Friday, May 25, 2018

ആസുരസ്വഭാവമുള്ളവര്‍ക്ക് ജീവിതത്തില്‍ സ്വീകരിക്കേണ്ടത് എന്തൊക്കെയാണ്, ഉപേക്ഷിക്കേണ്ടത് എന്തൊക്കെയാണ് എന്ന ജ്ഞാനം തീരേ ഉണ്ടാവുകയില്ല. 
ന ശൗചം- ദിവസവും കുളിച്ച് ദേഹത്തിലെ മാലിന്യം കളയണം എന്നുപോലും അവര്‍ക്ക് അറിയില്ല. മനഃശുദ്ധീകരണ പ്രക്രിയയായ സന്ധ്യാവന്ദനം, ഭഗവദ് ധ്യാനം മുതലായവ അറിയുകയേ ഇല്ല എന്ന വസ്തുത പറയേണ്ടതുണ്ടോ?
ന ആചാരം- ആഹാരം, ഉറക്കം, ശത്രുക്കളില്‍നിന്ന് രക്ഷനേടുക, മൈഥുനം ചെയ്യുക- ഇതിനപ്പുറം ഒരാചാരവും-ഒരു കര്‍മ്മവും അവര്‍ ചെയ്യുകയില്ല. 
ന സത്യ- കണ്ട തോ കേട്ടതോ ആയ വസ്തുതകള്‍ കൂട്ടുകയോ കുറിയ്ക്കുകയോ ചെയ്തും തീരെ നിഷേധിച്ചും അല്ലാതെ അവര്‍-ആസുരീകന്മാര്‍ പറയുകയേ ഇല്ല. ഞാന്‍ തിരുവനന്തപുരത്തേക്കു പോകുന്നു! എന്ന് അവര്‍ പറയും. അവര്‍ കാസര്‍കോട്ടേക്ക് പോകും.
പ്രവൃത്തിധര്‍മ്മങ്ങള്‍- ധര്‍മ്മാര്‍ത്ഥ കാമം സാധിക്കേണ്ട. അനുഷ്ഠാനങ്ങളും നിവൃത്തി ധര്‍മ്മങ്ങള്‍, ധ്യാനം, ജ്ഞാനം, ഭക്തി മുതലായ മോക്ഷം സിദ്ധിക്കേണ്ട ധര്‍മ്മങ്ങളും വേദപുരാണേതിഹാസ ശാസ്ത്രാദി ഗ്രന്ഥങ്ങളില്‍ നിന്നാണല്ലോ നാം മനസ്സിലാക്കേണ്ടത്. അത്തരം ദിവ്യ ഗ്രന്ഥങ്ങള്‍ അവര്‍ മണ്ണെണ്ണയൊഴിച്ചു കത്തിച്ചുകളയും. 
അവര്‍ പ്രസംഗിക്കുന്നത് ഇങ്ങനെയായിരിക്കും (16-8)
അസത്യം- എല്ലാവരും കള്ളമാണ് പറയുന്നത്-(ആസുരിക സ്വഭാവികളാണ് പറയുന്നത്) താടിക്കാരായ മഹര്‍ഷിമാരാണ് പെരുംകള്ളം പറയുന്നത്. ആത്മാവുണ്ടുപോലും നശിക്കാത്തതായിട്ട്! കാണാന്‍ കഴിയാത്ത വസ്തുവുണ്ടെന്ന് എങ്ങനെ നമുക്ക് വിശ്വസിക്കാന്‍ കഴിയും? ബ്രഹ്മത്തില്‍ നിന്നാണ് ഈ ലോകം ഉണ്ടായതുപോലും! പെരും നുണ! നാം മരിക്കുന്നതുവരെ ജീവിക്കും. പിന്നെ ഒന്നും ഇല്ല. ധര്‍മ്മവും അധര്‍മ്മവും പുണ്യകര്‍മ്മങ്ങളും പാപകര്‍മ്മങ്ങളും അനുസരിച്ചാണത്രേ ഈ ലോകം നിലനില്‍ക്കുന്നത്? ഈ ലോകത്തെ നിയന്ത്രിക്കാനും ശുഭവും