Friday, June 01, 2018

ആദ്യപിണ്ഡത്തില്‍ നിന്നും മഹാകാശം, മഹാകാശത്തില്‍ നിന്നും മഹാവായു, മഹാവായുവില്‍ നിന്നും മഹാതേജസ്സ്, മഹാതേജസ്സില്‍ നിന്നും മഹാസലിലം, മഹാസലിലത്തില്‍ നിന്നും മഹാപൃഥ്വീ എന്നിവ ക്രമത്തിലുണ്ടായി. മഹാകാശത്തിന് അവകാശം (ഇടം, സ്‌പെയ്‌സ്), അച്ഛിദ്രം (ഇടമുറിയാത്തത്), അസ്പൃശത്വം, നീലവര്‍ണ്ണത്വം, ശബ്ദവത്വം എന്നീ അഞ്ചു ഗുണങ്ങള്‍. മഹാവായുവിന് സഞ്ചാരം, സഞ്ചാലനം, സ്പര്‍ശനം, ശോഷണം, ധൂമ്രവര്‍ണ്ണത്വം എന്നീ അഞ്ചു ഗുണങ്ങള്‍. മഹാതേജസ്സിന് ദാഹകത്വം, പാചകത്വം, ഉഷ്ണത്വം, പ്രകാശത്വം, രക്തവര്‍ണ്ണത്വം എന്നീ അഞ്ചു ഗുണങ്ങള്‍. മഹാസലിലത്തിന് പ്രവാഹം, ആപ്യായനം, ദ്രവം, രസം, ശ്വേതവര്‍ണ്ണത്വം എന്നീ അഞ്ചു ഗുണങ്ങള്‍. മഹാപൃഥ്വിയ്ക്ക് സ്ഥൂലത, നാനാകാരത, കാഠിന്യം, ഗന്ധം, പീതവര്‍ണ്ണത്വം എന്നീ അഞ്ചു ഗുണങ്ങള്‍. ഇങ്ങനെ മഹാസാകാരപിണ്ഡത്തിന് പഞ്ചതത്ത്വങ്ങളും പഞ്ചവിംശതി (25) ഗുണങ്ങളും.
 ശിവന്‍, ശിവനില്‍ നിന്നും ഭൈരവന്‍, ഭൈരവനില്‍ നിന്നും ശ്രീകണ്ഠന്‍, ശ്രീകണ്ഠനില്‍ നിന്നും സദാശിവന്‍, സദാശിവനില്‍ നിന്നും ഈശ്വരന്‍, ഈശ്വരനില്‍ നിന്നും രുദ്രന്‍, രുദ്രനില്‍ നിന്നും വിഷ്ണു, വിഷ്ണുവില്‍ നിന്നും ബ്രഹ്മാവ് എന്നിങ്ങനെ മഹാസാകാരപിണ്ഡത്തിന്റെ മൂര്‍ത്ത്യഷ്ടകങ്ങള്‍. ആ ബ്രഹ്മാവില്‍ നിന്നും അവലോകനം കൊണ്ട് നരനാരീരൂപത്തില്‍ പ്രകൃതിപിണ്ഡം സംജാതമായി. അതാണ് അയ്യഞ്ചു വീതമുള്ള ശരീരം.
 അസ്ഥി, മാംസ, ത്വക്, നാഡീ, രോമം എന്നീ അഞ്ചെണ്ണം ചേര്‍ന്ന ഭൂമി, ലാല, മൂത്രം, ശുക്‌ളം, ശോണിതം, സ്വേദം എന്നിവ ചേര്‍ന്ന ജലം, ക്ഷുധാ, നിദ്രാ, തൃഷാ, ക്‌ളാന്തി, ആലസ്യം എന്നീ അഞ്ചെണ്ണം ചേര്‍ന്ന അഗ്നി, ധാവനം, പ്‌ളവനം, പ്രസാരണം, ആകുഞ്ചനം, നിരോധനം എന്നീ അഞ്ചു ഗുണങ്ങള്‍ ചേര്‍ന്ന വായു, രാഗം, ദ്വേഷം, ഭയം, ലജ്ജ, മോഹം എന്നിവ ചേര്‍ന്ന ആകാശം. ഇങ്ങനെ പഞ്ചഭൂതങ്ങളും പഞ്ചഗുണങ്ങളും (അയ്യഞ്ച് ഇരുപത്തിയഞ്ച്) ചേര്‍ന്ന പ്രകൃതിപിണ്ഡം.
മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം, ചൈതന്യം എന്നിങ്ങനെ അഞ്ച് അന്തഃകരണങ്ങള്‍. സങ്കല്‍പം, വികല്‍പം, മൂര്‍ച്ഛാ, ജഡതാ, മനനം എന്നീ പഞ്ചഗുണങ്ങള്‍ ചേര്‍ന്ന മനസ്സ്. വിവേകം, വൈരാഗ്യം, ശാന്തി, സന്തോഷം, ക്ഷമ എന്നീ അഞ്ചു ഗുണങ്ങള്‍ ചേര്‍ന്ന ബുദ്ധി. അഭിമാനം, മദീയം (എന്റേത്), മമ സുഖം (എന്റെ സുഖം), മമ ദുഃഖം (എന്റെ ദു:ഖം), മമ ഇദം (ഇത് എന്റേത്) എന്നിങ്ങനെ പഞ്ചഗുണങ്ങള്‍ ചേര്‍ന്ന അഹങ്കാരം. മതി, ധൃതി, സ്മൃതി, ത്യാഗം, സ്വീകാരം എന്നീ അഞ്ചു ഗുണങ്ങളോടു കൂടിയ ചിത്തം, വിമര്‍ശം, തച്ഛീലനം, ധൈര്യം, ചിന്തനം, നിസ്പൃഹത്വം എന്നീ പഞ്ചഗുണസഹിതമായ ചൈതന്യം. ഇങ്ങനെ അഞ്ച് അന്തഃകരണങ്ങളും അവയുടെ അഞ്ചു വീതം ഗുണങ്ങളും.
സത്വം, രജസ്സ്, തമസ്സ്, കാലം, ജീവന്‍ എന്നിങ്ങനെ കുലപഞ്ചകങ്ങള്‍. സത്വത്തിന് ദയാ, ധര്‍മ്മം, കൃപാ, ഭക്തി, ശ്രദ്ധാ എന്ന അഞ്ചു ഗുണങ്ങള്‍. രജസ്സിന് ദാനം, ഭോഗം, ശൃംഗാരം, വസ്തുഗ്രഹണം, സ്വാര്‍ത്ഥം എന്ന അഞ്ചു ഗുണങ്ങള്‍. തമസ്സിന് വിവാദം, ശോകം, കലഹം, ബന്ധം, വഞ്ചനം എന്ന അഞ്ചു ഗുണങ്ങള്‍. കാലത്തിന് കലനാ, കല്‍പനാ, ഭ്രാന്തി, പ്രമാദം, അനര്‍ത്ഥം എന്ന അഞ്ചു ഗുണങ്ങള്‍. ജീവന് ജാഗ്രത്, സ്വപ്‌നം, സുഷുപ്തി, തുര്യം, തുര്യാതീതം എന്ന അഞ്ച് അവസ്ഥാ ഗുണങ്ങള്‍. 
