Wednesday, May 23, 2018

Ramayana...4

രാമായണവും മഹാഭാരതവും നിങ്ങളുടെ ഹൃദയത്തിന്റെയും മസ്തിഷ്‌ക്കത്തിന്റെയും ഭാഷ നിങ്ങളെ പഠിപ്പിക്കുന്നവയാണ്. ഹൃദയത്തിന്റെ ഭാഷയും മസ്തിഷ്‌ക്കത്തിന്റെ ഭാഷയും രണ്ടാണ്. മനുഷ്യന്‍ സാക്ഷരനായിത്തീരുന്നത് വൈകാരിക സാക്ഷരത പൂര്‍ത്തിയാകുമ്പോഴാണ്. വര്‍ണ്ണങ്ങളും പദങ്ങളും വാക്യങ്ങളും പഠിപ്പിക്കുന്ന സാക്ഷരത വൈചാരിക സാക്ഷരതയാണ്. അത് ധാരാളം നേടിക്കഴിഞ്ഞാലും കുടുംബം, കൂട്ടായ്മ, എന്റെ കുഞ്ഞ് എന്നോക്കെ വരുമ്പോള്‍ വേണ്ടത്ര വൈകാരിക സാക്ഷരതയില്ലെങ്കില്‍ സ്വയം ലജ്ജിതനാകേണ്ടിവരും. ഒരു ജനതയ്ക്ക് വൈകാരിക സാക്ഷരത നഷ്ടപ്പെടുമ്പോള്‍ വൈചാരിക സാക്ഷരത എത്രനേടിയാലും അവനും അവന്റെ കുടുംബവും രാഷ്ട്രവുമെല്ലാം നിന്ദ്യമായിത്തീരും.
നിങ്ങള്‍ നിങ്ങളുടെ സഹപ്രവര്‍ത്തകനോട്, അച്ഛനോട് അമ്മയോട് മകനോട് മകളോട് എല്ലാം ഇടപെടുമ്പോള്‍ മനസ്സില്‍ കുറിച്ചിട്ട ചിത്രങ്ങളുണ്ടാകുന്നത് വൈകാരികപരതയുടെ ഇടപാടുകളില്‍ മാത്രമാണ്. വൈചാരികമായ ഇടപാടുകളിലൊന്നും രാഷ്ട്രങ്ങള്‍ തമ്മിലോ കുടുംബങ്ങള്‍ തമ്മിലോ വ്യക്തികള്‍ തമ്മിലോ വികാരങ്ങളോ വഴക്കുകളോ ഏറ്റുമുട്ടലുകളോ ഇല്ല.
ഉദ്യോഗസ്ഥര്‍ ഭരിക്കുന്ന ഓഫീസുകളിലേയ്ക്ക് വരുന്ന ഒരുവന് നിങ്ങള്‍ പറയുന്ന നിയമങ്ങളും കാര്യങ്ങളും സാര്‍വ്വലൗകീകമായി സമ്മതമെങ്കിലും അവന്‍ നിലകൊള്ളുന്ന വൈകാരികാംശത്തിലേയ്ക്ക് നിങ്ങള്‍ പറയുന്ന ഒരു നിയമവും കടന്നുചെല്ലാതിരിക്കുമ്പോള്‍ ശത്രുതയുമായാണ് അവന്‍ ഇറങ്ങിപ്പോകുന്നത്. നിയമം മറികടക്കാതെ അവന്റെ വൈകാരികതയെ സ്വാംശീകരിക്കാന്‍ പറ്റില്ലെന്നറിയുന്നവന്‍ വൈകാരികയെ അംഗീകരിക്കുകയും ചെയ്തുകൊടുക്കാതിരിക്കുകയും ചെയ്താല്‍ വളരെ സുഹൃത്തായാണ് അയാള്‍ ഇങ്ങിപ്പോകുന്നത്. വൈകാരിക സാക്ഷരത ലഭിക്കാത്ത എല്ലാ ഉദ്യോഗസ്ഥനും അവനും അവന്റെ ജീവിതത്തിനും അവന്റെ കുടുംബത്തിനും അവന്റെ രാഷ്ട്രത്തിനും തന്നെ ശത്രുവാണ്.
നിങ്ങളുടെ ഭാര്യനിങ്ങളോട് സംസാരിക്കുന്ന സമയത്ത് അവളുടെ സഹോദരനെ ചുറ്റിപ്പറ്റിയോ അവളുടെ അച്ഛനെ ചുറ്റിപ്പറ്റിയോ ഉള്ള വൈകാരികതയില്‍ നില്‍ക്കുമ്പോള്‍ നിങ്ങളുമവളുമായുള്ള ബന്ധത്തിന്റെ വൈചാരിക തലം നിങ്ങള്‍ പറഞ്ഞാല്‍ നിങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ പൊട്ടനാണ്. നിങ്ങളുടെ ജീവിതത്തില്‍ ഇനിയുള്ള കാലം ഒരു ശത്രുവിനെ സംമ്പാദിക്കുകയല്ലാതെ സ്‌നേഹത്തിന്റെ ഒരംശം സംമ്പാദിക്കുവാന്‍ നിങ്ങള്‍ക്കാവില്ല. തനിക്കും തന്റെ മക്കള്‍ക്കും വേണ്ടി പണിയെടുത്ത് കയറിവരുന്ന ഒരു പുരുഷന്‍ കയറിവരുമ്പോഴേ അയല്‍പക്കംകാരിയെക്കുറിച്ചും വീടിനെക്കുറിച്ചും