Wednesday, May 02, 2018

ശ്രീമദ് വാല്മീകി രാമായണം - ശ്ലോകം 1

 ഓം ഹരി: ശ്രീ ഗണപതയേ നമ:

അവിഘ്നമസ്തു

ശ്രീ സരസ്വത്യൈ നമ:

ശ്രീ ഗുരുഭ്യോ നമ:

പ്രണിപത്യ ഗണേശം ച
വാണീം മത്പിതരം ഗുരും
ശ്രീരാമസത്കഥാഗേഹം
പ്രവിശാമി ശനൈ: ശനൈ:

സർവ്വേ ഭവന്തു ധന്യാ: ശ്രീ-
വാല്മീകേ: വാങ്മയശ്രിയാ
രാമായണകഥാപുണ്യ-
ഗംഗാസ്നാനേന വൈ തഥാ.

ശ്ലോകം 1

തപ:സ്വാദ്ധ്യായനിരതം
തപസ്വീ വാഗ്വിദാം വരം
നാരദം പരിപപ്രച്ഛ
വാല്മീകിർമുനിപുംഗവം

പദച്ഛേദം

തപ:-സ്വാദ്ധ്യായ-നിരതം
തപസ്വീ
വാഗ്-വിദാം
വരം
നാരദം
പരി-പപ്രച്ഛ
വാല്മീകി:
മുനി-പുംഗവം

പദവിശ്ലേഷണം

തപ:സ്വാദ്ധ്യായനിരതം - അകാരാന്തം, പുല്ലിംഗം, ദ്വിതീയാ, ഏകവചനം (അ.പു.ദ്വിതീ.ഏ.)

തപസ്വീ - നകാരാന്തം,പുല്ലിംഗം, പ്രഥമാ,ഏകവചനം (ന.പു.പ്ര.ഏ.)
(തപസ്വീ - തപസ്വിനൗ - തപസ്വിന:)

വാഗ്വിദാം - ദകാരാന്തം,പുല്ലിംഗം, ഷഷ്ഠീ,ബഹുവചനം (ദ.പു.ഷ.ബ.)
(വാഗ്വിദ: - വാഗ്വിദോ: - വാഗ്വിദാം)

വരം - അകാരാന്തം, പുല്ലിംഗം, ദ്വിതീയ, ഏകവചനം (അ.പു.ദ്വി. ഏ)

നാരദം - അകാരാന്തം, പുല്ലിംഗം,ദ്വിതീയ, ഏകവചനം (അ.പു.ദ്വി. ഏ)

പരിപപ്രച്ഛ - പരി+പ്രച്ഛ്-കർത്തരി ലിട്, പ്രഥമപുരുഷൻ, ഏകവചനം (ലിട്.പ്രപു. ഏ)

വാല്മീകി: - ഇകാരാന്തം, പുല്ലിംഗം, പ്രഥമാ, ഏകവചനം (ഇ.പു. പ്ര. ഏ.)

മുനിപുംഗവം - അകാരാന്തം, പുല്ലിംഗം, ദ്വിതീയാ,ഏകവചനം (അ.പു. ദ്വി. ഏ.)

അന്വയം

തപസ്വീ വാല്മീകി: തപ:സ്വാദ്ധ്യായനിരതം വാഗ്വിദാം വരം
മുനിപുംഗവം നാരദം പരിപപ്രച്ഛ.

അന്വയാർത്ഥം

തപോനിഷ്ഠനായ വാല്മീകിമഹർഷി തപസ്സിലും സ്വാദ്ധ്യായത്തിലും മുഴുകി സഞ്ചരിയ്ക്കുന്നവനും എല്ലാ ശാസ്ത്രങ്ങളും അറിയുന്നവനും ശ്രേഷ്ഠനും മുനിമാരിൽ ഉത്തമനുമായ ദേവർഷി നാരദരോട് ചോദിച്ചു.

സാരം

(വ്യക്തമാണല്ലോ)

ശ്രദ്ധിക്കുക - ഇവിടെ പറഞ്ഞിട്ടുള്ള വിഭക്തികൾ 'സിദ്ധരൂപം' നോക്കി പൂർണ്ണരൂപം ഹൃദിസ്ഥമാക്കണം.
സംശയങ്ങൾ ഉണ്ടെങ്കിലോ കൂടുതൽ വിശദീകരണം വേണ്ടി വന്നാലോ ചോദിയ്ക്കണം.

വൃത്തം
ഇതിലെ ശ്ലോകങ്ങൾ അനുഷ്ടുപ് എന്ന വൃത്തത്തിൽ ആണ്. ഓരോ വരിയിലും എട്ടക്ഷരം വീതം വേണം.  ഇതിന്റെ ലക്ഷണം
"ശ്ലോകേ ഷഷ്ഠം ഗുരു ജ്ഞേയം
 സർവ്വത്ര ലഘു പഞ്ചമം
 ദ്വിചതുഷ്പാദയോ: ഹ്രസ്വം
 സപ്തമം ദീർഘമന്യയോ:" എന്നാണ്. അതായത്,
ശ്ലോകത്തിൽ ആറ് ഗുരുവെങ്കിലും വേണം. എല്ലാ വരികളിലും അഞ്ചാമത്തെ അക്ഷരം ലഘു ആയിരിയ്ക്കണം. ഏഴാമത്തെ അക്ഷരമാകട്ടേ രണ്ടാമത്തേയും നാലാമത്തേയും വരികളിൽ ഹ്രസ്വവും മറ്റു വരികളിൽ ദീർഘവുമാകണം.

