Wednesday, May 23, 2018

ഛാന്ദോഗ്യോപനിഷത്ത്  33
പ്രാണന്റെ ശ്രേഷ്ഠതയെയും ഉപാസന ക്രമത്തേയും വിവരിക്കുന്നു.
ജ്യേഷ്ഠനേയും ശ്രേഷ്ഠനേയും അറിയുന്നയാള്‍ ജ്യേഷ്ഠനും ശ്രേഷ്ഠനുമായിത്തീരുന്നു. പ്രാണന്‍ തന്നെയാണ് ജ്യേഷ്ഠനും ശ്രേഷ്ഠനുമാകുന്നത്. ജ്യേഷ്ഠനെന്നാല്‍ വയസ്സുകൊണ്ട് മൂത്തയാള്‍. ശ്രേഷ്ഠന്‍ ഗുണങ്ങള്‍ അധികമുള്ളയാള്‍. മറ്റ് ഇന്ദ്രിയങ്ങള്‍ എല്ലാം ഉണ്ടാകുന്നതിന് മുമ്പ് ഗര്‍ഭസ്ഥ ശിശുവിന് പ്രാണന്‍ ഉണ്ടാകുന്നതിനാലാണ് പ്രാണനെ ജ്യേഷ്ഠന്‍ എന്ന് പറഞ്ഞത്.
ഏറ്റവും ധനമുള്ളവനെ അറിയുന്നയാള്‍ സ്വന്തം ബന്ധുക്കളുടെ ഇടയില്‍ ഏറ്റവും ധനികനായിത്തീരും. വാക്കു തന്നെയാണ് ഏറ്റവും വലിയ ധനം. വാഗ്മിയായ ആള്‍ സ്വന്തക്കാരുടെ ഇടയില്‍ ധനവാനായി സുഖമായി ജീവിക്കുന്നു. പ്രതിഷ്ഠയെ അറിയുന്നയാള്‍ ഈ ലോകത്തും പരലോകത്തും പ്രതിഷ്ഠയെ നേടുന്നു. കണ്ണാണ് പ്രതിഷ്ഠ. ഉറച്ച നിലനില്‍പിനെയാണ് പ്രതിഷ്ഠയെന്ന് പറയുന്നത്. കണ്ണ് കൊണ്ട് കണ്ടറിഞ്ഞാണ് സ്ഥലം മനസ്സിലാക്കി ഉറച്ചു നില്‍ക്കാന്‍ കഴിയുന്നത്.
സമ്പത്തിനെ അറിയുന്നയാള്‍ ദേവന്‍മാരേയും മനുഷ്യരേയും സംബന്ധിച്ച എല്ലാ കാമങ്ങളാലും സമ്പന്നനാകും. ശ്രോത്രം തന്നെയാണ് സമ്പത്ത്. കാത് കൊണ്ട് വേദത്തെ കേട്ട് അര്‍ത്ഥം മനസ്സിലാക്കി കര്‍മ്മങ്ങള്‍ ചെയ്ത് ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നു. കാമ സമ്പത്തിന് കാരണമായതിനാല്‍ ശ്രോത്രം സമ്പത്താണ്.
ആശ്രയത്തെ അറിയുന്നയാള്‍ ബന്ധുക്കള്‍ക്കെല്ലാം ആശ്രയമായിത്തീരുന്നു. മനസ്സ് തന്നെയാണ് ആശ്രയം. ഇന്ദ്രിയങ്ങള്‍ കൊണ്ടുവരുന്ന വിഷയങ്ങള്‍ക്കെല്ലാം ആശ്രയം മനസ്സായതിനാലാണ് മനസ്സിനെ ആശ്രയമെന്ന അര്‍ത്ഥത്തില്‍ ആയതനമെന്ന് പറയുന്നത്.
ഒരിക്കല്‍ ഇന്ദ്രിയങ്ങള്‍ ഞാന്‍ ശ്രേഷ്ഠന്‍, ഞാന്‍ ശ്രേഷ്ഠന്‍ എന്നിങ്ങനെ തങ്ങളുടെ ശ്രേഷ്ഠതയെ പറ്റി അന്യോന്യം കലഹിച്ചു. ഇന്ദ്രിയാധിഷ്ഠാതാക്കളായ ദേവതകളെയാണ് ഇവിടെ ഉദ്ദേശിച്ചത്.  ഇങ്ങനെ കലഹിച്ച ഇന്ദ്രിയങ്ങള്‍ പിതാവായ പ്രജാപതിയുടെ അടുത്തെത്തി ഞങ്ങളുടെ ഇടയില്‍ ആരാണ് ശ്രേഷ്ഠനെന്ന് ചോദിച്ചു. നിങ്ങളുടെ ഇടയില്‍ ആര് പുറത്ത് പോയാലാണോ ശരീരം ഒന്നിനും കൊള്ളാത്തതാവുന്നത് അയാളാണ് ശ്രേഷ്ഠന്‍. ആദ്യം വാക്ക് ശരീരത്തില്‍ നിന്ന് പുറത്ത് പോയി. ഒരു കൊല്ലം കഴിഞ്ഞ്  തിരിച്ചു വന്നു. തന്നെ കൂടാതെ ജീവിക്കാന്‍ കഴിഞ്ഞു എന്നറിഞ്ഞ വാക്ക് വേഗം തിരിച്ചു കയറി.
