Wednesday, July 25, 2018

സത്യാനന്ദ സുധ-10
Thursday 26 July 2018 2:55 am IST
മഹാലക്ഷ്മിയാണു രമ. ഐശ്വര്യദേവതയുടെ പതിയാകയാല്‍ രാമനു രമാപതിയെന്ന് പേര്. പതിശബ്ദത്തിനു രക്ഷിക്കുന്നവനെന്നര്‍ത്ഥം. ഐശ്വര്യസംരക്ഷകനാണ് ശ്രീരാമചന്ദ്രന്‍. അദ്ദേഹം രമണീയ വിഗ്രഹന്‍ അഥവാ സുന്ദരരൂപനുമായിരിക്കുന്നു. ഭൂലോകസൃഷ്ടി ചെയ്‌വാനാഗ്രഹിച്ച ആനന്ദസ്വരൂപനായ ശ്രീരാമചന്ദ്രന്‍ തന്റെതന്നെ ശക്തിയെ പ്രവര്‍ത്ത്യുന്മുഖമാക്കിയെന്നു നേരത്തേ പറഞ്ഞിട്ടുണ്ട്. ഭഗവാന്റെ പ്രപഞ്ചലീലയില്‍ തുല്യപങ്കാളിത്തം വഹിക്കുന്ന പ്രസ്തുതശക്തിയാണ് മഹാലക്ഷ്മി. ശിവനെന്നും ശക്തിയെന്നും ശൈവാഗമങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നത് രാമനെയും ലക്ഷ്മിയെയുമാണെന്നു തിരിച്ചറിഞ്ഞുകൊള്ളണം. അവരുടെ വിവാഹകഥ ശ്രീമദ്ഭാഗവതത്തിലെ അഷ്ടസ്‌കന്ധത്തില്‍ കാണാം.
ദുര്‍വാസാവിന്റെ ശാപം മൂലം ദേവന്മാര്‍ക്ക് അധഃപതനമുണ്ടായി. അതേവരെ അവര്‍ അനുഭവിച്ചിരുന്ന ഐശ്വര്യാനുഭവങ്ങളെല്ലാം നിമിഷംകൊണ്ട് അന്തര്‍ധാനം ചെയ്തു. അവര്‍ ദുര്‍ബലരും ദുഃഖിതരുമായിത്തീര്‍ന്നു. വസ്തുതകളെല്ലാം അവര്‍ ബ്രഹ്മാവിനോടുണര്‍ത്തി രക്ഷിക്കണമെന്നു പ്രാ
ര്‍ഥിച്ചു. ബ്രഹ്മാവാകട്ടെ ദേവന്മാരെയെല്ലാം കൂട്ടി പാലാഴിയുടെ തീരമണഞ്ഞ് ദേവദേവനെ സ്തുതിച്ചു. അസുരന്മാരോടു സന്ധി ചെയ്തു പാലാഴിമഥനം ചെയ്യാന്‍ അവരെ ഉപദേശിച്ചത് ഭഗവാനായിരുന്നു. മന്ദരപര്‍വതത്തെ കടകോലാക്കി വാസുകിയെ കയറാക്കി ദേവന്മാരും അസുരന്മാരും ഒന്നിച്ചു പാ
ലാഴിമഥനം ചെയ്തു. പാലാഴിയില്‍ നിന്ന് ആദ്യം ഉയര്‍ന്നുവന്നത് കാളകൂടമായിരുന്നു. ഭഗവാന്‍ ശങ്കരന്‍ അതു പാനം ചെയ്തു ലോകത്തെ രക്ഷിച്ചു. പിന്നെ ദിവ്യപദാര്‍ത്ഥങ്ങള്‍ ഒന്നൊന്നായി ആവിര്‍ഭവിച്ചു തുടങ്ങി. അപ്
സരസ്സുകളും ആവിര്‍ഭവിച്ചു കഴിഞ്ഞപ്പോള്‍ പ്രപഞ്ചത്തെ മുഴുവന്‍ സ്വശരീരകാന്തിയാല്‍ പ്രകാശിപ്പിക്കുന്നവളായി മഹാലക്ഷ്മി പാലാഴിയില്‍നിന്നു ഉയര്‍ന്നുവന്നു. ദേവന്മാര്‍ മംഗളവാദ്യം മുഴക്കി ആനന്ദനൃത്തം ചെയ്യവേ മഹാലക്ഷ്മി ലോകത്തെ മുഴുവന്‍ സാക്ഷിനിര്‍ത്തി ശ്രീനാരായണമൂര്‍ത്തിയെ-ശ്രീരാമചന്ദ്രനെ-വരിച്ചു. കൃതയുഗത്തില്‍ നടന്ന ആ വിവാഹത്തിന്റെ ഭൗമതലത്തിലുള്ള ആവര്‍ത്തനമായിരുന്നു ത്രേതായുഗത്തില്‍ മിഥിലാപുരിയില്‍ വച്ചു സംഭവിച്ചത്.
