(24) ശൗചം-പുണ്യതീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്ത് ദേഹം ശുദ്ധിയാക്കുക എന്നതു മാത്രമല്ല ശൗചം. കൃഷി, കച്ചവടം, വ്യവസായം മുതലായ ധനസമ്പാദന മാര്‍ഗങ്ങളില്‍ വ്യാപരിക്കുന്ന വൈശ്യസ്വഭാവമുള്ളവര്‍ നിര്‍ബന്ധമായും ശീലിച്ച് വളര്‍ത്തിയെടുക്കേണ്ടതാണ് ശൗചം. ധനം സമ്പാദിക്കാനുള്ള അത്യാഗ്രഹംകൊണ്ട് കരിഞ്ചന്തയില്‍ സമ്പാദിക്കുന്ന ധനം ശുദ്ധമല്ല. ജനങ്ങളെ പരസ്യങ്ങളിലൂടെ, ഇല്ലാത്ത ഗുണങ്ങള്‍ വിളിച്ചുപറഞ്ഞും തട്ടിപ്പും വെട്ടിപ്പും നടത്തിയും സമ്പാദിക്കുന്ന ധനവും ശുദ്ധമല്ല. അത്തരം ധനം ക്ഷേത്രങ്ങളില്‍ വഴിപാടായി സമര്‍പ്പിക്കുന്നത് തെറ്റു തന്നെയാണ്.
ചീഞ്ഞളിഞ്ഞ പുഷ്പങ്ങളോ പുളിച്ച് നാറുന്ന പായസം മുതലായവയോ കീറിപ്പറിഞ്ഞ പീതാംബരമോ നാം ഭഗവാന് സമര്‍പ്പിക്കാറില്ലല്ലോ. അതുപോലെ തന്നെ ഈ അശുദ്ധമായ ധനവും ഭഗവാന് സമര്‍പ്പിക്കരുത്.
ന്യായമായും ധര്‍മ്മാനുസൃതമായും സമ്പാദിച്ച ധനം മാത്രമാണ് ശുദ്ധം. അതു സമര്‍പ്പിക്കാം. ഇതാണ് ശൗചപരിശീലനം.
എല്ലാത്തരം ആള്‍ക്കാരും ശീലിക്കേണ്ട ദൈവീകഗുണങ്ങള്‍ (25) അദ്രോഹഃ - (16-3)
നമുക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മറ്റുള്ളവരെ പീഡിപ്പിക്കാനോ കൊല്ലാന്‍ തന്നെ വേണ്ടിയോ ആയുധങ്ങളും ഉപായങ്ങളും തയ്യാറാക്കി പ്രവര്‍ത്തിക്കാതിരിക്കുക എന്നതാണ് ആ ദ്രോഹം. ഏതു രീതിയില്‍ ജീവിക്കുന്നവരും ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാദികളായ എല്ലാവരും ശീലിക്കേണ്ട ദൈവീക ഗുണമാണിത്. ക്ഷത്രിയ സ്വഭാവമുള്ളവര്‍ പോലും വെറുതെ സ്വസ്ഥരായി നില്‍ക്കുന്ന ഇതര രാജ്യാധിപന്മാരെ അങ്ങോട്ടു ചെന്നു ദ്രോഹിക്കരുത് എന്ന് താല്‍പ്പര്യം.
