Wednesday, May 02, 2018

സ്വയം പ്രകാശമായ ആത്മാവാണു ഹൃദയം. ഹൃദയപ്രകാശം മനസ്സിന്റെ ഇരിപ്പിടമായ ബുദ്ധിക്കു സിദ്ധിക്കുന്നതു മുഖേന മനസ്സും പ്രകാശിക്കുകയാണ്. ആത്മാവിന്റെ പ്രതിബിംബപ്രകാശമായ മനസ്സിനാല്‍ ലോകം തോന്നപ്പെടുന്നു. തനിക്ക് ആത്മാവിന്റെ പ്രകാശം ലഭിക്കുന്നതിനാലാണ് മനസ്സിന് ലോകത്തെ കാണാന്‍ വൈഭവമുണ്ടാകുന്നത്. ആ പ്രകാശമില്ലെങ്കില്‍ മനസ്സിനൊന്നും അറിയാനൊക്കുകയില്ല. പ്രകാശത്തിന്റെ ഉറവിടത്തിലേക്ക് മനസ്സ് തിരിഞ്ഞു നോക്കിയാല്‍  മനോമയജ്ഞാനം ഒഴിഞ്ഞ് അഖണ്ഡാത്മാവാകുന്ന ഹൃദയത്തിന്റെ ഏകജ്ഞാനം സഹജമായി പ്രകാശിക്കും.
ചന്ദ്രന്‍ സൂര്യനില്‍ നിന്നും പ്രകാശം സ്വീകരിച്ച്, അതിനെ നിലാവെളിച്ചമായി പ്രതിഫലിപ്പിക്കുന്നു. സൂര്യപ്രകാശമില്ലാത്ത രാത്രിയില്‍ നിലാവൊളിയില്‍ വസ്തുക്കളെ കാണുന്നു. സൂര്യന്‍ വീണ്ടും ഉദിച്ചാല്‍ ചന്ദ്രനാല്‍ പ്രയോജനമൊന്നുമില്ല. അതിന്റെ പ്രകാശം സൂര്യപ്രകാശത്തിലൊടുങ്ങുന്നു. ചന്ദ്രന് ഒരു സ്ഥാനമേ ഇല്ലാതെ പോകുന്നു ഇതുപോലെയാണ് ഹൃദയത്തിനും മനസ്സിനുമുള്ള സംബന്ധം.
ഞാന്‍ എന്റേത് എന്നീ പ്രകാരമുള്ള വാസനയൊഴിഞ്ഞ ശുദ്ധസത്വമനം തന്റെ ആദിയായ (ആധാരം) ആത്മാവോടു ഏകാകാരമാകുന്നു. അതിനെയാണ് മനസ്സുകൊണ്ട് ആത്മാവിനെ അറിയുന്നു എന്നു പറയുന്നത്. മനസ്സിന് ആത്മാവിനെ ഒരു വിഷയമായി നേരിട്ടറിയാന്‍ സാധ്യമല്ല. ഇരുട്ടിലുള്ളതിനെ കാണാന്‍ ദീപപ്രകാശം ഉതകുന്നു. സൂര്യന്‍ പ്രകാശിക്കുമ്പോള്‍ പകല്‍ ദീപം കൊണ്ടൊരു പ്രയോജനവുമില്ല. സൂര്യനെ ദീപപ്രകാശം കൊണ്ട് കാണേണ്ട കാര്യമില്ല. സ്വയം പ്രകാശമായ സൂര്യന്‍ മറ്റുള്ളതുകളെയും പ്രകാശിപ്പിക്കുന്നു. അതുപോലെ വിഷയങ്ങളെ കാണാന്‍ മനസ്സിന്റെ പ്രതിഫലനപ്രകാശം വേണം. ഹൃദയസ്വരൂപത്തെ കാണുന്നത് മനസ്സിന്റെ പ്രകാശം കൊണ്ടല്ല. മനസ്സ് ഹൃദയാഭിമുഖമായാല്‍ മതി. മനസ്സ് അപ്പോള്‍ തന്റെ ഉറവിടത്തില്‍ മറയുമ്പോള്‍ ഹൃദയം പരിപൂര്‍ണ്ണമായ ഏകസ്വരൂപമായി നിരാലംബമായി വിളങ്ങും.
