Monday, April 23, 2018

''ആറും ഏഴും അദ്ധ്യായങ്ങളില്‍ ഭഗവാന്‍ പറഞ്ഞുവെച്ചതിനെ മുന്‍നിര്‍ത്തിയുള്ള അര്‍ജ്ജുനന്റെ ഒരുകൂട്ടം ചോദ്യങ്ങളുമായാണ് എട്ടാം അദ്ധ്യായത്തിന്റെ തുടക്കം'' മുത്തച്ഛന്‍ പറഞ്ഞു: ''നിങ്ങള്‍ ആദ്യത്തെ രണ്ടു ശ്ലോകങ്ങള്‍ നോക്കൂ; ഏഴു ചോദ്യങ്ങളാണ് അവയില്‍ കുത്തിനിറച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ ഇവയാണ്: 16 - മുമ്പു പറഞ്ഞ ബ്രഹ്മം എന്താണ്? 17- അദ്ധ്യാത്മം എന്നാല്‍ എന്താണ്? 18- കര്‍മ്മം എന്നാല്‍ എന്താണ്? 19- അധിഭൂതം എന്താണ്? 20- എന്താണ് അധിദൈവം? 21- ഈ ദേഹത്തിലെ അധിയജ്ഞന്‍ ആരാണ്? 22- സംയമികള്‍ മരണകാലത്ത് എപ്രകാരമാണ് ഭഗവാനെ അറിയുന്നത്? ''ഹാവൂ! തുരുതുരേയുള്ള വെടിയുണ്ടകള്‍ പോലെയാണല്ലോ ചോദ്യങ്ങളുടെ വരവ്!'' ഉണ്ണി അത്ഭുതം കൂറി. ''അതിനെന്താ? അവയെ വിഴുങ്ങുന്ന വലിയ ഉത്തര ശരങ്ങള്‍ ഉടനെ ഭഗവാനില്‍നിന്നും ഉണ്ടായല്ലോ.'' ''കുരുക്ഷേത്രത്തില്‍ കൃഷ്ണാര്‍ജ്ജുനന്മാര്‍ തമ്മില്‍ ചോദ്യോത്തര യുദ്ധം!'' ഉമയും ചിരിച്ചുകൊണ്ടു ഒരു കമന്റ് പാസ്സാക്കി. ''നിങ്ങള്‍ എന്തു കരുതിയാലും കൊള്ളാം. ഭഗവാന്റെ ഉത്തരങ്ങള്‍ ഇവയാണ്. ശ്രദ്ധിച്ചോളൂ. - നാശമില്ലാത്തതും പരമോല്‍കൃഷ്ടവുമാണ് ബ്രഹ്മം. - അദ്ധ്യാത്മമെന്നാല്‍ ബ്രഹ്മത്തിന്റെ സ്വഭാവമാണ്; ജീവഭാവമാണ്. - ജീവരാശികളുടെ ഉണ്മയ്ക്കായുള്ള നിര്‍മാണാത്മക യജ്ഞങ്ങളാണ് കര്‍മ്മം. - നാശമുള്ളതത്രെ അധിദൂതം. - ശരീര-മനോ-ബുദ്ധികളില്‍ നിറഞ്ഞിരിക്കുന്ന ആത്മചൈതന്യമാണ് അധിദൈവം. - ഓരോ ദേഹത്തിലും കുടികൊള്ളുന്ന ഞാന്‍ തന്നെയാണ് അധിയജ്ഞന്‍. - ദേഹം ത്യജിക്കുമ്പോള്‍ ഒരാള്‍ എന്തിനെ സ്മരിക്കുന്നുവോ അയാള്‍ അതിനെ പ്രാപിക്കും. തസ്മാല്‍ സര്‍വേഷു കാലേഷു മാമനുസ്മര യുദ്ധ്യ ച മയ്യര്‍പ്പിത മനോബുദ്ധിഃ മാമേവൈഷ്യസ്യസംശയഃ 8-7 അതുകൊണ്ട് എല്ലാ നേരത്തും എന്നെ സ്മരിക്കൂ. യുദ്ധവും ചെയ്യൂ. എന്നില്‍ മനസ്സും ബുദ്ധിയും അര്‍പ്പിച്ച നീ എന്നില്‍ തന്നെ ലയിക്കും. സംശയിക്കുകയേ വേണ്ട. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി ഏഴാം ശ്ലോകത്തില്‍ ഭഗവാന്‍ നല്‍കിയ ഉറപ്പു നിങ്ങള്‍ ശ്രദ്ധിച്ചില്ലേ?'' ''എന്ത്? ഭഗവാനെ സ്മരിച്ചു ശത്രുവിനെ കൊന്നാല്‍ പാപമില്ല എന്നാണോ?'' ഉണ്ണി അല്‍പ്പം കുസൃതി നിറഞ്ഞ ഒരു മറുചോദ്യമാണുയര്‍ത്തിയത്. ''അയ്യേ! മൂഢന്മാരല്ലേ അങ്ങനെ ചിന്തിക്കുക ഉണ്ണീ? ഭഗവാന്‍ പറഞ്ഞതിനെ ശരിയായി മനസ്സിലാക്കേണ്ടത്ഇങ്ങനെയാണ്: ''മരണം ഏതു നേരത്തും വരാം. അതിനാല്‍ ഏതു നേരത്തും ഭഗവാനെ സ്മരിച്ചുകൊണ്ടു വേണം കര്‍മ്മങ്ങള്‍ ചെയ്യാന്‍. എങ്കിലേ ഭഗവാനില്‍ ലയിക്കാന്‍ കഴിയൂ. കര്‍മ്മമെന്നാല്‍ ജീവരാശികളുടെ ഉണ്മയ്ക്കുവേണ്ടിയുള്ള നിര്‍മ്മാണാത്മക പ്രവൃത്തിയാണെന്നു പറഞ്ഞില്ലേ? എല്ലാറ്റിലും ഭഗവാന്‍ കുടികൊള്ളുന്നതായും പറഞ്ഞിട്ടുണ്ട്. അപ്പോള്‍, എല്ലായ്‌പ്പോഴും ഈശ്വരനെ സ്മരിച്ചു, ഈശ്വരസേവ ചെയ്തു, ഈശ്വരനില്‍ ലയിക്കുക എന്നതാവണം ഒരാളുടെ ജീവിതലക്ഷ്യം, അഥവാ യുദ്ധം! ഇത് ഒട്ടും സംഹാരാത്മകമല്ല. ആരെയും കൊല്ലുവാനുള്ള ലൈസന്‍സുമല്ല.'' ''സമ്മതിച്ചിരിക്കുന്നു മുത്തച്ഛാ! ഒന്നാംതരം വ്യാഖ്യാനം ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാലുള്ള ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്നുപറയുംപോലെ, ഈശ്വരനുവേണ്ടി.......'' ''നിര്‍ത്തൂ!'' ഉണ്ണിയെ ദേഷ്യഭാവത്തില്‍ തടഞ്ഞുകൊണ്ടു മുത്തച്ഛന്‍ പറഞ്ഞു: ''ഈശ്വരന് ഒന്നും വേണ്ട കുട്ടികളേ! സകലവും ഈശ്വരനെന്നറിഞ്ഞു, ഈശ്വരസേവാകര്‍മങ്ങള്‍ ചെയ്തു, ഈശ്വര സാക്ഷാത്കാരം നേടുകയെന്ന അവസ്ഥയില്‍, വേണമെങ്കില്‍ ഈശ്വരാധിപത്യമെന്നു പറഞ്ഞോളൂ. അത്രതന്നെ.'' 'ക്ഷമിക്കണം മുത്തച്ഛാ!'' ഉണ്ണി പറഞ്ഞു. ''അതിരിക്കട്ടെ. നിങ്ങള്‍ തുടര്‍ന്നുള്ള ആറു ശ്ലോകങ്ങള്‍ കൂടി ശ്രദ്ധിക്കൂ. അന്ത്യകാലത്തെ ഭഗവല്‍ സ്മരണയെപ്പറ്റിയാണ് എടുത്തെടുത്തു പറയുന്നത്. 14-ാം ശ്ലോകം കേട്ടോളൂ: അനന്യചേതാഃ സതതം യോ മാം സ്മരതി നിത്യശഃ തസ്യാഹം സുലഭഃ പാര്‍ത്ഥ നിത്യയുക്തസ്യ യോഗിനഃ 8-14 അര്‍ജ്ജുനാ, ആരാണോ അന്യചിന്തകളൊന്നുമില്ലാതെ എന്നും എപ്പൊഴും എന്നെ സ്മരിക്കുന്നത്; നിത്യയുക്തനായ (സ്ഥിരചിത്തനായ) അവനു ഞാന്‍ സുലഭനാകുന്നു, എന്ന്. പോരേ?'' മുത്തച്ഛന്‍ ചോദിച്ചു. ..janmabhumi

No comments:

Post a Comment