Friday, June 01, 2018

വസിഷ്ഠാദൈ്യശ്ച മുനിഭിഃ
മത്സ്യേന്ദ്രാദൈ്യശ്ച യോഗിഭിഃ 
അംഗീകൃതാന്യാസനാനി
കഥ്യന്തേ കാനിചിന്മയാ (2-18)

വസിഷ്ഠന്‍ മുതലായ മുനിമാരും മത്സ്യേന്ദ്രന്‍ മുതലായ യോഗിമാരും അനേകം ആസനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. അവയില്‍നിന്നും ഏതാനും ചിലത് ഞാനിവിടെ പറയുന്നു.
മനനശീലനാണ് മുനി. മുനിമാരില്‍ ശ്രേഷ്ഠനാണ് വസിഷ്ഠമുനി. ശ്രീരാമന്റെ കുലഗുരുവായിരുന്നു വസിഷ്ഠന്‍. ശ്രീരാമന്‍ വളരെ വിരക്തനായി ഉത്സാഹശൂന്യനായി ഇരിക്കവെ വിശ്വാമിത്ര മഹര്‍ഷി അദ്ദേഹത്തെ കാണാന്‍ വരികയും രാമന്റെ അവസ്ഥ കണ്ട് മുനിയോട് യോഗശാസ്ത്രം ഉപദേശിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വളരെ വിശദമായി സരസമായി, നിരവധി കഥകളുടെ സഹായത്തോടെ വസിഷ്ഠന്‍ രാമന് യോഗം ഉപദേശിച്ചു. ഇതാണ്, പ്രസിദ്ധമായ യോഗവാസിഷ്ഠം എന്ന ബൃഹത്തായ ഗ്രന്ഥം. അതില്‍ ജ്ഞാനമാണ് പ്രധാനമായ പ്രമേയം. എങ്കിലും വസിഷ്ഠന്‍ യാജ്ഞവല്‍ക്യന്‍ മുതലായ മുനിമാര്‍ അവരുടെ ധ്യാനത്തിനും ഉന്നതമായ ജ്ഞാനത്തിന്റെ ആര്‍ജ്ജനത്തിനും യോഗാസനത്തിന്റെ ആവശ്യം മനസ്സിലാക്കിയവരാണ്. മാത്രമല്ല ആസനം ശാരീരികമെന്നതിലപ്പുറം മാനസികവും ആത്മീയവുമാണെന്നും വരുന്നു. വസിഷ്ഠാദികള്‍ പത്മാസനം പോലുള്ള, ധ്യാനത്തിനു പറ്റിയ ആസനങ്ങളായിരിക്കും അഭ്യസിച്ചിരിക്കുക.
മത്സ്യേന്ദ്രനാഥന്‍, ജാലന്ധരനാഥന്‍ തുടങ്ങിയ യോഗിമാര്‍ ഹഠയോഗാഭ്യാസികളാണെന്നു പ്രസിദ്ധമാണ്. അനേകം ആസനങ്ങള്‍ ഉണ്ടെന്ന് യോഗിപരമ്പര അറിയുന്നു. 84 ലക്ഷം ആസനങ്ങളുണ്ടെന്ന് ഒരു കണക്ക്. ഒരു ഗ്രന്ഥത്തില്‍ 84 ആസനങ്ങളുടെ പട്ടിക കൊടുത്തിരിക്കുന്നു. മറ്റൊരു ഗ്രന്ഥത്തില്‍ 32 ആസനങ്ങളെ വിവരിച്ചിരിക്കുന്നു. പരമ്പരയാ പ്രചരിച്ചു വരുന്ന ആസനങ്ങളാണ് ഇന്ന് കാണുന്ന അനേകം ആസനങ്ങള്‍. അവ പല ആചാര്യന്മാരും കണ്ടുപിടിച്ച് അവരുടെ ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്.
മനുഷ്യന്റെ ബോധതലത്തെ ഉയര്‍ത്തുക എന്നത് ആസനങ്ങളുടെ മുഖ്യലക്ഷ്യമാണ്. അതുകൊണ്ടുതന്നെ വില്ല് (ധനുരാസനം) തോണി (നൗകാസനം, നാവാസനം) വൃക്ഷം (വൃക്ഷാസനം, താഡാസനം), താമര (പത്മാസനം) ഇഴജന്തുക്കള്‍ (ഭുജംഗാസനം) മത്സ്യം, ഗര്‍ഭം(ഗര്‍ഭ പിണ്ഡാസനം)പക്ഷികള്‍ (കാകാസനം, മയൂരാസനം), മുനിമാര്‍ (വസിഷ്ഠാസനം), മരീചാസനം (കാശ്യപാസനം) ദേവന്മാര്‍ (നടരാജാസനം, അനന്തശയനം)ഇങ്ങനെ താഴ്ന്നബോധതലം തൊട്ട്, ശിവനോളം ഉയരുന്ന ബോധതലങ്ങളെ ആസനങ്ങള്‍ പ്രതിനിധാനം ചെയ്യുന്നുണ്ട്. സ്വാത്മാരാമന്‍ ഇവിടെ അവയില്‍ ശ്രേഷ്ഠമായ ഏതാനും ചിലതു മാത്രമെ പ്രതിപാദിക്കുന്നുള്ളൂ. പക്ഷേ ഇതില്‍ പറയാത്ത അനേകം ആസനങ്ങള്‍ അംഗീകൃതമായിട്ടുണ്ട്
 എന്ന് ഇവിടെ പറഞ്ഞുവെക്കുന്നു.