കേവലം, സ്വപ്രകാശചൈതന്യമാണ് സര്‍വ്വസാക്ഷിയായ ഹൃദയം അല്ലെങ്കില്‍ ആത്മസ്വരൂപം. അതില്‍നിന്നും അവ്യക്ത ആഭാസ പ്രകാശത്തോടുകൂടിയ (വൃത്തിസ്വരൂപ) ജീവന്‍ ഉദിക്കുന്നു. അന്തര്‍ഗതമായ ബുദ്ധിയും, ബഹിര്‍ഗമനം ചെയ്യുന്ന വൃത്തിയും ചേര്‍ന്നതാണ് ജീവന്റെ സ്വരൂപം. ബുദ്ധിയും മനസ്സും ചേര്‍ന്നത് അങ്കുരാവസ്ഥയിലിരിക്കുന്ന അന്തഃകരണം. വിഷയസ്വരൂപത്തെ വഹിക്കുന്ന വൃത്തികളും സാമാന്യജ്ഞാനവും ചേര്‍ന്ന് ഈ ദൃശ്യലോകമായിത്തീരുകയാണ്.
ശുദ്ധചൈതന്യമാകുന്ന ആത്മാവില്‍ ആത്മാവുതന്നെ ദ്രഷ്ടാവായി നില്‍ക്കുന്നു. ഈ ദ്രഷ്ടാവ് ബുദ്ധിയായും മനസ്സായും ഭേദിച്ചു നില്‍ക്കുന്നു. വിഷയാകാരമായിത്തീരുന്ന വൃത്തികളും അവയെ പ്രകാശിപ്പിക്കുന്ന സാമാന്യ ഫലചൈതന്യവും ചേര്‍ന്നതാണ് (അന്തഃകരണം) അറിവാകുന്നത്. ഈ അറിവ് മനോവൃത്തിയുടെ ബാഹ്യവിഷയങ്ങളായി പരിണമിക്കുന്നു. വൃത്തികളില്‍ പ്രതിഫലിക്കുന്ന ഫലചൈതന്യം വിഷയങ്ങളെ പ്രകാശിപ്പിക്കുന്നു. മനോവൃത്തികളെ അടക്കി, അവയെ പ്രകാശിപ്പിക്കുന്ന ചൈതന്യത്തിനഭിമുഖമായി നിന്നു അതിനെ ആശ്രയിച്ചാല്‍ മനസ്സൊടുങ്ങുന്നു. ചൈതന്യപ്രകാശം സ്വതന്ത്രമായി നില്‍ക്കും. രജസ്തമോഗുണാന്വിതമായ മനസ്സാണ് സാമാന്യമായി മനസ്സെന്നു പറയപ്പെടുന്നത്. അവ ഒഴിഞ്ഞു ശുദ്ധസത്വമനസ്സ് സ്വരൂപാകാരമായി പ്രകാശിക്കുന്നു. അതാണ് ആത്മാനുഭവം. ഇക്കാരണത്താലാണ് മനസ്സിനെക്കൊണ്ടുതന്നെ ആത്മാവിനെ പ്രാപിക്കേണ്ടതാണെന്നു ഉപനിഷത്തുക്കള്‍ ഘോഷിക്കാനിടയായത്.
ശുദ്ധചൈതന്യമാണ് ശാശ്വതസ്വരൂപം. അത് നിത്യാപരോക്ഷമായ സാക്ഷി(ജ്ഞാനം)യായി വിളങ്ങുന്നു. അതില്‍നിന്നും ആഭാസപ്രകാശവും അന്തഃകരണവും ചേര്‍ന്നു അറിവായ ജീവന്‍ ഉദിക്കുന്നു. വൃത്തികളും അവയെ പ്രകാശിപ്പിക്കുന്ന പ്രകാശവും ചേര്‍ന്ന് അറിയപ്പെടുന്ന വസ്തുവാകുന്നു. ഇവയില്‍ വിഷയങ്ങള്‍ സ്ഥൂലരൂപത്തില്‍ നില്‍ക്കും ഇവയെ പ്രകാശിപ്പിക്കുന്ന പ്രകാശത്തെ ഫലചൈതന്യ (അറിവ്)മെന്നു പറയുന്നു.