 ഇച്ഛാ, ക്രിയാ, മായാ, പ്രകൃതി, വാക് എന്നിങ്ങനെ വ്യക്തിശക്തിപഞ്ചകങ്ങള്‍. ഉന്മാദം, വാസനാ, വാഞ്ഛാ, ചിന്താ, ചേഷ്ടാ എന്നീ അഞ്ചു ഗുണങ്ങള്‍ ചേര്‍ന്നതാണ് ഇച്ഛാ. സ്മരണം, ഉദ്യോഗം, കാര്യം, നിശ്ചയം, സ്വകുലാചാരം എന്നീ അഞ്ചു ഗുണങ്ങള്‍ ചേര്‍ന്നതാണ് ക്രിയ. മദം, മാത്സര്യം, ദംഭം, കൃത്രിമത്വം, അസത്യം എന്നീ അഞ്ചു ഗുണങ്ങള്‍ ചേര്‍ന്നതാണ് മായ. ആശാ, തൃഷ്ണാ, സ്പൃഹാ, ആകാംക്ഷാ, മിത്ഥ്യാ എന്നീ അഞ്ചു ഗുണങ്ങള്‍ ചേര്‍ന്നതാണ് പ്രകൃതി. പരാ, പശ്യന്തീ, മധ്യമാ, വൈഖരീ, മാതൃകാ എന്നീ അഞ്ചു ഗുണങ്ങള്‍ ചേര്‍ന്നതാണ് വാക്. ഇങ്ങനെ അയ്യഞ്ച് ഇരുപത്തി അഞ്ച് ഗുണങ്ങളോടു കൂടിയ അഞ്ചു വ്യക്തിശക്തികള്‍.
കര്‍മ്മം, കാമം, ചന്ദ്രന്‍, സൂര്യന്‍, അഗ്നി എന്നിങ്ങനെ പ്രത്യക്ഷകരണപഞ്ചകം. ശുഭം, അശുഭം, യശസ്സ്, അപകീര്‍ത്തി, അദൃഷ്ടഫലസാധനം എന്നീ അഞ്ചു ഗുണങ്ങള്‍ ചേര്‍ന്നതാണ് കര്‍മ്മം. രതി, പ്രീതി, ക്രീഡാ, കാമനാ, ആതുരതാ എന്നീ അഞ്ചു ഗുണങ്ങള്‍ ചേര്‍ന്നതാണ് കാമം. ഉല്ലോലിനീ, കല്ലോലിനീ, ഉച്ചലന്തീ, ഉന്മാദിനീ, തരംഗിണീ, ശോഷിണീ, അലമ്പടാ, പ്രവൃത്തി, ലഹരീ, ലോലാ, ലേലിഹാനാ, പ്രസരന്തീ പ്രവാഹാ, സൗമ്യാ, പ്രസന്നാ, പ്‌ളവന്തീ എന്നിങ്ങനെ ചന്ദ്രന്റെ പതിനാറു കലകള്‍. നിവൃത്തി എന്ന പതിനേഴാമത്തെ കല അമൃതകലയാണ്. 
താപിനീ, ഗ്രാസികാ, ഉഗ്രാ, ആകുഞ്ചിനീ, ശോഷിണീ, പ്രബോധിനീ, സ്മരാ, ആകര്‍ഷിണീ, തുഷ്ടിവര്‍ദ്ധിനീ, ഊര്‍മീ, രേഖാ, കിരണാവതീ, പ്രഭാവതീ എന്നു പന്ത്രണ്ടു സൂര്യകലകള്‍. സ്വപ്രകാശതാ എന്ന പതിമൂന്നാമത്തെ കല നിജകലയാണ്. ദീപികാ, രാജികാ, ജ്വലിനീ, വിസ്ഫുലിംഗിനീ, പ്രചണ്ഡാ, പാചികാ, രൗദ്രീ, ദാഹികാ രാഗിണീ, ശിഖാവതീ എന്നിങ്ങനെ അഗ്നിയുടെ പത്തു കലകള്‍. പതിനൊന്നാമത്തെ കലയ്ക്ക് ജ്യോതി എന്നു പേര്. ഇപ്രകാരം പ്രത്യക്ഷഗുണകലാസമൂഹം. .janmabhumi

No comments:

Post a Comment