Thursday, April 19, 2018

തസ്മാദിന്ദ്രോ നാമ ഈന്ദ്രോ ഹവൈ നാമ തമിദന്ദ്രം
സന്തമിന്ദ്ര ഇത്യാചക്ഷതേ പരോക്ഷണഃ പരോക്ഷ പ്രിയാ ഇവ ഹി ദേവാഃ പരോക്ഷ പ്രിയാ ഇവഹി ദേവാഃ
അതിനാല്‍ പരമാത്മാവിന് ഈ്രന്ദന്‍ എന്ന പേരുണ്ടായി. ഈന്ദ്രന്‍ എന്നത് ഈശ്വരന്റെ പ്രസിദ്ധമായ പേരാണ്. ഈന്ദ്രനായ അദ്ദേഹത്തെ പരോക്ഷമായി ഇന്ദ്രന്‍ എന്ന് വിളിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ദേവന്മാര്‍ പരോക്ഷപ്രിയരാകുന്നു. പരോക്ഷമായതിനെ ഇഷ്ടപ്പെടുന്നവരാകുന്നുവല്ലോ.
എല്ലാറ്റിനും ഉള്ളിലിരിക്കുന്ന ബ്രഹ്മത്തെ പ്രത്യക്ഷമായി ഇത് എന്ന് കാണുന്നതുകൊണ്ട് ഇതിനെ കാണുന്നവന്‍ എന്നര്‍ത്ഥത്തില്‍ ഈന്ദ്രന്‍ എന്നു പറയുന്നു. ഇദം പശ്യതി ഇതി ഈന്ദ്രഃ- ഇതിനെ കാണുന്നതിനാല്‍ ഈന്ദ്രന്‍. സര്‍വ്വവ്യാപിയായ ഈശ്വരന്റെ അപരോക്ഷ ദര്‍ശനമുണ്ടായി എന്ന് നേരത്തെ പറഞ്ഞിരുന്നു. ഈന്ദ്രന്‍ എന്ന പേരില്‍ ലോകത്തില്‍ ഈശ്വരന്‍ പ്രസിദ്ധനാണ്. പൂജ്യരായവരില്‍ ഏറ്റവും ശ്രേഷ്ഠനായ പൂജ്യതമന്‍ ആയതിനാല്‍ ഈശ്വരനെ ബ്രഹ്മജ്ഞാനികള്‍ മുഴുവന്‍ പേരും പറയാതെ അക്ഷരം കുറച്ച് ഇന്ദ്രന്‍ എന്ന് പേരില്‍ അല്‍പം മാറ്റം വരുത്തി വിളിക്കുന്നു. വളരെയധികം ആദരിക്കപ്പെടുന്നവരെ നേരിട്ട് പേര് വിളിക്കാറില്ലല്ലോ. അച്ഛനമ്മമാരേയും ഗുരുവിനേയുമൊന്നും പേര് വിളിക്കാറില്ല എന്നതും ഓര്‍മ്മിക്കേണ്ടതുണ്ട്. അതിലും വലുതാണ് ഇത്. ദേവന്മാര്‍ അവരുടെ പേര് നേരേ പറയാതെ രൂപാന്തരപ്പെടുത്തി പറയുന്നതില്‍ ഇഷ്ടമുളളവരാണല്ലോ. ഗുരുക്കന്മാരെ പേരുവിളിക്കാതെ ആചാര്യന്‍, ഉപാധ്യായന്‍ എന്നൊക്കെ വിളിക്കാറുണ്ട്. ഇങ്ങനെ പരോക്ഷ നാമം ദേവന്മാര്‍ ഇഷ്ടപ്പെടുന്നു. ദേവന്മാരുടെ ദേവനായ ഈശ്വരനെപ്പറ്റി പിന്നെ പറയേണ്ടതില്ലല്ലോ. പരോക്ഷ പ്രിയാ ഹി ദേവാഃ എന്ന് രണ്ടു തവണ പറഞ്ഞത് അധ്യായത്തിന്റെ സമാപനം കാണിക്കുവാനാണ്.
ഏകനായ ആത്മാവില്‍നിന്ന് അനേക രൂപങ്ങളോടുകൂടിയ പ്രപഞ്ചം ഉണ്ടായതും കാണുന്നതും അദ്ധ്യാരോപവും മിഥ്യയുമാണ്. അത് മായാവിയുടെ മായാലോകം പോലെയാണ്. ആത്മാവ് മാത്രമാണ് സത്യം. പ്രപഞ്ചത്തെ തള്ളിക്കളയുകതന്നെ വേണം. സര്‍വ്വവ്യാപിയായ ഏകനായ പരമാത്മാവിനെ സാക്ഷാത്കരിക്കുമ്പോഴാണ് ജീവിതലക്ഷ്യം പൂര്‍ണ്ണമാകൂവെന്ന് അപവാദരൂപത്തില്‍ വിശദീകരിക്കുകയും ചെയ്തു.
