Thursday, May 24, 2018

ഭയം മുതല്‍ വിവരിച്ച 26 ദൈവീക ഗുണങ്ങളുടെ പൂര്‍ണതയുള്ള മനുഷ്യന്‍ വിവിധതരത്തിലുള്ള മോക്ഷപ്രാപ്തിക്കുള്ള യോഗ്യത നേടും. വര്‍ണങ്ങള്‍ക്കും ആശ്രമങ്ങള്‍ക്കും വിധിച്ച സാത്ത്വിക ക്രിയകള്‍ സുഖഭോഗങ്ങള്‍-ഈ ലോകത്തിലേതും പരലോകത്തിലേതും ആഗ്രഹിക്കാതെ ചെയ്താല്‍ ചിത്തം കാമമാലിന്യം നീങ്ങി ശുദ്ധമാക്കും. പിന്നെ ഭഗവദ്ഭക്തിയോ ജ്ഞാനയോഗമോ അനുഷ്ഠാനയോഗമോ അനുഷ്ഠിച്ച് ലക്ഷ്യത്തിലെത്താന്‍ കഴിയും. അതിന് ഈ അധ്യായത്തില്‍ വിവരിച്ച ദൈവീക ഗുണങ്ങള്‍ ശീലിച്ച് സ്വഭാവമാക്കി മാറ്റണം.
ശാസ്ത്രനിഷിദ്ധവും ഭൗതികഫലങ്ങള്‍ ആഗ്രഹിച്ചും അഹങ്കാരത്തോടുകൂടിയും വൈദിക ലൗകികകര്‍മ്മങ്ങള്‍ ചെയ്ത്, ആസുരിക ഗുണങ്ങള്‍ ശീലിച്ച് ജീവിക്കുന്നവര്‍ ഈ ലോകത്തില്‍ തന്നെ ജനിച്ചും മരിച്ചും സംസാരസമുദ്രത്തിന്റെ ചുഴിയില്‍പ്പെട്ട് മുങ്ങിയും പൊങ്ങിയും തന്നെ കഴിഞ്ഞുകൂടേണ്ടിവരും.
അര്‍ജ്ജുനന് മനസ്സില്‍ സംശയം ഉണ്ടായിരുന്നു. ഭീഷ്മ ദ്രോണാദികളായ ഗുരുനാഥന്മാരെയും ബന്ധുജനങ്ങളെയും വധിക്കുന്നതു ക്രൂരതയല്ലേ? ഇപ്പോള്‍ അങ്ങനെ ചെയ്യുന്നത് ഞാന്‍ ആസുരിക പ്രകൃതിയെ വളര്‍ത്തിയെടുക്കലാവില്ലേ? ഭഗവാന്‍ പറയുന്നു-
മാ ശ്രുചഃ- നീ ദുഃഖിക്കേണ്ട കാര്യമില്ല. ''ദൈവീം സമ്പദം അഭിജാതോസി-നീ ദൈവീക ഗുണ സമ്പൂര്‍ണതയുള്ളവനാണ്. ക്ഷത്രിയന്‍ ഗുണസമ്പൂര്‍ണതയുള്ളവനാണ്. ക്ഷേത്രിയന്‍ ധര്‍മ്മാനുസൃതമായിത്തന്നെ രാജ്യഭരണം നടത്തണം. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും ഗുരുവായാലും ബന്ധുവായാലും അവരോടു യുദ്ധം ചെയ്യണം. അത് ഹിംസയല്ല, 'തേജസ്സ്' എന്ന ദൈവീക ഗുണമാണ്. പാണ്ഡവ! കുരുരാജാവിന്റെയും ഭരത രാജാവിന്റെയും കുലത്തില്‍ പിറന്ന നീ പാണ്ഡുവന്റെ മകനുമാണ്. അവരുടെ ധാര്‍മിക ഗുണം നിനക്കും ഉണ്ട്. നീ അസുരപ്രകൃതിയല്ല. നിങ്ങള്‍ പാണ്ഡവന്മാര്‍ അഞ്ചുപേരും ദൈവീക ഗുണ സമ്പന്നന്മാര്‍ തന്നെയാണ്.