എവിടെ ഈശ്വര ചിന്തയുണ്ടോ അവിടെ ലക്ഷ്മിയുണ്ട്. ഈശ്വര ഭക്തിക്കു തടസ്സമുണ്ടായാല്‍ മഹാലക്ഷ്മിയും അകലെയാകും. ലക്ഷ്മി ഭഗവാന്റെ പത്‌നിയും ഭഗവാന്‍ ലക്ഷ്മിയുടെ പതിയുമാണെന്നതാണ് അതിനു കാരണം. വാക്കും അര്‍ത്ഥവുംപോലെയാണു അവരുടെ ചേര്‍ച്ച. ഭഗത്‌സങ്കല്‍പം ഉള്ളില്‍ പ്രതിഷ്ഠിച്ചു ലോകനന്മയ്ക്കായി കര്‍മ്മങ്ങള്‍ ചെയ്തതായിരുന്നു ദേവന്മാരുടെ ഐശ്വര്യ സമൃദ്ധികള്‍ക്കു നിദാനം. വിഷ്ണുവിന്റെ സുദര്‍ശനം എപ്പോഴും അവരെ രക്ഷിച്ചു പോന്നതും അതിനാലായിരുന്നു. എന്നാല്‍ മഹാലക്ഷ്മിയുടെ വിളയാട്ടമുണ്ടാകുമ്പോള്‍ അഹങ്കരിച്ചുപോകാതിരിക്കാന്‍ പ്രത്യേകിച്ചു ശ്രദ്ധിക്കണം. വിഷ്ണുവിനെ മറന്നുപോകലാണ് അഹന്തയുടെ ഫലം. അതോടെ ലക്ഷ്മിയും നഷ്ടപ്പെടും. അലസത മൂലവും ഇത്തരം അപകടം സംഭവിക്കാം. ദുര്‍വാസാവു നല്‍കിയ ദിവ്യഹാരത്തെ ഇന്ദ്രന്‍ അനാദരിച്ചത് അഹന്തയുടെയും അലസതയുടെയും ഫലമായിട്ടായിരുന്നു. മേഘാവൃതമായാല്‍ സൂര്യബിംബം മറഞ്ഞുപോകുംവിധം സര്‍വൈശ്വര്യങ്ങളും അതോടെ ദേവന്മാര്‍ക്കു നഷ്ടപ്പെട്ടു. തെറ്റുതിരുത്തി ഭഗവാനെ ശരണം പ്രാപിച്ചപ്പോള്‍ മാത്രമാണ് അതു വീണ്ടുകിട്ടിയത്.
ദേവന്മാരും അസുരന്മാരുമെല്ലാം ഭഗവാന്റെ സന്താനങ്ങളാണ്. ശ്രീരാമന് അഥവാ വിഷ്ണുവിന് അവരെല്ലാം തുല്യരത്രെ. അസുരന്മാരുടെ കലഹപ്രിയതയാണ് പലപ്പോഴും വിഷ്ണുവിന്റെ ആയുധങ്ങള്‍ക്കു അവരെ ഭക്ഷണമാക്കിത്തീര്‍ത്തത്. അപ്പോഴും ഭഗവാന് അവരോട് വിരോധമുണ്ടായിട്ടില്ല എന്നു രാമായണത്തില്‍നിന്നു വ്യക്തമാകും. ആയുധങ്ങളിലൂടെയും അവരെ രക്ഷിക്കുകയായിരുന്നു. ഭഗവാന്റെ സന്ദേശം കൂട്ടായ്മയുടേതാണ്. സമത്വ സഹകരണങ്ങളുടേതും അഹിംസയുടേതുമാണ്. അമൃതസിദ്ധിക്കായി ഭഗവാന്‍ ഉപദേശിച്ച കര്‍മ്മപദ്ധതിയും അതായിരുന്നു. അസുന്മാരോടുള്ള വിരോധം വെടിഞ്ഞ് അവരുടെ സഹകരണത്തോടെ മനസ്സാകുന്ന പാലാഴി കടയല്‍. അഹിംസാത്മകമായ ആ കൂട്ടായ്മയുടെ ഫലമായിരുന്നു നഷ്ടപ്പെട്ട ഐശ്വര്യസമൃദ്ധിയുടെ പുനസ്സിദ്ധി. ഈ ഭൂമുഖത്തു കാണപ്പെടുന്ന മറ്റു മനുഷ്യരുള്‍പ്പെടെ ഇതരജീവജാലങ്ങളെയും ജഡപദാര്‍ത്ഥങ്ങളെയും വേദനിപ്പിച്ചും ധ്വംസിച്ചുംകൊണ്ട് സമ്പന്നനും സാമ്രാജ്യധിപനുമാകാമെന്ന് ആരെങ്കിലും മോഹിക്കുന്നുണ്ടെങ്കില്‍ അതു മഹാഅബദ്ധമാണെന്ന് രമാപതിയെന്ന സംബോധന വ്യക്തമാക്കുന്നു.