തുടര്‍ന്ന് നേത്രേന്ദ്രിയമായ കണ്ണ് ശരീരത്തില്‍ നിന്ന് പുറത്ത് പോയി. ഒരു വര്‍ഷം കഴിഞ്ഞ് തിരിച്ചു വന്നു. താന്‍ ഇല്ലാതെയും ജീവിച്ചു എന്ന് മനസ്സിലാക്കിയ കണ്ണും തിരിച്ച് പ്രവേശിച്ചു.
പിന്നെ ശ്രോത്രേന്ദ്രിയമായ കാത്  ഒരു വര്‍ഷത്തേക്ക് പുറത്ത് പോയി. മടങ്ങി വന്നപ്പോഴും ജീവനുണ്ടെന്നറിഞ്ഞ് വീണ്ടും ശരീരത്തില്‍ കയറി. മനസ്സാണ് പിന്നെ പോയത്. ഒരു കൊല്ലം കഴിഞ്ഞ് തിരിച്ചു വന്നപ്പോഴും കുഴപ്പമൊന്നും സംഭവിച്ചില്ലെന്ന് മനസ്സിലാക്കി തിരിച്ചു കയറി.
   ഇതെല്ലാം കഴിഞ്ഞപ്പോള്‍ മുഖ്യ പ്രാണന്‍ പുറത്തു പോകാനായി തുടങ്ങി. ഒരു നല്ല കുതിര എങ്ങെനെയാണോ തന്റെ കാലുകള്‍ കെട്ടിയ കുറ്റികള്‍ പറിച്ചെടുക്കുന്നത് അതുപോലെ മറ്റ് ഇന്ദ്രിയങ്ങളെയെല്ലാം ദേഹത്തില്‍ നിന്ന് ഇളക്കിയെടുത്തു. അപ്പോള്‍ അവ പ്രാണനോട് പറഞ്ഞു. ഭഗവാനെ ഇവിടെത്തന്നെ ഇരിക്കുക. അങ്ങ് ഞങ്ങളേക്കാളും ശ്രേഷ്ഠനാണ്. ഈ ശരീരത്തില്‍ നിന്നും പുറത്ത് പോകരുതേ...
പ്രാണന്‍ പോയാല്‍ പിന്നെ ഇന്ദ്രിയങ്ങള്‍ക്ക് ശരീരത്തില്‍ നിലനില്‍ക്കാനാവില്ല.  ഉപാസനയ്ക്ക് വേണ്ടി പ്രാണന്റെ ശ്രേഷ്ഠത കാണിക്കുകയാണിവിടെ. പിന്നെ വാക്ക് പറഞ്ഞു ഞാന്‍ വസിഷ്ഠനാണ്; അത് അങ്ങ് തന്നെയാണ്. കണ്ണ് പറഞ്ഞു താന്‍ പ്രതിഷ്ഠയാണ് അത് പ്രാണനാണ്. കാത് പറഞ്ഞു താന്‍ സമ്പത്താണ്, അത് പ്രാണന്‍ തന്നെ. മനസ്സ് പറഞ്ഞു ഞാന്‍ ആയതനമാണ്, അത് പ്രാണനാണ് .ഇങ്ങനെ ഇന്ദ്രിയങ്ങളെല്ലാം തന്നെ അവയുടെതെന്ന് കരുതിയ ഗുണങ്ങള്‍ പ്രാണന്റെതാണെന്ന് ബോധ്യമായതായി സമ്മതിച്ചു. 
ഇക്കാരണത്താല്‍ വാക്ക് തുടങ്ങിയവയെ പ്രാണങ്ങള്‍ എന്ന് തന്നെ പറയണം. ഇവ കരണങ്ങള്‍ എന്നതിനേക്കാള്‍ പ്രാണങ്ങള്‍ എന്ന്  പറയുന്നതാണ് ഉചിതം.
 9495746977
സ്വാമി അഭയാനന്ദ

No comments:

Post a Comment