ഛാന്ദോഗ്യോപനിഷത്ത് 32
യജ്ഞത്തില്‍ ബ്രഹ്മാവിന്റെ മൗനത്തിന് ഭംഗം വന്നാലോ മറ്റ് ഋത്വിക്കുകളുടെ കര്‍മങ്ങള്‍ക്ക് പിഴവ് വന്നാലോ പ്രായശ്ചിത്തമായി വ്യാഹൃതി ഹോമം ചെയ്യണം. അതിനെപ്പറ്റി വിവരിക്കുന്നു .
പ്രജാപതി ലോകങ്ങളെ അഭിതപിപ്പിച്ചു. തപിപ്പിക്കപ്പെട്ട ലോകങ്ങളുടെ സാരഭൂതമായ രസങ്ങളെ എടുത്തു. പൃഥ്വിയില്‍ നിന്ന് അഗ്‌നിയേയും അന്തരീക്ഷത്തില്‍ നിന്ന് വായുവിനേയും ദ്യോവില്‍ നിന്ന് ആദിത്യനേയും എന്നിങ്ങനെ.
പ്രജാപതി ലോകങ്ങളെ അഭിതപിപ്പിച്ചു ചൂടുപിടിപ്പിച്ചു. എന്നാല്‍ ലോകങ്ങളുടെ സ്വരങ്ങളെ ഗ്രഹിക്കണമെന്ന് കരുതി അവയെ ലക്ഷ്യമാക്കി ധ്യാന രൂപമായ തപസ്സ് ചെയ്തു എന്നര്‍ത്ഥം.
പ്രജാപതി ആ മൂന്ന് ദേവതകളെ അഭിതപിപ്പിച്ചു. തപിപ്പിക്കപ്പെടുന്ന ദേവതകളുടെ സാരഭൂതങ്ങളായ രസങ്ങളെ എടുത്തു. അഗ്‌നിയില്‍ നിന്ന് ഋക്കുകളേയും വായുവില്‍ നിന്ന് യജുസ്സുകളേയും ആദിത്യനില്‍ നിന്ന് സാമങ്ങളേയും. മൂന്ന് ദേവതകളില്‍ നിന്ന് മൂന്ന് വേദങ്ങളുടെ ഉത്ഭവത്തെ സൂചിപ്പിക്കുന്നു.
പ്രജാപതി ത്രയീ വിദ്യയെ അഭിതപിപ്പിച്ചു. തപിപ്പിക്കപ്പെട്ട ത്രയീ വിദ്യയുടെ സാരഭൂതങ്ങളായ രസങ്ങളെ എടുത്തു . ഋക്കുകളില്‍ നിന്ന് ഭൂ: എന്ന വ്യാഹൃതിയേയും യജുസ്സുകളില്‍ നിന്ന് ഭുവഃ എന്ന വ്യാഹൃതിയേയും സാമങ്ങളില്‍ നിന്ന് സ്വ: എന്ന വ്യാഹൃതിയേയും. ഈ മൂന്ന് വ്യാഹൃതികളും ലോകങ്ങളുടേയും ദേവതകളുടേയും വേദങ്ങളുടേയും രസങ്ങളായ മഹാ വ്യാഹൃതികളാണെന്നും വ്യക്തമാക്കിയിരിക്കുന്നു.
യജ്ഞത്തില്‍ ഋക്കുകള്‍ മൂലം ന്യൂനത വന്നാല്‍ 'ഭൂ: സ്വാഹാ' എന്ന മന്ത്രത്തില്‍ ഗാര്‍ഹപത്യാഗ്‌നിയില്‍ ഹോമിക്കണം. അത് ഋക്കുകളുടെ തന്നെ രസം കൊണ്ടും വീര്യം കൊണ്ടും ഋക് സംബന്ധിയായ യജ്ഞത്തിന്റെ ദോഷങ്ങളെ പരിഹരിക്കും. ഋക്കിലെ മന്ത്രങ്ങള്‍ ഉച്ചരിക്കുന്ന ഹോതാവിന്റെ തെറ്റു കൊണ്ടുണ്ടാകുന്ന ദോഷത്തിനുള്ള പ്രായശ്ചിത്തമാണ് ഇവിടെ പറഞ്ഞത്. ബ്രഹ്മാവായ ഋത്വിക് ആണ് ഭൂ: സ്വാഹ മന്ത്രത്താല്‍ ഗാര്‍ഹപത്യ അഗ്‌നിയില്‍ ഹോമിച്ച് ആ ദോഷം പരിഹരിക്കേണ്ടത്.
