Monday, May 21, 2018

ഏഴാമധ്യായത്തിലെ പ്രതിപാദ്യസംഗ്രഹം

ഗീത .
പരബ്രഹ്മം തന്നെയായ വാസുദേവന്‍-ശ്രീകൃഷ്ണന്‍ തന്നെയാണ് ഒരേ ഒരു ദേവന്‍. എല്ലാ സചേതന-അചേതന വസ്തുക്കളുടെയും കാരണവും ആധാരവും അവിടുന്നു തന്നെ. എല്ലാത്തിന്റെയും ശരീരമായി വൈവിധ്യമാര്‍ന്ന് ഭഗവാന്‍ വര്‍ത്തിക്കുന്നു. എല്ലാറ്റിനെയും നിയന്ത്രിക്കുന്നു. എല്ലാം ഗുണങ്ങളും ഭഗവാനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഭഗവാന്‍ തന്നെയാണ് എല്ലാ തത്ത്വങ്ങളെക്കാളും ഉത്കൃഷ്ടന്‍. സത്വരജസ്തമോമയങ്ങളായ ദേഹങ്ങളും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുംകൊണ്ട് നമുക്ക് ഈ ജ്ഞാനം ലഭിക്കുന്നില്ല. ജന്മാന്തങ്ങളിലെ കര്‍മവാസനയാണ് അജ്ഞതയ്ക്ക് കാരണം. അത്യുത്കൃഷ്ട സുകൃതകര്‍മ്മമാണ് ഭഗവാനെ ശരണം പ്രാപിക്കുക എന്നത്. അതുകൊണ്ടുമാത്രമേ പാപവും പാപവാസനയും നശിക്കൂ. സുകൃതങ്ങളുടെ താരതമ്യംകൊണ്ട്, ശരണം പ്രാപിക്കുക എന്നതിന്, ഐശ്വര്യം, അക്ഷരബ്രഹ്മം, തത്ത്വജ്ഞാനം എന്നിങ്ങനെ ഉപാസനയ്ക്ക് ഭേദങ്ങള്‍ ഉണ്ടാവുന്നു. ഭഗവാന്റെ ദിവ്യവും ആത്മീയവുമായ ലോകം ആഗ്രഹിച്ചുകൊണ്ട്, നിരന്തരം ഇടവിടാതെ ഭഗവാനില്‍ മാത്രം ഏക ഭക്തികൊണ്ട് പരമപുരുഷനായ ഭഗവാന്റെ അതിരുകടന്ന സ്‌നേഹം ലഭിക്കുന്നു. ആ അത്യുത്തമാവസ്ഥ ദുര്‍ലഭമാണ്. ആ അവസ്ഥയില്‍ ആ ഉത്തമഭക്തന്‍ ബ്രഹ്മത്തെയും അധ്യാത്മത്തെയും എല്ലാ കര്‍മങ്ങളേയും ആഅധിഭൂതം, ആധിദൈവം, ആധിയജ്ഞന്‍ മുതലായ ഭഗവാന്റെ എല്ലാ തത്ത്വങ്ങളെയും അറിയുന്നു. മരണകാലത്തിലും എന്നെ ധ്യാനിച്ച് എന്നെ അറിഞ്ഞ് എന്നെ പ്രാപിക്കുന്നു.എട്ടാമധ്യായം എഴാമധ്യായത്തിലെ ഒടുവിലത്തെ ശ്ലോകത്തിന് ''തേബ്രഹ്മതദ് വിദുഃ'' ആ ഉത്തമഭക്തന്മാര്‍, ആ ബ്രഹ്മത്തെ അറിയുന്നു എന്നു പറഞ്ഞു. ''പ്രയാണകാലേ പി ച മാം വിദുഃ'' മരണകാലത്തിലും എന്നെ അറിയുന്നു എന്ന് പറഞ്ഞു. ഈ വാക്യങ്ങളുടെ വ്യാഖ്യാനമാണ് ഈ അധ്യായാരംഭത്തില്‍ പറയുന്നത്. അതിനോടനുബന്ധമായി അന്തകാലത്തിലെ ഭഗവത്‌സ്മരണത്തിന്റെ ഫലം, അതിന്റെ ഉപായം, ബ്രഹ്മപ്രാപ്തിയും അതിനുള്ള വഴിയും പറയുന്നു. കൂടാതെ, ''തദ് ബ്രഹവിദ്'' (ആ ബ്രഹ്മത്തെ അറിയുന്നു) എന്നിങ്ങനെ ഭഗവാന്‍, മറ്റൊന്നിനെ അറിയുന്നു എന്ന് പറയുമ്പോള്‍ ബ്രഹ്മം ഭഗവാനില്‍നിന്ന് വ്യത്യസ്തമായി, വേറിട്ടു നില്‍ക്കുന്നുവെന്ന് നമുക്ക് തോന്നിപ്പോകും. അതുപോലെ, സാധിഭൂതം, ''സാധിദൈവം, സാധിയജ്ഞം, മാം വിദു'' എന്നു പറയുമ്പോള്‍ ബ്രഹ്മജ്ഞാനം, ഭഗവതത്ത്വജ്ഞാനത്തില്‍നിന്ന് വേറിട്ട ജ്ഞാനമാണെന്നും തോന്നിപ്പോകും, സംശയം വരും. അര്‍ജ്ജുനന് ആ സംശയം വന്ന്, ചോദിക്കുന്നു (8-12) അങ്ങ്, ആബ്രഹ്മം എന്ന് പറഞ്ഞതും അധ്യാത്മം, കര്‍മ്മം, ആധിഭൂതം, അധിദൈവം എന്നും പറഞ്ഞതും എന്താണ്? അതുപോലെ, അധിയജ്ഞന്‍ എന്ന് ആരെയാണ് ഉദ്ദേശിച്ചത്? അധിയജ്ഞന്‍ എന്നത് യജ്ഞത്തിന്റെ ദേവതയാണെങ്കില്‍ എങ്ങനെ ദേവതയായി. പരമാത്മാവാണെന്ന് യജ്ഞദേവന്‍ എങ്കില്‍ ദേഹത്തിനകത്തോ പുറത്തോ ആ ദേവന്‍ ഉള്ളത്. പ്രയാണകാലത്തില്‍ മരണ സമയത്ത് ഇന്ദ്രിയങ്ങളുടെ അവശത കാരണം എങ്ങനെ അറിയാന്‍ കഴിയും? ഭഗവാന്റെ തത്ത്വത്തെ?

No comments:

Post a Comment