അശുഭവും ആയ ഫലങ്ങള്‍ കൊടുക്കാനും ഒരു ഈശ്വരന്‍ വൈകുണ്ഠത്തിലോ എവിടെയോ കുത്തിയിരിക്കുകയോ കിടക്കുകയോ ചെയ്യുന്നുണ്ടുപോലും. ആ ഈശ്വരനാണത്രേ ഈ ലോകം സൃഷ്ടിച്ചത്? അല്ലേ, അല്ല. ആണും പെണ്ണും കൂടി ഇണചേര്‍ന്ന് കുട്ടികള്‍ ഉണ്ടാകുന്നു. അതുപോലെ ജനങ്ങളും സസ്യങ്ങളും ഈ നാടും തനിയേ അങ്ങുണ്ടാകുന്നു. അത്രതന്നെ. 
നമ്മുടെ കാമവികാരത്തെ ശമിപ്പിക്കാന്‍ വേണ്ടി ഇണചേരുന്നു. അതോടൊപ്പം മക്കളുണ്ടാവുന്നു. ജീവിക്കാന്‍ കൊതിച്ച്, കൃഷിയോ കച്ചവടമോ ചെയ്യുന്നു. അതിനു കഴിവില്ലാത്തവര്‍ മോഷ്ടിച്ചോ, കൊല നടത്തിയോ ജീവിക്കുന്നു (കാമഹൈതുകം) കിമന്യത്. വേറെ എന്താണ് കാരണം? ഒന്നുമില്ല.
അവരുടെ പ്രത്യയ ശാസ്ത്രം ലോകത്തെ നശിപ്പിക്കും (16-9) 
ഈ ആസുരിക സ്വഭാവമുള്ളവരുടെ പ്രത്യയശാസ്ത്രം ലോകത്തെ നശിപ്പിക്കും. അവര്‍ ജീവാത്മാക്കളായ തങ്ങളെയോ, പരമാത്മാവായ ഭഗവാനെയോ അംഗീകരിക്കുന്നില്ല. അവരുടെ ബുദ്ധിയുടെ അല്‍പ്പത്തമാണ് അങ്ങനെ വ്യക്തമാവുന്നത്. തങ്ങളുടെ തീരുമാനങ്ങളെയും പ്രവൃത്തികളെയും അംഗീകരിക്കാത്ത ദൈവീക ഗുണമുള്ളവരെ നശിപ്പിക്കണം  എന്ന ബുദ്ധി മാത്രമേ അവര്‍ക്കുള്ളൂ. പുരോഗമനത്തിന്റെ പേരില്‍ ഭൗതികശാസ്ത്രാനുസൃതമായി കണ്ടുപിടിച്ച്, അണ്വായുധത്തില്‍ എത്തിനില്‍ക്കുന്നു. ഐക്യരാഷ്ട്ര സഭകളുടെ തീരുമാനങ്ങള്‍ ലക്ഷ്യത്തില്‍ എത്തുന്നില്ല. ലോകയുദ്ധം എപ്പോഴും ഉണ്ടാവാം. ക്രൂരവും ഹിംസാത്മകവും ആയ പ്രവൃത്തികള്‍ എപ്പോഴും ഉണ്ടാവാം. എല്ലാവരും പരസ്പരം ശത്രുതയോടെയാണ് ജീവിക്കുന്നത്. ഭര്‍ത്താവും ഭാര്യയും  അച്ഛനും മക്കളും അയല്‍ക്കാരും ബന്ധുക്കളും ഈ രാജ്യക്കാരും അയല്‍രാജ്യക്കാരും പ്രജകളും ഭരണാധികാരികളും പരസ്പരം ശത്രുക്കളായിട്ടാണ് ജീവിക്കുന്നത്-അതാണ് ഭഗവാന്‍ അവരെപ്പറ്റി-ജഗതഃ അഹിതാഃ (=പ്രപഞ്ചത്തിന്റെ ശത്രുക്കള്‍ എന്ന് ഈ ശ്ലോകത്തില്‍ പറയുന്നത്....janmabhumi

No comments:

Post a Comment