Friday, June 01, 2018

ഛാന്ദോഗ്യോപനിഷദ് 41
ഉദ്ദാലകോഹാരുണി: ശ്വേതകേതും പുത്രമുവാച, സ്വപ്നാന്തംമേ സോമ്യ വിജാനീഹീതി, യെ്രെതതത് പുരുഷ: സ്വപിതി നാമസതാ സോമ്യ തദാ സമ്പന്നോ ഭവതി, സ്വമപീതോ ഭവതി, തസ്മാദേനം സ്വപിതീത്യാചക്ഷതേ, സ്വം ഹ്യപീതോ ഭവതി ആരുണിയായ ഉദ്ദാലകന്‍ മകനായ ശ്വേതകേതുവിനോടു പറഞ്ഞു. സൌമ്യനാ യവനേ.., എന്നില്‍ നിന്ന് സുഷുപ്തിയെപ്പറ്റിയും നീ അറിയുക 
ഒരാള്‍ ഉറങ്ങുന്നുവെന്നു പറയുമ്പോള്‍ അയാളുടെ സ്വന്തം ഭാവമായ സദ് രൂപവുമായി കൂടിച്ചേരുന്നു.അതായത് അയാള്‍ സ്വന്തം രൂപത്തെ തിരികെ പ്രാപിക്കുന്നുവെന്നര്‍ത്ഥം. അതുകൊണ്ടാണ് അയാള്‍ സ്വപിക്കുന്നു എന്ന് പറയുന്നത്. എന്തെന്നാല്‍ സ്വന്തം രൂപത്തെ  വീണ്ടും പ്രാപിക്കുന്നവനാകുന്നു.
ഇവിടെ സ്വപ്നാന്തം എന്നതിന് സുഷുപ്തി എന്നാണ് അര്‍ത്ഥം. കണ്ണാടിയിലെ പ്രതിബിംബം കണ്ണാടി മാറ്റുമ്പോള്‍ ഇല്ലാതായി അതിന്റെ യഥാര്‍ത്ഥ  രൂപം മാത്രമാകുന്നത് പോലെയാണ് ഉറക്കത്തില്‍ സംഭവിക്കുന്നത്. കണ്ണാടി മാറ്റുമ്പോള്‍ പ്രതിബിംബം ബിംബവുമായി കൂടിച്ചേരുന്നത് പോലെ ഉറക്കത്തില്‍ ചൈതന്യ പ്രതിബിംബമായ ജീവാത്മാവ് എന്ന പരയായ ദേവത സ്വന്തം രൂപത്തെ പ്രാപിക്കുന്നു. സുഷുപ്തിയില്‍ ജീവരൂപത്തെ വെടിഞ്ഞു ശരിയായ രൂപത്തോട് ചേരും. സുഷുപ്തിയില്‍ മനസ്സ് അടങ്ങുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഉറക്കത്തില്‍ മനസ്സ് ഇല്ലാതായിത്തീരുന്നതിനാല്‍ ഉപാധി നാശം സംഭവിക്കുന്നു. അപ്പോള്‍ ജീവന്‍ തന്റെ സദ്‌രൂപ അവസ്ഥയെ പ്രാപിക്കുന്നു. ഉറങ്ങുന്നതിന് 'സ്വപിതി' എന്നാണ് പറയുക. 'സ്വം അപ്യേതി' സ്വന്തം രൂപത്തെ വീണ്ടും പ്രാപിക്കല്‍ അഥവാ തിരികെ എത്തലാണ്. മനസ്സ് കണ്ണാടി പോലെയാണ്. അതിലെ ചിത് പ്രതിബിംബമാണ് സംസാരിയായ ജീവന്‍. ആ ജീവന്‍ തന്റെ സ്വരൂപത്തിലേക്ക് ഉറക്കത്തില്‍ തിരിച്ചെത്തുന്നു.
സ യഥ ശകുനി: സൂത്രേണപ്രബദ്ധോദിശം ദിശം ദിശം പതിത്വാന്യത്രായതനമലബ്ധ്വാ ബന്ധനമേവോപശ്രയത എവമേവ ഖലു സോമ്യ തന്മനോ ദിശം ദിശം പതിത്വാന്യത്രായതനമലബ്ധ്വാ പ്രാണമേവോപശ്രയതേ, പ്രാണബന്ധനം ഹി സോമ്യ മന ഇതി.
ഒരു ചരട് കൊണ്ടു കെട്ടിയിട്ടുള്ള പക്ഷി ഓരോ ദിക്കിലേക്കും പറന്നു പോയി എവിടെയും വിശ്രമസ്ഥാനം കിട്ടാതെ കെട്ടിയിട്ട സ്ഥലത്തെ തന്നെ ആശ്രയിക്കുന്നത് പോലെ മനസ്സ് ഓരോ ദിക്കിലേക്കും പറന്നു പോയി എവിടെയും വിശ്രമം കിട്ടാത്തതിനാല്‍ പ്രാണനെ ആശ്രയിക്കുന്നു. എന്തെന്നാല്‍ മനസ്സ് പ്രാണനാകുന്ന ബന്ധനസ്ഥാനത്തോട് കൂടിയതാണ്.
ഇവിടെ മനസ്സെന്നു പറയുന്നത് മനസ്സാകുന്ന ലക്ഷണത്തോടു കൂടിയ ജീവനാണ്. പ്രാണന്‍ എന്നത് പ്രാണ ഉപലക്ഷിതമായ സത്തെന്ന പരയായ ദേവതയുമാണ്. പരമാത്മാവ് തന്നെ ഇത്. ജീവനാണ് മനസ്സിന്റെ സഹായത്തോടെ ഇന്ദ്രിയങ്ങള്‍ വഴി പുറത്ത് പോയി വിഷയങ്ങളുമായി ബന്ധപ്പെട്ടു സുഖവും ദു:ഖവും അനുഭവിക്കുന്നത്. ജീവന്‍ ജാഗ്രത്തിലും സ്വപ്നത്തിലും പലയിടങ്ങളിലും സഞ്ചരിക്കുന്നു. എവിടെയും ആശ്രയം കിട്ടാതെ വലഞ്ഞ് അവസാനം തന്റെ ബന്ധന സ്ഥാനമായ പരമാത്മാ ഭാവത്തിലേക്ക് തിരിച്ചു വരുന്നു. ഇതാണ് സുഷുപ്തി. ലൗകിക വിഷയങ്ങളില്‍ യഥാര്‍ത്ഥ സുഖം ഇല്ലെന്നും പരമാത്മാ ഭാവത്തിലാണ് അതിരിക്കുന്നതെന്നും പക്ഷിയുടെ കഥയിലൂടെ വ്യക്തമാക്കുന്നു.
949574697

No comments:

Post a Comment