വേദമന്ത്രങ്ങളില്‍ വളരെ പ്രധാനമായി പറഞ്ഞിട്ടുള്ളതും വിശ്വരൂപനും ഛന്ദസ്സുകളാകുന്ന അമൃതത്തില്‍നിന്ന് വെളിപ്പെട്ടതും എല്ലാ കാമനകള്‍ക്കും ഈശ്വരനുമായ ഓങ്കാരം എന്ന ബുദ്ധികൊണ്ട് ബലപ്പെടുത്തട്ടെ. ഞാന്‍ അമൃതത്വത്തെ തരുന്ന ബ്രഹ്മവിദ്യയെ ധരിക്കുന്നവനാകട്ടെ. എന്റെ ശരീരം നല്ല ശക്തിയുള്ളതായിത്തീരട്ടെ. നാവ് കൊണ്ട് മധുരമായി സംസാരിക്കാനാവട്ടെ. ചെവികളെക്കൊണ്ട് നല്ല കാര്യങ്ങള്‍ വളരെയധികം കേള്‍ക്കാനാവട്ടെ. ലൗകിക ബുദ്ധിയാല്‍ മറയ്ക്കപ്പെട്ട ബ്രഹ്മത്തിന്റെ ഉറയാണ് നീ (ഓങ്കാരം). എന്റെ ആത്മജ്ഞാനത്തെ രക്ഷിക്കണേ.
ഓങ്കാരത്തിന്റെ, മഹത്വത്തെ പറഞ്ഞ് അത് നമ്മെ എല്ലാതരത്തിലും പാലിക്കട്ടെ എന്ന പ്രാര്‍ത്ഥനയാണ് ഇവിടെ. ഓങ്കാരരൂപിയായ ബ്രഹ്മത്തോടുള്ള പ്രാര്‍ത്ഥനയും ഉപാസനയും ഉപനിഷത്തുക്കളിലെ പ്രധാന സംഗതിയാണ്. ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും ആഗ്രഹിക്കുന്നവര്‍ക്ക് അവ കിട്ടാനായി ജപവും ഹോമവും ഈ അനുവാകത്തില്‍ പറയുന്നു. അതിന്റെ തുടക്കമാണിത്.
ഓങ്കാരം ഛന്ദസ്സുകളുടെ കൂട്ടത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ വാക്കുകളിലും വ്യാപിച്ചിരിക്കുന്നതിനാല്‍ അത് സര്‍വ്വരൂപമാണ്. ഋഷഭം പോലെ ശ്രേഷ്ഠമായതിനാലാണ് ഓങ്കാരം ഉപാസ്യമാകുന്നത്. ഓങ്കാരം അമൃതങ്ങളായ വേദങ്ങളില്‍ നിന്നും ഉണ്ടായതുമാകുന്നു. എല്ലാ ആഗ്രഹങ്ങള്‍ക്കും ഈശ്വരനായ ഇന്ദ്രനെന്നു വിളിക്കുന്ന ഓങ്കാരം പ്രജ്ഞാബലം തരണേ എന്നാണ് പ്രാര്‍ത്ഥന. പ്രജ്ഞാബലമുണ്ടെങ്കില്‍ ബ്രഹ്മജ്ഞാനം തേടല്‍ എളുപ്പമാകും. എന്റെ ശരീരവും നാവും, കാതുമൊക്കെ അതിന് വേണ്ടവിധം കരുത്തുള്ളതാവണം. ഓങ്കാരം ബ്രഹ്മത്തിന്റെ ഉറയാണ്-വാളിന്റെ, ഉറപോലെ. ബ്രഹ്മത്തിന്റെ പ്രതീകമാണ് ഓങ്കാരം എന്ന് കാണിക്കാനാണിത്. ലൗകികബുദ്ധികൊണ്ട് മറയ്ക്കപ്പെട്ടതിനാല്‍ അങ്ങയെ അറിയാനാകില്ല. എന്റെ ശ്രവണ പൂര്‍വകമായ ആത്മജ്ഞാനം മുതലായതിനെ രക്ഷിച്ചാലും. ആത്മജ്ഞാനം ലഭിക്കണം മറക്കാതിരിക്കണം അതിനാണ് രക്ഷിക്കണേ എന്നുപറഞ്ഞത്. മേധയെ നേടണമെന്ന ആഗ്രഹമുള്ളവര്‍ക്ക് ജപിക്കേണ്ട മന്ത്രമാണിത്. അധ്യാത്മവിദ്യയെ അറിയുന്നതിന് ബുദ്ധി്ക്കും മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും ശരീരത്തിനും ശക്തി ഉണ്ടാകണേയെന്ന് ഓങ്കാര സ്വരൂപനായ ബ്രഹ്മത്തോട് ശിഷ്യന്‍ പ്രാര്‍ത്ഥിക്കുന്നു.
No comments:
Post a Comment