'ആത്മാവാ ഈമേകമേവാഗ്ര ആസീത്' എന്ന് ഉപക്രമത്തോടെ തുടങ്ങി 'ബ്രഹ്മതത മമ പശ്യത്' എന്ന് ഉപസംഹാരം നടത്തിയത് ആത്മാവ് അഥവാ ബ്രഹ്മം മാത്രമാണ് ഉള്ളതെന്നും അതിനെയാണ് അറിയേണ്ടതെന്നും ഉറപ്പിക്കാനാണ്.  ഈ ലോകത്തിന്റെ ഉല്‍പ്പത്തി, സ്ഥിതി, പ്രളയം എന്നിവയെ നടത്തുന്നവനാണ്. സംസാരത്തിന്റെ ഒരു ദോഷവും പറ്റാത്ത അസംസാരിയും സര്‍വ്വജ്ഞനും സര്‍വ്വശക്തനും സര്‍വ്വേശ്വരനുമാണ്. താനല്ലാതെ മറ്റൊന്നിന്റെയും ആശ്രയമോ സഹായേമാ കൂടാതെ ആകാശം മുതലായവയെ ്രകമത്തില്‍ സൃഷ്ടിച്ച് തന്നെത്തന്നെ അറിയുന്നതിനായി പ്രാണന്‍ മുതലായവയോടുകൂടി എല്ലാ ശരീരങ്ങളിലും തനിയേ പ്രവേശിച്ചു. പിന്നെ തന്നെ സ്വയം വേണ്ടപോലെ 'ഞാന്‍ ഈ ബ്രഹ്മമാകുന്നു' എന്നിങ്ങനെ അറിയുകയും ചെയ്തു. സര്‍വ്വത്തിനുള്ളിലിരിക്കുന്ന ബ്രഹ്മത്തെ പ്രത്യക്ഷമായി അറിഞ്ഞവന്‍ എന്നര്‍ത്ഥത്തില്‍ ഇൗന്ദ്രന്‍ എന്ന് അറിയപ്പെടുകയും ചെയ്യുന്നു.
പൂര്‍വ്വപക്ഷത്തിന്റെ വാദമുഖങ്ങളെ ഒന്നൊന്നായി ഖണ്ഡിക്കുന്ന ഒരു മനോഹരമായ ഭാഷ്യം അടുത്ത അധ്യായത്തിന് മുമ്പായി ആചാര്യസ്വാമികള്‍ അവതരിപ്പിക്കുന്നുണ്ട്. ഭാഷ്യത്തിന്റെ അവസാനം സിദ്ധാന്തപക്ഷത്തെ ഉറപ്പിക്കുന്ന ഭാഗത്ത് മൂഢനായ ഒരാള്‍ക്ക് താന്‍ മനുഷ്യനല്ല എന്ന തോന്നല്‍ വന്നപ്പോള്‍ അതിനെ നീക്കാനായി മറ്റു പലതും കാണിച്ച് അയാള്‍ അതല്ല എന്ന് പറഞ്ഞുകൊടുത്ത കഥയെ പറഞ്ഞു. ഇത്രയൊക്കെ പറഞ്ഞിട്ടും മനസ്സിന് 'നീ മനുഷ്യനാണ്' എന്നു പറഞ്ഞാലും തന്റെ മനുഷ്യത്വത്തെ എങ്ങനെ മനസ്സിലാകുമെന്ന് ചോദിക്കുന്നു. അതുകൊണ്ട് ശാസ്ത്രത്തില്‍ ഉപദേശിക്കുന്നതുപോലെ തന്നെ ആത്മാവിനെ ഉപദേശിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ആത്മാവിനെ ശാസ്ത്രംകൊണ്ടല്ലാതെ അറിയാന്‍ സാധിക്കില്ല. മൂഢനായവനെ താന്‍ മനുഷ്യനാണെന്ന് ബോധ്യപ്പെടുത്താന്‍ മറ്റുള്ളതിനെയൊക്കെ നിഷേധിച്ചതുപോലെ ശ്രുതി അനാത്മാക്കളെ നിഷേധിച്ച് അവസാനം സ്വപ്രകാശനായ ആത്മാവിനെപ്പറ്റി തനിയെ ബോധമുണ്ടാക്കും. ഇങ്ങനെതന്നെ ശാസ്ത്രീയമായി ഉപദേശിക്കണം.
ഈ ആത്മാവ് ബ്രഹ്മമാണെന്ന് എല്ലാവര്‍ക്കുക്കും അനുഭവസിദ്ധമാകുമെന്നേ ഉപദേശിക്കേണ്ടതുള്ളൂ. അവേദ്യന്‍ എന്ന നിലയിലേ ആത്മാവിനെ അറിയാന്‍ കഴിയൂ. മറ്റ് ശ്രുതികളിലും ആത്മാവ് വേദ്യനല്ലെന്ന് പറയുന്നുണ്ട്. ഇങ്ങനെ ആത്മാവിനെ അറിഞ്ഞില്ലെങ്കില്‍ ഉപാധി ധര്‍മ്മങ്ങളെ ആത്മാവിന്റെ ധര്‍മ്മങ്ങളാണെന്ന് കരുതി സംസാരത്തില്‍പ്പെട്ട് കഷ്ടത്തിലാകും. സംസാരത്തില്‍പ്പെട്ടാല്‍ ഏതൊക്കെ അവസ്ഥകളെ അനുഭവിക്കേണ്ടിവരും എന്നതിനെ കാണിക്കുവാനും അതേത്തുടര്‍ന്ന് വൈരാഗ്യത്തെ ഉണ്ടാക്കുന്നതിനുമായി അടുത്ത അധ്യായം തുടങ്ങുന്നു.

No comments:

Post a Comment