Tuesday, June 05, 2018

മരണാനന്തര തീര്‍ത്ഥയാത്രയ്ക്കും ചില ശാസ്ത്രീയ സന്ദേശങ്ങളുണ്ട്. പുണ്യക്ഷേത്രങ്ങളില്‍, മരിച്ച വ്യക്തിയുടെ അസ്തി നിമജ്ജനത്തിനാണീയാത്ര. തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകള്‍ ലഭിക്കുവാനും ത്യാഗം സഹിക്കുവാനും ഒരു മാറ്റം ലഭിക്കുവാനും തുടര്‍ന്ന് മരണദുഃഖം അകറ്റുവാനും, പഴയതുപോലെയാകുവാനുമുള്ള (ഒരു വേദനയുടെ ചുറ്റുപാടുകളില്‍ നിന്നുള്ള) മാറ്റമാണ് ഈ തീര്‍ത്ഥയാത്രകൊണ്ട് ലഭിക്കുന്നത്.
വാര്‍ഷിക ശ്രാദ്ധം: എല്ലാ വര്‍ഷവും മാതാപിതാക്കളെ, അവരവരുടെ കാലശേഷവും ഓര്‍ക്കുകയും അവരുടെ ഉപദേശങ്ങളും അനുഭവങ്ങളും സ്മരണയില്‍ വരുത്തുവാന്‍ അവസരമുണ്ടാക്കുകയും ചെയ്യുന്നതാണ് വാര്‍ഷിക ശ്രാദ്ധം. വാര്‍ഷിക ശ്രാദ്ധം ആചരിക്കുകയും അഥവാ (പകരമായി) കര്‍ക്കിടക വാവുബലി നിര്‍വഹിക്കുകയും ചെയ്താലും  ഇതേ മഹത്വം തന്നെ ലഭിക്കുന്നു എന്ന് ധര്‍മ്മശാസ്ത്രങ്ങള്‍ വിവരിക്കുന്നു.
ബലിതര്‍പ്പണ സന്ദേശം: സമൂഹത്തിലെ ആത്മബന്ധത്തിന്റെ ശാസ്ത്ര ചൈതന്യമാണ് പിതൃബലി കര്‍മ്മം. എന്റെ ജന്മത്തിന് കാരണമായവരെ സ്മരിക്കണം. എനിക്ക് ഭക്ഷണം നല്‍കിയ സമസ്ത സസ്യലതാദികളേയും ജന്തുജാലങ്ങളേയും സ്മരിക്കണം. പ്രത്യക്ഷമായും പരോക്ഷമായും എന്നെ സഹായിച്ചവരെ സ്മരിക്കണം. ഈ പ്രപഞ്ചത്തില്‍ എന്റെ ജീവനത്തിനായി ഞാന്‍ ആരോടെല്ലാം കടപ്പെട്ടിരിക്കുന്നുവോ അവരെയെല്ലാം നന്ദിയോടെ സ്മരിക്കുന്ന ദിവസമാണ് കര്‍ക്കിടകവാവുബലി. ഭാരതത്തില്‍ ഈ സ്മൃതിദിനമാചരിച്ചു തുടങ്ങിയിട്ട് സഹസ്രാബ്ദങ്ങളായി.
പൂവും എള്ളും അരിയും ജലവും അര്‍പ്പിക്കേണ്ടത് ഈ മന്ത്രം ചൊല്ലിയാണ്. സര്‍വ്വജീവജാലങ്ങളോടും ബന്ധുമിത്രാദികളോടുമുള്ള ആത്മബന്ധം ഹൃദയത്തില്‍ നിറഞ്ഞ സ്മരണയോടെ ചെയ്യേണ്ടതാണിത്. ജാതി-മത-ലിംഗ-വര്‍ഗ്ഗ ഭേദമില്ലാതെ ഈ മന്ത്രം ജപിച്ച് തര്‍പ്പണം കൊടുക്കാവുന്നതാണ്.
ആബ്രാഹ്മണോ യേ പിതൃവംശ 
ജാതാ മാതുസ്തദാ വംശ ഭവാ മദീയാ
വംശദ്വയേസ്മിന്‍ മമ ദാസ ഭൂതാഃ 
ഭൃത്യാസ്ത ദൈവാശ്രിത സേവകാശ്ച
മിത്രാണി സഖ്യ പശവശ്ച വൃക്ഷഃ 
ദൃഷ്ടാശ്ചദൃഷ്ടാശ്ച കൃതോപകാരാഃ
ജന്മാന്തരേ യേ മമ സംഗതാശ്ച 
തേഭ്യ സദാ പിണ്ഡബലിം ദദാമി
പിതൃവംശേ മൃതായേശ്ച മാതൃവംശേ തഥൈവ ച
ഗുരു ശ്വശുര ബന്ധുനാം യേ ചാന്യേ ബാന്ധവാ മൃതാഃ
യേ മേ കുലേ ലുപ്തപിണ്ഡാഃ പുത്രദാര വിവര്‍ജ്ജിതാഃ
ക്രിയാലോഭഹതാശ്ചൈവ ജാത്യന്ധാ പങ്കവസ്തദാ
വിരൂപാ ആമഗര്‍ഭാശ്ച ജ്ഞാനാജ്ഞാതാ കുലേ മമ