(26) നാതിമാനിതാ -(16-3)
ഞാന്‍ എല്ലാംകൊണ്ടും പരിപൂര്‍ണനാണ്. ധനം, നല്ലകുലം, വിദ്യാഭ്യാസം, ജോലി, പ്രഭാഷണ ചാതുര്യം ഇത്തരം കാര്യങ്ങളില്‍ എന്നെക്കാള്‍ കേമനായിട്ടു-ഒന്നാമനായിട്ട്-വേറെ ആരും ഇല്ല. അതുകൊണ്ട് എല്ലാവരും എന്നെ ആദ്യമായിട്ട് ആദരിക്കണം, അത്യുന്നത രീതിയില്‍ തന്നെ, എന്നെ സ്വീകരിക്കണം''- എന്ന ദുരഭിമാനത്തെയാണ്-അതിമാനിത എന്നുപറയുന്നത്. ആ മനോഭാവം ഇല്ലാതിരിക്കുക-ഞാന്‍ എല്ലാവരേപ്പോലെ ഒരുവന്‍ മാത്രം-എന്ന മനോഭാവമാണ് നാം വളര്‍ത്തിയെടുക്കേണ്ട ഗുണം- 'നാതിമാനിത' എന്നാണ് ഭഗവാന്‍ പറയുന്നത്. പൂജ്യന്മാരോട്, വിനയപൂര്‍വം പെരുമാറുകയും വേണം. ഇങ്ങനെ 'അഭയം' മതുല്‍ 'നാതി മാനിത' വരെ 26 ഗുണങ്ങളെയാണ് ഭഗവാന്‍ ഉപദേശിച്ചത്. ശുദ്ധ സത്ത്വഗുണപൂര്‍ണങ്ങളായ, ഈ ദൈവികസ്വഭാവങ്ങള്‍ ശരീരം സ്വീകരിക്കുന്ന സമയത്തുതന്നെ ഉണ്ടാവുന്നതിനെയാണ്, ''ദൈവീം സമ്പദം അഭിജാതസ്യാ'എന്നു പ്രത്യേകം പറഞ്ഞത്. കഴിഞ്ഞ ജന്മത്തിലെ പുണ്യകര്‍മ്മങ്ങളുടെ ഫലമായിട്ട് ഈ ജന്മത്തില്‍ ശുഭവാസനകളും പാപകര്‍മ്മങ്ങളുടെ ഫലമായിട്ട് അശുഭവാസനകളും ഗര്‍ഭസ്ഥ ശിശുവില്‍ ഉണ്ടാവുന്നു. ഈ ആശയം വേദത്തില്‍ പറഞ്ഞിട്ടും ഉണ്ട്. ''പുണ്യ-പുണ്യേന കര്‍മ്മണാ ഭവതി പാപഃ പാപേന''
(16-3) ഒരു ഉദാഹരണം നോക്കാം. ആസുര സ്വഭാവമുള്ള അമ്മയുടെ വയറ്റില്‍ തന്നെയാണ്, ഹിരണ്യകശിപു എന്ന അസുരസ്വഭാവിയുടെ പുത്രന്മാര്‍-സംഹ്രാദനും അനുഹ്രാദനും പ്രാദനും പ്രഹ്ലാദനും-ഗര്‍ഭസ്ഥരായത്. പക്ഷേ, പ്രഹ്ലാദന് ശ്രീ നാരദമഹര്‍ഷിയുടെ മുഖത്തില്‍നിന്ന്, ഭഗവത്തത്ത്വങ്ങളും ഭഗവദ്ഭക്തിയുടെ അനുഷ്ഠാനക്രമങ്ങളും കേള്‍ക്കുക എന്ന ഏറ്റവും ഉത്കൃഷ്ടമായ പുണ്യകര്‍മ്മം ചെയ്യാന്‍ സാധിച്ചു. അതുകൊണ്ട് പ്രഹ്ലാദന്‍ ഭഗവാന്റെ ഉത്തമ ഭക്തനായി തീര്‍ന്ന കഥ നമുക്കറിയാമല്ലോ. പ്രഹ്ലാദന്റെ ജ്യേഷന്മാരായ മൂന്നുപേരും അസുരന്മാരായി ജനിച്ചു, വളര്‍ന്നു. അതുകൊണ്ട് നാം ഉള്‍ക്കൊള്ളേണ്ട കാര്യം ഗര്‍ഭസ്ഥ ശിശുവിനെ ഭാഗവതം ഗീത മുതലായ ഭഗവതീയ ഗ്രന്ഥങ്ങള്‍ക്കും അര്‍ത്ഥസഹിതം പാരായണം ചെയ്തു കേള്‍പ്പിക്കണം എന്നതാണ്.
അര്‍ജ്ജുനന് കേട്ടപ്പോള്‍, താന്‍ പുണ്യകര്‍മ്മം ചെയ്തവനാണോ, അല്ലയോ എന്ന സംശയമുണ്ടായി. പക്ഷേ ചോദിച്ചില്ല. ഭഗവാന്‍ അതറിഞ്ഞു തന്നെ അര്‍ജ്ജുനനെ വിളിച്ചു: ഭാരത! എന്ന്. നീ ഭക്തോാത്തമനായ ഭരതരാജാവിന്റെ വംശത്തിലാണല്ലോ ജനിച്ചത്. നീ ദൈവീക ഗുണ സമ്പത്തുള്ളവന്‍ തന്നെ. സംശയിക്കേണ്ട.
9961157857
No comments:
Post a Comment