Wednesday, May 23, 2018

Ramayana 3

ഒരു ഋതുവില്‍ നിന്ന് മറ്റൊരു ഋതുവിലേയ്ക്ക് കാലം കടക്കുമ്പോഴും ഒരു പക്കത്തില്‍ നിന്ന് മറ്റൊരു പക്കത്തിലേയ്ക്ക് കാലം മാറുമ്പോഴും ഒരു അയനത്തില്‍ നിന്ന് മറ്റൊരു അയനത്തിലേയ്ക്ക് സൂര്യന്‍ കടന്നുകയറുമ്പോഴുമെല്ലാം മനസ്സിനും ശരീരത്തിനും ഇന്ദ്രയങ്ങളുക്കുമെല്ലാം എന്ത് മാറ്റം വരുമെന്ന് പര്‍വ്വതങ്ങളെയും തടിനികളെയും പുഴകളെയും സസ്യങ്ങളെയും ജന്തുക്കളെയും സഹവര്‍ത്തികളായ അംഗങ്ങളെയും തന്റെ തന്നെ അന്തഃസ്ഥിത ചോദനകളെയും ചേര്‍ത്തുവച്ചുകൊണ്ട് പ്രാചീനന്‍ പഠിച്ചിട്ടുണ്ട്.
ഇന്ന് നിങ്ങള്‍ക്ക് ശാസ്ത്രവും സാങ്കേതിക വിദ്യകളും വേണ്ടത്രയുണ്ട്. ഊര്‍ജതന്ത്രവും രസതന്ത്രവും ഭൂമിശാസ്ത്രവുമൊക്കെ നിങ്ങള്‍ക്ക് പഠിക്കാനുണ്ട്. പുറത്തു മഴപെയ്യുമ്പോള്‍ അവിടെ വീഴുന്ന ജലത്തുള്ളികള്‍ നിങ്ങളുടെ മനസ്സിലെന്ത് മാറ്റം വരുത്തുമെന്ന് നിങ്ങളുടെ ബയോടെക്‌നോളജി പഠനങ്ങളിലൊന്നുമുണ്ടാവാനിടയില്ല. രോഗങ്ങളെയും പ്രശ്‌നങ്ങളെയും സങ്കീര്‍ണതകളെയുമൊക്കെ ഉന്നതരായ ഭിഷഗ്വരന്മാരും ഗവേഷകരും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ സൂര്യന്റെ പ്രകാശത്തിനുവരുന്ന കാഠിന്യം നിങ്ങളുടെ മനസ്സുകളെ എങ്ങനെ ബാധിക്കുമെന്ന് ഇനിയും ആധുനികന്‍ പഠിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അവ വിദ്യാഭ്യസമില്ലാത്ത പ്രാചീനരുടെ പഠനങ്ങളിലുണ്ട്. നിങ്ങളുടെ കൃഷി ഡിപ്പാര്‍ട്ട്‌മെന്റ് വിത്തും വളവും തന്ന് നിങ്ങളുടെ പറമ്പില്‍ കാര്‍ഷിക വിളകള്‍ നടുമ്പോള്‍. മൂന്നോ നാലോ പറമ്പില്‍ വ്യത്യസ്തങ്ങളായ സാധനങ്ങള്‍ കുഴിച്ചുവച്ച് ഒന്നിനു മഴയും ഒന്നിന് വെയിലും ഒന്നിനു തണുപ്പും ആവശ്യമായ വസ്തുക്കള്‍ നടുമ്പോള്‍. നിങ്ങള്‍ നടുന്ന വസ്തുക്കളുടെ ആന്തരികമായ സ്വപ്നങ്ങള്‍കൊണ്ട് പ്രകൃതിയില്‍ മാറ്റം വരുമോ എന്ന് ഇനിയും നിങ്ങള്‍ പഠിച്ചുകഴിഞ്ഞിട്ടില്ല. മാറ്റം വരുമെന്ന് പ്രാചീനന്‍.