വന്നുപോയ അയാളുടെ സഹോദരിയെക്കുറിച്ചും ഒക്കെ ആ ശാരീരിക വിഷമവും മാനസികവിഷമവും ഓഫീസിലെ പ്രശ്‌നങ്ങളുമായി കയറിവരുന്നവന്റെ മുമ്പിലേയ്ക്ക് സങ്കീര്‍ണമാക്കുമ്പോള്‍ കുടുംബജീവിതം മതി എന്നു തോന്നുന്ന അവന്റെ കോശ കോശാന്തരങ്ങളിലെല്ലാം അവളോടും മക്കളോടുമുള്ള എതിര്‍പ്പിന്റെ ഭാവങ്ങളുണ്ടാകുമ്പോള്‍ അവന്റെ വൈകാരികതയെ തലോലിക്കുന്ന ഒരു സുഹൃത്തും അടുത്തൊരു ഷാപ്പുമുണ്ടെങ്കില്‍ അവന്‍ അവിടെ കിടപ്പാകും. അതിന് നാടുനീളെ നടന്ന് കുടിനിറുത്താന്‍ പോയാല്‍പ്പോരാ. അവന്റെ വൈകാരികതലത്തെ അറിയുന്ന ഒരു സാക്ഷരത പെണ്ണ് ആദ്യം നേടണം.
ഇത് വിദ്യാഭ്യാസം ഇങ്ങനെ ലഭിച്ചാല്‍ കിട്ടില്ല. പ്രാചീന അമ്മമാര്‍ക്കറിയാം ആ കയറിവരുന്നവന്‍, അവന്റെ വൈകാരികതയെ അറിഞ്ഞ് കയറിവരുമ്പോള്‍ ചൂട് കഞ്ഞിവെള്ളത്തില് അല്‍പം പുളിശ്ശേരിയുമൊഴിച്ച് അല്പം മാങ്ങാക്കറിയുമൊഴിച്ച് പാകത്തിന് ഉപ്പുമിട്ട് കൊണ്ടുപോയി കൊടുക്കുമ്പോള്‍ അവന്‍ വീടിനെക്കുറിച്ചും കുട്ടികളെക്കുറിച്ചും സംസാരിക്കാന്‍ തുടങ്ങിയാല്‍ ഇതു കുടിയ്ക്ക് സമാധാനമായിരിക്ക് ലോകമൊന്നും എങ്ങോട്ടുംപോകുന്നില്ല എന്നു പറയുമ്പോള്‍ അവന്റെ വൈകാരികക്ഷമതയെ അംഗീകരിക്കാന്‍ കഴിവുള്ള വിദ്യാഭ്യാസമില്ലാത്ത അവളുടെ ഒറ്റ ചെയ്തിയില്‍ നിന്ന് അവന്‍ ഈ ലോകത്തിന്റെ മുഴുവന്‍ സായൂജ്യവും നേടിയ അവസ്ഥയിലേയ്ക്ക് വന്നാല്‍ അവള്‍ വിരതുമ്പില്‍ നിറുത്തുന്നതുപോലെ അവന്‍ നില്ക്കും.
പ്രാചീനര്‍ ഋതുചംക്രമണങ്ങളെ പഠിച്ചത്, മാനസിക വ്യാപാരങ്ങളെ പഠിച്ചത്, ബൗദ്ധിക സര്‍ജ്ജനത്തെ പഠിച്ചത് ആന്തരികമായ തപസ്സിന്റെയും അന്വേഷണത്തിന്റെയും ഫലമായാണ്. തന്റെ ഉള്ളില്‍ ജ്വലിക്കുന്ന അഗ്നിഖണ്ഡത്തിന്റെയും തന്നില്‍ നിലകൊള്ളുന്ന സൗരതേജസ്സിന്റെയും തന്റെ മനോഭാവങ്ങളില്‍ അവതീര്‍ണ്ണമാകുന്ന ചന്ദ്രതേജസ്സിന്റെയും സമുജ്ജ്വലഭൂമികയില്‍ വച്ച് മാനവചേതനയെ ഉദാത്തമായി പഠിച്ച കാലങ്ങളില്‍, പക്കങ്ങളും മാസങ്ങളും ഋതുക്കളും അയനങ്ങളും മാറുമ്പോള്‍ സവത്സരങ്ങള്‍ മാറുമ്പോള്‍ മാറുന്ന മനസ്സിനെ കാണുവാന്‍ ശ്രമിക്കുകയും മാറ്റമില്ലതെ നിറത്തുവാന്‍ അനുഷ്ഠാനങ്ങളെ സ്വീകരിക്കുകയും ചെയ്ത ജനത. ദര്‍ശവും പൗര്‍ണമാസവും അഗ്രയണവും അതിഥിപൂജനവും ചാതുര്‍മാസ്യവും അനുഷ്ടിച്ച ജനത. ഓം അഗ്നേസ്വാഹാ എന്ന് ഒരാഹൂതിയെയും ഓം പ്രജാപതിയെ സ്വാഹാ എന്ന ആഹൂതിയെയും അഗ്നിഖണ്ഡത്തെ അവലംബമാക്കി ചെയ്യുമ്പോള്‍ ദര്‍ശത്തിന്റെയും പൗര്‍ണമാസത്തിന്റെയും സമുജ്ജ്വല സന്ദേശങ്ങളായി അഗ്ന്യാധാനത്തിന്റെ അതിസുന്ദരലോകങ്ങളില്‍ ജീവിച്ച ജനതയുടെ ചരിത്രം അതിലുണ്ട്...swami nirmalanandaji

No comments:

Post a Comment