Wednesday, May 02, 2018

ഛാന്ദോഗ്യോപനിഷത്ത്-12
സപ്തവിധമായ സാമത്തെ ആദിത്യനായി ഉപാസിക്കേണ്ട ക്രമം പറഞ്ഞു. രാപകലുകളാകുന്ന കാലംകൊണ്ട് സൂര്യന്‍ ജഗത്തിനെ നശിപ്പിക്കുന്നതിനാല്‍ മൃത്യുസ്വരൂപനാണ്. ആ മൃത്യുവിനെ അതിക്രമിക്കുന്നതിനുള്ള ഉപായത്തെയാണ് ഇനി പറയുന്നത്.
ഇനി സ്വന്തം ആത്മാവിനോട് തുല്യമായതും മൃത്യുവിനെ മറികടക്കുന്നതുമായ സപ്തവിധ സാമത്തെ ഉപാസിക്കണം. ഹിംകാരം മൂന്ന് അക്ഷരങ്ങളോട് കൂടിയതാണ്. അതുപോലെ പ്രസ്താവം മൂന്ന് അക്ഷരങ്ങളോട് കൂടിയതാണ്. അതുകൊണ്ട് അവ തുല്യമാകുന്നു.
ഉദ്ഗീഥ ഭക്തിയുടെ നാമാക്ഷരങ്ങളെ ഉദ്ഘീഥമായി ഉപാസിക്കണമെന്ന് കഴിഞ്ഞ അധ്യായത്തില്‍ പറഞ്ഞതു പോലെയാണ് സപ്തവിധ സാമത്തിലെ  അക്ഷരങ്ങളെ തുല്യമായി എടുത്ത് മൂന്ന് വീതം സമമായി കണ്ട് ഉപാസിക്കണമെന്ന് പറഞ്ഞത്. ഇത് മൃത്യുഞ്ജയത്തിനുള്ള ഉപായമാണ്. ഹിങ്കാരം, പ്രസ്താവം, ആദി, ഉദ്ഗീഥം, പ്രതിഹാരം, ഉപദ്രവം, നിധശം എന്ന ഏഴ് സാമഭക്തികളില്‍ മൂന്ന് അക്ഷരങ്ങള്‍ തുല്യമായി ചേര്‍ക്കുമ്പോള്‍ 21 അക്ഷരങ്ങള്‍ വരും. ബാക്കി വരുന്ന അക്ഷരത്തെ മൃത്യുവിനെ കടക്കുന്ന പാലമായി കല്‍പ്പിക്കുന്നു. ആ ഒരു അക്ഷരത്തെ തുല്യതയ്ക്കായി മൂന്ന് ആയി കണക്കാക്കണം. അധികമുള്ള  അക്ഷര സംഖ്യയില്‍ മൃത്യുവിനെ കടക്കുന്നതുകൊണ്ട് ഇതിനെ അതിമൃത്യു എന്നു പറയുന്നു. ആത്മ സമ്മിതം എന്നതിനെയാണ് പരമാത്മാവിനോട് തുല്യമായത് എന്നു പറഞ്ഞത്. സ്വന്തം അവയവങ്ങളില്‍ തുല്യമായത് എന്നും അര്‍ത്ഥം പറയാം.
ഹിംകാരത്തിലും പ്രസ്താവത്തിലും മൂന്ന് അക്ഷരങ്ങള്‍ മാത്രമുള്ളതിനാല്‍ ഇവ രണ്ടും സമമാണ്.
ആദി: എന്നത് രണ്ട് അക്ഷരമാണ്. പ്രതിഹാരാ എന്നത് നാലക്ഷരമാണ്. പ്രതിഹാരത്തില്‍നിന്ന് ഒരു അക്ഷരം ആദിയിലേക്ക് ചേര്‍ത്താല്‍ രണ്ടും തുല്യമാകുന്നു. എല്ലാ അവയവങ്ങളും സമമായതിനാല്‍ എല്ലാറ്റിലും മൂന്ന് അക്ഷരങ്ങളാക്കുകയാണിവിടെ.