വസിഷ്ഠാദൈ്യഃ ച, മത്സ്യേന്ദ്രാദൈ്യഃച
എന്നിങ്ങനെ രണ്ടു സ്ഥലത്ത് 'ച'വരുന്നുണ്ട്. അത് വെറുതെ വൃത്തപൂരണത്തിനു വച്ചതല്ല. ആദ്യത്തെ ച മന്ത്രയോഗത്തേയും രണ്ടാമത്തേത് മുദ്രായോഗത്തെയും സൂചിപ്പിക്കുന്നു എന്നാണ് സ്വാത്മാരാമന്റെ മതം. വസിഷ്ഠാദികള്‍ക്ക് മനനം അഥവാ രാജയോഗം മുഖ്യമെന്നും മത്സ്യേന്ദ്രാദികള്‍ക്ക് ഹഠയോഗാഭ്യാസം മുഖ്യമെന്നും കൂടി ഇതില്‍നിന്നു വായിച്ചെടുക്കാം.
പലരും ഈ ലേഖകനോട് ശാസ്ത്ര ഗ്രന്ഥങ്ങളില്‍ ആസന വിവരണമുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്. ജിജ്ഞാസയോടെയുള്ള ചോദ്യമായതിനാല്‍  ഹഠയോഗ പ്രദീപികയിലെ ചില ശ്ലോകങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത ശ്ലോകം അത്തരത്തില്‍ ഒരു ആസനത്തിന്റെ വിവരണമാണ്. 
സ്വസ്തികാസനം
ജാനൂര്‍വോരന്തരേ സമ്യക്
കൃത്വാ പാദതലേ ഉഭേ
ഋജുകായഃ സമാസീനഃ
സ്വസ്തികം തത് പ്രചക്ഷതേ. (1-19)
ജാനു (കാല്‍മുട്ട്)വിന്റെയും ഊരു(തുട)വിന്റെയും ഇടയില്‍ കാല്‍പ്പത്തികള്‍ വേണ്ടവണ്ണം ചേര്‍ത്ത് നിവര്‍ന്ന ശരീരത്തോടെ ഇരിക്കുന്നത് സ്വസ്തികം എന്ന ആസനമാണ്.
ജാനു എന്നാല്‍ ഇവിടെ മുട്ടിനടുത്തുള്ള കാല്‍വണ്ണ എന്നര്‍ത്ഥമെടുക്കണം. കാല്‍പ്പത്തികള്‍ മടക്കിയ കാലിലെ തുടയുടെയും കാല്‍വണ്ണയുടെയും  ഉള്‍ഭാഗത്ത് അവയ്ക്കിടയിലായി ഒതുക്കിവെക്കണം. നട്ടെല്ലു നി
വര്‍ത്തിയിരിക്കുകയും വേണം. സ്വസ്തികത്തിലിരിക്കുമ്പോള്‍ കാലിനു മാത്രമെ ബാധിക്കൂ എന്നുതോന്നുമെങ്കിലും അങ്ങനെയല്ല. എല്ലാ ഭാഗങ്ങള്‍ക്കും ഉണര്‍വു കിട്ടുന്ന ആസനമാണിത്. പ്രാണശക്തി ധ്യാനത്തിനു പറ്റിയ തരത്തില്‍ പ്രവഹിക്കാന്‍ ഈ ഇരിപ്പ് കാരണമാകും.
നട്ടെല്ല് നിവര്‍ന്നിരിക്കണമെന്നത് പ്രധാനമാണ്. മനുഷ്യന്റെ നട്ടെല്ല് മാത്രമാണ് ഭൂമിക്ക് ലംബമായിരിക്കുന്നത്. മൃഗങ്ങള്‍ക്ക് ഇവ ഭൂമിക്കു സമാന്തരമാണ്. സംസ്‌കൃതത്തില്‍ ഈ അവസ്ഥയെ 'തിര്യക്' എന്നാണ് പറയുക. അതുകൊണ്ട് ജന്തുക്കള്‍ക്ക് തിര്യക്കുകള്‍ എന്നു പേരുതന്നെ വന്നു. നാഡീശക്തിയുടെ സുഗമമായ ഒഴുക്കിന് നട്ടെല്ലിന്റെ നിവര്‍ന്നിരിപ്പ് ആവശ്യമാണ്. ''സമം കായ ശിരോഗ്രീവം'' എന്നാണ് ഗീതയില്‍ പറയുന്നത്. ശരീരം, കഴുത്ത്, ശിരസ്സ് ഇവ സമമായിരിക്കണം എന്ന്. ഘേരണ്ഡ സംഹിതയിലും ഹഠരത്‌നാവലിയിലും ശിവസംഹിതയിലും ഈ ആസനം വിവരിച്ചിട്ടുണ്ട്. ഈ ആസനത്തിന്റെ പ്രാധാന്യമാണിത് കാണിക്കുന്നത്.