മനുഷ്യരില്‍ തന്നെയാണ് ദൈവീകഗുണവും ആസുരിക ഗുണവും (16-6)
അസ്മിന്‍ലോകേ-ഈ മനുഷ്യലോകത്തില്‍ രണ്ടു തരത്തിലാണ് സൃഷ്ടിക്രമം. ദൈവീ ഗുണങ്ങളുള്ള സൃഷ്ടി, ആസുരീക ഗുണങ്ങളുള്ള സൃഷ്ടി, ധര്‍മ്മശാസ്ത്ര പരിശീലനംകൊണ്ടും പരമ്പരയായി സിദ്ധിച്ച സംസ്‌കാരബലംകൊണ്ടും ദൈവീക ഗുണം വളര്‍ത്തി, രാഗദ്വേഷാദി ദുര്‍ഗുണങ്ങളെ ജയിച്ച്, ഒരാള്‍ ധര്‍മ്മിഷ്ഠനായിത്തീരുമ്പോള്‍ ആ വ്യക്തിയെ ദൈവീക ഗുണ സമ്പന്നന്‍ എന്ന് വിളിക്കാം. സ്വഭാവത്തില്‍ തന്നെ രാഗദ്വേഷാദി ദുര്‍ഗുണങ്ങള്‍ വര്‍ധിച്ച്, ശാസ്ത്രനിര്‍ദ്ദേശങ്ങളെയും സംസ്‌കാരത്തെയും മറികടന്ന് ഒരാള്‍ അധാര്‍മ്മിക പ്രവൃത്തി ചെയ്യുമ്പോള്‍ ആ വ്യക്തിയെ ആസുര ഗുണസമ്പന്നന്‍ എന്നും പറയാം. അല്ലാതെ, രണ്ടുതരം ജാതികളല്ല മനുഷ്യരിലെ ദേവന്മാരും അസുരന്മാരും എന്ന് മനസ്സിലാക്കണം.
ഇതില്‍ ദൈവീക ഗുണങ്ങളുള്ളവരുടെ ജീവിത രീതിയും ആത്മീയ ചിന്തയും അനുഷ്ഠാനക്രമങ്ങളും മുന്‍പ് വിസ്തരിച്ചു തന്നെ ഞാന്‍ പറഞ്ഞു. അര്‍ജുനാ, നിനക്ക് ഓര്‍മ്മയുണ്ടാവുമല്ലോ. സ്ഥിതപ്രജ്ഞ ലക്ഷണം പറയുമ്പോള്‍  സൂചിപ്പിച്ചത് ഈ ദൈവീക ഗുണങ്ങളെയാണ്. ഒമ്പതാം അധ്യായത്തിലെ 13-ാം ശ്ലോകത്തില്‍ ''ദൈവീം പ്രകൃമാശ്രിതാഃ മാംഭജന്തി'' എന്ന് വ്യക്തമാക്കി.  ഭക്തിലക്ഷണം പറയുമ്പോഴും  ജ്ഞാനലക്ഷണം പറയുമ്പോഴും ഞാന്‍ വിശദീകരിച്ചത് ഈ ദൈവിക പ്രകൃതിയെതന്നെയാണ്. ഗുണാതീതന്റെ ലക്ഷണം പറയുമ്പോഴും വിസ്തരിച്ചത് ദൈവീക ഗുണങ്ങള്‍ തന്നെയാണ്.
അര്‍ജ്ജുനാ, ഇനി ഞാന്‍ ആസുരീക ഗുണങ്ങളെയാണ് പറയാന്‍  പോകുന്നത്. കാരണം, മനുഷ്യര്‍ ദൈവീക ഗുണങ്ങളെ ജീവിതത്തില്‍ പരിശീലിച്ച് സ്വായത്തമാക്കേണ്ടതുകൊണ്ടാണ് വിസ്തരിച്ചത്. ആസുരിക ഗുണങ്ങളെ ഞാന്‍ വിപുലീകരിച്ചു പറയുന്നത്, അവ മനുഷ്യര്‍ അതിദൂരത്തില്‍ തന്നെ ഉപേക്ഷിച്ചും ശീലിക്കണം എന്നതുകൊണ്ടാണ്. പറയാം, കേള്‍ക്കൂ!...janmabhumi

No comments:

Post a Comment