സസ്യങ്ങളുടെ ആവാസവ്യവസ്ഥ നിറഞ്ഞ മലമുകളിലെ മഞ്ഞുള്ള ഭൂപ്രദേശത്തെയ്ക്ക് നിങ്ങളുടെ വെയിലും ചൂടും തരുന്ന കപ്പയും ചേനയും പറിച്ച് ആ മലമുകളില്‍ നട്ട് നിങ്ങളവിടെ അടുത്ത് താമസവുമാക്കി കഴിഞ്ഞാല്‍ അവിടുത്തെ ജീവജാലങ്ങള്‍ക്ക് വേണ്ട തണുപ്പ് മാറുകയും നിങ്ങള്‍ക്കും കപ്പയ്ക്കും ചക്കയ്ക്കും വേണ്ടതായ ചൂട് പ്രദാനം ചെയ്യുകയും ചെയ്യുമ്പോള്‍ ഇന്നലെ തണുപ്പുറഞ്ഞ മഞ്ഞുമലകള്‍ ഇന്ന് ചൂടുള്ളവയായി മാറുന്നു എങ്കില്‍ , മാറ്റിയത് ഈശ്വരനാണെന്ന് പറഞ്ഞ് നടന്നാല്‍ നിങ്ങള്‍ക്ക് ഈശ്വരനെ അറിയില്ല എന്ന് ഞാന്‍ പറയും.
രാവിലെ എഴുന്നേറ്റ് നിങ്ങളുടെ കുട്ടികളുടെ പഠിപ്പും നിങ്ങളുടെ ജീവിതവും നിങ്ങളുടെ താളമേളങ്ങളും നടത്തുന്ന റബ്ബറ് നിങ്ങള്‍ പറമ്പുകളിലെല്ലാം കുഴിച്ചുവച്ച് അത് നിത്യവും വെട്ടിയാലെ ജീവിക്കാവൂ എന്ന് നിങ്ങളും ചുറ്റുപാടുകളും തീരുമാനിക്കുകയും നിങ്ങളുടെ വ്യാവസായിക പ്രാധാന്യങ്ങളെല്ലാം വളരുകയും ചെയ്യുമ്പോള്‍ രാവിലെ എഴുന്നേറ്റ് ആ മരത്തിനടുത്തൂടെ നീങ്ങുമ്പോള്‍ ഭൂമിയിലുള്ള ജലം മുഴുവന്‍ ഗ്യാലണ്‍ കണക്കിന് അത് വലിച്ചു തള്ളുകയും അത് പാലാക്കി മാറ്റുകയും അതേ അവസരത്തില്‍ അതുകൊണ്ടാണ് ജീവിതമെന്ന് തീരുമാനിക്കുകയും ചെയ്യുമ്പോള്‍ മഴ നിങ്ങളുടെ പ്രദേശങ്ങളില്‍ നിന്നുപോയാല്‍ ആവാസ വ്യവസ്ഥ മാറ്റിയ നിങ്ങളുടെ സ്വപ്നങ്ങളും റബ്ബറിന്റെ സ്വപ്നങ്ങളും വലിഞ്ഞു നീളുന്ന സ്വപ്നങ്ങളായി മാറിയതിന്റെ പരിണാമമാണെന്ന് നിങ്ങള്‍ തിരിച്ചറിയില്ല.  ഇങ്ങനെ പ്രകൃതിയ്ക്ക് ജീവനോടും ജീവന് പ്രകൃതിയോടും താളമേളങ്ങളോടുകൂടിയ ഒരു സാമരസ്യമുണ്ട് എന്ന് നിങ്ങളോളമൊന്നും ഗവേഷണം നടത്താത്ത പ്രാചീനന്‍ പറയുകയും പഠിപ്പിക്കുകയും ചെയ്തുപോന്നിട്ടുണ്ട്. അതിനവര്‍ പക്കങ്ങള്‍ മറയുമ്പോഴെല്ലാം ഏതേത് അനുഷ്ഠാനങ്ങളിലൂടെ പോകണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഋതുക്കളുടെ ചംക്രമണത്തിലെല്ലാം ആഹാരം എങ്ങനെ നിയന്ത്രിക്കണമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ദിനചര്യകളുടെയും ഋതുചര്യകളുടെയും സംങ്കീര്‍ണലോകങ്ങളെ അവര്‍ അനാവരണം ചെയ്തു തന്നിട്ടുണ്ട്. ദിനചര്യകളും ഋതുചര്യകളുമില്ലാത്ത മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന വ്യവസായവും കൂട്ടായ്മകളും കൊണ്ട് അങ്കിതമായ ഒരു ലോകത്തിന് ഇത് അജ്ഞേയവും ദുര്‍ജ്ഞേയവുമായിരിക്കുന്നത് അത്ഭുതമൊന്നുമല്ല.
