Wednesday, April 18, 2018

ദൃഗ്ദൃശ്യവിവേകം

സംസ്കൃത വേദാന്ത കൃതി. ശങ്കരാചാര്യരാണ് ഗ്രന്ഥകാരന്‍. പ്രാപഞ്ചിക നിലനില്പിന്റെ രഹസ്യം അറിയാന്‍ ഉപകരിക്കുന്ന വിവേചനാരീതിക്കാണ് സാധാരണയായി 'ദൃഗ്ദൃശ്യവിവേകം' എന്നു പറയുന്നത്. ഈ കൃതിയിലൂടെ ശങ്കരാചാര്യര്‍ അനുഭവത്തെ പല ഘട്ടങ്ങളായി തിരിച്ചിട്ട് ഓരോ ഘട്ടത്തിലുമുള്ള ദൃക്ക് ഏത്, ദൃശ്യം ഏത് എന്നു വേര്‍തിരിക്കുന്നു. ഇത്തരത്തില്‍ വേര്‍തിരിക്കുമ്പോള്‍ ഓരോ അനുഭവത്തിലും ദൃക്കെന്നും (കാഴ്ചക്കാരനെന്നും), ദൃശ്യമെന്നും (കാഴ്ച) രണ്ടായി കാണാനാകുന്നു. ഇതില്‍ കാഴ്ചക്കാരനില്ലാതെ കാഴ്ചയ്ക്ക് ഉണ്മയുണ്ടാകുന്നില്ല. കാഴ്ചകളുടെയെല്ലാം കാഴ്ചക്കാരന്‍ ആരാണെന്ന് ആത്യന്തികമായി തീരുമാനിക്കപ്പെടുമ്പോള്‍ ആ കാഴ്ചക്കാരന്‍ മാത്രമാണ് സത്യമെന്നു മനസ്സിലാക്കാന്‍ എളുപ്പമായിത്തീരുന്നു.
ശങ്കരാചാര്യന്‍
മനുഷ്യരുടെ അനുഭവത്തിന്റെ ഏറ്റവും ബാഹ്യമായി കാണപ്പെടുന്ന തലം ജ്ഞാനേന്ദ്രിയങ്ങളാണ്. കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങള്‍ രൂപ, ശബ്ദ, ഗന്ധ, രസ, സ്പര്‍ശനങ്ങളിലൂടെ അനുഭവിച്ചറിയുമ്പോഴാണ് ബാഹ്യപ്രപഞ്ചം അനുഭവൈകവേദ്യമായിത്തീരുന്നത്. ഇന്ദ്രിയങ്ങള്‍ കാഴ്ചക്കാരും ഇന്ദ്രിയ വിഷയങ്ങള്‍ കാഴ്ചകളുമാണ്. ഇന്ദ്രിയമായ കണ്ണില്ലാതെ ഇന്ദ്രിയ വിഷയമായ രൂപം അനുഭവിക്കാന്‍ സാധ്യമല്ലതന്നെ. എന്നാല്‍ ഇന്ദ്രിയ വിഷയങ്ങള്‍ അനുഭവപ്പെടാതെയിരിക്കുമ്പോഴും ഇന്ദ്രിയങ്ങള്‍ ഉണ്മയോടെ ഉണ്ട്. എന്നാല്‍ ദൃശ്യമാകട്ടെ, ഇന്ദ്രിയങ്ങളെന്ന ഉപകരണങ്ങള്‍കൊണ്ട് ഉണ്ടാ ക്കിത്തീര്‍ക്കുന്ന വെറും കാഴ്ചകള്‍ (ബാഹ്യ പ്രപഞ്ചം) എന്നാണ് ആചാര്യമതം.
ഇന്ദ്രിയങ്ങളാണ് ദൃക്കുകള്‍. ആദ്യം അവ വസ്തുനിഷ്ഠമായ ലോകത്തിന്റെ സ്ഥൂലരൂപം കൈക്കൊള്ളുകയും തുടര്‍ന്ന് ഓരോ ഐന്ദ്രിക ചോദനകളായി പരിവര്‍ത്തനം പ്രാപിക്കുകയും ചെയ്യുന്നു. കണ്ണുകൊണ്ട് ഒരു ചിത്രം കണ്ടാലും അതെന്താണെന്ന് വ്യവച്ഛേദിച്ചറിയണമെങ്കില്‍ ബാഹ്യമായ ചക്ഷുരിന്ദ്രിയം മാത്രം പോരാ, അന്തര്‍നേത്രവും കൂടി ആവശ്യമാണ്. കണ്ടതിന്റെയും കേട്ടതിന്റെയും പിന്നിലുള്ള സത്യത്തെ ചികഞ്ഞറിയാന്‍ ബാഹ്യേന്ദ്രിയങ്ങള്‍ മാത്രം പോരാ എന്നു സാരം. ശരിയായ ദൃക്ക് ഏതെന്നു മനസ്സിലാക്കാനുള്ള വിവേചനശക്തിയാണ് വിവേകം. ആത്മാവാണ് എല്ലാം കണ്ടുകൊണ്ടിരിക്കുന്ന യഥാര്‍ഥ ദൃക്ക് എന്നാണ് ശങ്കരാചാര്യര്‍ സമര്‍ഥിക്കുന്നത്.
ഈ കൃതിക്ക് ഇ.പി. സുബ്രഹ്മണ്യശാസ്ത്രി 1903-ല്‍ മലയാള വിവര്‍ത്തനം തയ്യാറാക്കി. 1936-ല്‍ സ്വാമി ആഗമാനന്ദ ഭാഷാവ്യാഖ്യാനസഹിതം ദൃഗ്ദൃശ്യവിവേകം പ്രസാധനം ചെയ്തിട്ടുണ്ട്. വാചസ്പതി ടി.സി. പരമേശ്വരന്‍ മൂസ്സത് ഈ കൃതിക്ക് അര്‍ഥവിവരണം തയ്യാറാക്കിയിട്ടുണ്ടെന്ന് ഉള്ളൂര്‍ കേരള സാഹിത്യചരിത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു.

No comments:

Post a Comment