ദ്വയോപനിഷത്ത്
ഗുരുവിന്റെ മാഹാത്മ്യത്തെ പ്രതിപാദിക്കുന്ന ഒരു ഉപനിഷത്ത്. ഏഴുപദ്യങ്ങള്‍ മാത്രമുള്ള ഇതില്‍ ഗുരുവാണ് പരമമായ സത്യമെന്നും ജ്ഞാനത്തിന് നിദാനഭൂതനായ ആള്‍ എന്ന നിലയില്‍ ജ്ഞാനാധിഷ്ഠിതമായ മോക്ഷത്തിന് ഏകകാരണം ഗുരുവാണ് എന്നും വിശദീകരിക്കുന്നു. ആചാര്യനായ ഗുരുവിന്റെ ലക്ഷണമാണ് ആദ്യത്തെ രണ്ടുപദ്യങ്ങളില്‍ വര്‍ണിക്കുന്നത്.
'ആചാര്യോ വേദസമ്പന്നോ വിഷ്ണുഭക്തോ വിമത്സരഃ
മന്ത്രജ്ഞോ മന്ത്രഭക്തശ്ച സദാ മന്ത്രാശ്രയഃ ശുചിഃ
ഗുരുഭക്തിസമായുക്തഃ പുരാണജ്ഞോ വിശേഷവിത്
ഏവം ലക്ഷണസംപന്നോ ഗുരുരിത്യഭിധീയതേ'.
(ആചാരങ്ങള്‍ അനുഷ്ഠിക്കുന്നവനും പഠിപ്പിക്കുന്നവനും വേദജ്ഞനും വിഷ്ണുഭക്തനും മത്സരബുദ്ധി അല്പവുമില്ലാത്തവനും മന്ത്രജ്ഞാനമുള്ളവനും മന്ത്രത്തില്‍ അചഞ്ചലമായ വിശ്വാസമുള്ളവനും മന്ത്രാനുഷ്ഠാനങ്ങളാല്‍ നിര്‍മലചിത്തനായവനും
ഗുരുഭക്തിയോടുകൂടിയവനും പുരാണങ്ങളില്‍ പാണ്ഡിത്യമുള്ള
വനും ആണ് ഗുരു എന്ന പേരിലറിയപ്പെടുന്നത്.) ആചാര്യന്‍ എന്ന പദത്തിന്റെ അര്‍ഥമാണ് അടുത്തതായി നിര്‍ദേശിക്കുന്നത്:
'ആചാരങ്ങള്‍ക്ക് ശാസ്ത്രീയവിശദീകരണത്തിലൂടെ സ്ഥിരപ്രതിഷ്ഠ നല്കുക, സ്വയം ആചരണങ്ങളെ അനുഷ്ഠിക്കുക എന്നിങ്ങനെയുള്ളയാളാണ് ആചാര്യന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നവന്‍.)
'ഗുരുരേവപരംബ്രഹ്മ, ഗുരുരേവ പരാഗതിഃ
ഗുരുരേവപരാ വിദ്യാ ഗുരുരേവ പരംധനം,
ഗുരുരേവ പരഃകാമഃ ഗുരുരേവപരായണഃ
യസ്മാത്തദുപദേഷ്ടാസൌ തസ്മാദ് ഗുരുതരോ ഗുരുഃ'
എന്ന് ഗുരുവിന്റെ മഹത്ത്വത്തെ ആവര്‍ത്തിച്ചു പറയുന്നു. 'ഗുരുവിന്റെ ഒരേ ഒരു മന്ത്രോപദേശത്താല്‍ സര്‍വപുരുഷാര്‍ഥസിദ്ധിയും മോക്ഷവും സിദ്ധിക്കുന്നു' എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഈ ഉപനിഷത്ത് ഉപസംഹരിക്കുന്നത്.
No comments:
Post a Comment