Friday, May 25, 2018

ഗുരു ഈശ്വരനാമം നല്‍കുന്നു. ശ്രദ്ധയിലും ധര്‍മ്മത്തിലും അധിഷ്ഠിതനായ ശിഷ്യന്‍ ഈ നാമത്തിലൂടെ ഈശ്വരനെ ഏകാവലംബമായി കരുതുന്നു. അപ്പോള്‍ ഈശ്വരനാമത്തിന്റെ വിസ്മയപ്രഭാവം സ്വയം അനാവരണം ചെയ്യാന്‍ തുടങ്ങുന്നു. മാധുര്യവും,ലഹരിയും,ആനന്ദവും,ശക്തിയും പരിശുദ്ധിയും,പ്രചോദനവും സ്വായത്തമാകുന്നു. ഈശ്വരനാമം സ്ഥിരപ്രതിഷ്ഠ നേടുന്ന മനസ്സില്‍നിന്ന് ശുഷ്‌കതയും വിരസതയും,മാന്ദ്യവും,നിരാശയും,തമസ്സും,സന്ദേഹവും,വിസ്മൃതിയും എല്ലാം എന്നെന്നേക്കുമായി നിഷ്‌ക്കാസനം ചെയ്യപ്പെടുന്നു. നിങ്ങള്‍ ഈശ്വരനാമത്തെ ഒരിക്കല്‍ പ്രേമിച്ചു കഴിഞ്ഞാല്‍ ആ നാമം അനായാസമായി നാവില്‍ തത്തിക്കളിക്കും. പിന്നെ എല്ലാ ഭാഗത്തു നിന്നും ഒരു സംരക്ഷണവ്യൂഹം പോലെ ഈശ്വരനാമം നിങ്ങളെ സംരക്ഷിക്കുന്നതാണ്. ഈശ്വരന്റെ സഹവാസവും സമാശ്വാസവും നാമം നിങ്ങള്‍ക്കു പ്രദാനം ചെയ്യും. പരമനിഗൂഢമായ പരമാത്മാവിനോട് നാമം നിങ്ങളെ ബന്ധിക്കും. 
മനസ്സിനെ ഈശ്വരനുമായി ബന്ധിപ്പിക്കുന്നത് ഏതായാലും ശരി അതു സാധനയുടെ പരമോല്‍ക്കൃഷ്ടഘടകമാണ്. ഈശ്വരനാമം ഈ ഘടകത്തില്‍ പെടും. പാണ്ഡിത്യവും ഭക്തിയും വിഭിന്നമാര്‍ഗ്ഗത്തില്‍ വര്‍ത്തിക്കുന്നു. പാണ്ഡിത്യം ബുദ്ധിപരമായ മേഖലയില്‍ വര്‍ത്തിക്കുന്നു. ഭക്തിയാകട്ടെ ഹൃദയത്തിലുദിക്കുന്ന ധന്യാനുഭവമാണ്. പാണ്ഡിത്യംകൊണ്ട് ഈശ്വരാനുഭൂതി ലഭിക്കില്ല. എന്നാല്‍ ഈശ്വരനാമം ഈശ്വരസാമീപ്യത്തിന്റെ അനുഭവം സമ്മാനിക്കും. പാണ്ഡിത്യത്തെ ഭക്തികൊണ്ട് മധുരീകൃതമാക്കണം. വിശുദ്ധ ആചരണത്തിലൂടെ അതു പ്രകടമാവുകയും വേണം.

No comments:

Post a Comment