ജീവന്റെ അന്തഃകരണവും സത്വം, രജസ്സ്, തമസ്സ് എന്ന് പറയുന്ന ത്രിഗുണാത്മകമാണ്. ഇതില്‍ സത്വം സാമാന്യമായ അറിവിന്റെ പ്രകാശമാണ്. വൃത്തിരൂപമായ മനസ്സും ചേര്‍ന്നതാണ് രജസ്സ്. സ്ഥൂലവിഷയങ്ങള്‍ തമസ്സുമാണ്. അങ്ങനെ സമഷ്ടി അന്തഃകരണത്തിന്റെ സത്വാംശം (അഖിലജഗന്നായകനായ) ഈശ്വരനായും, രജസ്സ് ജീവരൂപത്തിലും തമസ്സ് പ്രപഞ്ചരൂപത്തിലും നില്‍ക്കുന്നു.
ബ്രഹ്മസ്വരൂപത്തിന്റെ സദ്‌രൂപം സര്‍വ്വത്തിനും അധിഷ്ഠാനമായിരിക്കുന്നു. ചിദാനന്ദരൂപത്തില്‍ വിശേഷമെന്നു പറയപ്പെടുന്ന ഭേദങ്ങളുടെ ആദിയായ മായ ആവിര്‍ഭവിക്കുന്നു. ലോകസൃഷ്ടി പ്രകൃത്യാ ഉള്ളതാണെന്നും നാനാവിഷയ ഭേദസങ്കല്‍പത്തോടുകൂടിയതാണെന്നും രണ്ടുവിധം പറയപ്പെടുന്നു. സത്തിനെ മായ മറക്കുന്നില്ല. ചിദാനന്ദത്തെ മറച്ച് അതിനെ സഗുണമായി നാനാവിഷയങ്ങളാക്കി കാണിക്കുന്നു.
മങ്ങിയ വെളിച്ചത്തില്‍ കയറു പാമ്പിനെപ്പോലെ തോന്നിപ്പിക്കുന്നു. കയറു സദ് വസ്തു. മങ്ങിയ വെളിച്ചം മായ. പാമ്പാണെന്ന അദ്ധ്യാരോപം, നാനാത്വപ്രപഞ്ചം. സദ്‌വസ്തുവാണ് അധിഷ്ഠാനസത്യം. അതില്‍നിന്നും ഒരു നിര്‍ദ്ദിഷ്ടസങ്കല്‍പമായ അഹന്ത ഉദിച്ച് ശരീരമാണു താനെന്നഭിമാനിക്കുന്നു. അഹങ്കാരന്‍ തന്റെ സത്യത്തെ അറിയാതെ, തന്റെ സങ്കല്‍പങ്ങളോട ചേര്‍ന്ന് അതുകളാണ് താന്‍ എന്നഭിമാനിക്കുന്ന അജ്ഞാനമാണതിനു കാരണം. യഥാര്‍ത്ഥത്തില്‍ ജീവന്‍ ജ്ഞാനസ്വരൂപമാണെങ്കിലും താന്‍ ദേഹമാണെന്ന വിപരീതജ്ഞാനമുണ്ടാകുന്നു. ഇരുമ്പുതുണ്ടും അഗ്‌നിയും ചേര്‍ന്നു അഗ്‌നിത്തുണ്ടാകുന്നു. അതുപോലെ ജഡത്തോട് താദാത്മ്യം പ്രാപിച്ചു നില്‍ക്കുന്ന ചിത്താണ് ജീവന്‍.
janmabhumi

No comments:

Post a Comment