പ്രാചീനതയുടെ ശുഭാഗമതന്ത്രങ്ങളിലൂടെ മാനവമനസ്സുകളെ സഞ്ചരിപ്പിക്കണമെങ്കില്‍ കൈതവലോകങ്ങളില്‍ നിന്ന് നിങ്ങള്‍ മുക്തമാകണം.  ഒരു പക്കത്തില്‍ നിന്ന് മറുപക്കത്തിലേയ്ക്ക് മാറുമ്പോള്‍ സമസ്ത ജീവരാശികളുടെയും ശരീരവും കോശങ്ങളുമെല്ലാം ഇളതാകുകയോ ദൃഡമാകുകയോ ചെയ്യും. ആ പക്കത്തെ അനുസ്മരിക്കാതെ കഴിക്കുന്ന ആഹാരവും കുടിയ്ക്കുന്ന ജലവും പ്രയോഗിക്കുന്ന ഔഷധവും ഒരു പക്കത്തിലവനെ വളര്‍ച്ചയിലേയ്ക്ക് കൊണ്ടുപോയി എങ്കില്‍ അടുത്തപക്കത്തിലെ ദാര്‍ഢ്യത്തില്‍ വച്ച് അവ ഉപയോഗിച്ചാല്‍  മൃത്യുവിലേയ്ക്കും കൊണ്ടുപോകും. ഇരുപക്കങ്ങള്‍ക്കും സമുജ്ജ്വലമായി ചേരുന്നവ കണ്ടെത്തണമെങ്കില്‍ കാലത്തിന്റെ സ്വരൂപ സാന്നിദ്ധ്യത്തില്‍ കണ്ടെത്തുവാനുള്ള അറിവും അതിനുള്ള സമഗ്രതയും അവന്റെ അറിവിലുണ്ടാവണം. അത് കാല പരിപ്രേക്ഷ്യത്തെ തിരിച്ചറിയുന്ന കൗടുംബികബന്ധങ്ങളും ഉത്തരവാദിത്വങ്ങളും ജീവനോടുള്ള പ്രിയവും ഉള്ളവര്‍ക്കേ സാധിക്കൂ.
പുഴയിലെ ഞണ്ടിനെ വെളുത്തപക്കത്തിലും കറുത്തപക്കത്തിലും പിടിച്ചുനോക്കുക ഒരു പക്കത്തിലതിന് മാംസമുണ്ടാകും മറുപക്കത്തില്‍ അതിന് തോടുകള്‍മാത്രമേ ഉണ്ടാകൂ. നിങ്ങളുടെ ശരീരത്തിനും ഈ വ്യതിയാനമുണ്ട്. പറമ്പില്‍ നില്‍ക്കുന്ന കപ്പ ഒരു പക്കത്തില്‍ പറിച്ച് തിന്നുമ്പോഴും വേറൊരു പക്കത്തില്‍ പറിച്ചു തിന്നുമ്പോഴും രുചിയറിഞ്ഞ് കഴിക്കുന്നവന് പക്കത്തിന്റെ വ്യത്യാസം തിരിച്ചറിയും. പക്കവ്യത്യാസങ്ങളെ പഠിക്കാതെ ആംഗലേയഭാഷയില്‍ പാരഗ്രാഫ് തിരിച്ചെഴുതി ശാസ്ത്രങ്ങളുണ്ടായി എന്നു വിശ്വസിക്കുന്ന ആധുനികന്റെ ജീവിതം വിഷമയമാണ്. അതറിയാത്ത കൃഷി കൃഷിയല്ല. പഴയകാലത്ത് രാവിലെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞുവന്ന് നാള്, പക്കം, തിഥി, ഓരോ നാളിന്റെയും വൃക്ഷങ്ങള്‍ ഒക്കെ രാവിലെ പതിവായി ചൊല്ലി നാമംമൊക്കെ ചൊല്ലിപഠിച്ച കുട്ടിക്കാലം ഓര്‍മ്മയുള്ള വയസ്സായവര്‍ ഇന്നുണ്ടാകും. അവര്‍ക്ക് ഞാന്‍ പറയുന്നത് മനസ്സിലാകും. അതൊക്കെ അന്ധവിശ്വാസവും അനാചാരവുമാണെന്ന് പ്രചരിപ്പിച്ച തലമുറയ്ക്ക് ഇനി അങ്ങോട്ട് രക്ഷയുണ്ടാകുമെന്ന് തോന്നുന്നില്ല.  പക്കമൊന്നുമാറിയാല്‍ ഇത്രയുമാണെങ്കില്‍ സംവത്സര പ്രജാപതികള്‍ നിയന്ത്രിക്കുന്ന മാസങ്ങളുടെ പരിണാമം എങ്ങനെയായിരിക്കും.