ഉദ്ഗീഥത്തില്‍ മൂന്നക്ഷരം ഉപദ്രവത്തില്‍ നാല് മൂന്ന് അക്ഷരങ്ങള്‍ വീതമാക്കുമ്പോള്‍ ഒരു അക്ഷരം ബാക്കിയാകും. അക്ഷരം എന്നുപറഞ്ഞാല്‍ മൂന്ന് എണ്ണമാണ്. അപ്പോള്‍ ഒരു അക്ഷരത്തെ മൂന്നായി കണക്കാക്കണം. അപ്പോള്‍ അതും തുല്യമാകും. നിധനം എന്നത് മൂന്നക്ഷരമാണ്. മുന്‍പ് പറഞ്ഞവയ്ക്ക് ഇതും തുല്യമാകുന്നു. അങ്ങനെ ഏഴ് ഭക്തികളിലുമായി ആകെ 22 അക്ഷരങ്ങള്‍.
21 അക്ഷരംകൊണ്ട് ആദിത്യനെ പ്രാപിക്കാം. എന്തെന്നാല്‍ ആദിത്യന്‍ സംഖ്യകൊണ്ട് ഈ ലോകത്തില്‍നിന്ന് 21-ാമത്തേതാണ്. 22-ാമത്തെ അക്ഷരംകൊണ്ട് ആദിത്യനപ്പുറമുള്ളതിനെ ജയിക്കുന്നു. അത് സുഖമയമാണ്. അത് ദുഃഖമില്ലാത്തതാണ്.
12 മാസങ്ങള്‍, 5 ഋതുക്കള്‍, മൂന്ന് ലോകങ്ങള്‍ എന്നിവയ്ക്കുശേഷം 21-ാ മത് ആദിത്യന്‍ എന്ന ശ്രുതി വാക്യമനുസരിച്ചാണ് ആദിത്യനെ 21-ാമത്തെ എന്ന അര്‍ത്ഥത്തില്‍ ഏകവിംശ എന്ന് പറഞ്ഞത്. ഋതുക്കളില്‍ ശിശിരവും ഹേമന്തവും ഒന്നായി കാണുമ്പോഴാണ് അഞ്ച് ഋതുക്കുകള്‍ എന്നു വരുന്നത്. ആദിത്യന്‍ മൃത്യുവായതിനാല്‍ ഇരുപത്തിരണ്ടാമത്തെ അക്ഷരംകൊണ്ട് അതിനപ്പുറത്തേക്ക് എത്തുന്നു. മൃത്യുവിനെ മറികടക്കുന്നു. അങ്ങനെ എത്തുന്ന; ഇടം വളരെ ബുദ്ധിമുട്ടുള്ളതും യാതൊരു ദുഃഖവും ഇല്ലാത്തതുമാണ്. നാകം എന്നാണ് അതിനെ വിശേഷിപ്പിച്ചത്- സുഖമായിട്ടുള്ളത് എന്നര്‍ത്ഥം. അകമില്ലാത്ത ഇടം നാകം. അസുഖമില്ലാത്ത് നാകം. അവിടെ സുഖംതന്നെയാണ് എന്നറിയണം.
ഇങ്ങനെ അറിഞ്ഞ് എല്ലാ ഭാഗങ്ങളും തുല്യമായിട്ടുള്ളതും അതിക്രമിച്ചതുമായ സപ്തവിധ സാമത്തെ ഉപാസിക്കുന്നയാള്‍ ആദിത്യന്റെ ജയത്തെ പ്രാപിക്കുന്നു. ആദിത്യജയത്തില്‍നിന്ന് ഉല്‍കൃഷ്ട ജയവും അയാള്‍ക്ക് ഉണ്ടാകുന്നു. സപ്തവിധമായ സാമത്തിന്റെ ഉപാസനം ഇതോടെ തീര്‍ന്നു.
ഗായത്രീ സാമ, രഥന്തര സാമ, വാമദേവ്യ, ബൃഹദ് സാമ, വൈരൂപ സാമ, വൈരാജ സാമ, ശക്വരി സാമ, രേവതി സാമ, യജ്ഞായജ്ഞീയ സാമ, രാജന സാമ, സര്‍വ്വ സാമ തുടങ്ങി സാമത്തിന്റെ വിവിധ ഉപാസനകളെ പ്രത്യേകം പേരെടുത്ത് പറഞ്ഞ് അവതരിപ്പിക്കുകയാണ് ഇനി വരുന്ന അധ്യായങ്ങളില്‍.
 9495746977

No comments:

Post a Comment