Tuesday, July 31, 2018

രാമായണസുഗന്ധം-10
Tuesday 31 July 2018 2:55 am IST
അഭിഷേകകാര്യാര്‍ത്ഥം ക്ഷണിക്കപ്പെട്ട വേദപാരംഗതന്മാരായ ബ്രാഹ്മണര്‍ രാജാവിന്റെ കുലഗുരുക്കന്മാരോടൊപ്പം അവിടെ നിന്നിരുന്നു. മന്ത്രിമാരും സേനാനായകന്മാരും അഭിഷേകത്തില്‍ പങ്കെടുക്കുവാനായി എത്തിയിട്ടുണ്ടായിരുന്നു. നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും സ്ഥിതി രാമന്റെ ജനനസമയത്തേതു പോലെയായിരുന്നു എന്നു പറയാം.
അഭിഷേകത്തിനുവേണ്ടുന്ന എല്ലാ സാധനസാമഗ്രികളും തയ്യാറാക്കിയിരുന്നു, ഉദാഃ ജലം നിറച്ച സ്വര്‍ണകുംഭങ്ങള്‍, പുലിത്തോല്‍കൊണ്ടലങ്കരിച്ച ഒരു രഥം, ഗംഗായമുനാസംഗമത്തിലെ ജലം, പൂര്‍വദിക്കിലുദ്ഭവിച്ച് പടിഞ്ഞാറേക്ക് ഒഴുകുന്ന നദികളിലെ (നര്‍മദപോലെ) ജലം...
രാജാവിനെ കാണാത്തതിനാല്‍, തങ്ങളുടെ സാന്നിദ്ധ്യം അദ്ദേഹത്തെയാരാണറിയിക്കുക എന്ന് അവിടെക്കൂടിയ ബ്രാഹ്മണര്‍ തങ്ങളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നപ്പോള്‍ സുമന്ത്രര്‍ അവരോടും സന്നിഹിതരായിരുന്ന രാജാക്കന്മാരോടുമായി പറഞ്ഞു –ഞാന്‍ രാജാജ്ഞയാല്‍ രാമനെ കൊണ്ടുവരുവാനായി പോകയാണെങ്കിലും ആദരണീയരായ നിങ്ങളുടെ സാന്നദ്ധ്യം രാജാവിനെയറിയിക്കാം. ഉണര്‍ന്നിരിക്കുന്ന അദ്ദേഹം നിങ്ങളെയെന്തുകൊണ്ടു കണ്ടില്ല എന്നുമറിയാം. അദ്ദേഹം അന്തഃപുരത്തിനടുത്തേക്കു പോവുകയും ചെയ്തു. സുമന്ത്രര്‍ രാജാവിനായി സ്തുതിഗീതങ്ങള്‍ പാടുമ്പോള്‍ രാജാവു പറഞ്ഞു; സുമന്ത്രാ, താങ്കളെ ഞാനൊരു വിശേഷാല്‍ നിര്‍ദേശവുമായി അയച്ചതാണ്. രാമനെ ഉടനെ വരുത്തുക. ഇതുകേട്ട സുമന്ത്രര്‍ സന്തുഷ്ടനായി യാത്രയാവുകയും ചെയ്തു. കൂടിനിന്ന ജനങ്ങള്‍ രാമന്റെ അഭിഷേക കാര്യങ്ങള്‍ ആഹ്ലാദത്തോടെ പറയുന്നതും അദ്ദേഹം കേള്‍ക്കുകയുണ്ടായി.
സുമന്ത്രര്‍ രാമന്റെ കൊട്ടാരം ദൂരെനിന്നു കണ്ടു. കാന്തിയാല്‍ കൈലാസത്തോടും, ഭാസുരതയില്‍ ഇന്ദ്രന്റെ കൊട്ടാരത്തോടും കിടപിടിക്കുന്ന ആ കൊട്ടാരത്തിന് വളരെ വലിയ വാതിലുകളും നൂറുകണക്കിന് മുഖപ്പുകളും പ്രാസാദശൃംഗങ്ങളും ഉണ്ടായിരുന്നു. സുവര്‍ണങ്ങളായ മുഖപ്പുകളാലും രത്‌നഖചിതമായ പ്രതിമകളാലും തോരണങ്ങളാലും അലങ്കൃതമായിരുന്ന കോവിലകം, മേരുപര്‍വതഗുഹകളെപ്പോലെ ദീപ്തവും, ശരത്കാലമേഘം പോലെ ഭാസുരവുമായിരുന്നു. മൂന്നു പ്രവേശനകവാടങ്ങളും കടന്ന് അവിടെക്കൂടിയിരുന്ന മന്ത്രിമാര്‍ മറ്റുവിശിഷ്ടവ്യക്തികള്‍ തുടങ്ങിയവരുടെയിടയിലൂടെ അദ്ദേഹം അന്തഃപുരത്തിനടുത്തെത്തി.
അനുവാദം വാങ്ങി രാമനെക്കണ്ട സുമന്ത്രര്‍ രാജാവിന്റെ കല്പന രാമനെയറിയിച്ച ശേഷം ഉടനെ മടങ്ങിപ്പോയി. രാമനാകട്ടെ സീതാദേവിയോടു യാത്രയും ചൊല്ലി തന്റെ സ്വര്‍ണരഥത്തില്‍ ലക്ഷ്മണനോടൊപ്പം ഗജവീരന്മാരുടേയും അശ്വങ്ങളുടേയും അകമ്പടിയോടെയും രാജകീയപ്രൗഢിയോടെയും ദശരഥന്റെയടുത്തേക്കു മുഖം കാണിക്കുവാനായി പുറപ്പെടുകയുണ്ടായി. മാര്‍ഗത്തിലുടനീളം ജനങ്ങള്‍ തന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുന്നത് കേള്‍ക്കുകയും ചെയ്തു.
ബന്ധുക്കള്‍ക്കും മിത്രങ്ങള്‍ക്കും സന്തോഷത്തെയേകുന്ന രാമന്‍ രാജവീഥിയിലൂടെ തന്റെ രഥത്തില്‍ യാത്രചെയ്യവെ അയോദ്ധ്യാനഗരം കൊടിതോരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടും അഗരുവിന്റെ ധൂപത്താല്‍ സുഗന്ധിതവും ജനങ്ങളാല്‍ നിബിഡവുമായിരുന്നു. വീഥിയുടെ ഇരുവശങ്ങളിലുമുണ്ടായിരുന്ന ഗൃഹങ്ങള്‍ രജതമേഘങ്ങള്‍ പോലെ കാണപ്പെട്ടു. ചന്ദനവും അഗരുവും സുഗന്ധദ്രവ്യങ്ങളും പട്ടുവസ്ത്രങ്ങളും മുത്തുമണികളും മറ്റും വില്‍ക്കുന്ന വ്യാപാരശാലകളും പുഷ്പങ്ങള്‍, ഭക്ഷണസാധനങ്ങള്‍, അക്ഷതം മുതലായവ വില്‍ക്കുന്ന കടകളും വീഥിയുടെ വശങ്ങളിലും നാല്‍ക്കവലകളിലും ധാരാളമായുണ്ടായിരുന്നു.
വി.എന്‍.എസ്. പിള്ള

No comments:

Post a Comment