Monday, May 21, 2018

യഥാര്‍ത്ഥ പുണ്യകര്‍മ്മങ്ങള്‍ ചെയ്ത്, പാപങ്ങള്‍ നശിച്ച്, മനസ്സ് പരിശുദ്ധമായിത്തീര്‍ന്ന മനുഷ്യന്‍ ശ്രീകൃഷ്ണഭഗവാനെ ഭജിക്കാന്‍ ആരംഭിക്കുന്നു. ദേഹത്തിന്റെ രോഗം മാറുക മുതലായ ഭൗതികലക്ഷ്യങ്ങളാണ് ഉള്ളിലുണ്ടാവുക. ഭഗവാനെപ്പറ്റി ഭക്തന്മാരുമായി നടത്തുന്ന ചര്‍ച്ചകളിലൂടെ ഭൗതികസുഖത്തിന്റെ ഊരാക്കുടുക്കില്‍ നിന്ന് മോക്ഷം നേടുക എന്ന ലക്ഷ്യത്തിലേക്ക് ഭക്തന്റെ മനസ്സ് ഉയരുന്നു. ഇക്കാര്യമാണ് ''ജരാമരണ മോക്ഷായ''- എന്ന പദത്തിലൂടെ സൂചിപ്പിക്കുന്നത്. പിന്നെയും ഭക്തന്മാരില്‍നിന്നും ഭാഗവതം, ഗീത മുതലായ ഭഗവാന്റെ തിരുവായ്‌മൊഴികള്‍ പഠിച്ച് വിചാരം ചെയ്യുമ്പോള്‍, ഭക്തന്റെ മനസ്സ് അവിടെനിന്ന് ഉയരുന്നു. എവിടേയ്ക്കാണ് ഉയരുന്നതെന്ന് ശ്രീശങ്കരാചാര്യര്‍ പറയുന്നു- ''മാം പരമേശ്വരം ആശ്രിത്യ (മത്സമാഹിത ചിത്താ) സര്‍വേശ്വരനായ എന്നെ - ഈ കൃഷ്ണനെത്തന്നെ ആശ്രയിക്കും ഭഗവാനെ സര്‍വാത്മനാ സേവിക്കുക എന്നതാണ് ജീവന്റെ അന്തിമമായ ലക്ഷ്യം എന്ന തീരുമാനത്തിലെത്തും. അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും. ''യേ യതന്തി'' എന്നുപറഞ്ഞത് ഇതാണ്. ആ ഭക്തന്‍ ആദ്യമായി എന്റെ ബ്രഹ്മജ്യോതിസ്സിനെ സാക്ഷാത്കരിക്കും. ബ്രഹ്മം എന്നത് എന്നില്‍നിന്ന് അന്യമായ മറ്റൊരു തത്വമല്ല. ബ്രഹ്മം എന്നില്‍തന്നെയാണ് ഉള്ളതെന്ന് 14-ാം അധ്യായത്തില്‍ 27-ാം ശ്ലോകത്തില്‍ ഭഗവാന്‍ വ്യക്തമാക്കുന്നു. ''ബ്രഹ്മണോഹി പ്രതിഷ്ഠാളഹംഃ.'' (ബ്രഹ്മം എന്നിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്) (ശങ്കരാചാര്യരും വിശദീകരിക്കുന്നു: ബ്രഹ്മണഃ പരമാത്മനഃ നി യസ്മാല്‍ പ്രതിഷഠാ അഹം -പ്രതിനിഷ്ഠതി അസ്മിന്‍ ഇതി പ്രതിഷ്ഠാ അഹം) ഭക്തന്‍ ബ്രഹ്മത്തെ മാത്രമല്ല, ആത്മാവിന്റെയും പരമാത്മാവിന്റെയും ജ്ഞാനവും നേടുന്നു (കൃത്സ്‌ന അധ്യാത്മം) അഖിലകര്‍മ്മ ബ്രഹ്മത്തെപ്പറ്റിയും പരമാത്മാവിനെപ്പറ്റിയും അറിയാനുള്ള കര്‍മങ്ങളും ഭക്തന് അറിയുവാന്‍ കഴിയുന്നു.

No comments:

Post a Comment