Friday, June 01, 2018

വിരാമപ്രത്യയാഭ്യാസപൂര്‍വ്വഃ 
സംസ്‌കാരശേഷോന്യഃ
വിരാമപ്രത്യയാഭ്യാസപൂര്‍വ്വഃ = വിതര്‍ക്കാദി സര്‍വ്വവൃത്തികളുടെയും സമ്പൂര്‍ണ്ണവിരാമത്തിന് (ഒരു വൃത്തിയും ഇല്ലാതിരിക്കലിന്ന്) പ്രത്യയം കാരണമായ പരവൈരാഗ്യത്തിന്റെ അഭ്യാസം (വീണ്ടും വീണ്ടുമുള്ള അനുഷ്ഠാനം) പൂര്‍വ്വം (മുമ്പില്‍, കാരണം) ആയുള്ളതും, സംസ്‌കാരശേഷഃ = പരവൈരാഗ്യഭ്യാസബലം കൊണ്ടു മുന്‍മുന്‍ സംസ്‌കാരങ്ങള്‍ നശിച്ചുനശിച്ച് പരവൈരാഗ്യം മാത്രം സംസ്‌കാരമായി ശേഷിച്ചിട്ടുള്ളതും-
 അതായത്, വൃത്തി ശൂന്യമാകയാല്‍ സത്താമാത്രപ്രതിഷ്ഠമായി, പുരുഷന്റെ ഉണ്മയില്‍ മാത്രം നിലകൊള്ളുന്നതായി, നിര്‍വ്വിഷയമായി ഉള്ളതും- അതായത്, അന്യഃ = സംപ്രജ്ഞാതത്തില്‍നിന്നന്യമായ അസംപ്രജ്ഞാത സമാധിയാകുന്നു. സര്‍വ്വവൃത്തികളുടെയും നിശ്ശേഷനിരോധത്തിന്റെ നിരന്തരാഭ്യാസം കൊണ്ടുണ്ടാകുന്നതും ചിത്തത്തില്‍ സംസ്‌കാരം മാത്രം ശേഷിച്ചിരിക്കുന്നതുമായ സമാധി മറ്റൊന്നാകുന്നു.
പ്രജ്ഞയെ തികച്ചും അതിക്രമിച്ചിരിക്കുന്ന ഈ അസംപ്രജ്ഞാത സമാധിയത്രേ കൈവല്യം തരുന്നത്. ആദ്യത്തെ സംപ്രജ്ഞാത സമാധി മോക്ഷപ്രദമല്ല, അതു പുരുഷനെ മോചിപ്പിക്കുന്നില്ല. ഒരുവന് എല്ലാ യോഗൈശ്വര്യങ്ങളും സമ്പാദിക്കാം. എന്നാലും അധഃപതനത്തിനുമിടയുണ്ട്. പ്രകൃതിയെ നിശ്ശേഷം അതിക്രമിക്കുന്നതുവരെ പുരുഷന്‍ അഭയ പ്രതിഷ്ഠനാകുന്നില്ല. അതിനുള്ള ഉപായം വളരെ ലഘുവായി തോന്നുമെങ്കിലും അനുഷ്ഠിക്കാന്‍ അത്യധികം പ്രയാസം. ഉപായം ഇതാണ്; ചിത്തത്തെത്തന്നെ ആലംബനമാക്കി സമാധി ശീലിക്കുക, പ്രത്യയം അങ്കുരിക്കുന്ന മാത്രയിലേ അടിച്ചമര്‍ത്തുക, ഒരു പ്രത്യയവും മനസ്സിലുദിക്കാത്തവണ്ണം കേവലം നിര്‍വസ്തുകമാക്കുക. ഇതു പൂര്‍ണ്ണമായി ചെയ്യാന്‍ സാധിച്ചാല്‍ ആ നിമിഷം മുക്തിയായി. ഗുരുശിക്ഷണവും പ്രാരംഭസാധനകളുമില്ലാത്ത ആളുകള്‍ മനസ്സിനെ നിര്‍വ്വസ്തുകമാക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്കു സ്വയം തമസ്സുകൊണ്ടു മൂടാന്‍ മാത്രം പക്ഷേ സാധിച്ചേക്കാം. അജ്ഞാനരൂപമായ ഈ തമസ്സു മനസ്സിനെ ജഡവും മൂഢവുമാക്കുന്നു. എന്നിട്ടു തങ്ങള്‍ മനസ്സിനെ കേവലം വൃത്തി ശൂന്യമാക്കിയെന്നു വ്യാമോഹിക്കാന്‍ വഴിവെയ്ക്കുന്നു. അതു ശരിക്കും സാധിക്കുക എന്നതു പരമമായ വൈരാഗ്യബലത്തിന്റെ, അത്യുച്ചനിരോധശക്തിയുടെ പ്രകാശനമാണ്. ഈ അസംപ്രജ്ഞാതം സിദ്ധമാവുന്നതോടുകൂടി സമാധി നിര്‍ബ്ബീജമാകുന്നു. അതിന്റെ അര്‍ത്ഥമെന്ത്? സംപ്രജ്ഞാതത്തില്‍ ചിത്തവൃത്തികളെ അടക്കിയൊതുക്കി നിര്‍ത്തുവാനേ സാധിക്കുന്നുള്ളു: അവിടെ വൃത്തികള്‍ വാസനാരൂപേണ ശേഷിച്ചിരിക്കും. ഈ വാസനകള്‍ (വൃത്തിബീജ സംസ്‌കാരങ്ങള്‍) യഥാകാലം വൃത്തികളായി പരിണമിക്കുകയും ചെയ്യും. എന്നാല്‍, എപ്പോള്‍ ഈ വാസനകളെല്ലാം നശിക്കുന്നുവോ, എപ്പോള്‍ മനസ്സുതന്നെ നഷ്ടപ്രായമാകുന്നുവോ, അപ്പോള്‍ സമാധി നിര്‍ബ്ബീജമാകുന്നു: ജനനമരണങ്ങളുടെ അവിരതപരിവര്‍ത്തനമായ ഈ സംസാരവൃക്ഷത്തെ വീണ്ടും മുളപ്പിക്കുവാനുള്ള ബീജങ്ങള്‍ നിശ്ശേഷം നശിക്കുന്നു.
മനസ്സും പ്രജ്ഞയുമില്ലാത്ത ആ അവസ്ഥ എന്തായിരിക്കുമെന്നു നിങ്ങള്‍ ചോദിച്ചേക്കാം. പ്രജ്ഞ എന്നു നാം പറയുന്നതു പ്രജ്ഞാതീതമായ അവസ്ഥയെക്കാള്‍ താണതാണ്. അത്യന്തങ്ങള്‍ രണ്ടും ഏതാണ്ട് ഒരുപോലെയിരിക്കുമെന്നു നിങ്ങളോര്‍ക്കണം. ആകാശത്തിന്റെ  അതിമന്ദസ്പന്ദത്തെ ഇരുട്ടായി കരുതിയാല്‍, മദ്ധ്യമ സ്പന്ദം വെളിച്ചവും അത്യുഗ്രസ്പന്ദം വീണ്ടും ഇരുട്ടും ആയിരിക്കും. അതുപോലെ അപ്രജ്ഞമെന്നത് അതിനീചാവസ്ഥയും പ്രജ്ഞയെന്നതു മധ്യമാവസ്ഥയും പ്രജ്ഞാതീതം അത്യുച്ചാവസ്ഥയുമാകുന്നു. പ്രജ്ഞയുടെ അങ്ങേയറ്റവും ഇങ്ങേയറ്റവും ഏതാ
ണ്ട് ഒരുപോലെ തോന്നും. പ്രജ്ഞതന്നെ ജന്യ
മാണ്, ഒരു സംഘാതമാണ്. അല്ലാതെ അതൊ
രു അജന്യ (നിത്യസദ്) വസ്തുവല്ല.