സ്വസ്തി എന്നാല്‍ നന്മ എന്നാണര്‍ത്ഥം. നന്മയും ധര്‍മ്മവും ശാന്തിയും പ്രദാനം ചെയ്യുന്ന ആസനമാണിതെന്നു താല്‍പ്പര്യം.
ഗോമുഖാസനം
സവ്യേ ദക്ഷിണ ഗുല്‍ഫം തു
പൃഷ്ഠ പാര്‍ശ്വേ നിയോജയേത്
ദക്ഷിണേ പി തഥാ സവ്യം
ഗോമുഖം ഗോമുഖാകൃതിഃ (1. 20)
ഇടതുവശത്ത് (സവ്യേ) പൃഷ്ഠത്തിന്റെ വശത്തായി (പൃഷ്ഠ പാര്‍ശ്വേ) വലത്തുകാലിന്റെ പിരിയാണി (ദക്ഷിണ ഗുല്‍ഫം) ചേര്‍ത്തുവെക്കണം. വലതുഭാഗത്ത് (ദക്ഷിണേ) അതുപോ
ലെ ഇടത്തുകാലും (സവ്യം) ചേര്‍ക്കുക. ഇതാണ് ഗോമുഖാസനം. പശുവിന്റെ മുഖത്തിന്റെ (ഗോമുഖം) ആകൃതിയാണിതിന്. 
മുഖം എന്നതിന് വായ എന്നും അര്‍ത്ഥമുണ്ട്. രണ്ട് കാല്‍മുട്ടുകള്‍ മേല്‍ക്കുമേല്‍ വരുമ്പോള്‍ അത് പശുവിന്റെ വായയുടെ ആകൃതി നേടും. അതായിരിക്കണം ഈ പേരു വന്നത്. ഇത് ഒരു സുഖാസനം തന്നെയാണ്. വളരെനേരം അനങ്ങാതിരിക്കാന്‍ സാധിക്കും. കൈകള്‍ എവിടെയാണ്? സാധാരണനിലയില്‍ രണ്ടു കൈകളും ഒന്നിനുമേല്‍ ഒന്നായി കാല്‍മുട്ടിനു മേല്‍ കമിഴ്ത്തിവെക്കും. എന്നാല്‍ ഗ്രന്ഥാന്തരങ്ങളില്‍ കൈകളുടെ സ്ഥിതി വ്യത്യസ്തമായി കൊടുത്തിട്ടുണ്ട്. ഇടത് കൈയുയര്‍ത്തി മടക്കി ഇടതുകൈപ്പത്തി ഇടതുതോളിനു സമീപം കൊണ്ടുവരികയും വലതുകൈ പിറകിലൂടെ എടുത്ത് മടക്കി കൈപ്പത്തി മേലോട്ട് ഇടതുതോള്‍പ്പലകയുടെ അടുത്തുകൊണ്ടുവന്നശേഷം രണ്ടു കൈകളുടെ വിരലുകള്‍ തമ്മില്‍ കൊളുത്തുകയും ചെയ്യും. ഇതാണ് അതിന്റെ പൂര്‍ണസ്ഥിതി.
പ്രാണായാമത്തിനും മന്ത്രജപത്തിനും താന്ത്രികകര്‍മ്മങ്ങള്‍ക്കും ഈ ആസനം ഉപയോഗപ്പെടുത്തുന്നുണ്ട് ബ്രാഹ്മണര്‍ സ്വാധ്യായത്തിന് ഇരിക്കുന്നത് ഈ ആസനത്തിലാണ്. കൈപ്പത്തികള്‍ പക്ഷേ തമ്മില്‍ പ്രത്യേകതരത്തില്‍ ചേര്‍ത്ത്, ''അട്ടംപിടിച്ച്'' മുട്ടിനുമേലെ ചേര്‍ക്കും. മന്ത്രജപം തീരുന്നതുവരെ ഈ പിടുത്തം മാറ്റുകയില്ല. പഠിച്ചത് ഓര്‍ത്തെടുക്കാനും
 ഏകാഗ്രത ലഭിക്കാനും ഇത് ഗുണകരമത്രെ.
കാലിന്റെ സ്ഥിതിയില്‍ മാറ്റമില്ല, കൈകളുടെ സ്ഥിതിയില്‍ പല ഗ്രന്ഥങ്ങളില്‍ വ്യത്യസ്തതയുണ്ട് എന്നാണ് പറഞ്ഞതിന്റെ താല്‍പര്യം. ഏതായാലും മനസ്സിന്റെ ഏകാഗ്രതയ്ക്ക് ഈ ആസനം ഗുണകരമാണെന്നതില്‍ തര്‍ക്കമില്ല.
വ്യാഖ്യാനം: കൈതപ്രം വാസുദേവന്‍ നമ്പൂതിരി
(പതഞ്ജലിയോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍ 

No comments:

Post a Comment