ചന്ദ്രനെ അവലംബിച്ചായാലും സൂര്യനെ അവലംബിച്ചായാലും രണ്ട് കലണ്ടറാണുള്ളത്. കുടുതല്‍ വികാരപരവും കൂടുതല്‍ സമുജ്ജ്വലവുമായത് ചന്ദ്രനെ അവലംബിച്ചുള്ള കലണ്ടറാണ്. ഗര്‍ഭം പ്രസവം കുട്ടികളുടെ വളര്‍ച്ച ഇവയൊക്കെ ചന്ദ്രനെ അവലംബിച്ച് കണക്കാക്കുന്നതാണ് സൂര്യനെ അവലംബിക്കുന്നതിനേക്കാള്‍ ഉത്തമം. ഈ രണ്ടുകലണ്ടറുകലും തിരച്ചറിയാത്തവന് ഒന്ന് മറ്റേതില്‍ കലര്‍ത്തിയാല്‍ ഒട്ടേറെ എതിര്‍പ്പുകളുമുണ്ടാകും. വീട്ടിലെ മുത്തശ്ശി പത്തുമാസം തികഞ്ഞ് മകള്‍ പ്രസവിച്ചു എന്നു പറയുമ്പോള്‍ ഒമ്പത് മാസവും പത്തു ദിവസവും എന്നുള്ളത് വിവരം മുത്തശ്ശിയ്ക്കില്ല പത്തുമാസമെന്ന് പറയുന്നത് അന്ധവിശ്വാസമാണ് എന്ന് പറഞ്ഞ് മകള്‍ എതിര്‍ക്കുമ്പോള്‍ രണ്ടും രണ്ടു കലണ്ടറാണെന്നുപോലും അവര്‍ തിരിച്ചറിയുന്നില്ല. മുത്തശ്ശി അശ്വതിയും ഭരണിയും കാര്‍ത്തികയുമൊക്കെ വച്ച് 270 മുതല്‍ 280 വരെ ദിവസങ്ങളുള്ള ഒരു കലണ്ടറിനെ ആധാരമാക്കി പത്തുമാസമെന്നു പറയുമ്പോള്‍ 30 ദിവസമുള്ള ഒരു സൗരകലണ്ടറിനെ ആധാരമാക്കി 9 ഗുണം മൂന്ന്  270തും പത്തും ചേര്‍ന്ന് 9 മാസവും ഒന്‍പതോ പത്തോ ദിവസവും മുള്ള ഒരു കലണ്ടറിനെ ആസ്പദമാക്കി ആധുനിക വൈജ്ഞാനികന്‍ പറയുമ്പോള്‍ രണ്ടുകലണ്ടറുണ്ടാകുമെന്ന് ധരിക്കാതെ എതിര്‍ക്കുന്ന പുത്തന്‍ തലമുറയുടെ എതിര്‍പ്പുകളിലൂടെ വിസ്മൃതമായിപ്പോയ ഒരു അനുഭവത്തിന്റെയും അനുഭൂതിയുടെയും ലോകം.
വികാരപരമായ അംശങ്ങള്‍ക്ക് ചന്ദ്രഖണ്ഡത്തെയും ചന്ദ്രക്കലയേയും ആസ്പദമാക്കിയുള്ള കലണ്ടറുകളും  ബൗദ്ധികങ്ങളായ സാപേക്ഷ്യങ്ങള്‍ക്ക് സൂര്യനെ ആസ്പദമാക്കിയുള്ള കലണ്ടറുകളും രണ്ടുമുപയോഗിച്ച ഒരു ജനതയുടെ ജീവിതായോധനത്തിന്റെ ചരിത്രത്തില്‍ ചന്ദ്രവംശത്തെയും സൂര്യവംശത്തെയും ബൗദ്ധികസര്‍ജ്ജനത്തിന്റെയും ഹൃദയസര്‍ജ്ജനത്തിന്റെയും രണ്ടുഭാഷയില്‍ സമുജ്ജ്വലമായി അവതരിപ്പിച്ച രണ്ട് ഐതിഹാസിക കൃതികളാണ് രാമായണവും മഹാഭാരതവും...swami nirmalanandaji

No comments:

Post a Comment