ഹ്രസ്വാക്ഷരങ്ങൾ ലഘുവും ദീർഘാക്ഷരങ്ങൾ ഗുരുവുമാണ്. എന്നാൽ ഹ്രസ്വാക്ഷരത്തിനു ശേഷം അനുസ്വാരമോ വിസർഗ്ഗമോ കൂട്ടക്ഷരമോ വന്നാൽ ആ ഹ്രസ്വാക്ഷരം ഗുരുവാകും.
'രാമചന്ദ്ര:' - ഇതിലെ രാ - ഗുരു (ദീർഘാക്ഷരം)
മ - ലഘു (ഹ്രസ്വാക്ഷരം)
ച - ഗുരു (ഹ്രസ്വാക്ഷരം ആണെങ്കിലും അപ്പുറം കൂട്ടക്ഷരം വന്നതിനാൽ)
ന്ദ്ര: - ഗുരു (ഹ്രസ്വാക്ഷരം ആണെങ്കിലും വിസർഗ്ഗം വന്നതിനാൽ)
രാമം എന്നോ രാമ: എന്നോ ആയാൽ മ ഗുരുവാകും (അനുസ്വാരം, വിസർഗ്ഗം)
      
            ശുഭമസ്തു
              =========


അനുഷ്ടുപ് എന്നത് എട്ടക്ഷരങ്ങളുള്ള ഒരു ഛന്ദസ്സിൻറെ പേരാണ്. ഈ ഛന്ദസ്സിൽ അഥവാ എട്ടക്ഷരങ്ങൾ ഒരു വരിയിൽ വരുന്ന ഏതാണ്ട് പതിനെട്ടോളം വൃത്തങ്ങൾ ഉണ്ട്. അതിൽ പത്ഥ്യാവക്ത്രം എന്ന വൃത്തമാണ് വേദവ്യാസഭഗവാനും വാല്മീകിമഹർഷിയും മറ്റു പല കവിവര്യന്മാരും ധാരാളമായി ഉപയോഗിച്ചിട്ടുള്ളത്. അതിനാലാകാം  അനുഷ്ടുപ് ഛന്ദസ്സിലുള്ള ഈ  വൃത്തത്തിനെ അനുഷ്ടുപ് വൃത്തമെന്ന് വിളിയ്ക്കാനിടയായത്.

പത്ഥ്യാവക്ത്രത്തിൻറെ ലക്ഷണങ്ങൾ ഇവയാണ്.

1. എട്ടക്ഷരങ്ങളിൽ ആദ്യത്തേയും അവസാനത്തേയും അക്ഷരങ്ങൾ മാറ്റി നിർത്തുക.
2. ശേഷിയ്ക്കുന്ന ആറക്ഷരങ്ങളെ മൂന്നക്ഷരങ്ങൾ വീതമുള്ള രണ്ടു ഭാഗങ്ങളായി എടുക്കുക.
3. ഇപ്പോൾ ആകെ നാലുവരികളിലും കൂടി എട്ട് ഭാഗങ്ങൾ ഉണ്ടാകും.
4. ഇവയിലൊന്നും 'നഗണ'മോ (മൂന്നക്ഷരങ്ങളും ലഘു) 'സഗണ'മോ (അന്ത്യഗുരു അഥവാ ലഘു, ലഘു, ഗുരു എന്നിങ്ങനെ) ആകരുത്.
5. ഒന്നും മൂന്നും വരികളിൽ അഞ്ച്, ആറ്, ഏഴ് അക്ഷരങ്ങൾ ചേർന്ന ഗണം (മൂന്നക്ഷരങ്ങളുടെ കൂട്ടം) 'യഗണ'മാകണം (ആദ്യലഘു അഥവാ ലഘു,ഗുരു, ഗുരു).
6. രണ്ടും നാലും വരികളിൽ ഇത് 'ജഗണ'മാകണം (മദ്ധ്യഗുരു അഥവാ ലഘു, ഗുരു, ലഘു).

പുരാണേതിഹാസങ്ങളിൽ ചുരുക്കം ചിലയിടങ്ങളിൽ ഒന്നും മൂന്നും വരികളിലെ യഗണം നിഷ്കർഷിച്ചിട്ടില്ലാത്തതായി കാണാം.

ഈ പറഞ്ഞ ലക്ഷണനിയമങ്ങൾ അതിസങ്കീർണമായവയാണല്ലോ എന്നൊന്നും ആരും കരുതരുത്‌. ശ്ലോകങ്ങൾ അനായാസമായി ആർക്കും രചിയ്ക്കാൻ സാദ്ധ്യത നല്കുന്ന, ആർക്കും എളുപ്പം വഴങ്ങുന്ന ഒരു വൃത്തമാണിത്. നമ്മുടെ ശാസ്ത്രങ്ങളെല്ലാം ഈ വൃത്തത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്. സത്യം പറഞ്ഞാൽ ഗദ്യത്തിൽ എഴുതുന്നതിലും എളുപ്പത്തിൽ എഴുതാം. എല്ലാവരും ശ്രമിച്ചു നോക്കണം. 

ഭയത്തിൻ ചട്ടപൊട്ടിച്ച-
ക്കാവ്യധാരയിലെത്തിയാൽ
രചനാസർഗ്ഗമാധുര്യം
നുകരാം മുകരാം സദാ.
pradikshanam.

No comments:

Post a Comment