അര്‍ജ്ജുനന്റെ ഉള്ളിലെ സംശയമാണ് മേല്‍ എഴുതിയത്. ഭഗവാന്റെ മറുപടി ഇങ്ങനെയായിരിക്കും. കഴിയും, ഞാന്‍ സത്യസങ്കല്‍പനാണ്-ഞാന്‍ സങ്കല്‍പിച്ചത് സത്യം തന്നെയായിത്തീരും. പക്ഷേ സങ്കല്‍പിച്ചാല്‍ മാത്രമേ സത്യമായിത്തീരുകയുള്ളൂ. ഞാന്‍ സങ്കല്‍പിക്കയില്ല. കാരണം, അധാര്‍മ്മികളിലും ആസുരസ്വഭാവികളിലും കാരുണ്യം കാണിച്ച്, അവരെ സദ്ഗതിയിലേക്കു നയിച്ചാല്‍, പിന്നെ ലോകത്ത് ധര്‍മ്മനിഷ്ഠന്മാരും ഭക്തന്മാരും ജ്ഞാനികളും ഉണ്ടാവുമോ? അങ്ങനെ സംഭവിക്കുന്നത്. എന്റെ നിശ്ചയത്തിന് വിരുദ്ധമാണ്.
ആസുരീക ഗുണങ്ങള്‍ സമ്പന്നന്മാര്‍ക്ക് ഒരിക്കലും സദ്ഗതി ഇല്ല (16-20)
''പ്രവൃത്തിം ച നിവൃത്തിം ച'' എന്ന ശ്ലോകം മുതല്‍ വിവരിക്കപ്പെട്ട ആസുരീക സ്വഭാവികള്‍ മൂഢന്മാരാണ്-അജ്ഞാന നിറഞ്ഞവരാണ്, അവിവേകികളാണ്. അവര്‍ എത്ര ജന്മം എടുത്തും മരിച്ചും കഴിഞ്ഞാലും, തമോബഹുലരായിത്തന്നെ ആസുരീകന്മാരായിത്തന്നെ വീണ്ടും ജനിക്കുന്നു. വേദപരാണേതിഹാസ ശാസ്ത്രവിരുദ്ധങ്ങളായ ആചാരണങ്ങള്‍ മാത്രം ചെയ്യുന്നതുകൊണ്ട്.
മാം അപ്രാപ്യ ഏവ- (16-20)
സര്‍വ്വേശ്വരനും സര്‍വ്വകര്‍മ്മങ്ങള്‍ക്കും ഫലം കൊടുക്കുന്നവനും ആയ ശ്രീകൃഷ്ണ ഭഗവാന്റെ ലോകം പ്രാപിക്കുകയേ ഇല്ല എന്ന് പറയേണ്ടതില്ല. ഗുരുനാഥന്മാരും ശാസ്ത്രങ്ങളും പറയുന്ന ഉപദേശം കേള്‍ക്കാത്തതുകൊണ്ട്, സര്‍വ്വേശ്വരനും
സര്‍വ്വാരാധ്യനും ഭഗവാനുമായ വാസുദേവനും വസുദേവന്റെ പുത്രനുമായ ശ്രീകൃഷ്ണന്‍ ഉണ്ട് എന്ന ജ്ഞാനം ഉണ്ടാവുന്നേ ഇല്ല. ആ യോഗ്യതയുണ്ടാവാന്‍ മനുഷ്യശരീരത്തനു മാത്രമേ സാധ്യതയുള്ളൂ. മറ്റു ജന്തുശരീരത്തിലുള്ള ജീവന്മാര്‍ക്ക് ആ യോഗ്യത കിട്ടുകയേ ഇല്ല. വീണ്ടും വീണ്ടും കൂടുതല്‍ കൂടുതല്‍ ആ ജ്ഞാനക്കൂരിരിട്ടു നിറഞ്ഞ വൃക്ഷം, ലതകള്‍, സസ്യങ്ങള്‍, പര്‍വ്വതം ഇവയുടെ ശരീരങ്ങളിലേക്ക് അവര്‍ അധഃപതിച്ചുകൊണ്ടിരിക്കുന്നു. അതാണ് 'തതോയാന്തി അധമാം ഗതിം''-എന്ന് ഭഗവാന്‍ പറഞ്ഞത്.
നരകരോഗത്തിന്റെ ചികിത്സ വേഗം തുടങ്ങാം (16-20)
ഒരിക്കല്‍ ആസുരീക ഗുണമുള്ളവനായി തീര്‍ന്ന മനുഷ്യനാണ്. മരണാനന്തരം ക്രമേണ നികൃഷ്ടവും കൂടുതല്‍ നികൃഷ്ടതവും ഏറ്റവും നികൃഷ്ടതമവുമായ ശരീരങ്ങളെ സ്വീകരിക്കേണ്ടിവരും. അതല്ലാതെ ദുര്‍ഗുണങ്ങളെ പരാജയപ്പെടുത്താനുള്ള സാമര്‍ത്ഥ്യം ഉണ്ടാവുകയേ ഇല്ല. അതുകൊണ്ട് മനുഷ്യദേഹം ലഭിച്ച മനുഷ്യന്‍ വളരെയധികം പ്രയത്‌നിച്ച് ആസുരീക ഗുണങ്ങളുടെ പോരായ്മകള്‍ പരിഹരിക്കുവാന്‍ വേണ്ടി അതിവേഗത്തില്‍ ദൈവീക ഗുണങ്ങള്‍ മനസ്സില്‍ വളര്‍ത്താന്‍ പരിശീലിക്കണം. ഇതാണ് ഈ ശ്ലോകത്തിന്റെ താല്‍പര്യം എന്ന് മധുസൂദന സരസ്വതി സ്വാമികള്‍ പറയുന്നു:-
''ഇഹൈവന നരകവ്യാധേഃ
ചികിത്സാം ന കരോതിയഃ
ഗത്വാ നിരൗഷധം സ്ഥാനം
സരുജഃ കിം കരിഷ്യതി.''
(=മനുഷ്യദേഹം ലഭിച്ച മനുഷ്യന്‍ നരകം എന്ന രോഗത്തിന്റെ ചികിത്സ നടത്തണം. മനുഷ്യജന്മത്തില്‍ മാത്രമേ അതിനുള്ള ചികിത്സ-സജ്ജനസംഗം, ഭഗവത്തത്ത്വകഥാ ശ്രവണ കീര്‍ത്തനങ്ങള്‍-നടത്താനുള്ള സൗകര്യം കിട്ടുകയുള്ളൂ. മറ്റു മൃഗാദി ജന്മങ്ങളില്‍ ഈ മരുന്ന് കിട്ടുകയേ ഇല്ല. അപ്പോള്‍ നരകരോഗം ബാധിച്ചവന്‍ എന്തു ചെയ്യും?)
996115785
No comments:
Post a Comment