Thursday, May 24, 2018

മദാസുരന്റെ നെഞ്ചില്‍ കുറേ തീകോരിയിട്ടിട്ടാണ് നാരദര്‍ തിരിച്ചുപോയത്. ഇനിയിപ്പോള്‍ ശ്രീപരമേശ്വരനെ അന്വേഷിക്കണോ, ഏകദന്തനെ അന്വേഷിക്കണോ. അതോ വീണ്ടും ശ്രീപരാശക്തിയെത്തേടി തപസ്സിനു പോണോ? തീരുമാനത്തിലെത്താന്‍ കഴിയുന്നില്ല. ശുക്രാചാര്യരോടു ചോദിച്ചാലോ?
ശ്രീപരമേശ്വരനെ അന്വേഷിക്കാന്‍ പോയ ചാരന്മാര്‍ അരികില്‍ തന്നെയുണ്ട്. അവരെത്തന്നെ നിയോഗിച്ച് ഏകദന്തനെ തിരഞ്ഞാലോ? ആനത്തലയനായതുകൊണ്ട് അന്വേഷിച്ചു കണ്ടുപിടിക്കാന്‍ എളുപ്പമായിരിക്കും. ഇനിയിപ്പോള്‍ ആലോചിച്ചു സമയം കളയാനില്ല. ഇപ്പോള്‍ തന്നെ ഏകദന്താന്വേഷണത്തിന്  ഈ ചാരന്മാരെ നിയോഗിക്കാം.
മദാസുരന്‍ അപ്പോള്‍ തന്നെ ഏകദന്തനെ അന്വേഷിക്കാന്‍ ചാരന്മാരെ നിയോഗിച്ചു.
വിവരമറിഞ്ഞ് മദാസുരന്റെ മന്ത്രിമാരില്‍ ചിലര്‍ അകത്തളങ്ങളില്‍ അടക്കം പറഞ്ഞു. അച്ഛനെ അന്വേഷിച്ച് പരാജയപ്പെട്ടവരെയാണ് മകനെത്തേടിപ്പോകാന്‍ അയച്ചത്. ഇതിനൊക്കെ കഴിവു തെളിയിച്ചവരെ വേണ്ടേ ഏല്‍പ്പിക്കാന്‍?
ഏതായാലും ചാരന്മാരില്‍ ചിലര്‍ ഏകദന്തന്റെ സമീപത്തെത്തി. ഏകദന്തനെ തടവിലാക്കാനായിരുന്നു ശ്രമം. എന്നാല്‍ ഏകദന്തന്റെ നോട്ടത്തില്‍ തന്നെ അവര്‍ തളര്‍ന്നുവീണു. ഗണേശന്‍ അവരെ തടവിലാക്കുകയും ചെയ്തു.
പിന്നീടു ബോധം വന്നപ്പോള്‍ ഈ ചാരന്മാര്‍ വിറച്ചുകൊണ്ട് ഗണേശന്റെ കാല്‍ക്കല്‍ അഭയം തേടി. 
ശ്രീഗണേശന്റെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ അവര്‍ സത്യങ്ങളെല്ലാം തുറന്നുപറഞ്ഞു. മദാസുരന്റെ നിര്‍ദ്ദേശപ്രകാരം ഏകദന്തനെക്കുറിച്ചുള്ള കാര്യങ്ങളൊക്കെയറിയാന്‍ വന്ന ചാരന്മാരാണ് തങ്ങളെന്നവര്‍ വ്യക്തമാക്കി. ീൂതന്മാരായ തങ്ങളെ കൊല്ലാതെ വിട്ടയക്കണമെന്ന് അവര്‍ ഗണേശനോടഭ്യര്‍ത്ഥിച്ചു.
എന്നാല്‍ ശ്രീഗണേശന്‍ അവരോട് അനുനയത്തില്‍ സംസാരിച്ചു.
നിങ്ങള്‍ പേടിക്കാതെ തിരിച്ചുപോയ്‌ക്കോളിന്‍. ചെന്ന് മദാസുരനെക്കണ്ട് എന്റെ സന്ദേശമറിയിക്കുക. ജീവനില്‍ കൊതിയുണ്ടെങ്കില്‍ ദേവന്മാരുടെയും നാഗന്മാരുടെയുമെല്ലാം രാജ്യങ്ങളും സമ്പത്തും അവര്‍ക്കു തിരിച്ചുകൊടുക്കാന്‍ പറയുക.
ചാരന്മാര്‍ അവരെ ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വ്വഹിച്ചു. ശ്രീഗണേശന്റെ നിര്‍ദ്ദേശം മദാസുരനെ അറിയിച്ചു...janmabhumi

No comments:

Post a Comment