യജുസ്സുകള്‍ നിമിത്തം ക്ഷതം വന്നാല്‍ 'ഭുവഃ സ്വാഹാ ' എന്ന മന്ത്രത്താല്‍ ദക്ഷിണാഗ്‌നിയില്‍ ഹോമിക്കണം. അത് യജുസ്സുകളുടെ തന്നെ രസം കൊണ്ടും വീര്യം കൊണ്ടും യജുസ്സ് സംബന്ധിയായ യജ്ഞത്തിന്റെ ദോഷങ്ങളെ പരിഹരിക്കും. അധ്വര്യുവിന്റെ പിഴവിനുള്ള പരിഹാരമാണിത്.
ആവഹനീയാഗ്‌നിയില്‍ ഹോമിക്കണം.അത് സാമങ്ങളുടെ തന്നെ രസം കൊണ്ടും വീര്യം കൊണ്ടും സാമസംബന്ധിയായ യജ്ഞത്തിന്റെ ദോഷങ്ങളെ മാറ്റും. ഉദ്ഗാതാവിന്റെ തെറ്റിനുള്ള പരിഹാരമാണിത്.
നല്ല ഒരു വൈദ്യന്‍ രോഗിയെ നന്നായി ചികിത്സിച്ച് ആരോഗ്യം നല്‍കി ദേഹം സുശക്തമാക്കുന്നതു പോലെയാണിത്. വ്യാഹൃതി ഹോമമാകുന്ന പ്രായശ്ചിത്തമറിയാവുന്ന ബ്രഹ്മാവ് എന്ന ഋത്വിക് യജ്ഞത്തെ ദോഷങ്ങളേയും അകറ്റി പൂര്‍ണ്ണമാക്കിത്തീര്‍ക്കും.
ഏതു യജ്ഞത്തിലാണോ ഇങ്ങനെ അറിയുന്ന ബ്രഹ്മാവ് ഉള്ളത് ആ യജ്ഞം ഉത്തരമാര്‍ഗ്ഗപ്രാപ്തിയെ തരുന്നതാണ്. ഇത്തരമുള്ള ബ്രഹ്മാവിനെക്കുറിച്ചുള്ള ഗാഥ പ്രസിദ്ധമാണ്. എവിടെയെവിടെ യജ്ഞം ക്ഷതം സംഭവിച്ച് മുടങ്ങുന്നുവോ അവിടെയെല്ലാം ബ്രഹ്മാവ് അത് പരിഹരിക്കാനെത്തുന്നു. പ്രായശ്ചിത്തം കൊണ്ട് പരിപാലിക്കുന്നു
കുതിര തന്റെ പുറത്തു കയറിയ യോദ്ധാക്കളെ കാക്കുന്ന പോലെ മൗനം ആചരിക്കുന്ന ബ്രഹ്മാവായ ഋത്വിക് യാഗകര്‍ത്താക്കളെ രക്ഷിക്കുന്നു. ഇങ്ങനെ അറിയുന്ന ഋത്വിക്ക് യജ്ഞത്തേയും യജമാനനേയും എല്ലാ ഋത്വിക്കുകളേയും രക്ഷിക്കുന്നു. അതിനാല്‍ പ്രായശ്ചിത്ത വിധികളറിയുന്നയാളെ ബ്രഹ്മാവാക്കണം. അല്ലാത്തവരെ അരുത്. ഇങ്ങനെ ബ്രഹ്മാവായ ഋത്വിക്കിനു വേണ്ട യോഗ്യതയെ പറഞ്ഞ് നാലാം അദ്ധ്യായം തീര്‍ന്നു.
949574677
No comments:
Post a Comment