ഈ ഉയര്‍ന്നതരം സമാധിയെ നിരന്തരം ശീലിച്ചാലുള്ള ഫലമെന്ത്? രാജസവും താമസവുമായ സംസ്‌കാരങ്ങളെല്ലാം നശിക്കും. അപ്രകാരംതന്നെ സാത്ത്വികസംസ്‌കാരങ്ങളും നശിക്കും. ഈ ഉപായം സ്വര്‍ണ്ണത്തിലുള്ള കറയും കലര്‍പ്പും നീക്കി സംസ്‌കരിച്ചെടുക്കാന്‍ ചില രാസദ്രവ്യങ്ങളെ ഉപയോഗിക്കും പോലെയാണ്. അസംസ്‌കൃതധാതുക്കള്‍ ഉരുകുമ്പോള്‍ അതിലുള്ള ദോഷാംശങ്ങളും രാസദ്രവ്യങ്ങളോടൊപ്പം ദഹിച്ചു പോകുന്നു. അതുപോലെ നിരന്തരം ശീലിക്കുന്ന ഈ നിരോധസമാധി ആദ്യം അശുഭസംസ്‌കാരങ്ങളെയും ഒടുവില്‍ ശുഭസംസ്‌കാരങ്ങളെയും നിരോധിക്കുന്നു. ഇങ്ങനെ ശുഭവും അശുഭവുമായ ആ സംസ്‌കാരങ്ങള്‍ അന്യോന്യം അഭിഭൂതങ്ങളായി, ചിത്തം നിര്‍വ്വസ്തുകമാകുമ്പോള്‍, ഏകനായ പുരുഷന്‍, ശുഭാശുഭങ്ങളാല്‍ അസ്പൃഷ്ടവും സര്‍വ്വഗതവും സര്‍വ്വശക്തവും സര്‍വ്വജ്ഞവുമായ സ്വമഹിമയാല്‍ പ്രകാശിക്കുന്നു. അപ്പോള്‍, തനിക്കു ജന്മമോ മരണമോ സ്വര്‍ഗ്ഗഭൂവാസങ്ങളുടെ ആവശ്യമോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ആ പുരുഷന്‍ അറിയുന്നു. താന്‍ എങ്ങും പോവുകയോ വരുകയോ ചെയ്തിട്ടില്ലെന്നും പ്രത്യുത, പ്രകൃതിയാണു ചലിച്ചിരുന്നതെന്നും കാണുന്നു. പ്രകൃതിചലനങ്ങള്‍ ആത്മാവില്‍ പ്രതിഫലിക്കുകമാത്രമായിരുന്നു. കണ്ണാടിയില്‍നിന്നു ചുമരിന്മേല്‍ പ്രതിഫലിച്ച രശ്മികള്‍ ചലിക്കുമ്പോള്‍ താനാണു ചലിക്കുന്നതെന്നു ചുമര് മൂഢമായി വിചാരിക്കുന്നു. അതുപോലെയാണ് നമ്മുടെ കഥയും. ചിത്തമാണു നിരന്തരം ചലിക്കുന്നത്: അതു നാനാരൂപത്തില്‍ പരിണമിക്കുന്നു. ഈ നാനാരൂപങ്ങളും നമ്മളാണെന്നു നാം ഭ്രമിച്ചു പോരികയാണ്. ഈ ഭ്രമങ്ങളെല്ലാം അസ്തമിക്കും. മുക്തനാ
യ ആത്മാവ് ആജ്ഞാപിക്കുമ്പോള്‍പ്രാര്‍ത്ഥിക്കുകയോ യാചിക്കുകയോ അല്ല, ആജ്ഞാപിക്കുകതന്നെ - അത് ഇച്ഛിക്കുന്നതെല്ലാം തത്ക്ഷണം നിറവേറ്റപ്പെടും. തനിക്കു വേണ്ടതെല്ലാം ചെയ്യാനുള്ള ശക്തിയുമുണ്ടായി
രിക്കും.
വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തില്‍ 

No comments:

Post a Comment