ഓരോ നിമിഷവും പുതുമതോന്നിക്കുന്ന സവിശേഷതയ്ക്കാണു രമണീയതയെന്നു ആചാര്യന്മാര്‍ വിളിക്കുന്നത്. പുതുമകളുടെ അക്ഷയ ഭണ്ഡാഗാരമാണ് ശ്രീരാമചന്ദ്രന്‍. എത്ര കണ്ടാലും മതിവരാത്ത അലൗകിക സൗഷ്ഠവം തന്മൂലം അദ്ദേഹത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. അതാണു രമണീയ വിഗ്രഹനെന്ന സമസ്തപദത്തിന്റെ സാംഗത്യം. ഭഗവാന്റെ സ്ഥൂല ശരീരമാണ് ഈ ലോകം. ഓരോ നിമിഷവും എണ്ണിയാലൊടുങ്ങാത്ത പുതുമകളെയാണ് അത് നമുക്ക് കാഴ്ചവയ്ക്കുന്നത്. നക്ഷത്രങ്ങള്‍ നിറഞ്ഞ അനന്തമായ ആകാശവും നോക്കിനോക്കി നില്‍ക്കുന്തോറും എങ്ങും അവസാനിക്കാത്ത സമുദ്രവും അനന്തവിഹായസ്സിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന ശിഖരസമൂഹങ്ങളോടു കൂടിയ ഹിമവാനും നീലാരണ്യങ്ങളും നിത്യഹരിത ശാദ്വലങ്ങളും എന്തിന് ഒന്നൊന്നായ് കടന്നുവരുന്ന നിമിഷങ്ങള്‍പോലും വിരാഡ് രൂപനായ ശ്രീരാമചന്ദ്രന്റെ രമണീയതയെ അനുഭവപ്പെടുത്തുന്നു.
സ്വന്തം ഹൃദയത്തിനുള്ളിലേക്കു കടന്നുനോക്കാന്‍ കെല്‍പു നേടിയവര്‍ക്കാകട്ടെ രമണീയതയുടെ കനകവിഗ്രഹമാര്‍ന്ന ചതുര്‍ബാഹുവിനെ കാണാം. വാക്കുകള്‍ എത്തിപ്പെടാനാകാത്ത പ്രസ്തുത സൗന്ദര്യത്തിന്റെ നേരിയ ഒരംശം മാത്രമാണ് ഭഗവാന്റെ വിരാഡ് രൂപത്തില്‍ നമുക്കു കാണാനാകുന്നത്. സൗന്ദര്യത്തിന്റെ അധിദേവതയായ മഹാലക്ഷ്മിയുടെ ഭര്‍ത്താവ് രമണീയ വിഗ്രഹനാകുന്നതില്‍ അദ്ഭുതത്തിനവകാശമില്ല. കണ്ണ്, കാത് തുടങ്ങിയ ഇന്ദ്രിയങ്ങളിലൂടെ ശ്രീരാമനെ കാണാന്‍ ശ്രമിച്ചാല്‍ സീതയിലൂടെ മാത്രമേ രാമനെ കണ്ടെത്താനാവൂ എന്ന് ശ്രീരാമപദം വിശദീകരിക്കവേ വ്യക്തമാക്കിയിട്ടുണ്ട്. രാമനെ നോക്കുമ്പോള്‍ സീതയുടെ അഥവാ ലക്ഷ്മീ ഭഗവതിയുടെ സൗന്ദര്യാതിരേകമാണ് നമ്മുടെ കണ്ണുകളിലും മനസ്സിലും നിറയുന്നത്. അതാണ് രാമന്റെ അഥവാ രമാപതിയുടെ രമണീയ വിഗ്രഹത്വം.
janmabhumi

No comments:

Post a Comment