ഭൂമൗ ദത്തേന ബലിനാ തൃപ്തായാന്തു പരാം ഗതിം
അതീതകുല കോടീനാം സപ്ത ദ്വീപനിവാസിനാം
പ്രാണീനാമുദകം ദത്തം അക്ഷയ്യമുപതിഷ്ഠതി
പദാനുപദ അര്‍ത്ഥം: എന്റെ പിതാവിന്റെ വംശത്തില്‍ ജനിച്ചവര്‍ക്കും അതുപോലെ മാതൃവംശജര്‍ക്കും രണ്ടു ജന്മത്തില്‍ എന്റെ ദാസന്മാരായി സഹായിച്ചവര്‍ക്കും, ഞാന്‍ ആശ്രയിക്കുവാന്‍ ഇടവന്നവര്‍ക്കും സേവകന്മാര്‍ക്കും മിത്രങ്ങള്‍ക്കും സ്‌നേഹിതന്മാര്‍ക്കും ഞാന്‍ ആശ്രയിച്ച മൃഗങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും പ്രത്യക്ഷമായും പരോക്ഷമായും എനിക്ക് ഉപകാരം ചെയ്തവര്‍ക്കും ജന്മ ജന്മാന്തരങ്ങളില്‍ എന്നോടൊപ്പം ഉണ്ടായിരുന്നവര്‍ക്കും ഞാനിതാ ഈ അരിയും പുഷ്പവും പിണ്ഡവും ചേര്‍ത്ത് നല്‍കുന്നു. അച്ഛന്റെ കുലത്തില്‍ ജനിച്ച് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞവര്‍ക്കും അതുപോലെ അമ്മയുടെ കുലജാതര്‍ക്കും ഗുരുക്കന്മാര്‍ക്കും ശ്വശൂരന്മാര്‍ക്കും ബന്ധുക്കള്‍ക്കും മറ്റുള്ളവര്‍ക്കും എന്റെ കുലത്തില്‍ ദുഃഖിതരായി മരിച്ചവര്‍ക്കും പുത്രന്മാരാലും ഭാര്യമാരാലും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും അകാലമൃത്യു സംഭവിച്ചവര്‍ക്കും ഹീനജന്മം സിദ്ധിച്ചവര്‍ക്കും വിരൂപന്മാര്‍ക്കും അന്ധര്‍ക്കും അംഗവൈകല്യം വന്നവര്‍ക്കും എന്റെ കുലത്തില്‍  അറിഞ്ഞോ അറിയാതെയോ ദുഃഖിതരായി കാലഗതി പ്രാപിച്ചവര്‍ക്കും അവരുടെ ആത്മാവിന് സംതൃപ്തി ഉണ്ടാകുവാനായി ഈ ഭൂമിയില്‍ ഞാനിതാ പിണ്ഡബലി അര്‍പ്പിക്കുന്നു.
കോടാനുകോടി ജനന മരണത്തിലൂടെ കടന്നുവന്ന്, ഭൂമിയിലെ ഏഴു ഭൂഖണ്ഡങ്ങളിലും ഇപ്പോള്‍ വസിക്കുന്ന സര്‍വ്വജീവജാലങ്ങള്‍ക്കും ഞാന്‍ അര്‍പ്പിക്കുന്ന തീര്‍ത്ഥജലത്തിലൂടെ സര്‍വ്വമംഗളങ്ങളുമുണ്ടാകട്ടെ!മനുഷ്യബന്ധത്തിന്റെയും കടപ്പാടിന്റെയും മനഃശാസ്ത്രത്തിന്റെയും ചൈതന്യമുള്‍ക്കൊള്ളുന്ന ഈ മന്ത്രധ്വനി കര്‍ക്കിടകവാവുദിനത്തില്‍ കേരളത്തില്‍ മുഖരിതമാകണം. സംഘര്‍ഷപൂരിതമായ ജീവിതത്തില്‍ ശാശ്വത സംതൃപ്തി നല്‍കുന്നതേതാണോ അതാണ് ശാസ്ത്രം.
അതുകൊണ്ടുതന്നെ പിതൃകര്‍മ്മവും ശാസ്ത്രീയമാണ്.ഏഴു ഭൂഖണ്ഡങ്ങളിലുള്ള മനുഷ്യനുള്‍പ്പെടെയുള്ള സമസ്ത ജീവരാശികളുടെയും നന്മയ്ക്കായി പ്രാര്‍ത്ഥിക്കുന്ന ഈ വരികള്‍ മനുഷ്യബന്ധത്തിന്റെ ഉജ്ജ്വല സാമൂഹ്യശാസ്ത്രം രചിക്കുന്നു. അതു സംഭവിച്ചത് പവിത്രഭാരതത്തിലാണ്.

No comments:

Post a Comment