍ 5-ാം അധ്യായത്തില്‍ ദ്വൈതാദ്വൈതാത്മകമാണ് ബ്രഹ്മമെന്ന പൂര്‍വികന്മാരുടെ വ്യാഖ്യാനഭേദത്തെ ഭഗവത്പാദര്‍ ഖണ്ഡിച്ചിട്ടുണ്ട്. അതിനാല്‍ ഭഗവത്പാദര്‍ക്കു മുമ്പും ദ്വൈതാദ്വൈതവാദികളായ വ്യാഖ്യാതാക്കളുണ്ടായിരുന്നുവെന്ന് സിദ്ധിക്കുന്നു.
വേദാന്തപാരിജാതസൗരഭം, സിദ്ധാന്തരത്നം, വേദാന്തകൗസ്തുഭം, തത്ത്വപ്രകാശിക, സകലാചാരമതസംഗ്രഹം, പാഞ്ചജന്യം തുടങ്ങിയ സംസ്കൃത കൃതികളില്‍ ഈ ദര്‍ശനത്തെപ്പറ്റി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
No comments:
Post a Comment